ടെൻഷൻ തരുന്നതാണ് അഭിനയം, എന്നാൽ ആ ടെൻഷൻ ആസ്വദിക്കുന്നു -പ്രതാപൻ കെ.എസ്

മിന്നൽ മുരളി’യിലെ ചായക്കട നടത്തുന്ന പൈലി എന്ന കഥാപാത്രത്തെ പ്രേക്ഷകർ മറക്കാൻ സാധ്യതയില്ല. പ്രതാപൻ കെ.എസ് എന്ന നടൻ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത് ആ കഥാപാത്രത്തിലൂടെയാണ്. ‘രേഖ’യിലൂടെ കെ.എസ് പ്രതാപൻ പിന്നെയും ചർച്ച ചെയ്യപ്പെട്ടു. മലയാള സിനിമ മേഖലയിൽ കൂടുതൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന നടനും അഭിനയ പരിശീലകനുമായ പ്രതാപൻ കെ.എസ് മാധ്യമം ഓൺലൈനുമായി സംസാരിക്കുന്നു...

• വായനശാലയിൽ നിന്നും നാടകത്തിലേക്ക്

നാട്ടിൽ വായനശാല പ്രവർത്തനമൊക്കെയായി നടക്കുന്ന കാലത്ത് മനസ്സിൽ യാതൊരുവിധ അഭിനമോഹവുമില്ലായിരുന്നു. അന്ന് എന്റെ ഉപദേശകനും സഹോദരനും എല്ലാം നൽകി ഞാൻ കണ്ടിരുന്ന വ്യക്തിയാണ് വി.സി ഗോകുലൻ. വായനശാല പ്രവർത്തനത്തിൽ വി.സി ഗോകുലന്റെയും സതീശൻ എന്ന സുഹൃത്തിന്റെയുമെല്ലാം സ്വാധീനം എനിക്ക് നല്ലപോലെ ഉണ്ടായിട്ടുണ്ട്.അത്തരത്തിലാണ് ചെറുപ്പകാലമൊക്കെ മുൻപോട്ട് പോയിട്ടുള്ളത്. തൃശൂർ കടുപ്പശ്ശേരിയെന്ന ഗ്രാമത്തിലാണ് ജനിച്ചതും വളർന്നതുമൊക്കെ. അവിടെ എല്ലാവർഷവും ഓണാഘോഷത്തിൽ നാടകം പതിവാണ്. ആ നാടക്കതിനൊക്കെ നേതൃത്വം വഹിക്കുക എന്ന ചുമതലയായിരുന്നു ഞാനേറ്റിരുന്നത്. അല്ലാതെ അഭിനയം എന്ന ശ്രമം പോലും ഞാനതിൽ നടത്തിയിട്ടില്ല. ഒരിക്കലതിലൊരാൾ അഭിനയിക്കുന്നത് കണ്ടപ്പോൾ ആ അഭിനയത്തെ കുറച്ചുകൂടി മെച്ചമാക്കാൻ ഉതകുന്ന തരത്തിൽ ഞാനയാളോടൊരഭിപ്രായം പറഞ്ഞു. അതുകണ്ടാണ് അവിടെയുണ്ടായിരുന്ന എല്ലാവരും ചേർന്നെന്നെ അഭിനയത്തിലേക്ക് നിർബന്ധിച്ചു കയറ്റുന്നത്. അതാണ് തുടക്കം . പക്ഷെ അത് തുടരണം എന്നുള്ള ചിന്തയൊന്നും അന്നില്ലായിരുന്നു. എന്നാൽ അതിനുശേഷം ഇരിഞ്ഞാലക്കുട പുല്ലൂർ എന്ന സ്ഥലത്തെ , പുല്ലൂർ ചമയം നാടകവേദിയെന്ന മത്സരങ്ങൾക്ക് പോകുന്ന ഒരു നാടക ട്രൂപ്പിലെ സജൂ ചന്ദ്രൻ എന്ന സുഹൃത്ത് എന്നെയാ ട്രൂപ്പിലേക്ക് അഭിനയിക്കാൻ വിളിച്ചു. കോറസായിരുന്നു ഞാനാ നാടകത്തിൽ ചെയ്തിരുന്നത്. പക്ഷേ നാടകത്തിന് എപ്പോഴും ഒന്നാം സ്ഥാനം കിട്ടുമായിരുന്നു.അതുകൊണ്ടു നമുക്കെപ്പോഴും ആ നാടകം ഇഷ്ടമായിരുന്നു. അപ്പോഴും നാടകം ഗൗരവമായൊന്നും എടുത്തിരുന്നില്ല . ആ സമയത്ത് അമൽ എന്ന ഒരു സുഹൃത്ത് എന്റെ നാട്ടിൽ താമസിക്കുന്നുണ്ടായിരുന്നു.അവനാണ് അഭിനയത്തെ ഗൗരവമായി കാണാൻ എന്നോട് പറയുന്നത്. അങ്ങനെ അമൽ എന്നെ തൃശൂരിലേക്ക് കൊണ്ടുവന്നു. രംഗചേതനയിലേക്കാണ് ആ വരവ് സംഭവിക്കുന്നത്. ഞായറാഴ്ച ദിവസങ്ങളിലാണ് ക്ലാസ് ഉണ്ടാവുക.രംഗചേതനയിലെ സൺ‌ഡേ ക്ലാസ്സൊക്കെ ആദ്യമായി തുടങ്ങിയ സമയം കൂടിയാണത്. അന്ന് പലപ്പോഴും രാത്രികളിൽ വൈകിയാണ് അവിടെ നിന്നും തിരിച്ചു വീട്ടിലേക്ക് വരിക. ബസ്സ്‌ ഒക്കെ കിട്ടാൻ വൈകുന്നത് കൊണ്ട് ചിലപ്പോൾ തിരിച്ചു പോകാൻ പറ്റാത്ത അവസ്ഥ കൂടിയാകുമ്പോൾ അന്നത്തെ സെക്കന്റ് ഷോയൊക്കെ പോയി കണ്ട് ആ ദിവസം തൃശ്ശൂർ തന്നെ കഴിച്ചുകൂട്ടും . അതും നല്ല സിനിമകൾ തെരഞ്ഞെടുത്താണ് കാണുക. ഒരേസമയം നാടകത്തിൽ അഭിനയിക്കുകയും അതോടൊപ്പം സിനിമ കാണുകയും ചെയ്യുന്ന ശീലം തുടങ്ങിയത് അങ്ങനെയാണ്. ആ ശീലം തന്നെയാണ് എന്റെ സിനിമ ജീവിതത്തിന്റെ അടിസ്ഥാനമെന്ന് പറയുന്നത്.

