ബോളിവുഡിലെ ഇതിഹാസ നടനാണ് ധർമേന്ദ്ര. നടൻ അമിതാഭ് ബച്ചന്റെ സൂപ്പർസ്റ്റാർ പദവിയിലേക്കുള്ള യാത്രയിൽ ഗണ്യമായ സംഭാവന നൽകിയ മൂന്ന് പ്രധാന ബ്ലോക്ക്ബസ്റ്ററുകൾ ധർമേന്ദ്ര നിരസിച്ചവയാണ്. ആദ്യം ധർമേന്ദ്രക്ക് വാഗ്ദാനം ചെയ്ത ഈ വേഷങ്ങൾ ഒടുവിൽ അമിതാഭ് ബച്ചന് ലഭിക്കുകയും അദ്ദേഹത്തിന്റെ കരിയറിലെ തന്നെ നിർണായക വേഷങ്ങളായി മാറുകയും ചെയ്തു. അമിതാഭ് ബച്ചന്റെ കരിയറിനെ രൂപപ്പെടുത്തിയതിൽ പ്രധാന പങ്കുവഹിച്ച ആ മൂന്ന് ഐക്കണിക് സിനിമകൾ ഇവയാണ്.
ഡോൺ
അമിതാഭ് ബച്ചൻ അവതരിപ്പിച്ച ഡോൺ എന്ന ഐക്കണിക് വേഷം ആദ്യം ധർമേന്ദ്രക്കാണ് വാഗ്ദാനം ചെയ്തത്. റിപ്പോർട്ട് അനുസരിച്ച്, ചിത്രം ധർമേന്ദ്ര, ദേവ് ആനന്ദ്, ജീതേന്ദ്ര എന്നിവർ നിരസിച്ചു. 1978ൽ ചന്ദ്ര ബരോട്ട് സംവിധാനം ചെയ്ത് നരിമാൻ ഇറാനി നിർമിച്ച ചിത്രത്തിൽ അമിതാഭ് ബച്ചൻ ഇരട്ട വേഷത്തിലാണ് അഭിനയിച്ചത്. സീനത്ത് അമൻ, പ്രാൺ, ഇഫ്തേക്കർ, ഓം ശിവപുരി എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
സഞ്ജീർ
1973ൽ പുറത്തിറങ്ങിയ ഒരു ആക്ഷൻ ക്രൈം ചിത്രമാണ് സഞ്ജീർ. ഒരു അഭിമുഖത്തിനിടെ ബോബി ഡിയോളാണ് തന്റെ പിതാവ് ധർമേന്ദ്ര, സഞ്ജീർ നിരസിച്ചുവെന്ന് സ്ഥിരീകരിച്ചത്. ധർമേന്ദ്ര സംവിധായകൻ പ്രകാശ് മെഹ്‌റക്കൊപ്പം പ്രവർത്തിക്കുന്നതിനെ അദ്ദേഹത്തിന്‍റെ കസിൻ എതിർത്തതായാണ് റിപ്പോർട്ട്. ധർമേന്ദ്ര നിരസിച്ചതിന്റെ ഫലമായി പ്രകാശ് മെഹ്‌റ സംവിധാനം ചെയ്ത്, സലിം-ജാവേദ് എഴുതിയ ചിത്രം ഒടുവിൽ അമിതാഭ് ബച്ചന് ലഭിച്ചു. ജയ ഭാദുരി, പ്രാൺ, അജിത് ഖാൻ, ബിന്ദു എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിച്ചു.
ഷാൻ
ഷോലെയുടെ വിജയത്തിനുശേഷം, സംവിധായകൻ രമേശ് സിപ്പി തന്റെ അടുത്ത പ്രോജക്റ്റായ ഷാൻ എന്ന ചിത്രത്തിലും താരനിരയെ വീണ്ടും ഉൾപ്പെടുത്താൻ ആഗ്രഹിച്ചിരുന്നു. എന്നാൽ ധർമേന്ദ്രയുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് സിപ്പി മറ്റൊരു നടനെ ആ വേഷത്തിനായി അന്വേഷിക്കാൻ നിർബന്ധിതനായി. ഡി.എൻ.എ റിപ്പോർട്ട് പ്രകാരം, ഹേമ മാലിനിയും ചിത്രത്തിലെ ഒരു വേഷം നിരസിച്ചു. അത് ഒടുവിൽ ബിന്ദിയ ഗോസ്വാമിക്ക് ലഭിച്ചു. ഷാൻ ബോക്സ് ഓഫിസിൽ വൻ വിജയമായി മാറുകയും ഹിന്ദി ചലച്ചിത്രമേഖലയിൽ അമിതാഭ് ബച്ചന്റെ സ്ഥാനം കൂടുതൽ ഉറപ്പിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.