'നീയില്ലാ നേരം ' എന്റെ പ്രിയപ്പെട്ട ഗാനം; പാട്ടും അഭിനയവും ഇഷ്ടം- സൂരജ് എസ്. കുറുപ്പ്- അഭിമുഖം

പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകനും അഭിനേതാവുമായ സൂരജ് എസ്. കുറുപ്പ് അഭിനയിച്ച ഏറ്റവും പുതിയ സിനിമയാണ് സിദ്ധാർഥ് ശിവ സംവിധാനം ചെയ്ത എന്നിവർ. തന്റെ സിനിമ വിശേഷങ്ങളെ കുറിച്ച് സൂരജ് മാധ്യമത്തിനോട് സംസാരിക്കുന്നു.

• ആദ്യമായി ചെയ്യുന്ന ത്രൂഔട്ട് കഥാപാത്രം 'കുഞ്ഞിപ്പാൻ'

ഞാനാദ്യമായി ചെയുന്ന ത്രൂഔട്ട് കഥാപാത്രമാണ് 'എന്നിവർ' സിനിമയിലെ കുഞ്ഞിപ്പാൻ. സിനിമയുടെ ഷൂട്ടെല്ലാം കഴിഞ്ഞ് പടം മൊത്തത്തിൽ കണ്ടപ്പോഴാണ് ഇത്രയും ഗ്രിപ്പിങ്ങായിട്ടുള്ള കഥാപാത്രമാണ് ഞാൻ ചെയ്തതെന്ന് എനിക്ക് പോലും മനസിലാകുന്നത്. അതുപോലെ സിനിമയുടെ ലൊക്കേഷൻ,സിനിമക്കകത്തുള്ള സംഭാഷണങ്ങളുടെ സാധ്യതകൾ തുടങ്ങിയ എല്ലാം തന്നെ വളരെയധികം വ്യത്യാസ്തമായ ഒരനുഭവമായിരുന്നു. സിദ്ധാർഥ് ശിവ സംവിധാനം ചെയ്ത സഖാവ് എന്ന സിനിമയിലാണ് ഞാൻ ആദ്യം അഭിനയിക്കുന്നത്. അദ്ദേഹത്തിന്റെ തന്നെ കൊച്ചൗവ പൗലോ അയ്യപ്പ കോയ്ലോ എന്ന സിനിമയിലെ ഒരു പാട്ട് ചെയ്യാൻ വേണ്ടി എന്നെ വിളിച്ചിരുന്നു. ഞങ്ങളുടെ പരിചയം തുടങ്ങുന്നത് അവിടെ നിന്നാണ്. പിന്നീട് ഞാൻ അഭിനയത്തിലൊക്കെ താല്പര്യമുള്ള, നാടകമൊക്കെ ചെയ്തിരുന്ന ഒരാളെന്ന് സിദ്ധാർഥ് ചേട്ടൻ അറിഞ്ഞപ്പോൾ ഒന്ന് പരീക്ഷിച്ചു നോക്കാമെന്നു കരുതിയാവും സഖാവിൽ അഭിനയിപ്പിച്ചത്. ഏതായാലും ഞങ്ങൾക്കിടയിലെ ദീർഘ നാളത്തെ അടുപ്പം തന്നെയാണ് കുഞ്ഞിപ്പാൻ എന്ന കഥാപാത്രം വരെ എത്തി നിൽക്കുന്നത്.