• കാലഘട്ടത്തിന്റെ മാറ്റം നാടകത്തിലും

22 വർഷം മുൻപാണ് ഈ പറഞ്ഞത് പോലെ ഞാൻ നാടകത്തിലേക്ക് വരുന്നത്. അന്നൊക്കെ നാടകത്തെ സാമൂഹിക പ്രവർത്തനമായിട്ടായിരുന്നു എല്ലാവരും കാണുന്നത്. ചെയ്യുന്ന നാടകത്തിനു പ്രതിഫലം ഒന്നും കിട്ടില്ല. കൈയിൽ നിന്നൊക്കെ പൈസ ഇറക്കി ജനങ്ങൾക്കിടയിലേക്ക് എത്തിക്കുന്ന ഒരു സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനമായിരുന്നു അന്നൊക്കെ നാടകം. അഭിനയിക്കുന്നവരും അതിന്റെ പിന്നണിയിൽ തൊഴിൽ ചെയ്യുന്നവരെല്ലാമാണ് നാടകം പണം മുടക്കി ആളുകളിലേക്ക് എത്തിക്കുക. കാവാലം നാരായണ പണിക്കരെ പോലുള്ളവരുടെ സംഘത്തിനൊക്കെയായിരുന്നു പിന്നെയും ചെയ്യുന്ന നാടകത്തിനു പണം കിട്ടുന്നത്. കഴിഞ്ഞ 15 വർഷത്തിനിടയിലാണ് ഇതിനൊക്കെ മാറ്റം സംഭവിച്ചത്. ഇപ്പോൾ നടന്മാരും നടിമാരും സംഘങ്ങളുമെല്ലാം നാടകത്തിലൂടെ തന്നെ സ്വന്തം വീട്ടിലേക്ക് അരി മേടിക്കാനുള്ള വരുമാനം കണ്ടെത്തുന്ന രീതിയിലേക്ക് പ്രാപ്തരായിരിക്കുന്നു എന്നതാണ് ഏറ്റവും വലിയ മാറ്റം. അതുകൊണ്ടുതന്നെ കാലഘട്ടത്തിന്റെ മാറ്റം നാടകത്തിൽ വന്നു എന്ന് ആ മേഖലയിൽ ജീവിച്ച ആളെന്ന നിലയ്ക്ക് എനിക്ക് ഉറപ്പിച്ചു പറയാൻ പറ്റും. പിന്നെ നാടക അഭിനയത്തിൽ എന്നെ ഏറ്റവും അധികം സ്വാധീനിച്ച വ്യക്തിയാണ് രാം കുമാർ എന്ന നടൻ. ഏതാണ്ട് മുപ്പത്തഞ്ചു നാലപ്പതിലധികം നാടകത്തിൽ ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിൽ, ആരോഗ്യപരമായ ഒരു മത്സരം ഞങ്ങൾക്കിടയിൽ എപ്പോഴും നിലനിൽക്കുന്നുണ്ട്. അഭിനയത്തിലെന്നെ ഏറ്റവുമധികം സ്വാധീനിച്ച വ്യക്തി എന്ന് മാത്രമല്ല, എന്റെ അഭിനയം മെച്ചപ്പെടുത്തുന്നതിൽ കൂടി പങ്കുവഹിച്ച ഒരു വ്യക്തി നിലയിലാണ് ആ ഒരു മത്സരബുദ്ധിയെ പോലും ഞാൻ കാണുന്നത്.

