മൂക്കുത്തിയിലെ ചേച്ചിയല്ലേ! ശ്രീരഞ്ജിനി- അഭിമുഖം

ഷോര്‍ട്ട് ഫിലിമുകളിലൂടെയാണ് സിനിമയിലെത്തിയ താരമാണ് ശ്രീരഞ്ജിനി. 2019ല്‍ പുറത്തിറങ്ങിയ തണ്ണീര്‍മത്തന്‍ ദിനങ്ങളിൽ അഭിനയിച്ച ശ്രീരഞ്ജിനി ഒരു ഇടവേളക്കുശേഷം അഭിനയിച്ച ഹ്രസ്വചിത്രമാണ് മക്ഷിക. ബിന്ദു പണിക്കർ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഇപ്പോഴിത തന്റെ സിനിമാ വിശേഷങ്ങൾ പങ്കുവെക്കുകയാണ് ശ്രീരഞ്ജിനി.

കരിയർ ബ്രേയ്ക്ക് തന്ന മക്ഷിക

എന്റെ വിവാഹത്തിനുമുൻപായിരുന്നു അജഗജാന്തരം സിനിമയിൽ ഞാനഭിനയിക്കുന്നത്. പക്ഷേ ആ സിനിമ റിലീസ് ചെയ്യുന്നത് എന്റെ വിവാഹത്തിനുശേഷമാണ്. സത്യത്തിൽ വിവാഹത്തിനുശേഷം അഭിനയത്തിൽ ഞാനൊരു ബ്രേക്ക് എടുത്തിരുന്നു. ആ ബ്രേക്കിന് ശേഷം ചെയ്യുന്ന വർക്കാണ് മക്ഷിക എന്ന ഷോട്ട് ഫിലിം. എന്തായാലും എനിക്കൊരു കരിയർ ബ്രേക്ക് തന്ന വർക്ക് തന്നെയാണ് മക്ഷിക. മക്ഷികയിൽ എനിക്കൊപ്പം അഭിനയിച്ചത് ബിന്ദു പണിക്കരാണ്. അഭിനയിക്കാൻ വരുന്ന സമയത്ത് ചേച്ചിക്ക് ഒരുപാട് ഹെൽത്ത് ഇഷ്യൂസുണ്ടായിരുന്നു. പ്രത്യേകിച്ചും ചുമ ശ്വാസംമുട്ടൽ പോലുള്ള പ്രശ്നങ്ങൾ. ഷൂട്ട് നടക്കുന്ന ലൊക്കേഷനാണെങ്കിൽ പൊടിപിടിച്ച ഒരു ഫാക്ടറിയാണ്. അത്തരമൊരിടത്തു നിൽക്കാൻ തന്നെ പ്രയാസമാണ്. എന്നിട്ടും ചേച്ചി യാതൊരു പ്രശ്നവും പറയാതെ അതിനെ ഹാൻഡിൽ ചെയ്തു. മാത്രമല്ല,കൂടെ അഭിനയിക്കുന്ന ആർട്ടിസ്റ്റ് എന്ന നിലക്ക് നമ്മളോടുള്ള ഇടപെടലും വളരെ നല്ലതായിരുന്നു. പതുക്കെ ചെയ്താൽ മതി, സമയമെടുത്ത് ചെയ്താൽ മതി എന്നൊക്കെ പറഞ്ഞു ബിന്ദു ചേച്ചി നമ്മളെ വളരെയധികം കൂളാക്കുമായിരുന്നു.

