ഞാനൊരു സ്പോർട്സ് താരമായിരുന്നു, കേരള ടീമിന് വേണ്ടി മത്സരിച്ചു; സ്മിനു സിജോ -അഭിമുഖം

റോഷൻ ആൻഡ്രൂസ് ചിത്രം സ്‌കൂൾ ബസിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമായ സ്മിനു സിജോ അഭിനയിച്ചു പുറത്തുവന്നിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് റാഹേൽ മകൻ കോര. ടൈറ്റിൽ കഥാപാത്രം അവതരിപ്പിച്ച റാഹേൽ മകൻ കോരയുടെ വിശേഷങ്ങളും മറ്റു വിശേഷങ്ങളും പങ്കുവെക്കുകയാണ് സ്മിനു സിജോ.

 ആദ്യത്തെ ടൈറ്റിൽ കഥാപാത്രവുമായി റാഹേൽ

'റാഹേൽ മകൻ കോര'യിലെ റാഹേൽ എന്ന കഥാപാത്രമാണ് ഞാൻ ചെയ്തിരിക്കുന്നത്. നായകനായ കോരയുടെ അമ്മയാണ് റാഹേൽ. ഞാനാദ്യമായി ചെയ്യുന്ന ടൈറ്റിൽ കഥാപാത്രം കൂടിയാണിത്. അതിന്റെ എല്ലാ ടെൻഷനും എനിക്കുണ്ടായിരുന്നു.പൊതുവിൽ എല്ലാ സിനിമകൾ ചെയ്യുമ്പോഴും എനിക്ക് ടെൻഷനുണ്ട്. പക്ഷേ ഇവിടെയാ ടെൻഷനൽപ്പം കൂടുതലായിരുന്നു.

ഒരു അമ്മ-മകൻ ബന്ധത്തിന്റെ കഥ പറയുന്ന ഈ ചിത്രത്തിൽ അമ്മയുടെ ഇഷ്ടങ്ങൾക്ക് വേണ്ടി മകനും മകന്റെ ഇഷ്ടങ്ങൾക്ക് വേണ്ടി അമ്മയും പരസ്പരം ചേർന്നുനിൽക്കുന്നവരാണ്. ഒരു നടനെയോ നടിയെയോ മുൻനിരയിലേക്ക് കൊണ്ടുവരുന്ന രീതിയിൽ വ്യത്യസ്തമായ കഥാപാത്രങ്ങളവർക്ക് നൽകിയവരിൽ പരീക്ഷണങ്ങൾ നടത്താൻ ഒരു സംവിധായകൻ തയ്യാറാക്കേണ്ടത് ആവശ്യമാണ് . അത്തരത്തിൽ എന്നെ മുൻനിരയിലേക്ക് കൊണ്ടുവരാനായി സംവിധായകൻ ഉബൈനിയിവിടെ റിസ്കെടുത്തപ്പോൾ അതൊരു സക്സസായി മാറണമെന്നുള്ള പ്രാർഥനയായിരുന്നു എനിക്ക്. ഞാൻ മുൻപ് ചെയ്തതെല്ലാം മറ്റു താരങ്ങളുടെ അമ്മ, പെങ്ങൾ തുടങ്ങിയ കഥാപാത്രങ്ങളാണ്. ആ കഥാപാത്രങ്ങളെല്ലാം ചെയ്യുമ്പോഴും ആ സിനിമയുടെ ഉത്തരവാദിത്വം നമ്മളിലേക്ക് കൂടുതലായി വരുന്നില്ല. പക്ഷേ ഇതങ്ങനെയല്ല. റാഹേൽ ടൈറ്റിൽ കഥാപാത്രമാണ്. അതിന്റെ കൂടുതൽ ഉത്തരവാദിത്വവും ടെൻഷനും എനിക്കുണ്ടായിരുന്നു.

