ക്ലീഷേ സിനിമകളിൽനിന്ന് വ്യത്യസ്തമായി അന്താരാഷ്ട്ര നിലവാരത്തിലുള്ള സിനിമകൾകൂടി മലയാളത്തിൽനിന്നു പിറവിയെടുക്കണം എന്ന ആഗ്രഹത്തില്‍നിന്നാണ് മലപ്പുറം മഞ്ചേരി സ്വദേശി ഷമീം എ.എം.എസ്.കെ.കെയുടെ സിനിമ സ്വപ്നത്തിന്റെ തുടക്കം. ഒരു കലാകാരന് എന്ന നിലയില്‍ അടയാളപ്പെടുത്താന്‍ പറ്റിയ മൂന്നു സിനിമകളുമായി ഇന്ത്യ മുഴുവന്‍ ബൈക്കില്‍ യാത്രചെയ്യുകയാണ് ഷമീം. 2013ല്‍ പുറത്തിറങ്ങിയ ‘ടി’, 2022ലെ ‘എന്‍.വി.സി’, 2025 ലെ ‘റി’ എന്നിവയാണ് സഞ്ചരിക്കുന്ന സിനിമ കൊട്ടകയിലെ സിനിമകള്‍.
ആദ്യ സിനിമയായ ബാരിക്കേഡ് മുതല്‍ പുലര്‍ത്തുന്ന പ്രമേയത്തിലെ വ്യത്യസ്തതയാണ് ഷമീമിന്റെ ചിന്തകളിലുമുള്ളത്. നവംബറില്‍ പെരിന്തല്‍മണ്ണയില്‍ നിന്നാരംഭിച്ച സോളോ ട്രിപ് നടനും സംവിധായകനുമായ മുഹമ്മദ് മുസ്തഫയാണ് ഉദ്ഘാടനം ചെയ്തത്. പെരിന്തല്‍മണ്ണ, പോണ്ടിച്ചേരി, കണ്ണൂര്‍ (ചൈതന്യ), കുറ്റിപ്പുറം ( ഇല ഫൗണ്ടേഷന്), തമിഴ്നാട് (എല്‍.വി പ്രസാദ് അക്കാദമി), സാഫി ഇന്‍സ്റ്റിറ്റ്യൂട്ട്, മീഡിയ വണ്‍ അക്കാദമി, ലോയോള കോളജ്, ഓതേഴ്സ് ബുക്ക്, ചവറ ഫിലിം സ്കൂള്‍ ആന്‍ഡ് കൾചറല്‍ സെന്റര്‍ -കൊച്ചി, നിയോ ഫിലിം സ്കൂള്‍ -കൊച്ചി, പോണ്ടിച്ചേരി യൂനിവേഴ്സിറ്റി, ബി.വി.സി തിയറ്റര്‍ ബംഗളൂരു എന്നിവിടങ്ങളിലായി 32ഓളം സ്ക്രീനിങ് കഴിഞ്ഞു.
ബാരിക്കേഡ് എന്ന സിനിമയിലൂടെയാണ് സംവിധാന രംഗത്തേക്ക് കടന്നുവരുന്നത്. ശേഷം എട്ടര മണിക്കൂര്‍ നീണ്ട ഡോക്യുമെന്ററി ചെയ്തു. ചെയ്ത വര്‍ക്കുകളില്‍ എല്ലാം തിയറ്ററുകളുടെ സ്വാധീനം ഉണ്ടായിരുന്നു. ഡോക്യുമെന്ററിക്ക് ശേഷം ഇടുക്കി അണക്കെട്ട് പ്രമേയമാക്കി ‘ഫസ്സ്’ എന്ന സിനിമ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തി. സിനിമ കണ്ട് മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അനുമോദിച്ച നിമിഷം ഏറ്റവും മനോഹരമായിരുന്നു. തുടർന്ന് സജാദ് കാക്കു എഡിറ്റിങ് നിര്‍വഹിച്ച ‘ഐസ്’ എന്ന സിനിമ ചെയ്തു. പോണ്ടിച്ചേരി അടിസ്ഥാനമാക്കി ചെയ്ത റൈഡറിന് വലിയ അംഗീകാരം ലഭിച്ചു. ആയിരത്തോളം കലാകാരന്മാര് ഇതില്‍ അണിനിരന്നു. ജീവിതത്തിലെ അപ്രതീക്ഷിത സംഭവ വികാസങ്ങള്‍ ഏഴു വര്‍ഷത്തെ സിനിമ ജീവിതത്തിനു ഇടവേള നല്കി. ശേഷം 2013ലാണ് ‘ടി’ യിലൂടെ സംവിധാനത്തിന്റെ മറ്റൊരധ്യായം തുറന്നത്. സമൂഹത്തിലെ സ്റ്റീരിയോ ടൈപ്പിങ് പ്രമേയമാക്കി നിര്‍മിച്ച ടി പ്രേക്ഷക ശ്രദ്ധ നേടി.