 സ്റ്റാർഡം കാണിക്കാത്ത ബിന്ദു പണിക്കർ

മക്ഷികയുടെ സംവിധായകൻ ബിലഹരി എന്റെ സഹോദരനാണ്. ആ ലൊക്കേഷനിൽ എന്റെ അടുത്താണെങ്കിലും സംവിധായകനായ എന്റെ ചേട്ടന്റെ അടുത്താണെങ്കിലും ഒപ്പം വർക്ക് ചെയ്യുന്ന മറ്റുള്ളവരുടെ അടുത്താണെങ്കിലും ബിന്ദു ചേച്ചി യാതൊരുവിധത്തിലുള്ള സ്റ്റാര്‍ഡവും കാണിച്ചിട്ടില്ല.അതൊരു കണക്കിന് സമാധാനമായിരുന്നു. പ്രത്യേകിച്ചും അത്രയും ചൂടും പൊടിയും ഒക്കെയുള്ള ഒരു അന്തരീക്ഷത്തിൽ അധിക സമയം നിൽക്കുക എന്നത് പോലും ബുദ്ധിമുട്ടായിരുന്നു. ആ ലൊക്കേഷനിൽ നിന്നും വർക്ക് തീർത്ത് എത്രയും പെട്ടെന്ന് ഓടി രക്ഷപ്പെട്ടാൽ മതിയെന്ന ഒരു മനോഭാവമായിരുന്നു ഞങ്ങൾക്കെല്ലാം ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ഇത്രയും എക്സ്പീരിയൻസ്ഡായ,ഏജ്ഡായ ബിന്ദു ചേച്ചിയെ പോലൊരു ആർട്ടിസ്റ്റ് അതിനെയെല്ലാം ക്ഷമയോടെ കൈകാര്യം ചെയ്യുന്നത് ഒരു ആർട്ടിസ്റ്റെന്ന നിലയിൽ ഞങ്ങളെല്ലാം കണ്ടുപഠിക്കേണ്ട കാര്യം തന്നെയാണ്. ഇനിയിപ്പോൾ അഭിനയത്തിന്റെ കാര്യമാണെങ്കിൽ ബിന്ദുചേച്ചിയുടെ ഓരോ നോട്ടവും ഓരോ ഭാവവും പോലും നമ്മൾക്ക് കണ്ടുപിടിക്കാവുന്ന ഒന്നാണ്. ചേച്ചി ചെയ്ത കഥാപാത്രത്തെ പോലൊക്കെ അഭിനയിച്ചു ഫലിപ്പിക്കുക എന്നത് നമുക്കൊക്കെ ബുദ്ധിമുട്ടാണ്. പക്ഷേ ചേച്ചിക്കത് വളരെ എളുപ്പത്തിൽ കഴിഞ്ഞു. ഒരുപക്ഷേ ഈ തൊഴിൽ മേഖലയിൽ അവരുടെ എക്സ്പീരിയൻസതിന് ഗുണകരമായിട്ടുണ്ടാകാം. ഇതുവരെ ഞാൻ ചെയ്തത് കോമഡി ടൈപ്പ് കഥാപാത്രങ്ങളാണ്. ആ കഥാപാത്രങ്ങളൊക്കെ വളരെ കൂളായിരുന്നു. അതിൽ നിന്ന് വ്യത്യസ്തമായി ഒരു നെഗറ്റീവ് കഥാപാത്രം ഞാനാദ്യമായിട്ടാണ് ചെയ്യുന്നത്. അതിന്റെതായ എക്സൈറ്റ്മെന്റ് എനിക്കുണ്ടായിരുന്നു. പക്ഷേ കണ്ടു കഴിഞ്ഞപ്പോൾ എനിക്ക് തോന്നി ഒന്നുകൂടി ശ്രമിച്ചിരുന്നെങ്കിൽ ഇതിലും കൂടുതൽ നന്നായി ചെയ്യാമായിരുന്നുവെന്ന്.

