കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നത് രണ്ട് ഘടകങ്ങളിലൂടെ - ശാന്തി ബാലചന്ദ്രൻ

ടൊവിനോ തോമസ് നായകനായി 2017-ൽ പുറത്തിറങ്ങിയ തരംഗം എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ശാന്തി ബാലചന്ദ്രൻ ഇപ്പോൾ കോളിവുഡും കഴിഞ്ഞ് ബോളിവുഡിൽ എത്തിയിരിക്കുകയാണ്. തന്റെ സിനിമ വിശേഷങ്ങൾ ശാന്തി ബാലചന്ദ്രൻ മാധ്യമവുമായി പങ്കുവെക്കുന്നു.

• വ്യത്യസ്ത തലമുറയിലുള്ള മൂന്ന് സ്ത്രീകളുടെ റോഡ് ട്രിപ്പുമായി സ്വീറ്റ് കാരം കോഫി

എട്ട് എപ്പിസോഡുകളുള്ള തമിഴ് വെബ്സീരീസ് സ്വീറ്റ് കാരം കോഫി ആമസോൺ പ്രൈമിലാണ് റിലീസ് ചെയ്തിരിക്കുന്നത്. 2021 സെപ്റ്റംബറിൽ കോവിഡ് സമയത്താണ് ഈ വെബ്സീരീസ് ഷൂട്ട് ചെയ്തു തുടങ്ങിയത്. 60 ദിവസത്തെ ഷൂട്ടായിരുന്നു പ്ലാൻ ചെയ്തിരുന്നതെങ്കിലും കോവിഡ് കാരണം പലപ്പോഴും ഷൂട്ട് നിർത്തി വെക്കേണ്ടി വരികയും വീണ്ടും തുടരേണ്ടി വരികയും വീണ്ടും നിർത്തിവക്കേണ്ടി വരികയും ചെയ്യുന്ന ഒരു സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. പിന്നെ ആമസോണിന്റെ സീരീസായതു കാരണം അവർക്കവിടെ വളരെ കൃത്യമായ കോവിഡ് പ്രോട്ടോകോളുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ആദ്യത്തെ പ്ലാൻ അനുസരിച്ചുള്ള ഷൂട്ടല്ല നടന്നത്. പിന്നെ ഒത്തിരി എക്സ്പീരിയൻസ്ഡായിട്ടുള്ള ആർട്ടിസ്റ്റുകളും ടെക്നിക്കൽ ക്രൂവുമായിരുന്നു ആ വർക്കിൽ എനിക്കൊപ്പമുണ്ടായിരുന്നത്. ലക്ഷ്മി മാം, മധു മാം തുടങ്ങിയ സീനിയർ ആർട്ടിസ്റ്റുകൾക്കൊപ്പം അഭിനയിക്കുക എന്നുള്ളത് പോലും എന്നെ സംബന്ധിച്ചിടത്തോളം നല്ലൊരു അവസരമായിരുന്നു.

അനുഭവവും. അൻപത് വർഷത്തിലേറെയായി ലക്ഷ്മി മാം എല്ലാം ഇൻഡസ്ട്രിയിൽ നിൽക്കാൻ തുടങ്ങിയിട്ട്. പക്ഷെ ഇപ്പോഴും അവർക്ക് സിനിമയോടുള്ള അഭിനിവേശവും ഉത്സാഹവും കണ്ട് ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്. ലക്ഷ്മി മാം ആയാലും മധു മാം ആയാലും ഒരു പുതിയ ആളായിട്ടല്ല എന്നെ പരിഗണിച്ചിരിക്കുന്നത്. അവരുടെ കുടുംബത്തിലെ ഒരംഗമായിട്ടാണ്. അതുകൊണ്ടുതന്നെ സ്ക്രീനിൽ കാണുന്നവർക്കും ഞങ്ങളെ മൂന്നുപേരെയും ഒരു കുടുംബമായിട്ട് തന്നെ ഉൾകൊള്ളാൻ സാധിക്കുന്നുണ്ട്. രണ്ട് തലമുറയിലുള്ള അഭിനേതാക്കളാണല്ലോ മധു മാം ലക്ഷ്മി മാം എന്നിവർ. ഞാനാണെങ്കിൽ മറ്റൊരു തലമുറയിലും. വ്യത്യസ്ത തലമുറകളിൽ പെട്ട മൂന്ന് സ്ത്രീകളുടെ കഥയാണ് ഈ വെബ്സീരീസ് പറയുന്നത്. പക്ഷേ രസമെന്താണെന്ന് വെച്ചാൽ , ഇവിടെ ഞങ്ങൾ മൂന്നു പേരെയും സംബന്ധിച്ചിടത്തോളം ഒരു വെബ് സീരീസ് എന്ന് പറയുന്നത് തന്നെ പുതിയൊരനുഭവം തന്നെയാണ്. അതുകൊണ്ടുതന്നെ സിനിമയിൽ നിന്നും മറ്റൊരു ഫോർമാറ്റിലേക്ക് വരുന്ന ഇത്തരമൊരു മാറ്റത്തെപ്പറ്റിയും, അതിന്റെ വശങ്ങളെ കുറിച്ചുമെല്ലാം ഞങ്ങൾ മൂന്നുപേരും തമ്മിൽ തമ്മിൽ സംസാരിക്കുമായിരുന്നു.