• മറക്കാനാവാത്ത അട്ടപ്പാടി അനുഭവങ്ങൾ

അട്ടപ്പാടിയിൽ നിന്നും വളരെ ഉള്ളിലായിട്ടാണ് എന്നിവർ സിനിമയുടെ ഷൂട്ട് നടന്നത്. പുറത്തുള്ള ആളുകളുമായി ഇടപഴകാനുള്ള സൗകര്യമൊക്കെ വളരെ കുറവുള്ള ഒരു സ്ഥലമായിരുന്നു അത്. അങ്ങോട്ട് വാഹനങ്ങൾ വരാനൊക്കെ നല്ല ബുദ്ധിമുട്ടാണ്. അതുപോലെ മൂന്ന് ചുറ്റും കാടാണ്. ഏകദേശം 350 ഏക്കർ നെല്ലിത്തോട്ടത്തിനടുത്താണ് സിനിമയിൽ ഞങ്ങൾ താമസിക്കുന്ന ആ വീടുള്ളത്. ആ വീട്ടിനകത്തു തന്നെയായിരുന്നു ഞങ്ങളുടെ താമസവും. ആ സിനിമയിലെ കഥാപാത്രങ്ങൾ ഒളിവിൽ താമസിക്കുന്ന അതേ പ്രതീതി തന്നെയായിരുന്നു ഞങ്ങൾക്കവിടെ താമസിക്കുമ്പോൾ അനുഭവപ്പെട്ടതും. അത്യാവശ്യം വന്യമൃഗങ്ങളുടെ പ്രശ്നമുള്ള സ്ഥലമായത് കൊണ്ട് അക്കാര്യത്തിലും ഞങ്ങളെല്ലാവരും ജാഗരൂകരായിരുന്നു. രാത്രി ഭക്ഷണമെല്ലാം വൈകുന്നേരം അഞ്ചു മണിക്ക് മുൻപായി അവിടെയെത്തിക്കും. അതുകഴിഞ്ഞുള്ള സമയം യാത്രക്കൊട്ടും സെയ്‌ഫല്ലായിരുന്നു. രാത്രിയാണെങ്കിൽ എല്ലാവരും ആ വീടിനകത്തു തന്നെ കിടന്നുറങ്ങും. സുധീഷേട്ടനെല്ലാം അവിടെ തന്നെയായിരുന്നു തങ്ങിയിരുന്നത്. കുറച്ചപ്പുറമുള്ള ഒരു ആദിവാസി ഊര് മാത്രമാണ് തൊട്ടടുത്തുണ്ടായിരുന്ന മനുഷ്യസഹായം.

• സുധീഷും,സർജാനോ ഖാലിദും

നമ്മുടെ കുടുംബത്തിലെയൊക്കെ മുതിർന്നൊരാളെ പോലെ വളരെ കമ്പനിയായിരുന്നു സുധീഷേട്ടൻ. നമ്മളദ്ദേഹത്തിന് എല്ലാവിധ ബഹുമാനങ്ങളും കൊടുത്തു കൂടെ നിൽക്കുന്നുണ്ടെങ്കിൽ പോലും അങ്ങനെയുള്ള ഹയറാർക്കി പ്രശ്നങ്ങളൊന്നുമുള്ള ആളല്ല സുധീഷേട്ടൻ. അതുപോലെ സർജാനുമായുള്ള സൗഹൃദമാണ് സിനിമയിലുടനീളം സംഭവിക്കുന്നത്. സിനിമയിൽ വരുന്നതിന് മുൻപേ ഞങ്ങൾക്ക് തമ്മിലറിയാമായിരുന്നെങ്കിലും വലിയ അടുപ്പമൊന്നുമില്ലായിരുന്നു. ഈ സിനിമയുടെ ഭാഗമായി ഒന്നിച്ചതിൽ പിന്നെ ഞങ്ങൾ തമ്മിൽ നല്ല കൂട്ടായി. അട്ടപ്പാടിയിലെ താമസമെല്ലാം ഒന്നിച്ചായതിൽ പിന്നെ ആ സൗഹൃദത്തിന് ബലം വെച്ചു. മാത്രമല്ല നെറ്റ് സൗകര്യമെല്ലാം വളരെ കുറവായതുകൊണ്ട് സോഷ്യൽ മീഡിയ ഉപയോഗങ്ങളെല്ലാം മാറ്റിവെച്ച് എല്ലാവരും തമ്മിൽ പരസ്പരം നന്നായി ഇൻട്രാക്ട് ചെയ്യുമായിരുന്നു. അത് രണ്ടാളുടെയും അഭിനയത്തെയും കഥാപാത്രത്തെയും കാര്യമായി സ്വാധീനിച്ചിട്ടുണ്ട്.