വിദേശികളടക്കം ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്മാര് സിനിമയുടെ ഭാഗമായി. തിയറ്റര്‍ ആർട്ടിസ്റ്റും ശ്രീലങ്കൻ സ്വദേശിയുമായ ധർമലിങ്കന്, ഫ്രാന്‍സില്‍നിന്നുള്ള കാമിലി എന്നിവരുടെ അഭിനയം എടുത്തുപറയേണ്ടതാണ്. പ്രഭാകര്‍ എന്ന ഗുരു ജീവിതത്തിലേക്ക് കടന്നുവന്നത് ഈ കാലഘട്ടത്തിലാണ്. പിന്നീടുള്ള ജീവിതയാത്രയില്‍ അദ്ദേഹമൊപ്പമുണ്ട്. തുടര്‍ന്നാണ് ജീവിതത്തിലും സിനിമയിലും മാറ്റങ്ങള്‍ ദൃശ്യമായി തുടങ്ങിയത്. വിഷാദം എന്ന പ്രമേയത്തെ ഏറ്റവും ലളിതമായി പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തിക്കുന്ന ‘റി’യില്‍ നവീനയാണ് പ്രധാന കഥാപാത്രത്തിന് ജീവന് നല്‍കിയത്. വിഷാദം എന്ന വിഷയത്തെയാണ് സെല്‍ഫ് കെയര്‍ ചെയ്യേണ്ടതെന്ന് സിനിമ ഊന്നിപ്പറയുന്നു. ജീവിതത്തിലെ ഏത് സാഹചര്യവുമായി ബന്ധിപ്പിക്കാന്‍ പറ്റുന്ന സിനിമ കൂടിയാണിത്. സിനിമക്ക് സംഗീതം നല്‍കിയത് ഷെമീമും ധനുഷും ചേര്‍ന്നാണ്. കളര്‍ ഗ്രേഡിങ് -എബിന് ഫിലിപ്പ്, കാമറ ലാലു, അഡീഷനല്‍ കാമറ -ജി.കെ എന്നിവരാണ് പിന്നണിയില്‍. സംവിധാനം, എഴുത്ത്, നിര്‍മാണം, ഗാനരചന എന്നിവ ഈ സിനിമയില്‍ നിര്‍വഹിച്ചു.
ജനില്‍ മിത്ര പ്രധാന കഥാപാത്രമായെത്തുന്ന എൻ.വി.സി അന്താരാഷ്ട്ര നിലവാരമുള്ള സിനിമയാണ്. എഴുത്തുകാരന്റെ ആത്മസംഘര്‍ഷങ്ങളിലൂടെയാണ് സിനിമ കടന്നുപോകുന്നത്. കഥാപാത്രത്തിന്റെ പൂര്‍ണതക്കായി ആറുമാസത്തോളം ജനില്‍ പരിശീലനം ചെയ്തു. തന്നെ അടയാളപ്പെടുത്തുന്ന സിനിമ എന്ന വിശേഷണം ഈ സിനിമക്കാണെന്നും ഇനിയൊരിക്കലും തനിക്ക് ഇതുപോലെ ഒരു സിനിമ ചെയ്യാന്‍ സാധ്യമല്ലെന്നും ഷമീം ഉറപ്പിച്ചു പറയുന്നു. രണ്ടു വര്‍ഷത്തോളം ഇന്ത്യ മുഴുവന്‍ സഞ്ചരിച്ചാണ് ശബ്ദലേഖനം ചെയ്തത്. ജീവിതത്തില്‍നിന്നുള്ള യഥാർഥ ശബ്ദങ്ങള്തന്നെയാണ് സിനിമയില്‍ ഉപയോഗിച്ചത്. അട്ടപ്പാടി, ബംഗളൂരു, മുത്തങ്ങ, കോഴിക്കോട്, മധുര, തമിഴ്നാട് എന്നിവയാണ് സിനിമയുടെ ലൊക്കേഷന്‍. സംഗീതം -ഷമീം, പ്രകാശ് സത്യ, ശബ്ദം - ഷൈജു, കാമറ -നിഷാദ്.
