ക്ഷണിക്കപ്പെടാത്ത സത്യങ്ങൾ

പ്രകൃതിയുടെ ദൃശ്യ മനോഹാരിതയോ കണ്ണിമ വെട്ടാതെ കണ്ടിരിക്കാവുന്ന കാർ ചേസിങ് രംഗങ്ങളോ നിങ്ങൾ ഈ ചിത്രത്തിൽ പ്രതീക്ഷിക്കേണ്ടതില്ല. നുണകളുടെ പുകമറക്കുള്ളിൽനിന്ന് യാഥാർഥ്യത്തെ വെളിപ്പെടുത്താനുള്ള ഒരുവക്കീലിന്റെ ബുദ്ധികൂർമത ഉപയോഗിച്ചുള്ള ശ്രമം. അതിനവർക്ക് വ്യക്തമായ ഒരു കാരണവുമുണ്ട്. ഏതു ചാരത്തിലൊളിച്ചാലും ഒരു നാൾ സത്യം മറനീക്കി പുറത്തുവരുകതന്നെ ചെയ്യുമെന്ന ചൊല്ല് അന്വർഥമാക്കുന്ന സിനിമയാണ് 'ദി ഇൻവിസിബ്ൾ െഗസ്റ്റ്'. പാപത്തറയിൽ കെട്ടിപ്പൊക്കിയ പെരും കള്ളങ്ങളുടെയും നാട്യങ്ങളുടെയും ചീട്ടുകൊട്ടാരം പൊളിച്ചടുക്കാനുള്ള മാർഗം കിടയറ്റ, പിഴവുകളില്ലാത്ത ചോദ്യങ്ങളാണെങ്കിലോ?.

അത്തരം ചില ചോദ്യങ്ങൾക്കു മുന്നിൽ ആർക്കും ഒന്നും ഒളിക്കാൻ കഴിയില്ല. ബൗദ്ധിക വ്യായാമങ്ങളുടെ പെരുങ്കളിയാട്ടമാണ് ഈ ചലച്ചിത്രം. 2012ൽ ഇറങ്ങിയ വൻ വിജയമായ 'ദി ബോഡി' എന്ന സിനിമക്കു ശേഷം 2017ലാണ് സ്പാനിഷ് ത്രില്ലറുകളുടെ കൂട്ടത്തിലെ പ്രഥമ ഗണനീയനായ ഒരിയോൾ പൗളോ ഇൻവിസിബ്ൾ ഗസ്റ്റ് എന്ന മറ്റൊരു ത്രില്ലറുമായി അദ്ഭുതം സൃഷ്ടിക്കുന്നത്.

പൂട്ടിയിട്ട ഹോട്ടൽ മുറിയിൽ കൊലചെയ്യപ്പെട്ട കാമുകി ലോറയുടെ മൃതദേഹത്തിനടുത്തുനിന്ന് നായകൻ അഡ്രിയാൻ ഉറക്കത്തിൽനിന്ന് ഉണരുന്നു. സ്വാഭാവികമായും പൊലീസ് അദ്ദേഹത്തെ സംശയിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്യുന്നു. കേസിൽ നിന്ന് രക്ഷപ്പെടാൻ അദ്ദേഹം പ്രശസ്തമായ വക്കീലിനെ ഏർപ്പാടാക്കുന്നു. പിന്നീട് വക്കീൽ വിശദാംശങ്ങൾ അറിയാൻ നായകനെ കാണാൻ വരുന്നു. കൂടുതൽ കാര്യങ്ങൾ തുറന്നുപറയുന്നതോടെ ശരിയും തെറ്റും മാറി മറയുന്നു.

വക്കീലിന്റെ കർക്കശ ചോദ്യങ്ങളിൽ ആടിയുലയുന്ന കഥാനായകൻ. ജയപരാജയങ്ങളുടെ ദ്വന്ദ്വ മുഖത്ത് തളച്ചിടപ്പെടുന്ന കഥാഗതി. എന്തൊക്കെയാകാം അഡ്രിയാെന്റ തുറന്നു പറച്ചിലുകൾ?. അതോടെ, ആകാംക്ഷയെ കെട്ടഴിച്ചുവിടുന്നൊരു സീറ്റ് എഡ്ജ് ത്രില്ലറിൽ പ്രേക്ഷകൻ മുങ്ങിത്താഴുകയാണ്. ഓരോ സംഭാഷണവും കഥ മാറ്റിമറിച്ചേക്കുമെന്ന ഉദ്വേഗമാണ് പ്രേക്ഷകനെ ഭരിക്കുന്നത്. ത്രില്ലറുകളുടെ അധിനിവേശം സമ്പൂർണമാക്കുന്ന തിരക്കഥയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. കഥാ പരിണാമങ്ങൾകൊണ്ട് കാണികളെ അത്ഭുതപ്പെടുത്തിയ ഒരിയോൾ പൗള എഴുതി സംവിധാനം നിർവഹിച്ച ഈ സ്പാനിഷ് ചിത്രം 2017ലാണ് പുറത്തുവരുന്നത്.

വക്കീൽ വിർജീനിയ ഗുഡ്മാനായി അഭിനയിക്കുന്ന അന്ന വാഗ്നർ തന്റെ വേഷം ഗംഭീരമാക്കി. മാരിയോ കസാസ് (അഡ്രിയാൻ ഡോരിയ), ജോൺ കൊറണാഡ് (തോമസ് ഗരീഡോ) എന്നിവരും നന്നായി അഭിനയിച്ചു. ചെറിയ മാറ്റങ്ങളോടെ ഹിന്ദിയിൽ ബദ്‍ല എന്ന പേരിലും തെലുങ്കിൽ ഇവരു എന്ന പേരിലും ഇൻവിസിബ്ൾ െഗസ്റ്റിന്റെ റീമേക്ക് ഇറങ്ങിയിട്ടുണ്ട്.

Tags:    
News Summary - Uninvited truths

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.