ഐ.ഇ.എഫ്.എഫ്.കെ ഫിലിം ഫെസ്റ്റിവലിനെത്തിയ സംവിധായിക നാദി വസലമുദലാരിച്ചി ഭർത്താവ് സമ്പത്ത് ഗുണവർധനക്കൊപ്പം
കോഴിക്കോട്: ഇൻഡിപെൻഡന്റ് ആൻഡ് എക്സ്പെരിമെന്റൽ ഫിലിം ഫെസ്റ്റിവലിൽ (ഐ.ഇ.എഫ്.എഫ്.കെ) ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിച്ചത് ശ്രീലങ്കൻ സിനിമ ‘പാൻട്രം’. യുദ്ധക്കെടുതികളുടെ ഭീകരത വെളിപ്പെടുത്തുന്ന ചിത്രം ഇതിനകംതന്നെ ഏറെ ശ്രദ്ധേയമായിക്കഴിഞ്ഞു. ഭർത്താവ് സമ്പത്ത് ഗുണവർധനക്കൊപ്പം കേരളത്തിലെത്തിയ ശ്രീലങ്കൻ എഴുത്തുകാരിയും ടി.വി ജേണലിസ്റ്റുമായ നാദി വസലമുദലാരിച്ചി തന്റെ ആദ്യ സിനിമയെക്കുറിച്ച് ‘മാധ്യമ’വുമായി സംസാരിക്കുന്നു.
• ശ്രീലങ്കയിലെ അറിയപ്പെടുന്ന എഴുത്തുകാരി എങ്ങനെ സിനിമ സംവിധായികയാവുന്നു?
ഞാൻ ദീർഘകാലം ടി.വി ജേണലിസ്റ്റായിരുന്നു. വളരെ ചെറുപ്രായത്തിൽ തന്നെയായിരുന്നതുകൊണ്ട് എന്തെങ്കിലുമൊക്കെ ചെയ്യാൻ കഴിയുമെന്ന വിശ്വാസമുണ്ടായിരുന്നു. യുവാക്കളുടെ ചിന്തയിൽ ഊന്നിയായിരുന്നു ആദ്യ പ്രവർത്തനങ്ങൾ. രണ്ടു നോവലുകളും ഒരു കവിതയും ഇക്കാലത്ത് എഴുതി. അത് ശ്രദ്ധേയമായി. പലരുടെയും ഇഷ്ടങ്ങൾ മാത്രമാണ് മാധ്യമപ്രവർത്തനത്തിലൂടെ ചെയ്യാൻ കഴിയുക എന്ന് തിരിച്ചറിഞ്ഞതോടെ ഉപേക്ഷിച്ചു. എനിക്ക് പലതും ചെയ്യാനുണ്ടെന്ന തോന്നൽ ഉള്ളിൽ കടുത്തു. ഏറ്റവും പറ്റിയ മാധ്യമം സിനിമയാണെന്ന് തിരിച്ചറിഞ്ഞു. പിന്നെ ഈ വഴി തിരഞ്ഞെടുത്തു.
• ‘പാൻട്ര’ത്തിലൂടെ പലതും ചെയ്യണമെന്ന ലക്ഷ്യം നേടാൻ കഴിഞ്ഞോ?
ശ്രീലങ്കൻ ആഭ്യന്തര യുദ്ധപശ്ചാത്തലമാണ് സിനിമ. ശ്രീലങ്കയിലെ മാത്രം പ്രശ്നമല്ല, അതിർത്തി കടന്ന് ലോകകെടുതികളെ അത് വെളിപ്പെടുത്തുന്നു. നിരവധി പാഠങ്ങൾ ബാക്കിയാക്കുമ്പോഴും അധികാരത്തിനുമാത്രം യുദ്ധം തുടരുകയാണെന്ന് ലോകാനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ചിത്രം ഓർമപ്പെടുത്തുന്നു. അധികാരവും അഭീഷ്ടങ്ങളും നിലനിർത്താൻ മാത്രമാണ് എന്നും എവിടെയും യുദ്ധം ഉണ്ടായിട്ടുള്ളത്. യാദൃച്ഛികമെങ്കിലും നിലവിലെ യുദ്ധസാഹചര്യത്തിൽ സിനിമ കൂടുതൽ പ്രസക്തമാണ്. ഈ സിനിമ ഒരു രാജ്യത്തേക്കോ കാലത്തേക്കോ മാത്രമല്ല, യുദ്ധമോഹമുണ്ടാകുന്ന എല്ലാ കാലത്തേക്കുമാണ്.
• ആഭ്യന്തര യുദ്ധത്തിലൂടെ ശ്രീലങ്ക തളർന്നത് നേരിൽ കണ്ടതാണോ മനസ്സിനെ കൂടുതൽ ഉലച്ചത്?
യുദ്ധാനന്തര പ്രത്യാഘാതങ്ങളും മക്കളെ നഷ്ടപ്പെട്ട അമ്മമാരും എന്റെ പരിചയത്തിലുണ്ട്. സിനിമ യുദ്ധത്തിന്റെ മഹത്വത്തെക്കുറിച്ചല്ല പ്രതിപാദിക്കുന്നത്, അതിന്റെ ആഘാതത്തെക്കുറിച്ചും അനുരഞ്ജനത്തിലേക്കുള്ള യാത്രയെക്കുറിച്ചുമാണ് ഓർമിപ്പിക്കുന്നത്. എന്നും എവിടെയും അധികാരവും ഗർവും ദുരാശയും മണ്ണിൽ നിരാശ മാത്രമാണ് വിതക്കുന്നത്. എന്തു നേടി എന്നു ചോദിച്ചാൽ സർവനാശമെന്നല്ലാതെ ഒന്നും പറയാൻ കഴിയുന്നില്ല ആർക്കും.
അവസാനം എല്ലാം വിധിമതമെന്നുപറഞ്ഞ് കൈകഴുകാനാണ് ബാക്കിയാവുന്നവർ ശ്രമിക്കുന്നത്. പക്ഷേ, ഉണ്ടാക്കിയ മുറിവുകളോ അംഗഭംഗങ്ങളോ മായ്ക്കാനും ഇല്ലാതാക്കാനോ കഴിയുന്നില്ല. യുദ്ധത്തിനെന്നാണ് മോചനമെന്ന ചോദ്യം മാത്രമാണ് ഉയർത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.