• ആദ്യ സിനിമ ബെസ്റ്റ് ആക്ടർ

ജീവിതത്തിൽ നാടകത്തെ വളരെ ഗൗരവമായി കാണാൻ തുടങ്ങിയ ഒരു സമയമുണ്ടായിരുന്നു. സുനിൽ സുഗതയും ഞാനും ഒക്കെ ഒരുമിച്ചാണ് രംഗചേതനയിലെ സൺ‌ഡേ തിയറ്ററിൽ വന്നത്. അത്തരത്തിൽ നാടകമൊക്കെ മുൻപോട്ടു പോകുമ്പോഴും രംഗചേതനയിൽ മാത്രമായി ഒതുങ്ങാതെ അഭിനയത്തെ എങ്ങനെ കൂടുതൽ ഗൗരവത്തോടെ കൊണ്ടുപോകാമെന്ന ചിന്തയൊക്കെ വന്നു തുടങ്ങിയ സമയത്താണ് എന്റെ സുഹൃത്ത് ജോസ് കോശി വഴി അയാളുടെ ഇംഗ്ലണ്ടിൽ നിന്ന് വരുന്ന ദീപൻ എന്ന കൂട്ടുക്കാരൻ ചെയുന്ന നാടകത്തിലേക്ക് അഭിനയിക്കാൻ വിളിക്കുന്നത്. ദീപനെ ആദ്യമായി പരിചയപ്പെടുന്നത് അങ്ങനെയാണ്. അങ്ങനെ സ്‌പൈനൽ കോഡ് എന്ന ദീപന്റെ നാടകത്തിൽ ഞാനഭിനയിച്ചു . അതിൽ അനിൽ പി. നെടുമങ്ങാട്, സുനിൽ സുഗത, ജെയിംസ് ഏലിയ തുടങ്ങിയ മലയാള നാടക രംഗത്തെ താരങ്ങൾ എല്ലാവരുമുണ്ടായിരുന്നു. ആ നാടകം എറണാകുളം വെച്ച് അവതരിപ്പിച്ചപ്പോൾ അന്നവിടെ ആ നാടകം കാണാൻ വന്നവരായിരുന്നു ബിബിൻ ചന്ദ്രനും മാർട്ടിൻ പ്രക്കാട്ടും. അതിലെ അഭിനയം കണ്ടിട്ടാണ് അവർ ബെസ്റ്റ് ആക്ടർ സിനിമയിലേക്ക് അഭിനയിക്കാൻ വിളിക്കുന്നത്. എന്നെപോലെ സുനിൽ സുഖദയും ആദ്യമായി ബെസ്റ്റ് ആക്ടർ എന്ന സിനിമയിലാണ് അഭിനയിക്കുന്നത് . ഞാനാണെങ്കിൽ മുൻപ് സിനിമ ഷൂട്ട് ഒന്നും കണ്ടിട്ടില്ല. ആദ്യമായി കാണുന്ന സിനിമ ഷൂട്ട് ബെസ്റ്റ് ആക്ടർ തന്നെയാണ്. മാർട്ടിൻ പ്രകാട്ടിൻ സാർ ഷൂട്ട് തുടങ്ങുന്നതിന് ഒരു മൂന്നാലഞ്ച് ദിവസം മുൻപ് തന്നെ എന്നെ ലൊക്കേഷനിൽ കൊണ്ടുപോയി ഷൂട്ട് നടക്കുന്നതെല്ലാം കാണാനുള്ള അവസരമെല്ലാം ഉണ്ടാക്കി തന്നു. അത് എനിക്ക് ഉപകാരപ്പെട്ടു. ഡബ്ബ് ചെയ്യുന്നതിന് മുൻപും അദ്ദേഹം മുന്നേകൂട്ടിതന്നെ അതുകണ്ടു മനസ്സിലാക്കാനുള്ള അവസരം എനിക്കുണ്ടാക്കി തന്നു. ആ പരിഗണന വിലപ്പെട്ടതാണ്.