 സംഗീതം, നൃത്തം, അഭിനയം, സംവിധാനം - കലാകുടുംബം

എന്റെ അച്ഛൻ ഉണ്ണിരാജ് സംഗീതജ്ഞനാണ്. അമ്മ രമാദേവി അഭിനയത്രിയാണ്. സഹോദരൻ ബിലഹരി സംവിധായകനാണ്. ചെറുപ്പം മുതൽക്ക് ഞാൻ വിചാരിച്ചിരുന്നത് എന്റെ രക്തത്തിൽ സംഗീതമാണുള്ളതെന്നാണ്. ഏതാണ്ട് പ്ലസ് ടു കാലഘട്ടം വരെയൊക്കെ അത്തരം ചിന്തയിലൂടെ പോയിരുന്നെങ്കിലും പ്ലസ് ടു കഴിഞ്ഞതിനുശേഷം ഉപരിപഠനത്തിനായി ഞാൻ തെരഞ്ഞെടുത്ത വിഷയം നൃത്തമാണ്. കാരണം ആ സമയമായപ്പോഴേക്കും നൃത്തമാണ് എന്റെ വഴിയെന്ന് ഞാൻ തിരിച്ചറിഞ്ഞിരുന്നു. നൃത്തത്തിലാണ് ഞാൻ ഡിഗ്രി ചെയ്തത്. പിന്നെ അമ്മയെ കുറിച്ചു പറയുകയാണെങ്കിൽ എന്നെക്കാൾ കൂടുതൽ സിനിമകൾ ചെയ്തിട്ടുള്ളതും നിലവിൽ ചെയ്തുകൊണ്ടിരിക്കുന്നതും അമ്മയാണ്. കരിയറിൽ അമ്മ എപ്പോഴും തിരക്കിലാണ്. അമ്മയും ഞാനും തണ്ണീർമത്തൻ ദിനങ്ങൾ സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ആ സിനിമയിൽ ഒരുമിച്ചുള്ള രംഗങ്ങളൊന്നും ഞങ്ങൾക്കിടയിലില്ലായിരുന്നു. അതിൽ മാത്യു ചെയ്ത കഥാപാത്രത്തിന്റെ അമ്മയായിട്ടാണ് എന്റെ അമ്മ അഭിനയിക്കുന്നത്. ഒരുമിച്ച് അഭിനയിക്കാനുള്ള രംഗങ്ങൾ ഒന്നുമില്ലെങ്കിലും എന്റെ കൂടെ എന്നും ലൊക്കേഷനിൽ വന്നിരുന്നു. എന്റെ അമ്മയുടെ അമ്മ തിരുവാതിര പഠിപ്പിക്കുന്ന ആളായിരുന്നു. അത്തരത്തിൽ തിരുവാതിരയൊക്കെ അമ്മ ചെയ്യുമായിരുന്നു. അമ്മയുടെ കലാപശ്ചാത്തലം തന്നെ അതാണ്. അതുപോലെതന്നെ ചേട്ടൻ ബിലഹരി അള്ള് രാമേന്ദ്രൻ കുടുക്ക് 2025, മക്ഷിക തുടങ്ങിയ സിനിമകളുടെ സംവിധായകനാണ്. എന്നെയും അമ്മയെയും അഭിനയത്തിലേക്ക് കൊണ്ടുവരുന്നത് തന്നെ ചേട്ടനാണ്. റിയൽ ലൈഫിൽ നമ്മളെ കണ്ടു കണ്ടു നമ്മുടെ ഉള്ളിലെ കഴിവ് തിരിച്ചറിഞ്ഞയാളാണ് ചേട്ടൻ. അങ്ങനെയാണ് പോരാട്ടം എന്ന വർക്കിലൂടെ ചേട്ടൻ അമ്മയെ ആദ്യമായി അഭിനയത്തിലേക്ക് കൊണ്ടുവരുന്നത്.