• നിവേദിതയും ശാന്തിയും

സ്വീറ്റ് കാരം കോഫി എന്ന വെബ്സീരീസിലെ നിവേദിത എന്ന കഥാപാത്രവും ഞാനെന്ന വ്യക്തിയും തമ്മിൽ ചില സാമ്യവും അതുപോലെതന്നെ ഒത്തിരി വ്യത്യാസങ്ങളുമുണ്ട്. ഉദാഹരണത്തിന് നിവേദിതയെ പോലെ ഞാനും ഒത്തിരി സെൻസിറ്റീവാണ്. പ്രത്യേകിച്ചും അല്പം ഉൾവലിഞ്ഞ പ്രകൃതമുള്ള ഒരാളാണ് ഞാൻ. ഇമോഷണലാണ് സെൻസിറ്റീവാണ്, ഉൾവലിയൽ പ്രകൃതമുണ്ട് തുടങ്ങിയ കാര്യങ്ങൾകൊണ്ട് തന്നെ എനിക്ക് നിവേദിതയുമായിട്ട് കൂടുതൽ കണക്ട് ചെയ്യാൻ സാധിക്കും. എന്നാൽ നിവേദിതയെ പോലെ ഇൻസെക്യൂരിറ്റിസ് അനുഭവിക്കുന്ന ആളല്ല ഞാൻ.അക്കാര്യത്തിൽ ഞാൻ കുറെ കൂടി കോൺഫിഡന്റാണ്. അതുപോലെ നിവേദിത സ്പോർട്സിനെയാണ് കൂടുതലായി സമീപിക്കുന്നതെങ്കിൽ എന്റെ ജീവിതത്തിൽ ഞാൻ കലയെയാണ് ഫോക്കസ് ചെയ്തിട്ടുള്ളത്. അതുകൊണ്ട് നിവേദിത ഫോക്കസ് ചെയ്യുന്ന ക്രിക്കറ്റ് എന്നതെല്ലാം എനിക്കൊരു പുതിയ അനുഭവമായിരുന്നു. പിന്നെ ചെയ്യുന്ന വേഷങ്ങളെല്ലാം ഓരോ സിനിമയനുസരിച്ചിരിക്കും. ഉദാഹരണത്തിന് നിവി എന്ന കഥാപാത്രം ഒരു അർബൻ കഥാപാത്രമാണ്, അപ്പർ മിഡിൽ ക്ലാസ് ഫാമിലിയിലുള്ളവളാണ്. ഗുൽമോഹറിൽ ഞാൻ ചെയ്തിരിക്കുന്നത് ഒരു വർക്കിങ് ക്ലാസ് കഥാപാത്രമാണ്. ലഭിക്കുന്ന കഥാപാത്രങ്ങൾ ഓരോ കഥയെ ആശ്രയിച്ചിരിക്കുന്നതാണ്.

•'ഗുൽമോഹർ' വഴി ബോളിവുഡിലും

ഒരു ഓഡിഷൻ കോൾ വഴിയാണ് വർക്കിലെന്നെ അപ്രോച്ച് ചെയ്തത്. അതും കോവിഡ്സമയത്തായിരുന്നു. അവർ പറഞ്ഞതുപോലെ ഓഡിഷന്റെ ഒന്ന് രണ്ട് സീൻസ് ഷൂട്ട് ചെയ്ത് അയച്ചുകൊടുക്കുന്നതൊക്കെ ആ കോവിഡ് സമയത്ത് വീട്ടിലിരുന്നാണ് . അയച്ചുകൊടുത്ത സീൻസെല്ലാം കണ്ട് പെർഫോമൻസ് ഇഷ്ടപ്പെട്ടിട്ടാണ് അവർ അതിലേക്കെന്നെ സെലക്ട് ചെയ്യുന്നത്. ആദ്യത്തെ ബോളിവുഡ് സിനിമ എന്ന നിലക്ക് ഗുൽമോഹറിലൂടെ ഷർമിള ടാഗോർ, സിമ്രാൻ, അമോൽ പലേക്കർ, മനോജ് ബാജ്‌പേയ്, സൂരജ് ശർമ തുടങ്ങിയവർക്കൊപ്പം അഭിനയിക്കാൻ പറ്റി എന്നുള്ളതെനിക്ക് കിട്ടിയ ഒരു വലിയ അവസരം തന്നെയാണ്.