ജോ & ജോയിലെ അമ്മ കഥാപാത്രം സ്പെഷ്യലാണ്

ചെയ്ത അമ്മ കഥാപാത്രങ്ങളിൽ കൂടുതൽ സ്പെഷ്യലായിട്ട് തോന്നിയത് ജോ & ജോ സിനിമയിലേതാണ്. ആ സിനിമയിൽ ഞാൻ എന്റെ മക്കളോട് പെരുമാറുന്ന പോലെയാണ് പെരുമാറിയിട്ടുള്ളത്. അതുപോലെ കെട്ട്യോളാണ് എന്റെ മാലാഖ എന്ന സിനിമയിൽ എന്റെ സഹോദരനോട് ഞാൻ റിയൽ ലൈഫിലെങ്ങനെ പെരുമാറുന്നുവോ അതുപോലെയാണ് പെരുമാറിയിട്ടുള്ളത്. ഒരുവിധം കഥാപാത്രങ്ങളെല്ലാം ഞാൻ അങ്ങനെ തന്നെയാണ് ഹാൻഡിൽ തയ്യാറുള്ളത്. എന്നാൽ ആ കഥാപാത്രമൊന്നും പൂർണമായും റിയൽ ലൈഫിലെ സ്മിനു എന്ന വ്യക്തിയായി മാറിയിട്ടില്ല. പക്ഷേ ചെയ്യുന്ന എല്ലാ സിനിമകളിലും എന്റെ എന്തെങ്കിലുമൊക്കെ ഒരു ഷെയ്ഡ് വരുന്നുണ്ട്.പിന്നെ ജോ & ജോ എനിക്കൊരു സ്പെഷലാണെന്ന് ഞാൻ പറഞ്ഞല്ലോ.അതെനിക്ക് കൂടുതൽ കണക്ട് ചെയ്യാൻ പറ്റുന്ന സിനിമയാണ്. ഞാൻ പണ്ടൊരു സ്പോർട്സുകാരിയായിരുന്നു. പെട്ടെന്നാണ് അതിൽ നിന്നെല്ലാം മാറി ഒരു കുടുംബ ജീവിതത്തിലേക്ക് കടന്നത്. ഇത്രയൊക്കെ പരിശ്രമിച്ചിട്ടും ഒന്നും ആവാൻ പറ്റിയില്ലല്ലോ എന്നുള്ള നിരാശയൊക്കെ അന്നെനിക്ക് ഉണ്ടായിരുന്നു. പക്ഷേ ആ കാര്യത്തിൽ വലിയ സന്തോഷം ലഭിച്ചത് ഞാനൊരു നടിയായതിൽ പിന്നെ എന്നെക്കുറിച്ച് വന്ന ഒരു വാർത്തയാണ്. ഞാനൊരു സ്പോർട്സ് താരമായിരുന്നു എന്ന ആ വാർത്ത കണ്ടപ്പോഴാണ് വലിയ സമാധാനം തോന്നിയത്. എന്നെയൊരു സ്പോർട്സുകാരിയായി ആരെങ്കിലുമൊക്കെ അംഗീകരിച്ചല്ലോ എന്നുള്ള സന്തോഷമായിരുന്നു എനിക്കപ്പോൾ. കാരണം അടുക്കളയിൽ കഞ്ഞിയും പയറും വെച്ച് കുട്ടികളെ നോക്കിയിരിക്കുന്ന ഞാൻ കേരള ടീമിനുവേണ്ടി മത്സരിച്ചു എന്നൊക്കെ പറയുമ്പോൾ കേൾക്കുന്നവർക്ക് വിശ്വസിക്കാനല്പം ബുദ്ധിമുട്ടുണ്ടായിരുന്നു. ആ വാർത്ത വന്നതോടെ ആ ബുദ്ധിമുട്ട് ഇല്ലാതായി