• നടൻ മാത്രമല്ല അഭിനയപരിശീലകൻ കൂടിയാണ് 

തുടക്കകാലങ്ങളിൽ അഭിനയം എനിക്കൊരു ഹോബിയായിരുന്നു. പിന്നീട് ഗൗരവത്തോടെ കാണാൻ തുടങ്ങി. പിന്നെ ഞാൻ എപ്പോഴെങ്കിലുമൊക്കെ ചെറിയ ചെറിയ മത്സര നാടകങ്ങൾ സംവിധാനം ചെയ്യാൻ തുടങ്ങി. അത്തരം നിമിഷങ്ങളിലാണ് അഭിനയം എന്ന കലയെ കുറിച്ച് ചില സൂത്രങ്ങൾ വഴി നടന്മാർക്ക് കൂടുതൽ പരിചയപ്പെടുത്തി കൊടുക്കാൻ തുടങ്ങിയത്. കഥാപാത്രങ്ങളെ എളുപ്പത്തിൽ ചെയ്യാനുള്ള ചില ടിപ്സുകളാണ് ഞാൻ പറഞ്ഞു കൊടുക്കുന്നത്. അതുകണ്ടിട്ട് എന്റെ ചില സുഹൃത്തുക്കളായ സംവിധായകരാണ് പ്രതാപേട്ടൻ അഭിനയപരിശീലനം കൂടി ചെയ്തോ എന്ന അഭിപ്രായം മുന്നോട്ടു വയ്ക്കുന്നത്. അങ്ങനെ ഞാൻ കാസ്റ്റിങ് ഡയറക്ടറായും, അഭിനയ പരിശീലകനായുമെല്ലാം എത്തി. മനഃപൂർവം വന്നെത്തിയതല്ല. വളരെ സ്വാഭാവികമായി സംഭവിച്ചതാണ്.