സഹോദരൻ സംവിധാനം ചെയ്യുന്നു അനിയത്തി നായികയാവുന്നു

എന്നെ ആളുകൾ ആദ്യമായി തിരിച്ചറിയുന്നത് മൂക്കുത്തി എന്ന ഷോർട്ട് ഫിലിമിലൂടെയാണ്. തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ അതിന്റെ സംവിധായകൻ ഗിരീഷ് എ ഡി തന്നെയാണ് മൂക്കുത്തി എന്ന ഷോർട്ട് ഫിലിം സംവിധാനം ചെയ്തത്. പക്ഷേ എന്റെ ആദ്യത്തെ വർക്ക് മൂക്കുത്തിയല്ല. എന്റെ ചേട്ടൻ തന്നെ സംവിധാനം ചെയ്ത ഒരു കണ്ണാടിക്കഥ എന്ന ഷോർട്ട് ഫിലിമിലൂടെയാണ് ഞാനാദ്യമായി അഭിനയത്തിലേക്ക് വരുന്നത്. ഒമ്പതിലെങ്ങാണ്ട് പഠിക്കുമ്പോഴാണ് അതിൽ അഭിനയിച്ചത്. അതും വളരെ യാദൃശ്ചികമായിട്ടാണ് ഞാനാ കഥാപാത്രം ചെയ്യുന്നത്. ആദ്യം തീരുമാനിച്ചിരുന്ന നായികക്ക് പറഞ്ഞ ഡേറ്റിൽ വരാൻ സാധിക്കാത്ത പ്രശ്നമെന്തോ വന്നതുകൊണ്ടാണ് എന്നെയതിലേക്ക് കാസ്റ്റ് ചെയ്തത്. അതും സിനിമ എന്റെ വഴിയാണെന്നുള്ള തിരിച്ചറിവോ അങ്ങനെയൊരു സ്വപ്നമോ ഒന്നും ഇല്ലാത്ത കാലത്താണ് അഭിനയിക്കാൻ വരുന്നത്. സത്യത്തിൽ എനിക്ക് അഭിനയിക്കുമ്പോൾ ഏറ്റവും കൂടുതൽ ടെൻഷനുള്ളത് എന്റെ സഹോദരൻ സംവിധാനം ചെയ്ത വർക്കുകളിൽ അഭിനയിക്കുമ്പോഴാണ്. അത് ഒട്ടും ഈസിയല്ല. ചെറുപ്പം മുതലേ നമ്മളെ നന്നായി അറിയുന്ന ഒരാളായതുകൊണ്ട് ചേട്ടൻ അഭിനയത്തിൽ നല്ല ഔട്ട് കൊണ്ട് വരുവാനായി എന്നെ കൂടുതൽ നിർബന്ധിക്കും. അത് ചേട്ടനാണെന്ന ഫ്രീഡത്തിന്റെ പുറത്ത് കൂടിയുണ്ടാകുന്ന ഒന്നാണ്. പ്രത്യേകിച്ചും ദേഷ്യപ്പെടുകയൊക്കെ ചെയ്താൽ ഇമോഷണലി നമ്മൾ തകർന്നു പോകും. പക്ഷേ മക്ഷികയിലങ്ങനെ ദേഷ്യപ്പെടേണ്ട അവസരമൊന്നും കാര്യമായിട്ട് വന്നിട്ടില്ല. എന്നാലും ഒരു ദിവസത്തെ ഷൂട്ടായതുകൊണ്ട് ചുരുങ്ങിയ സമയത്തിനുള്ളിൽ നമ്മുടെ മാക്സിമം പെർഫോമൻസ് പുറത്തു കൊണ്ടുവരാൻ വേണ്ടി, സമയമില്ല അധികം ടേക്ക് കൊണ്ടുവരരുത് തുടങ്ങിയ കാര്യങ്ങളൊക്കെ മാറ്റിനിർത്തി പറഞ്ഞു തന്നിട്ടുണ്ട്.

മൂക്കുത്തിയിലെ ചേച്ചിയല്ലേ

എന്റെ ചേട്ടന്റെ സുഹൃത്തായിരുന്നു ഗിരീഷ് എ ഡി. മൂക്കുത്തിയിലെ കഥക്കും കഥാപാത്രത്തിനും പറ്റിയ ലുക്കാണ് എനിക്കെന്ന് പറഞ്ഞിട്ടാണ് അവർ എന്നെ വിളിക്കുന്നത്. ആ സമയത്തും ഞാനവരോട് ചോദിച്ചു എനിക്കിത് ചെയ്യാൻ പറ്റുമോ എന്ന്. നിന്നെക്കൊണ്ട് പറ്റും നീ കറക്റ്റ് ആണ്, നീ വന്നു ചെയ്തു നോക്കു എന്നൊക്കെയാണ് അപ്പോൾ എന്നോട് പറഞ്ഞത്. പക്ഷേ ആ വർക്ക് വളരെ ഹിറ്റായി വളരെയധികം വൈറലായി. ആ സമയത്ത് ഷോർട്ട് ഫിലിം എടുക്കുന്ന രീതിയാണെങ്കിലും,ആ വർക്കിനെ ഹാൻഡിൽ ചെയ്യുന്ന രീതിയാണെങ്കിലും അത് മാറിനിന്ന് നോക്കുന്ന ഞങ്ങൾക്കെല്ലാമറിയാമായിരുന്നു. ഗിരീഷേട്ടൻ കാലിബറുള്ള ഒരു മനുഷ്യനാണെന്ന്. ആൾ ഒരു സിനിമ ചെയ്യുമെന്ന് അന്നെ ഞങ്ങൾക്കുറപ്പായിരുന്നു. പിന്നെ അഭിനയത്തിൽ ഗിരീഷേട്ടൻ എപ്പോഴും നമുക്ക് നമ്മുടേതായ സ്പേസ് തന്നിട്ടുണ്ട്. നിനക്ക് എങ്ങനെ ചെയ്താൽ നല്ലതെന്ന് തോന്നുന്നോ അതുപോലെ അഭിനയിച്ചോ എന്നൊക്കെ പറഞ്ഞു നമുക്ക് നമ്മുടെതായ ഒരു ഫ്രീഡം തരും. ഒരു സംവിധായകനെന്ന നിലക്ക് ആൾ ഒരിക്കലും നമുക്കൊരു ടെൻഷൻ തന്നിട്ടില്ല. ആ പരിചയത്തിൽ നിന്നാണ് ഞാൻ പിന്നെ തണ്ണീർമത്തൻ സിനിമയിലെത്തുന്നത്. പക്ഷേ ഇപ്പോഴും ആളുകൾ എന്നെ കാണുമ്പോൾ ചോദിക്കുന്നത് മൂക്കുത്തിയിലെ ചേച്ചിയല്ലേ എന്നാണ്. ഞാൻ സിനിമയിൽ അഭിനയിച്ചെങ്കിൽ കൂടിയും ആളുകൾ എന്നെ തിരിച്ചറിഞ്ഞത് അങ്ങനെയാണ്.