കായികരംഗത്തെ നേട്ടങ്ങൾ നിസ്സാരമല്ല

ഇന്നത്തെ തലമുറയിലെ കുട്ടികളെ കാണുമ്പോഴെനിക്ക് വലിയ സന്തോഷം തോന്നാറുണ്ട്.അവർക്കെല്ലാം അവസരങ്ങൾ കൂടുതലാണ്. ഹാൻഡ് ബാളെല്ലാം കളിക്കാൻ പോയിട്ട് വിജയവുമായി തിരിച്ചു വരുന്ന പെൺകുട്ടികളുടെ ഫ്ലക്സ് നാട്ടിലെ റോഡ് സൈഡിലെല്ലാം കാണുമ്പോൾ ഞാനെന്റെ സ്കൂളിനെ ഓർക്കാറുണ്ട്. കാരണം സ്‌പോർട്സിനൊക്കെ ഷോട്ട്സ് ധരിച്ചു പോകുന്ന പെൺകുട്ടികളെ കാണുമ്പോൾ അന്നത്തെ സ്കൂളിലെ കന്യാസ്ത്രീകൾക്കൊക്കെ ബുദ്ധിമുട്ടായിരുന്നു. അത് ഈ കാലഘട്ടത്തിലാണെങ്കിലും വലിയ മാറ്റമൊന്നുമില്ല. പക്ഷേ അതിനെ മറികടക്കാൻ കുട്ടികൾ ശ്രമിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിലൊക്കെ നമ്മൾ ചിരിച്ചുകൊണ്ട് സംസാരിക്കുന്നതിന് താഴെ വരുന്ന കമന്റുകൾ വായിക്കുമ്പോൾ തന്നെ ആളുകൾക്ക് അതൊക്കെ അംഗീകരിക്കാൻ മടിയാണെന്ന് മനസ്സിലാകാറുണ്ട് . മനുഷ്യൻ എന്ന നിലയിലാണ് ഞാനെല്ലാവരോടും സംസാരിക്കുന്നത്. അവിടെ ആൺ-പെൺ വ്യത്യാസമൊന്നുമില്ല. പക്ഷേ അത്തരത്തിൽ സംസാരിക്കുന്നത് ആളുകൾക്ക് ഉൾക്കൊള്ളാൻ ബുദ്ധിമുട്ടായാൽ എന്ത് ചെയ്യും. ഇന്ന് പോലും അതിനൊന്നും മാറ്റമില്ലെങ്കിൽ അന്നത്തെ കാലത്ത് സ്പോർട്സിന്റെ കാര്യത്തിലൊക്കെ ഉള്ള ആളുകളുടെ മനോഭാവം ഊഹിക്കാമല്ലോ. പക്ഷെ എന്തൊക്കെ പറഞ്ഞാലും സ്‌പോർട്സിലൊക്കെ പോകുന്ന കാലത്തു എന്റെ വീടിനകത്ത് നിന്ന് കിട്ടിയിരുന്ന സപ്പോർട്ട് വലുതായിരുന്നു. എന്റെ പപ്പയ്ക്ക് ഞങ്ങൾ മക്കൾ എന്തെങ്കിലുമൊക്കെ ആകണമെന്ന നല്ല ആഗ്രഹം ഉണ്ടായിരുന്നു. ഞാൻ സംസ്ഥാന ജൂനിയർ ഹാൻഡ് ബാൾ ടീമിലംഗമായിരുന്നു. ഷോട്ട്പുട്ട്, ജാവലിൻ ത്രോ എന്നീ മത്സരങ്ങളിലും പങ്കെടുത്തു. ജമ്മു & കാശ്മീർ, പഞ്ചാബ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ വച്ച് നടന്ന അന്തർ സംസ്ഥാന കായിക മീറ്റിൽ സ്കൂൾ ടീമിനെ പ്രതിനിധീകരിച്ചു. അതുപോലെതന്നെ നാഷണലിൽ രണ്ട് വെങ്കലം കിട്ടിയിട്ടുണ്ട്. പഠിക്കുന്ന കാലത്ത് സ്പോർട്ട്സിൽ 60 മാർക്ക് ലഭിച്ചിട്ടുണ്ട്. അതൊക്കെ തന്നെയാണ് വലിയ നേട്ടങ്ങൾ.