• ബേസിൽ അത്ഭുതപ്പെടുത്തി

അഭിനയം ആസ്വദിച്ചുകൊണ്ട് ചെയ്യാൻ പറ്റണം. മിന്നൽ മുരളി എനിക്കങ്ങനെയാണ്. അതുകൊണ്ടുതന്നെ അതിലെ പൈലി എന്ന കഥാപാത്രത്തിന്റെ റിസൾട്ടെന്ന് പറയുന്നത് വളരെ നല്ലത് തന്നെയായിരുന്നു. ആ സിനിമ ഹിറ്റാവുമെന്ന് അന്നേ ഉറപ്പായിരുന്നു. അതിലെ രസകരമായ ഒരു അനുഭവം ഉണ്ട്. ഗുരു സോമസുന്ദരത്തിനോടൊപ്പമായിരുന്നു സിനിമയിലെ എന്റെ ആദ്യത്തെ കോമ്പിനേഷൻ സീൻ. ഞാൻ അദ്ദേഹം ചെയ്യുന്ന കഥാപാത്രത്തിന്റെ തലക്ക് പതുക്കെ അടിക്കുന്ന സീനാണ് ആദ്യം തന്നെ എടുക്കുന്നത്. ഷൂട്ട് തുടങ്ങിയപ്പോൾ എന്റെ അടി കൊണ്ടത് തലക്ക് പകരം ചെകിടത്താണ്. അതും അത്യാവശ്യം നല്ല ഊക്കിൽ തന്നെ കൊണ്ടു. ഗുരുസാർ പെട്ടെന്ന് എന്നെ വഴക്ക് പറയുന്ന തരത്തിൽ സംസാരിച്ചു. വലിയൊരു ക്രൂവിന് മുൻപിൽ വെച്ചാണ് ആ വഴക്ക് കേട്ടത്. അതുകൊണ്ടുതന്നെ ആ സമയത്തു എനിക്കല്പം മാനസികമായ വിഷമം അനുഭവപ്പെട്ടു. എന്നാൽ അതിനിടയിൽ ബേസിൽ മോണിറ്ററിനു മുൻപിൽ നിന്ന് എഴുന്നേറ്റ് വന്നിട്ട് അപ്പോൾ നടന്ന ആ വിഷയവുമായി ബന്ധപ്പെട്ട യാതൊന്നും തന്നെ സംസാരിക്കാതെ ഗുരു സാറിനോട് ബേസിൽ ആദ്ദേഹത്തിന്റ കഥാപാത്രത്തെക്കുറിച്ച് കൂടുതൽ വിശദീകരിക്കാൻ തുടങ്ങി. ആ കഥാപാത്രത്തിന്റെ ബാക്ക് ഹിസ്റ്ററിയാണ് ബേസിൽ പറയുന്നത്. ഗുരുസാർ പെട്ടെന്ന് തന്നെ ആ കഥാപാത്രത്തിലേക്ക് കൂടുതൽ കടന്നുചെന്നു. അതോടെ അവിടെ നടന്ന ആ സംഭവം തന്നെ ഗുരുസർ മൊത്തത്തിൽ മറന്നു. അതെല്ലാം കഴിഞ്ഞ് തിരിച്ചുപോണ വഴിക്ക് ബേസിൽ എന്റെ കൈയിൽ പിടിച്ചു പറഞ്ഞു, പ്രതാപേട്ടാ നോക്കിയടിക്ക് ട്ടോ എന്ന്. ഒരു സംവിധായകൻ അഭിനേതാക്കളെ ഹാൻഡിൽ ചെയ്യുന്ന രീതിയായിരുന്നു അത്. മറിച്ച് ആൾക്ക് വേണമെങ്കിൽ എല്ലാവരുടെയും മുമ്പിൽവെച്ച് മൈക്കിലൂടെ എന്നെ വഴക്ക് പറയാമായിരുന്നു അല്ലെങ്കിൽ സജഷൻ താരമായിരുന്നു. പക്ഷെ ആൾ അതിനൊന്നും നിന്നില്ല. ബേസിൽ എന്ന ചെറുപ്പക്കാരന്റെ പക്വതപൂർണ്ണമായ ഇത്തരമൊരു ഇടപെടൽ ഒരു ടീച്ചിങ് കൂടിയാണ്. എന്തായാലും അന്നത്തെ സംഭവത്തിന് ശേഷം ഗുരു സോമസുന്ദരവുമായി ഞാൻ കൂടുതൽ അടുത്തു. എന്റെ നാടക പശ്ചാത്തലമെല്ലാം അറിഞ്ഞപ്പോൾ അദ്ദേഹത്തിന് കൂടുതൽ അടുക്കുവാനുള്ള ഒരു കാരണവുമായി അത്. അതിനുശേഷം സിനിമയിൽ ഫൈറ്റ് സീൻ ചെയ്യേണ്ട രീതികളെക്കുറിച്ചെല്ലാം അദ്ദേഹം എനിക്ക് പഠിപ്പിച്ചു തന്നു. ആ സിനിമയിൽ ഞങ്ങൾ തമ്മിൽ ഫൈറ്റ്സീൻ ഒന്നുമില്ലായിരുന്നു. എന്നിട്ടും ഒരു ഈഗോ പോലും ഇല്ലാതെ അത്രയും ആളുകളുടെ മുമ്പിൽ വെച്ച് അദ്ദേഹം അതെല്ലാം പഠിപ്പിച്ചു തന്നു. ഇന്നല്ലെങ്കിൽ നാളെ ഒരു സിനിമക്ക് വേണ്ടി എനിക്കതെല്ലാം ഉപകാരപ്പെടും. അതോടൊപ്പം ഇന്നും ഒരു നല്ല സുഹൃത്തായി ഗുരുസർ എനിക്കൊപ്പം ഉണ്ട്. തൃശ്ശൂർ വരുമ്പോഴെല്ലാം ആൾ എന്നെ വിളിക്കാറുണ്ട്. ഞങ്ങൾ കാണാറുണ്ട്. എന്റെ മക്കളെ കൊണ്ട് നടക്കാറുണ്ട്. കൂടുതൽ മെച്ചപ്പെട്ട രീതിയിലേക്ക് സൗഹൃദം മാറി എന്നതിൽ സന്തോഷമുണ്ട്.