സെൽഫ് ഹീലിങ്, പഠിച്ചത് ശരിയാണോ എന്ന തിരിച്ചറിവ്, അടുത്ത സിനിമക്കായുള്ള പഠനം ഇവയാണ് തന്റെ ബൈക്ക് യാത്രയുടെ ലക്ഷ്യമെന്ന് ഷമീം. ‘ഇന്ത്യയിലെ പ്രേക്ഷകരെ മാത്രം മുന്നില്‍ കണ്ടല്ല എന്റെ സിനിമകള്‍, മറിച്ച് ലോകത്തിലെ മുഴുവൻ പ്രേക്ഷകരെയും മുന്നില്‍ കണ്ടാണ്. തിരിച്ചറിവിന്റെ പാതയിലാണ് ഇപ്പോൾ. നേടിയെടുത്ത അറിവുകള്‍ ഉപയോഗിച്ച് പുതിയ സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നു. അതിന്റെ ഭാഗമാണ് യാത്ര. 30 വര്‍ഷമായി സിനിമയെ ആഴത്തില്‍ പഠിക്കാനുള്ള ശ്രമങ്ങളാണ് നടത്തിയത്. ഓരോ സിനിമയും ഒരു പഠനം എന്ന നിലയിലാണ് കാണുന്നത്. മെയിന്‍ സ്ട്രീമിലേക്ക് വര്‍ക്കുകള്‍ എത്തിയിട്ടില്ല എന്നത് പരാജയമായി ഒരിക്കലും തോന്നിയിട്ടില്ല. മൂന്നു സിനിമയും വ്യത്യസ്ത പ്രമേയമാണ് കൈകാര്യം ചെയ്യുന്നത്. യാത്രകളില്‍ കണ്ടുമുട്ടുന്ന ഓരോ മനുഷ്യരും തന്റെ അടുത്ത സിനിമയിലെ കഥാപാത്രങ്ങളാണ്. ആദ്യം സൈക്കിളില്‍ യാത്ര ചെയ്യാനാണ് പദ്ധതിയിട്ടത്. പിന്നീട് ബൈക്കിലേക്ക് മാറുകയായിരുന്നു. പ്രേക്ഷകരെ പൂര്‍ണമായി മനസ്സിലാക്കാനും അവരുടെ വീക്ഷണം നേരിട്ടറിയാനും യാത്രകള്‍ സഹായിക്കുന്നു. അവര്‍ പകര്‍ന്നുതരുന്ന നിര്‍ദേശങ്ങളിലൂടെ പുത്തന്‍ അറിവുകള്‍ നേടാന്‍ സാധിക്കും. സിനിമയുടെ ഗുണവും ദോഷവും തീരുമാനിക്കുന്ന പ്രേക്ഷകനെ അടുത്തറിയുന്ന ഓരോ നിമിഷവും അവരിലേക്ക് ആഴത്തില്‍ അടുക്കാന്‍ ശ്രമിക്കുകയാണ്’ -ഷമീം പറയുന്നു.
മലയാളികളുടെ വികാരമായ ആവി പറക്കുന്ന ചൂട് ചായക്കൊപ്പം സിനിമ തുടങ്ങി ചായ അവസാനിക്കുമ്പോള്‍ സിനിമയിലൂടെ താന്‍ പറയാന്‍ ആഗ്രഹിച്ചത് പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് ഷമീം. സിനിമയുടെ ഓരോ മേഖലയിലും ഷമീം കൈയൊപ്പ് ചാര്‍ത്തുന്നു. സിനിമയുടെ വ്യത്യസ്ത പോസ്റ്ററുകള്‍ രൂപകല്പന ചെയ്യുന്നതും ഇദ്ദേഹമാണ്. അമല്‍ കൃഷ്ണ എന്ന ചിത്രകാരന് ആശയം പറഞ്ഞു കൊടുക്കും. അതനുസരിച്ച് അവര്‍ വരക്കുന്ന ചിത്രങ്ങള്‍ ഷമീം ഡിസൈന്‍ ചെയ്യും. എ.എം.എസ്.കെ.കെ ആര്‍ട്ട് ടെന്റിന്റെ (ഡിസൈന്‍ കമ്പനി) കീഴിലാണ് യാത്രകളും സിനിമയും പിറവിയെടുക്കുന്നത്. മെയിൻ സ്ട്രീമിലെ പല അഭിനേതാക്കളും തന്റെ സിനിമയുടെ ഭാഗമായിരുന്നു. തെരുവുകളിലും സര്‍വകലാശാലകളിലും ഒരുപോലെ സ്വീകാര്യമായ തന്റെ സിനിമകള്‍ അന്താരാഷ്ട്ര നിലവാരം പുലര്‍ത്തണം എന്നു നിര്‍ബന്ധമുണ്ട്. അതിനായി ഏതറ്റം വരെയും പരിശ്രമിക്കും. മെയിന്‍ സ്ട്രീം സിനിമയില്‍നിന്ന് അകന്നു നില്‍ക്കുമ്പോഴും ലോകോത്തര നിലവാരമുള്ള സിനിമകള്‍ ചെയ്യാനുള്ള പരിശ്രമത്തിലാണ് ഷമീം ഇപ്പോൾ.