സിനിമയിലെത്തിയത് യാദൃശ്ചികമായി

വളരെ യാദൃശ്ചികമായി സിനിമയിൽ വന്നയാളാണ് ഞാൻ. എന്റെ ഒരു സുഹൃത്ത് വഴിയും പിന്നെ ശ്രീനിവാസൻ ചേട്ടൻ വഴിയുമാണ് ഞാൻ സിനിമയിലെത്തുന്നത്. പക്ഷെ എല്ലാത്തിനുമുള്ള ഒരേയൊരു കാരണം എന്റെ അങ്കിൾ ജോമോൻ ചാച്ചൻ തന്നെയാണ്. അങ്കിൾ ഇല്ലായിരുന്നെങ്കിൽ ഞാനൊരിക്കലും സിനിമയിലെത്തുമായിരുന്നില്ല. ആദ്യ സിനിമയിൽ വരുമ്പോൾ എനിക്ക് അഭിനയത്തെക്കുറിച്ച് ഒന്നുമറിയില്ലായിരുന്നു. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത സ്കൂൾ ബസ് ആയിരുന്നു ആദ്യ സിനിമ. ആ ലൊക്കേഷനിലേക്ക് പോകുമ്പോൾ ആകെ കൈമുതലായുണ്ടായിരുന്നത് ശ്രീനിവാസൻ ചേട്ടനെ എനിക്ക് നേരത്തെ അറിയാമെന്നുള്ള ധൈര്യമായിരുന്നു. പണ്ടത്തെ റിയാലിറ്റി ഷോ 'വെറുതെയല്ല ഭാര്യ' ഇറങ്ങിയ സമയത്ത് എന്റെ കൂട്ടുകാരി ബീന എന്റെ പുറകെ നടന്ന് പറയുമായിരുന്നു അതിൽ പങ്കെടുക്കാൻ. അവളിങ്ങനെ അതും പറഞ്ഞു പുറകെ നടക്കുമ്പോൾ ഞാനവളെ വഴക്കൊക്കെ പറയുമായിരുന്നു. അത്തരത്തിൽ അഭിനയിക്കാനായി എന്നെ ബൂസ്റ്റ് ചെയ്ത ആദ്യത്തെയാൾ ബീനയാണ്. അതുപോലെ സിനിമയിലേക്ക് എത്താനായി കൂടെ നിന്നത് ഷാന്റി എന്ന സുഹൃത്താണ്. നല്ലൊരു അവസരം എനിക്ക് വെച്ച് നീട്ടിയത് ശ്രീനിവാസൻ ചേട്ടനാണ്. അഭിനയിക്കാനായി അവസരം തരുന്ന ആദ്യത്തെ സംവിധായകൻ റോഷൻ ആൻഡ്രൂസാണ്. ഏതായാലും ആദ്യ സിനിമ ഇറങ്ങിയപ്പോൾ എനിക്ക് കിട്ടിയ കോംപ്ലിമെന്റ് പെടലി അങ്ങോട്ടുമിങ്ങോട്ടും തിരിക്കുന്നതിനുള്ള അവാർഡ് എനിക്ക് കിട്ടുമെന്നായിരുന്നു. കാരണം സ്കൂൾ ബസ് സിനിമയിലങ്ങനെ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലായിരുന്നു. പിന്നെ കെട്ട്യോളാണ് എന്റെ മാലാഖ സിനിമ കഴിഞ്ഞതിനുശേഷം ബിബിൻ ജോർജ്ജാണ് എന്നെ ഫോൺ വിളിച്ച് ഏറ്റവുമാദ്യം അഭിപ്രായം പറയുന്നയാൾ. പ്രൊഡക്ഷൻ കൺട്രോൾ ബാദുക്കയുടെ കൈയിൽ നിന്ന് നമ്പർ വാങ്ങിച്ചാണ് ബിബിൻ എന്നെ വിളിച്ചത്. ഞാനെന്ന വ്യക്തിക്ക് ഒരു ഫോൺ വഴി ലഭിക്കുന്ന ഏറ്റവും ആദ്യത്തെ കോംപ്ലിമെന്റ് ബിപിനിൽ നിന്നാണ്. ഞാൻ പ്രകാശൻ സിനിമ കണ്ട സമയത്ത് സത്യൻ സാറും സത്യൻ സാറിന്റെ മകളുമെല്ലാം നേരിട്ടഭിപ്രായം പറഞ്ഞിട്ടുണ്ട്. അതൊക്കെ വലിയ അനുഭവമാണ്