• മിന്നൽ മുരളിയിലും രേഖയിലും സ്ത്രീലമ്പട കഥാപാത്രങ്ങൾ - ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്നുണ്ടോ

ഞാനങ്ങനെ ചിന്തിച്ചിട്ടില്ല. രണ്ട് കഥാപാത്രങ്ങളിലും ഭാഷാപരമായ വ്യത്യാസം കൊണ്ടുവരാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. പിന്നെ കഥാപാത്രങ്ങളുടെ ബാക്ക് ഹിസ്റ്ററി വ്യത്യസ്തമാണ്. മിന്നൽ മുരളിയിലെ ചായക്കടക്കാരൻ ക്രിമിനലല്ല. അയാൾ ഒരു വിടനാണ്. ആളുകളെ പറ്റിക്കുന്നവനാണ്. പിശുക്കനാണ്. എന്നാൽ അതേസമയം ഭീരുവുമാണ്. എന്നാൽ രേഖയിലെ കഥാപാത്രം കാസർകോട് നിന്ന് ചെറുപ്പത്തിലെ നാടുവിട്ടു വരുന്നതുപോലും ആളൊരു ക്രിമിനലായത് കൊണ്ടാണ്. മരുമകൻ ക്രിമിനലാണെന്നു അറിഞ്ഞിട്ടും മരുമകനെ സംരക്ഷിക്കുന്നുണ്ട്. ആ ക്രിമിനിലിസം തന്നെയാണ് കഥാപാത്രങ്ങളെ തമ്മിൽ വേർത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ ചെയ്യുന്ന കഥാപാത്രങ്ങൾ തമ്മിൽ സാമ്യമുണ്ടെന്നോ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്നുണ്ടെന്നോ എനിക്ക് തോന്നുന്നില്ല.

• നാടകവും സിനിമയും ഒരുപോലെ കൊണ്ടുപോകുന്നതിനെ ആസ്വദിക്കുന്നു

രസകരമായ അനുഭവമാണിത്. ഒരു സിനിമാ ലൊക്കേഷനിൽ നിന്ന് നമ്മൾ നാടക സംഘത്തിലേക്ക് വരുന്നു. വന്നശേഷം അഭിനയത്തെ വീണ്ടും വീണ്ടും പരിശീലിക്കുന്നു. അതൊരു പഠനം കൂടിയാണ്. അത് ചിലപ്പോൾ ടെൻഷൻ ഒക്കെ തരുമായിരിക്കും. അഭിനയം ടെൻഷൻ തരുന്ന കാര്യം കൂടിയാണ്. എന്നാൽ ആ ടെൻഷനെയെല്ലാം നമ്മൾ ആസ്വദിക്കുന്നുണ്ട്. ഒരു അത്ലറ്റിന് ഓടുന്നതിന് തൊട്ടുമുൻപ് വരെ ടെൻഷനുണ്ടായിരിക്കും. എന്നാൽ ഓടി തുടങ്ങിയാൽ ടെൻഷനില്ല. ഫിനിഷിങ് പോയന്റ് മാത്രമായിരിക്കും അയാളുടെ ലക്ഷ്യം. അതുകൊണ്ടുതന്നെ ഓരോ നടനെയും വിജയകരമായി മുൻപോട്ട് നയിക്കുന്ന ഘടകവും ടെൻഷൻ തന്നെയാണെന്നാണ് കരുതുന്നത്.

• വരും പ്രോജെക്ടുകൾ

തീരത്ത് എന്നൊരു നാടകം ചെയ്തു. അതുപോലെ മലയാളത്തിൽ നല്ലൊരു വെബ്സീരിസ് ചെയ്തു. പുള്ളി, ഐവർ, അരിക്, ഡ്രമാറ്റിക് ഡെപ്ത് തുടങ്ങിയ പുറത്തു വരാനുള്ള ചില സിനിമകളുണ്ട്. അതൊക്കെയാണ് പുതിയ വിശേഷങ്ങൾ.

Tags:    
News Summary - Prathapan K.S About His Movie entry latest interview

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.