ലുധിയാന: സിനിമ, സീരിയൽ നടനും സംവിധായകനുമായ മംഗൾ ധില്ലൻ (64) നിര്യാതനായി. അർബുദ ബാധിതനായി ലുധിയാനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നിരവധി ഹിന്ദി, പഞ്ചാബി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഖൂൻ ഭാരി മാംഗ്, വിശ്വാത്മ, ദയവാൻ, സഖ്മി ഔരത്ത്, പ്യാർ കാ ദേവത, അംബ, തൂഫാൻ സിംഗ്, ദലാൽ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ഏറെ ശ്രദ്ധ നേടി. പഞ്ചാബിലെ ഫരീദ്കോട്ട് ജില്ലയിലെ വാണ്ടർ ജട്ടാന ഗ്രാമത്തിലാണ് ജനനം. പിന്നീട് ഉത്തർപ്രദേശിലേക്ക് താമസം മാറി.
1986-87 കാലത്തെ രമേഷ് സിപ്പിയുടെ ‘ബുനിയാദ്’ സീരിയലിലെ ലഭയ റാം എന്ന കഥാപാത്രവും 1994 ലെ ‘ജുനൂനി’ലെ സുമർ രാജ്വംശായും ഏറെ ജനപ്രീതി നേടി. കഥാസാഗർ, കിസ്മത്ത്, ഗുട്ടാൻ, രിശ്ത, പരംവീർ ചക്ര തുടങ്ങിയ പ്രശസ്ത ടി.വി ഷോകളുടെ ഭാഗമായിരുന്നു. ‘ഖൽസ’ എന്ന ചിത്രത്തിലെ അഭിനയത്തിന് പഞ്ചാബ് സർക്കാറിന്റെ ആദരം ഏറ്റുവാങ്ങി. ധില്ലന് ഒരു മകനും മകളുമുണ്ട്. നിര്യാണത്തിൽ പഞ്ചാബ് ടൂറിസം, സാംസ്കാരിക മന്ത്രി അൻമോൽ ഗഗൻ മാൻ, ശിരോമണി അകാലിദൾ പ്രസിഡന്റ് സുഖ്ബീർ സിങ് ബാദൽ, നടൻ യശ്പാൽ ശർമ എന്നിവർ അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.