ഒരു കുടുംബ കഥയായതുകൊണ്ട് തന്നെ അതിലഭിനയിക്കുന്ന എല്ലാവരും തമ്മിൽ പരിചയപ്പെടണം ,എല്ലാവർക്കും പരസ്പരം ഒരു കംഫർട്ട്സോൺ വേണം തുടങ്ങിയ നിർബന്ധം സംവിധായാകനായ രാഹുൽ ചിത്തലക്ക് ഉണ്ടായിരുന്നു. അതിനുവേണ്ടി ,സിനിമ തുടങ്ങും മുൻപേ തന്നെ അതുമായി ബന്ധപ്പെട്ട വർഷോപ്പും മറ്റും സൂം വഴിയവർ നടത്തുകയും ചെയ്തിരുന്നു. അതുപോലെ ഷൂട്ട് നടക്കുന്നതിനു തൊട്ട് മുൻപ് മനോജ് വാജ്പേയി സർ ചെറിയൊരു വർക്ക്ഷോപ്പ് നടത്തിയിരുന്നു. മാത്രമല്ല ഷൂട്ട് തുടങ്ങിയതിൽ പിന്നെ ഞങ്ങളുടെയെല്ലാം താമസവും ഒരേ ഹോട്ടലിലായതോടെ ഷൂട്ട് നടക്കുമ്പോൾ മാത്രമല്ല അല്ലാത്തപ്പോഴും ഞങ്ങൾക്കിടയിൽ കൃത്യമായ ഒരു അടുപ്പം നിർത്താൻ സാധിച്ചു.

• നാടകം, പിന്നെ സിനിമയും

ഒരു ഓഡിഷൻ പോസ്റ്റ് കണ്ടിട്ട് അതുവഴിയാണ് ഞാനാദ്യമായി നാടകത്തിലേക്ക് വരുന്നത്. കൊച്ചിയിൽ വെച്ച് 2017ലാണ് അത് സംഭവിക്കുന്നത്. ചെറുപ്പം മുതലേ നാടകം പോലുള്ള ഇത്തരം കാര്യങ്ങളിലെല്ലാം എനിക്ക് താൽപര്യമുണ്ടായിരുന്നെങ്കിലും പഠിത്തത്തിലായിരുന്നു ഞാൻ കൂടുതലായും ശ്രദ്ധ പുലർത്തിയിരുന്നത്. പക്ഷേ പിന്നീട് ആദ്യത്തെ നാടകം ചെയ്തു കഴിഞ്ഞപ്പോഴാണ് ഞാൻ മനസിലാക്കുന്നത് എന്റെ ഉള്ളിൽ നാടകത്തിനോടും അഭിനയത്തിനോടുമെല്ലാം ഒരു വലിയ ഇഷ്ടമുണ്ടെന്ന്. അതുപോലെ ക്രിയേറ്റീവായിട്ടുള്ള ആളുകൾക്കൊപ്പം പ്രവർത്തിക്കുമ്പോൾ നമുക്ക് കുറേ കാര്യങ്ങൾ പഠിക്കാൻ പറ്റുമെന്നും , അതെനിക്ക് പ്രത്യേക എനർജി പ്രോസസ്സാണെന്നും ഞാൻ മനസ്സിലാക്കി. അതിലൂടെയെനിക്ക് കൂടുതൽ സന്തോഷം കിട്ടിയപ്പോൾ ഞാനത് സീരിയസ്സായി എടുത്തു.