• കലാപശ്ചാത്തലം നിസ്സാരമല്ല

അഭിനയത്തിന് പുറകിലുള്ള കലാ പശ്ചാത്തലം ചോദിച്ചാൽ സ്കൂൾ കോളജ് നാടകങ്ങളിലെല്ലാം അഭിനയിച്ചുള്ള പരിചയമാണെനിക്കുള്ളത് എന്ന് വേണം പറയാൻ. പക്ഷേ സംഗീതം തന്നെയാണ് എപ്പോഴും മനസ്സിലുള്ളത്. അതുകൊണ്ട് ശ്രദ്ധ മൊത്തം അതിലേക്കായി മാറി. എന്റെ അമ്മ സതീ ദേവി നന്നായി പാടും. അമ്മയായിരുന്നു യൂത്ത് ഫെസ്റ്റിവലിന് പദ്യപാരായണം ലളിതഗാനം തുടങ്ങിയ മത്സരങ്ങൾക്കെല്ലാം പാട്ടുകൾ പഠിപ്പിച്ചു തന്നിരുന്നത്. അതുപോലെ എന്റെ നാടാണെങ്കിലും കലയുമായി അത്യാവശ്യം നല്ല ബന്ധമുള്ള ഒരിടമാണ്. കോട്ടയത്ത് ചമ്പക്കര എന്ന സ്ഥലമാണ് എന്റെ നാട്. തൃക്കൊടിത്താനം സുഭാഷ് വി നായർ ആയിരുന്നു മൃദംഗത്തിൽ എന്റെ ഗുരു. അതൊക്കെയാണ് എന്റെ കലാപശ്ചാത്തലമെന്ന് പറയുന്നത്. ഒരുപാട് കലാകാരന്മാരുള്ള നാടാണെങ്കിലും അവരെല്ലാം ജോലിയുടെ ഭാഗമായി പല മേഖലകളിലാണ് ഇപ്പോൾ ജീവിക്കുന്നത്. ഞാൻ മാത്രമാണ് എന്റെ മുഴുവൻ സമയം കലയ്ക്കായി ഇൻവെസ്റ്റ് ചെയ്തു മുന്നോട്ടുപോകുന്നത്. സത്യം പറഞ്ഞാൽ അത്രയും ആളുകളുമായി ഇൻട്രാക്ട് ചെയ്താണ് ഞാൻ വളർന്നു വരുന്നത് തന്നെ. അതെന്റെ കലാ ജീവിതത്തെ മെച്ചപ്പെടുത്താൻ ഒരുപാട് സഹായിച്ചിട്ടുണ്ട്.

• ചെന്നൈ ജീവിതം സംഗീതത്തിൽ ഉപകരിച്ചു.

