ഇന്ദ്രൻസും ജോമോൻ ജ്യോതിറും പ്രധാന വേഷങ്ങളിൽ എത്തുന്ന ആശാൻ എന്ന ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ഫെബ്രുവരി അഞ്ചിന് തിയറ്ററുകളിൽ എത്തും. ടൊവിനോ തോമസ് നായകനായ ഗപ്പി, സൗബിൻ ഷാഹിറിന്‍റെ അമ്പിളി എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത ജോൺപോൾ ജോർജ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിലെ കുഞ്ഞിക്കവിൾ മേഘമേ എന്ന ഗാനം മലയാളികൾ ഏറ്റെടുത്തു കഴിഞ്ഞു.
ഷോബി തിലകൻ, ബിബിൻ പെരുമ്പള്ളി, അബിൻ ബിനോ, കുടശ്ശനാട് കനകം, മദൻ ഗൗരി എന്നിവരും ആശാനിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. അജീഷ് ആന്‍റോയുടെ പശ്ചാത്തലസംഗീതത്തിൽ വരാനിരിക്കുന്ന സിനിമയിൽ ജോൺപോൾ സംഗീത സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു എന്നതും ശ്രദ്ധേയമാണ്. ഛായാഗ്രാഹകൻ വിമൽ ജോസ് തച്ചിൽ, എഡിറ്റർ കിരൺ ദാസ്, സൗണ്ട് ഡിസൈനർ എംആർ രാജകൃഷ്ണൻ എന്നിവരും ചിത്രത്തിന്‍റെ സാങ്കേതിക സംഘത്തിലുണ്ട്. പ്ലോട്ടിനെ കുറിച്ചുള്ള വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ആശാൻ കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത്. നൂറോളം പുതുമുഖങ്ങൾ സിനിമയുടെ ഭാഗമാവുന്നുണ്ട്. 40ലധികം വർഷങ്ങളിലായി 500ലധികം ചിത്രങ്ങളിൽ അഭിനയിച്ച ഇന്ദ്രൻസ് ആദ്യമായി ഒരു കൊമേർഷ്യൽ ചിത്രത്തിൽ നായകനായി എത്തുന്നു എന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.