അതിനൊപ്പം സിനിമയിലേക്കുള്ള അവസരം കൂടി വന്നപ്പോൾ ഞാനതിലേക്കും ഫോക്കസ് ചെയ്തു. എന്റെ നാടകത്തിന്റെ ട്രെയിലറും മറ്റും കണ്ടിട്ട് കാസ്റ്റിംഗ് ഡയറക്ടറാണ് അരുൺ ഡൊമിനിക്കിന്റെ തരംഗത്തിന്റെ ഓഡിഷനിലേക്ക് എന്നെ വിളിക്കുന്നത്. അങ്ങനെയാണ് അതിലെത്തിയത്. ഈ അടുത്ത കാലത്ത് നാടകം ചെയ്യാനുള്ള ഒരു ഓപ്പർച്യൂണിറ്റി വന്നിട്ടില്ല .പക്ഷെ നാടകം എന്ന് പറഞ്ഞാൽ,ഒരു അഭിനേതാവ് എന്ന നിലക്കും, വ്യക്തിപരമായ ജീവിതത്തിൽ എന്ന നിലക്കും കുറെ ഗുണങ്ങൾ തരുന്ന ഒരു കാര്യമായാണ് ഞാനതിനെ കാണുന്നത്. അതുകൊണ്ടുതന്നെ വർക്ഷോപ്പുകൾ അറ്റൻഡ് ചെയ്യുന്നുണ്ട്. നമ്മുടെ ക്രാഫ്റ്റ് കൂടുതൽ മെച്ചപ്പെടാൻ അത്തരം വർക്ക്ഷോപ്പുകൾ ഉപകരിക്കും എന്നാണ് ഞാൻ മനസിലാക്കുന്നത്.

• പാൻ ഇന്ത്യൻ സിനിമയായ ജെല്ലിക്കെട്ട്

ജെല്ലിക്കെട്ട് കേരളത്തിന് പുറത്തും ഇന്നും അറിയപ്പെടുന്ന ഒരു നല്ല സിനിമയാണ്. നമ്മൾ പുറത്ത് ആരോട് സംസാരിച്ചാലും അവർക്കെല്ലാം ജെല്ലിക്കെട്ട് എന്ന സിനിമ അറിയാം. നിരവധി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും ഓസ്‌കാർ വേദിയിൽ വരെയും സാന്നിധ്യം അറിയിച്ച സിനിമയാണ് ജെല്ലിക്കെട്ട്. ഷൂട്ട് തുടങ്ങും മുൻപേ ഞാനതിന്റെ സ്ക്രിപ്റ്റും കഥയും വായിച്ചു. എനിക്കാണെങ്കിൽ വായിച്ചതിനുശേഷം നോട്ട്സ് തയ്യാറാക്കുന്നത് വളരെ ഇഷ്ടമുള്ള കാര്യമാണ്. ജെല്ലിക്കെട്ട് വായിച്ചതിനുശേഷം ശേഷവും ഞാനതുപോലെ ചെയ്തു. അതിനു ശേഷം ഞാൻ മനസിലാക്കിയ കാര്യങ്ങൾ സംവിധായകൻ ലിജോ സാറുമായി സംസാരിച്ചു.

അപ്പോൾ അദ്ദേഹം പറഞ്ഞു, ഞാൻ കറക്റ്റ് ട്രക്കിലാണ് പക്ഷേ ഇനിയത് മാറ്റി വെച്ചോളൂ എനിക്കാവശ്യം വളരെ ഓർഗാനിക്കായിട്ടുള്ള പെർഫോമൻസാണെന്ന്. അതുകൊണ്ട് സെറ്റിൽ വന്നശേഷം വളരെ സ്വാഭാവികമായി , പച്ചയായ രീതിയിൽ അഭിനയിച്ചാൽ മതിയെന്നാണ് എന്നോട് പറഞ്ഞത്. ആ സിനിമ നോക്കി കഴിഞ്ഞാൽ തന്നെ അറിയാം അതിലുള്ളവരെല്ലാം വളരെ വന്യമായ കഥാപാത്രങ്ങളാണ്. ചുരുക്കി പറഞ്ഞാൽ സെറ്റിൽ വന്നതിനുശേഷം അഭിനേതാക്കളുമായിട്ട് ഇൻട്രൊഡക്ഷൻസിലൂടെ ഡെവലപ്പ് ചെയ്ത കഥാപാത്രമായിരുന്നു ജെല്ലിക്കട്ടിലെ എന്റെ കഥാപാത്രം.