വിനീത് ശ്രീനിവാസനും കോമഡിയും

തണ്ണീർമത്തൻ ദിനങ്ങളിലെന്റെ പെയറായി വന്നത് വിനീത് ശ്രീനിവാസനായിരുന്നു. അതുപോലൊരു സെലിബ്രിറ്റി കൂടെ അഭിനയിക്കുന്നതിന്റെ ടെൻഷനൊക്കെ ഉണ്ടായിരുന്നു. ഊട്ടിയിലൊക്കെ ഷൂട്ടുള്ളപ്പോൾ ഞങ്ങളൊരുമിച്ച് ബസിൽ അടുത്തടുത്തിരുന്നാണ് യാത്ര ചെയ്തത്. വളരെ നോർമലായ വളരെ നന്നായി അടുത്തിടപഴകുന്ന ഒരു മനുഷ്യനാണ് അദ്ദേഹം. സത്യത്തിൽ എല്ലാവരെക്കാളും കൂടുതൽ സിമ്പിളായ മനുഷ്യനാണ് വിനീതേട്ടനെന്ന് അപ്പോഴാണ് മനസിലായത്. പിന്നെ ആ സിനിമയിൽ ഞാൻ ചെയ്ത കഥാപാത്രം വളരെയധികം കോമഡിയായിട്ട് തന്നെയാണ് എനിക്ക് തോന്നുന്നത്. എന്നുവച്ചാൽ ആ കഥാപാത്രത്തെ കുറിച്ച് ചിന്തിക്കുമ്പോൾ തന്നെ കോമഡിയായി തോന്നും. അതിൽ അഭിനയിക്കുമ്പോൾ പോലും എനിക്കറിയില്ലായിരുന്നു ഇത്രയും വലിയ കോമഡിയാണ് ഞാൻ ചെയ്തു വെക്കുന്നതെന്ന്. നഖമൊക്കെ കടിക്കുന്ന സീനൊക്കെ ചെയ്തപ്പോൾ ഇതിന്റെ ഔട്ട് വരാൻ പോകുന്നത് ഇത്രയും കോമഡിയായിട്ടാണ് എന്നൊന്നും എനിക്കറിയില്ലായിരുന്നു. ഞാനൊരു ഫ്ലോയിലങ്ങ് അഭിനയിക്കുകയായിരുന്നു. കഥയും കാര്യങ്ങളും ഒക്കെ നമുക്കറിയാം. പക്ഷേ ഇത് എവിടെ ഏതു രീതിയിൽ പ്ലേസ് ചെയ്യും എന്ന് മാത്രം അറിയില്ലായിരുന്നു. പ്രത്യേകിച്ചും ഞാൻ ചെയ്യുന്ന പലതും വിനീതേട്ടൻ ചെയ്യുന്ന കഥാപാത്രത്തിന് കൊടുക്കുന്ന റിയാക്ഷനാണെന്ന് പോലും കൃത്യമായി ഞാൻ മനസിലാക്കുന്നത് ആ സിനിമയുടെ ഔട്ട് വന്നപ്പോഴാണ്.

