ചെന്നൈ: സംഗീത സംവിധായകൻ ഇളയരാജയുടെ ടീ നഗറിലെ സ്റ്റുഡിയോക്ക് നേരെ വ്യാജ ബോംബ് ഭീഷണി. ഇമെയിൽ സന്ദേശമായി വന്ന ഭീഷണി സ്റ്റുഡിയോയിലും ഡി.ജി.പി ഓഫീസിലും ലഭിച്ചതിനെ തുടർന്ന് പൊലീസും ബോംബ് സ്ക്വാഡും നടത്തിയ വിശദ പരിശോധനയിലാണ് ഭീഷണി വ്യാജമാണെന്ന് കണ്ടെത്തിയത്.
സ്റ്റുഡിയോയിൽ നിന്നും സ്ഫോടകവസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ലെന്നും ഭീഷണി വ്യാജമാണെന്നും അധികൃതർ അറിയിച്ചു.
വ്യാജ ബോംബ് ഭീഷണി അയച്ചയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ബോംബ് ഭീഷണി ലഭിച്ചയുടൻ ടി നഗറിലുള്ള സ്റ്റുഡിയോയിൽ എത്തിയ പൊലീസും ബോംബ് സ്ക്വാഡും സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ചാണ് പരിശോധന നടത്തിയത്. പരിശോധനയിൽ സംശയാസ്പധമായ ഒന്നും തന്നെ കണ്ടെത്തിയില്ലെന്നും ഭീഷണി വ്യാജമാണെന്നും പൊലീസ് സ്ഥിരീകരിച്ചു.
നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്‌യുടെ ചെന്നൈ നീലാങ്കരൈയിലെ വസതിയിലും ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന് കാണിച്ച് ചെന്നൈ പൊലീസ് കൺട്രോൾ റൂമിലേക്ക് അജ്ഞാത സന്ദേശം ലഭിച്ചിരുന്നു. എന്നാൽ മണിക്കൂറുകൾ നീണ്ട പരിശോധനകൾക്കൊടുവിൽ വ്യാജ ഭീഷണിയാണ് എന്ന് പൊലീസ് സ്ഥിരീകരിക്കുകയായിരുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചെന്നൈയിൽ മുഖ്യമന്ത്രിയുടെയും, ഗവർണറുടെയും, നടി തൃഷയുടെയുമടക്കം നിരവധി പ്രമുഖ വ്യക്തികളുടെ വസതികളിലേക്ക് സമാനമായ വ്യാജ ബോംബ് ഭീഷണികൾ ലഭിച്ചിരുന്നു. ഇത്തരം ഭീഷണികളുടെ ഉറവിടം കണ്ടെത്താൻ സൈബർ ക്രൈം വിഭാഗം അന്വേഷണം നടത്തി വരികയാണ്. പ്രമുഖർക്കെതിരെയുള്ള ആവർത്തിക്കുന്ന ഭീഷണികൾക്ക് പിന്നിലെ ഉദ്ദേശ്യം കണ്ടെത്തുന്നതിനായും സൈബർ ക്രൈം, സിറ്റി പൊലീസ് ടീമുകൾ എന്നിവർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.