 ആസിഫ് അലിയെ ഇപ്പോഴും വിളിക്കുന്നത് കുട്ടായി

കെട്ട്യോളാണ് മാലാഖ എന്ന സിനിമയിലെ ആ കഥാപാത്രത്തെ ഞാനെന്ന വ്യക്തിയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുകയാണ് ഞാനവിടെ ചെയ്തത്. ഞങ്ങൾ മൂന്നു പെൺമക്കളും ഒരു ആണുമാണ് ആ സിനിമയിലുള്ള കുടുംബം. അതിൽ മൂത്ത കഥാപാത്രമായി ഞാൻ വരുമ്പോൾ അത് റിയൽ ലൈഫിലെ ഞാൻ തന്നെയാണെന്നാണ് എനിക്ക് തോന്നിയത്. പിന്നെ അതിൽ അനിയനായി അഭിനയിച്ച ആസിഫ് അലി എനിക്ക് പ്രിയപ്പെട്ട ആളാണ്. ആസിഫിനെ ഞാനിപ്പോഴും വിളിക്കുന്നത് കുട്ടായി എന്നാണ്. എനിക്ക് ആരോടും അവസരം ചോദിച്ചു പോകേണ്ട സാഹചര്യം ഉണ്ടായിട്ടില്ല. അതെനിക്ക് ലഭിച്ച ഒരു ഭാഗ്യമാണ്. ഞാൻ വിചാരിച്ചത് പോലെ സ്പോർട്സിൽ എത്താൻ കഴിഞ്ഞില്ലെങ്കിലും വിവാഹശേഷം എന്റെ ലോകം കുഞ്ഞുങ്ങളൊക്കെയാണെന്ന് മനസ്സിലാക്കി ജീവിച്ചു പോവുകയായിരുന്നു ഞാൻ. പിന്നെ അഭിനയിക്കാനുള്ള ഒരു സാഹചര്യം വന്നപ്പോൾ എന്റെ ഭർത്താവും മക്കളും കട്ടക്ക് കൂടെ നിന്നു വന്നതുകൊണ്ടാണ് ഇത്രയും അവസരങ്ങൾ ലഭിച്ചത്.

ശ്രീനിവാസനുമായുള്ള ബന്ധം വിലപ്പെട്ടത്.

എന്റെ അങ്കിൾ ജോമോൻ ചേട്ടന്റെ ഫ്രണ്ടാണ് ശ്രീനിവാസൻ ചേട്ടൻ.അങ്ങനെയാണ് ശ്രീനി ചേട്ടനുമായുള്ള പരിചയം വരുന്നത്. അതുവഴി സ്കൂൾ ബസ് സിനിമയിലെത്തി. പിന്നീട് ഞാൻ പ്രകാശൻ എന്ന സിനിമയിൽ ശ്രീനി ചേട്ടന്റെ ഭാര്യയായും എനിക്കഭിനയിക്കാൻ പറ്റി. അതൊക്ക ഒരു നിമിത്തം പോലെ സംഭവിച്ചതാണ്. ഉർവശി ചേച്ചി പാർവതി ചേച്ചി പോലുള്ള നടിമാർക്കൊപ്പമെല്ലാം അഭിനയിച്ചു പയറ്റിയ ശ്രീനി ചേട്ടനെപ്പോലൊരാളുടെ കൂടെ അഭിനയിക്കുന്നത് എന്നത് വലിയൊരു ഭാഗ്യമല്ലേ. അതും അദ്ദേഹത്തിന്റെ ഭാര്യ കഥാപാത്രമായി. ഏതായാലും കിട്ടിയ അവസരം മോശമാകാതിരിക്കാനായി ഞാൻ ശ്രമിച്ചിട്ടുണ്ട്. ആ സിനിമയിൽ അഭിനയിക്കുമ്പോൾ പോലും സത്യൻ സാറും ശ്രീനി ചേട്ടനുമെല്ലാം എന്നോട് പറഞ്ഞത് പറ്റുന്നതുപോലെ അഭിനയിക്കുക ബാക്കി നമുക്ക് പിന്നെ നോക്കാമെന്നാണ്. ആ ഒരു സ്വാതന്ത്ര്യം എനിക്ക് ലഭിച്ചിട്ടുണ്ട്. അതിപ്പോൾ ഞാൻ ചെയ്ത എല്ലാ സിനിമകളിലും ആ സ്വാതന്ത്ര്യം ലഭിച്ചിട്ടുണ്ട്. എന്റെ ധൈര്യത്തിൽ കഥാപാത്രത്തെ മോൾഡ് ചെയ്തെടുക്കാൻ എല്ലാ സിനിമകളിലും എനിക്ക് സാധിച്ചിട്ടുണ്ട്. പക്ഷേ ഇന്നതുപോലെയെ ചെയ്യാവൂ എന്ന ഡിമാൻഡ് വെച്ച സിനിമ ഭ്രമം ആണ്. അതൊരു റീമേക്ക് സിനിമയായതുകൊണ്ടാണ് അങ്ങനെ ഡിമാൻഡ് വെച്ചത്.