‘ലക്ഷ്യങ്ങളും കാഴ്ചയും കുറച്ചുകൂടി വലുതാണ്. അതിനാല്‍ സമയമെടുക്കും. മറ്റാരും നടന്നു കയറാത്ത വഴിയിലൂടെ നടക്കുകയാണ്. ചെയ്തത് ശരിയാണോ തെറ്റാണോ എന്ന തിരിച്ചറിവും ഈ യാത്ര നല്കി. സിനിമയിൽ പരീക്ഷണം നടത്തുമ്പോഴും അന്താരാഷ്ട്ര നിലവാരത്തിലുള്ള സിനിമകള്‍ പ്രേക്ഷകരെ കാണിക്കണം എന്നതാണ് ആഗ്രഹം. പ്രേക്ഷകര്‍ ഒരുപാട് മാറി, കാഴ്ചപ്പാടുകള്‍ മാറി. ചെയ്ത സിനിമ ആളുകള്‍ ഉള്‍ക്കൊള്ളും. എന്നെ മാറ്റേണ്ട ആവശ്യം ഇല്ല. മാറ്റേണ്ട ചില കാര്യങ്ങള്‍ ഉൾക്കൊണ്ടാല്‍ മതി എന്ന തിരിച്ചറിവു ലഭിച്ചു’ ഷമീം പറയുന്നു. ‘റി’ 23 മിനിറ്റും ‘എന്‍വിസി’ 30 മിനിറ്റും ‘ടി’ ഏഴു മിനിറ്റുമാണ് സമയം. സിനിമ പ്രദര്‍ശനത്തിന് പുറമെ ഓര്‍ഗാനിക് ഫിലിം മേക്കിങ് ആന്‍ഡ് ആര്‍ട്ട് ഓഫ് ആക്ടിങ് (ഒ.എഫ്.എ.എ) വര്‍ക്ക് ഷോപ്പും ഷമീം ചെയ്യുന്നുണ്ട്.
സിനിമയുടെ ലോകത്ത് വിദ്യാര്‍ഥിയാണ് താന്‍. പതുക്കെ സമയമെടുത്ത് അറിവുകള്‍ സ്വാംശീകരിക്കുകയാണ്. മമ്മൂട്ടിയെയും ഡെന്‍സല്‍ വാഷിങ് ടണ്‍ എന്ന നടനെയും ഒരേ ഫ്രെയിമില്‍ കൊണ്ടുവരിക എന്ന സ്വപ്നത്തിലേക്ക് നടന്നടുക്കാന്‍ സിനിമയെ ആഴത്തില്‍ പഠിക്കുകയാണ്. അതിനായി നടത്തുന്ന യാത്രയുടെ പ്രാരംഭഘട്ടമാണ് ഇത്. അധികം വൈകാതെ ലക്ഷ്യത്തിലേക്ക് നടന്നടുക്കാന്‍ സാധിക്കുമെന്നാണ് വിശ്വാസം. യൂനിവേഴ്സലി സംസാരിക്കുന്ന വിഷയമാണ് അടുത്ത സിനിമയുടെ പ്രമേയം. യാത്രയുടെ അവസാനം കൊച്ചിയില്‍ പ്രശസ്തരായ ആളുകളെ മുഴുവന്‍ ക്ഷണിച്ച് വലിയ സ്ക്രീനിങ് നടത്തണം എന്നാണ് ആഗ്രഹം.
.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.