ശരത് കുമാർ

'ആ സിനിമയിൽ അഭിനയിക്കുന്നതിനിടെ ഉയരത്തിൽ നിന്നുവീണ് എല്ലു പൊട്ടി, ഇടുപ്പിൽനിന്ന് ഒരെല്ല് എടുത്തുവെച്ചാണ് അതുറപ്പിച്ചത്'; അനുഭവം പങ്കുവച്ച് ശരത് കുമാർ

തെന്നിന്ത്യൻ സിനിമ പ്രേമികളുടെ പ്രിയങ്കരനായ താരമാണ് ശരത് കുമാർ. മലയാളത്തിലും ശ്രദ്ദേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരം ഒരു കാലഘട്ടത്തിന്‍റെ ആക്ഷൻ ഹീറോ ആയിരുന്നു. എന്നാൽ തന്‍റെ പുതിയ സിനിമയുടെ പ്രൊമോഷന്‍റെ ഭാഗമായി സംസാരിക്കവെ, ആക്ഷൻ സിനിമകൾ ചെയ്യുമ്പോൾ റിസ്ക്ക് കൂടുതലാണെന്ന് നടൻ വെളിപ്പെടുത്തി. അത്തരത്തിൽ അപകടകരമായ രീതിയിൽ തനിക്ക് അഭിനയിക്കേണ്ടി വന്നിട്ടുണ്ടെന്നും ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ 60 അടി ഉയരത്തിൽ നിന്ന് വീണ് ഗുരുതരമായ പരിക്ക് പറ്റിയിട്ടുണ്ടെന്നും നടൻ വെളിപ്പെടുത്തി.

ആ അപകടത്തിൽ തന്റെ നട്ടെല്ലിനു സാരമായ പരുക്ക് പറ്റിയിരുന്നുവെന്നും ശരത്കുമാർ ഓർത്തു. അപകടത്തിൽ വോക്കൽ കോർഡിന് പരിക്ക് പറ്റിയിരുന്നുവെന്നും എന്നാൽ ആ പേടിമാറാനായി താൻ അടുത്ത ചിത്രത്തിൽ 80 അടിയിൽ നിന്നാണ് ചാടിയതെന്നും ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ ശരത്കുമാർ പറഞ്ഞു.

'ഇന്നത്തെ കാലത്ത് ജോലി കുറച്ചുകൂടി എളുപ്പമാണ്. അന്നൊക്കെ ഉയരത്തിൽനിന്ന് ചാടാൻ പറഞ്ഞാൽ ചാടണം. ഇന്നത്തെപ്പോലെ റോപ് ഒന്നുമില്ല. ബാലചന്ദ്രുഡു എന്നൊരു സിനിമ ചെയ്യുന്ന സമയം. മഹേഷ് ബാബുവിന്റെ മൂന്നാമത്തെ സിനിമയാണ്. ഒരു രംഗമെടുക്കുന്നതിനിടെ അറുപതടി ഉയരത്തിൽ വീഴുകയും കഴുത്തിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. സി4 സി5 എല്ല് പൊട്ടുകയായിരുന്നു. ഇടുപ്പിൽനിന്ന് ഒരെല്ല് എടുത്തുവെച്ചാണ് അതുറപ്പിച്ചത്.

നട്ടെല്ലിനുണ്ടാകുന്ന പരിക്ക് ചെറുതായിരിക്കില്ലെന്ന് അറിയാമല്ലോ. പുനർജന്മം എന്നാണ് പറയേണ്ടത്. രണ്ട് പ്ലേറ്റും സ്ക്രൂവും ഉപയോഗിച്ച് മുറുക്കിവെയ്ക്കുകയായിരുന്നു. ആ അപകടത്തിൽ വോക്കൽ കോർഡിന്റെ വലതുഭാഗത്തിന് കേടുപാടുകൾ സംഭവിച്ചു. അന്നുണ്ടായ പേടി മാറ്റാൻ വീണ്ടും ഉയരത്തിൽനിന്ന് ചാടേണ്ടിവന്നു. മായി എന്ന ചിത്രത്തിനുവേണ്ടി 80 അടി ഉയരത്തിൽനിന്നാണ് ചാടിയത്. കനൽ കണ്ണൻ ആയിരുന്നു സംഘട്ടനസംവിധായകൻ.

സംശയം പ്രകടിപ്പിച്ചു നിന്നപ്പോൾ പ്രഭുദേവ ഇങ്ങനെയൊരു ഫൈറ്റ് ചെയ്തിട്ടുണ്ടെന്ന് മാസ്റ്റർ പറഞ്ഞു. ഒടുവിൽ അദ്ദേഹത്തിന്റെ നിർബന്ധത്തിനു വഴങ്ങി ഷോട്ടെടുക്കാൻ തയ്യാറായി. കെട്ടിടത്തിന് താഴെ രണ്ട് സുഹൃത്തുക്കൾ നിൽക്കുന്നുണ്ടായിരുന്നു. എന്നോട് താഴെയിറങ്ങിവരാൻ അവർ പറയുമെന്ന് കരുതി. പക്ഷേ ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയായിരുന്നു അവർ. എന്തുംവരട്ടെ എന്നുകരുതി ആ രംഗം ചെയ്തു." ശരത്കുമാർ വിവരിച്ചു.

Tags:    
News Summary - Actor Sarath Kumar about his injury

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.