 വിവാദങ്ങൾ വിഷമിപ്പിച്ചു

ഞാനെന്റെ മോളെ കണ്ടാൽ പണി എടുപ്പിച്ചിരിക്കും എന്നുള്ള സ്റ്റേറ്റ്മെന്റ് നടത്തിയത് വലിയ വിവാദമായിരുന്നു. അതെന്നെ ഏറെ വേദിപ്പിച്ചിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം, എന്റെ മക്കൾക്ക് പണം കൊടുത്ത് വിദ്യ നേടി കൊടുക്കാൻ എനിക്കാകും. അത് പണം കൊടുത്ത് നേടി കൊടുക്കുന്നതാണ്. പക്ഷേ, എന്റെ കൈയിൽ നിന്ന് എനിക്ക് നൽകാൻ സാധിക്കുക അടുക്കും ചിട്ടയുമുള്ള ഒരു ജീവിതമാണ്. അതുമല്ലെങ്കിൽ മറ്റുള്ളവരോട് എങ്ങനെ പെരുമാറണം തുടങ്ങിയ അടിസ്ഥാന കാര്യങ്ങളെല്ലാം എനിക്കവരെ പഠിപ്പിക്കാൻ പറ്റും. കാരണം ഒരു കുട്ടി പിഴച്ചു പോയാൽ എല്ലാവരും കുറ്റപ്പെടുത്തുക അവരുടെ അമ്മയെയായിരിക്കും. വളർത്തുദോഷമെന്നേ എല്ലാവരുമതിനെ പറയൂ. അതുകൊണ്ടുതന്നെ പാരമ്പര്യമായി കൈമാറാൻ പറ്റുന്ന മൂല്യങ്ങൾ ഞാനവർക്ക് പകർന്നുകൊടുക്കും. എന്റെ കുഞ്ഞിനെ നല്ലൊരു കുടുംബിനിയാക്കുക എന്നത് എന്റെ കൂടെ ആവശ്യമാണ്. സ്ത്രീ സമത്വം പറഞ്ഞാലും, സ്ത്രീ പുരുഷന്റെ അടിമയല്ല എന്നൊക്കെ പറഞ്ഞാലും നെഞ്ചിലെ പാലൂറ്റി കൊടുക്കുന്ന കുഞ്ഞുങ്ങളോട് അമ്മമാർക്ക് ഒരു ഉത്തരവാദിത്തമുണ്ട്. ഞാനൊരു അമ്മയായതുകൊണ്ട് അതിനെക്കുറിച്ച് എനിക്കറിയാം. എന്റെ കുഞ്ഞിനെ അടുക്കള പണി പഠിപ്പിക്കുന്നു എന്ന് പറഞ്ഞതിന് എല്ലാവരും എന്നെ ക്രൂശിച്ചു. അതിനെന്താണ് തെറ്റ്. അവളെ ഞാൻ പഠിപ്പിക്കുന്നത് നല്ല കാര്യങ്ങൾ മാത്രമല്ലെ. ഇത്തരം വിവാദങ്ങളൊക്കെ വ്യക്തിപരമായി വിഷമിപ്പിക്കുന്നുണ്ട്.

പുതിയ പ്രൊജക്റ്റുകൾ

അടുത്തതായി ഇനി റിലീസാവാൻ നിൽക്കുന്നത് മഹാറാണി എന്ന സിനിമയാണ്.വിവേകാനന്ദൻ വൈറലാണ് സിനിമയുടെ ഷൂട്ട് കഴിഞ്ഞു.വാഴ, ഇടിയൻ ചന്തു എന്നീ രണ്ട് സിനിമകളുടെ ഷൂട്ട് നടക്കുന്നുണ്ട് .

Tags:    
News Summary - Sminu Sijo Opens Up About His Sports And Movie Journey- latest interview

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.