രാഷ്​ട്രപതി സക്കീർ ഹുസൈനിൽനിന്ന്​ ടി.കെ. പരീക്കുട്ടി ദേശീയ അവാർഡ് ഏറ്റുവാങ്ങുന്നു (ഫയൽ ചിത്രം)

മലയാള സിനിമയിലേക്ക് ആദ്യ ദേശീയ പുരസ്കാരമെത്തിച്ച ടി.കെ. പരീക്കുട്ടിക്ക്​ സ്​മാരകം ഇനിയും അകലെ

മട്ടാഞ്ചേരി: മലയാള സിനിമയിൽ മാറ്റത്തിന് തുടക്കംകുറിച്ച, നാല് ഇന്ത്യൻ പ്രസിഡൻറുമാരിൽനിന്നായി നാല് ദേശീയ അവാർഡുകൾ മലയാളക്കരയിലെത്തിച്ച ടി.കെ. പരീക്കുട്ടി എന്ന സിനിമ നിർമാതാവ് ഓർമയായിട്ട് 52 വർഷം. പരീക്കുട്ടിയുടെ ചന്ദ്രതാര ഫിലിംസി​െൻറ ബാനറിൽ നിർമിച്ച ഒമ്പത് ചിത്രങ്ങളിൽ നാലെണ്ണം ദേശീയ പുരസ്കാരം നേടിയപ്പോൾ മറ്റ് അഞ്ച് സിനിമകൾ സംസ്ഥാന അവാർഡുകളും കരസ്ഥമാക്കി.

ഹിന്ദി, തമിഴ് സിനിമകളുടെ റീമേക്കുകളായിരുന്നു ഭൂരിഭാഗം ആദ്യകാല മലയാള സിനിമകളും പാട്ടുകളും. ഈ രീതിയിൽനിന്ന്​ വ്യതിചലിച്ചാൽ എട്ടുനിലയിൽ പൊട്ടുമോ എന്ന ഭീതിയെത്തുടർന്ന് നിർമാതാക്കൾ മാറ്റത്തിന്​ തയാറാകാതിരുന്ന വേളയിലാണ് ടി.കെ. പരീക്കുട്ടിയുടെ കടന്നുവരവ്. ഒരു സിനിമയെടുക്കണമെന്നാവശ്യപ്പെട്ട് തന്നെ സമീപിച്ച പി. ഭാസ്കരൻ, രാമു കാര്യാട്ട് എന്നിവരോട് പരീക്കുട്ടി ആവശ്യപ്പെട്ടത് മലയാളത്തനിമയുള്ള കഥയും ഗാനങ്ങളുമുള്ള സിനിമയായിരിക്കണമെന്നാണ്​. ഒപ്പം പ്രേക്ഷകർക്ക് നല്ല സന്ദേശം നൽകുന്നതായിരിക്കണം സിനിമയെന്നും ആവശ്യപ്പെട്ടു.

പി. ഭാസ്കര​െൻറയും രാമു കാര്യാട്ടി​െൻറയും സംവിധാനത്തിൽ സാഹിത്യകാരൻ ഉറൂബ് കഥയെഴുതി 1954ൽ 'നീലക്കുയിൽ' ചിത്രം പുറത്തിറക്കി. ഇരട്ട സംവിധായകരുള്ള രാജ്യത്തെ ആദ്യ സിനിമയായ 'നീലക്കുയിലി'ന് മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ വെള്ളി മെഡൽ ലഭിച്ചു. തെന്നിന്ത്യയിലേക്കുതന്നെ ആദ്യമായി അങ്ങനെ ദേശീയ പുരസ്കാരം എത്തി.

മലയാളത്തി​െൻറ സ്വന്തം ഈണവും രാഗവും താളവും മാധുര്യവും നിറഞ്ഞ 'നീലക്കുയിലി'ലെ ഗാനങ്ങൾ മലയാളക്കര ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. 1961ൽ പുറത്തിറങ്ങിയ മുടിയനായ പുത്രൻ, തച്ചോളി ഒതേനൻ (1963), കുഞ്ഞാലി മരക്കാർ (1967) സിനിമകളും ദേശീയ പുരസ്കാരങ്ങൾ കേരളത്തിലെത്തിച്ചു. തച്ചോളി ഒതേനൻ കേരളത്തിലെ ആദ്യ ബിഗ് ബജറ്റ് ചിത്രമായിരുന്നു. മലയാളത്തിൽ ആദ്യ പ്രേതകഥ ആസ്പദമാക്കി ചിത്രീകരിച്ച ഭാർഗവി നിലയം വൻ ഹിറ്റായിരുന്നു. വൈക്കം മുഹമ്മദ് ബഷീറി​േൻറതായിരുന്നു കഥ.

മധു, അടൂർ ഭാസി, കെ.പി. ഉമ്മർ, കുതിരവട്ടം പപ്പു, പി.ജെ. ആൻണി, വിജയ നിർമല തുടങ്ങിയ താരങ്ങളെയു​ം പി. ഭാസ്കരൻ, രാമു കാര്യാട്ട്, എ. വിൻസെൻറ്​ എന്നീ സംവിധായകരെയും കെ. രാഘവൻ, എ.ടി. ഉമ്മർ, ബാബുരാജ് എന്നീ സംഗീത സംവിധായകരെയും ഗാനരചയിതാവ് യുസഫലി കേച്ചേരി, ഗായകരായ ജയചന്ദ്രൻ, പി. വസന്ത, എസ്. ജാനകി, കെ.എസ്. ജോർജ് എന്നിവരെയും ചലച്ചിത്ര ലോകത്തെത്തിക്കാൻ അവസരം ഒരുക്കിയത് പരീക്കുട്ടിയാണ്​.

സംസ്ഥാനത്ത് ആദ്യമായി 70 എം.എം സ്ക്രീനോടെ തിയറ്റർ നിർമിച്ചതും പരീക്കുട്ടിയായിരുന്നു -ഫോർട്ട്​കൊച്ചിയിലെ പഴയ സൈന തിയറ്റർ. നിലവിൽ നഗരസഭയുടെ കൈവശമുള്ളതും അടഞ്ഞുകിടക്കുന്നതുമായ തിയറ്റർ പരീക്കുട്ടിയുടെ സ്മാരകമായി സംരക്ഷിക്കുമെന്ന് നഗരസഭ അധികൃതരും മുൻ പാർലമെൻറ്​ അംഗം കെ.വി. തോമസും പ്രഖ്യാപനം നടത്തിയിരുന്നെങ്കിലും ഇതുവരെ നടപടിയൊന്നുമായിട്ടില്ല. ഫോർട്ട്​കൊച്ചി മുനിസിപ്പൽ കൗൺസിലർ കൂടിയായിരുന്ന പരീക്കുട്ടിയോടാണ് നഗരസഭയുടെ അവഗണന എന്നതും ശ്രദ്ധേയമാണ്.

Tags:    
News Summary - won the first National Award for Malayalam Cinema, The memorial to TK Parikkutty is still far away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.