കോട്ടയം സി. എം. എസ് കോളജിൽ നിന്നും ബി എ കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് ആൻഡ് ജേർണലിസമാണ് ഞാൻ പഠിച്ചത്. അന്ന് ഷോട്ട് ഫിലിം ഒക്കെ ട്രെൻഡായി വരുന്ന ഒരു സമയമായിരുന്നു. ആ സമയത്ത് ഞാൻ "പുനർജനി" എന്നൊരു കാമ്പസ് ഫിലിം ചെയ്തിരുന്നു. സംവിധാനവും എഡിറ്റിങ്ങുമൊക്കെ ചെയ്തെങ്കിൽ കൂടിയും എഡിറ്റിങ്ങൊന്നും കാര്യമായി അറിയാതെ ചെയ്ത വർക്കാണത്. അതിന് ശേഷം കെ. ബി വേണു സംവിധാനം ചെയ്ത അനന്തപത്മനാഭന്റർ തിരക്കഥയിലുള്ള ഓഗസ്റ്റ് ക്ലബ്ബ് സിൻസ് 1969 എന്ന ചിത്രത്തിൽ സംവിധാന സഹായിയായി പ്രവർത്തിച്ചു. അതിനുശേഷം എം.ബി.എ പഠിക്കാൻ ചേർന്നെങ്കിലും അത് പെട്ടെന്ന് തന്നെ നിർത്തി. അതിൽ പിന്നെയാണ് സ്റ്റീഫൻ ദേവസിയുടെ മ്യൂസിക്ക് ലോഞ്ച് സ്ക്കൂൾ ഓഫ് ഓഡിയോ ടെക്നോളജിയിൽ നിന്നും ഓഡിയോ എഞ്ചിനീയറിംഗ് ആൻഡ് മ്യൂസിക്ക് ടെക്നോളജി പഠിക്കാൻ പോകുന്നത്. ചെന്നൈയിലായിരുന്നു അത്. നമ്മൾ ഒരുപാട് പോളിഷ് ചെയ്തെടുക്കാൻ സഹായിച്ചിരുന്ന സ്ഥലമാണ് ചെന്നൈ. അങ്ങനെയൊക്കെ പോയിക്കൊണ്ടിരിക്കുമ്പോഴാണ് വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന സിനിമയിലൂടെ സിനിമ സംഗീതത്തിലേക്ക് വരുന്നത്.

• ഫേവറേറ്റ് ഗാനം 'നീയില്ല നേരം'

സഖാവ് സിനിമയിൽ ഞാൻ ഗാനരചന നടത്തിയിരുന്നു.അത് പ്രശാന്ത് പിള്ളക്ക് വേണ്ടിയായിരുന്നു. പക്ഷേ എഴുത്ത് അത്ര ഈസിയായി എനിക്ക് തോന്നിയിട്ടില്ല. പിന്നെ എല്ലാം ഒരു ഇഷ്ടത്തിന്റെ പുറത്താണ് ചെയ്യുന്നത്. പശ്ചാത്തല സംഗീതമാണെങ്കിലും പാട്ടാണെങ്കിലും, പല സ്ഥലങ്ങളിലും ചെല്ലുമ്പോൾ ആളുകൾ ഇഷ്ടത്തോടെ എന്നെ ഓർക്കുന്നത് ലൂക്ക സിനിമയിലെ ' നീയില്ല നേരം ' ഗാനത്തിന്റെ പേരിലാണ്. അതുപോലെ എടുത്തുപറയുന്ന ഒരു ട്രാക്കാണ് സോളോ സിനിമയിലെ സീതാകല്യാണം എന്ന ഗാനം. കോളജ് ഫംഗ്ഷനൊക്കെ പോയി കഴിഞ്ഞാൽ 'നീയില്ല നേരം' പാടിച്ചിട്ടെ അവരെന്നെ വിടുകയുള്ളൂ. ആളുകൾക്ക് ആ പാട്ടുമായി കണക്ട് ചെയ്യാൻ പറ്റുന്നുണ്ട്. അതുകൊണ്ടെല്ലാം അതെന്റെ ഫേവറേറ്റ് ഗാനമാണ്.

• വരും പ്രോജക്ടുകൾ

മലയാളത്തിൽ ഒന്ന് രണ്ട് പ്രോജക്ടുകൾ നടന്നുകൊണ്ടിരിക്കുന്നുണ്ട്. അതൊടൊപ്പം ഒരു തെലുങ്കു ഫിലിം ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. പുതിയ കഥാപാത്രങ്ങൾ ചെയ്യാനായി ഞാൻ കഥകൾ കേൾക്കുന്നുണ്ട്. ഒന്നും കമ്മിറ്റ് ചെയ്തിട്ടില്ല.

Tags:    
News Summary - Sooraj. S.Kurup New Movie Ennivar Latest Malayalam interview

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.