 നിർത്തിവെച്ച ഡാൻസ് വീണ്ടും തുടങ്ങുന്നു

മക്ഷിമ ഷോർട്ട് ഫിലിമിൽ ഞാൻ പാടിയിട്ടുണ്ട്. അതിന് മുൻപ് ആൽബങ്ങളിലൊക്കെ പാടിയിട്ടുണ്ട്. പിന്നെ മുമ്പെ പറഞ്ഞതുപോലെ ഡാൻസ് ആണ് എന്റെ മേഖല. ഒരു കുഞ്ഞു ഉണ്ടായതിനു ശേഷം ഡാൻസിൽ കൂടുതൽ ശ്രദ്ധിക്കാനൊന്നും പറ്റിയിട്ടില്ല. അതിനുമുമ്പ് ഒരു സ്കൂളിൽ ഡാൻസ് ടീച്ചറായി വർക്ക് ചെയ്തിരുന്നു. അതുപോലെ വീട്ടിൽ ഡാൻസ് സ്കൂൾ നടത്തിയിരുന്നു. കുഞ്ഞുണ്ടായതിനുശേഷമാണ് തൽക്കാലത്തേക്ക് അതെല്ലാം നിർത്തിവെക്കുന്നത്. അതിനിടയിൽ മിന്നൽ മുരളി സിനിമയിൽ ടൊവിനോയുടെ സഹോദരിയായി അഭിനയിക്കാനുള്ള അവസരം ഒക്കെ വന്നിരുന്നു. പക്ഷേ അതൊന്നും ചെയ്യാൻ പറ്റിയില്ല. ഇനി എന്തായാലും ഇത്തവണത്തെ വിദ്യാരംഭം മുതൽക്ക് ഡാൻസ് വീണ്ടും തുടങ്ങണമെന്നാണ് തീരുമാനം. പിന്നെ സ്റ്റേജ് പെർഫോമൻസ് വളരെ കുറവാണ് ചെയ്യുന്നത്. സിനിമയും മറ്റു വർക്കുകളും ഒക്കെ ഇടയിൽ കയറി വന്നത് കാരണം അതിലേക്ക് കൂടുതൽ ശ്രദ്ധിക്കാൻ പറ്റിയില്ല എന്നതാണ് വാസ്തവം. പിന്നെ മൂന്നാം ക്ലാസ് മുതൽ ഡാൻസ് പഠിച്ചിട്ടുണ്ടെങ്കിലും എന്റെ മേഖല ഡാൻസ് ആണെന്ന് ഞാൻ തിരിച്ചറിയാൻ വളരെ വൈകി. അച്ഛൻ സംഗീതജ്ഞനായതുകൊണ്ട് പാട്ടുപാടുക എന്നത് നിത്യജീവിതത്തിന്റെ ഭാഗമാണ്. പക്ഷേ അതിനോട് വലിയ പാഷനില്ലായിരുന്നു. എങ്കിലും എല്ലാവരും കരുതിയത് എന്റെ മേഖല പാട്ടായിരിക്കുമെന്നാണ്.പക്ഷെ നൃത്തം ആണ് ഞാൻ തെരഞ്ഞെടുത്തത്

നല്ല വർക്കുകൾ ചെയ്യാൻ ആഗ്രഹമുണ്ട്

പുതിയ വർക്കുകൾ ഒന്നും ഇതുവരെ വന്നിട്ടില്ല. നല്ല കഥാപാത്രങ്ങൾ ചെയ്യണമെന്നാണ് ആഗ്രഹം. ചേട്ടൻ സംവിധാനം ചെയ്ത കുടുക്ക് 2025 സിനിമയിൽ ഒരു ഗസ്റ്റ് കഥാപാത്രം ചെയ്തിട്ടുണ്ട്. അതിനുമുൻപ് അജഗജാന്തരം സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.

Tags:    
News Summary - Sree Renjini About Her Movie career

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.