• കഥാപാത്രങ്ങളിൽ വളരെ സെലക്ടീവ് ആണ്

ഒരു അഭിനേതാവ് എപ്പോഴും തനിക്കു വരുന്ന ഓഫറിൽ ഡിപെൻഡഡാണ്. നമ്മളിലേക്ക് വരുന്നതിൽ നിന്നേ നമുക്ക് കഥാപാത്രങ്ങളെ ചൂസ് ചെയ്യാൻ സാധിക്കൂ. അതിൽതന്നെ രണ്ട് കാര്യങ്ങളുണ്ട്. ഒന്ന്, നമുക്കെത്രയും ഓഫറുകൾ വരണം. രണ്ടാമത്തത് വരുന്ന കഥാപാത്രങ്ങളിൽ നമുക്ക് താൽപര്യം തോന്നണം. ഒരു കഥ വായിക്കുമ്പോൾ നമുക്കത് കണക്ടാവുന്നുണ്ടോ, ആ കഥാപാത്രത്തിലെന്തെങ്കിലും എക്സൈറ്റ്മെന്റ് തോന്നുന്നുണ്ടോ തുടങ്ങിയവയാണ് ഏറ്റവും പ്രധാനം. ഏതായാലും നമ്മളിലേക്ക് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ആ കഥാപാത്രത്തെ കൊണ്ടുവരിക, അതിൽ നിന്നും നമ്മൾ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുക തുടങ്ങിയ രണ്ട് ഘടകങ്ങളിലൂടെയാണ് ഒരു ആർട്ടിസ്റ്റ് എന്ന നിലക്ക് സിനിമയിലൂടെ ഞാൻ സഞ്ചരിക്കുന്നത്

• സിനിമയുടെ പിന്നണിയിലും സജീവമാണ്

ഞാൻ മീനവിയൽ എന്നൊരു വെബ് സീരീസിൽ അസിസ്റ്റന്റ് ഡയറക്ടറായി വർക്ക് ചെയ്തിട്ടുണ്ട്. അതുപോലെ ഒരു മ്യൂസിക് വിഡിയോ എഴുതിയിട്ടുണ്ട്. അതിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആൻഡ് റൈറ്റർ ഞാനായിരുന്നു. എഴുത്ത് എനിക്കിഷ്ടമാണ്. അതുപോലെതന്നെ ക്രിയേറ്റീവ് പ്രോസസ്സ് എല്ലാം എനിക്ക് ഇഷ്ടമായത് കാരണം സിനിമ ഉണ്ടായി വരുന്ന ആ സംഭവം എനിക്കിഷ്ടമാണ്. എഴുത്തിൽ നിന്ന് ഒരു കോൺസെപ്റ്റ് നമ്മൾ ക്രിയേറ്റ് ചെയ്യുന്നു അത് ഫൈനലിൽ സ്ക്രീനിലേക്ക് എത്തുന്നു തുടങ്ങിയ എല്ലാ സംഭവങ്ങളും അടങ്ങിയ ഒരു ജേണി ഉണ്ടല്ലോ അതെപ്പോഴും മനോഹരമാണ്.

അതിനെ മനോഹരമായി കാണാനാണ് എനിക്കിഷ്ടം. അല്ലെങ്കിലും ഒരു വർക്ക് ചെയ്യുമ്പോൾ അതിലൂടെ ഒത്തിരി ടാലന്റ് ആയിട്ടുള്ള ആളുകൾക്കൊപ്പം നമുക്ക് കൊളോബറേറ്റ് ചെയ്യാൻ സാധിക്കും എന്നുള്ളതാണ് സത്യം. ആ മ്യൂസിക് വിഡിയോ സംവിധാനം ചെയ്തത് ഡൊമിനിക് തന്നെയായിരുന്നു. നിമിഷ രവിയായിരുന്നു അതിന് ക്യാമറ ചെയ്തത്. വളരെ കഴിവുള്ള ആളുകൾ തന്നെയായിരുന്നു ആ പ്രോജക്ടിൽ ഉണ്ടായിരുന്നത്. അതുപോലെതന്നെ ആ വിഡിയോ ലോഞ്ച് ചെയ്തത് എ ആർ റഹ്മാൻ സാറായിരുന്നു.അത് മൊത്തത്തിൽ ഒരു നല്ല അനുഭവമായിരുന്നു.

• വരും സിനിമകൾ

സുരറൈ പൊട്രു സിനിമയുടെ സ്ക്രീൻ റൈറ്ററായ ശാലിനി ഉഷാദേവി എഴുതി സംവിധാനവും നിർമ്മാണവും നിർവഹിക്കുന്ന മലയാളം സിനിമയാണ് പുതിയതായി വരാനിരിക്കുന്നത്.

Tags:    
News Summary - Santhy Balachandran Opens Up About Her New Web Series Sweet Kaaram Coffee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.