ഇന്ദ്രൻസ് ചേട്ടൻ എനിക്ക് വസ്ത്രം തുന്നി തന്നു, അത്ഭുതമാണ് ആ മനുഷ്യൻ- നികിത

നിരവധി അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിൽ ശ്രദ്ധയാകര്‍ഷിച്ച 'ഒന്നാം സാക്ഷി പരേതൻ' എന്ന ചിത്രത്തിലെ നായികയായ നികിത തന്റെ വിശേഷങ്ങൾ മാധ്യമവുമായി പങ്കുവയ്ക്കുന്നു

 ഒന്നാം സാക്ഷി പരേതൻ

ഒരു ബൈക്ക് ആക്സിഡന്റൊക്കെ കഴിഞ്ഞു മുഖത്തൊക്കെയല്പം പാടുകളൊക്കെയായി നിൽക്കുന്ന സമയത്താണ് ഒന്നാം സാക്ഷി പരേതൻ എന്ന സിനിമയിലഭിനയിക്കാനുള്ള അവസരം വരുന്നത്. മുഖത്തെ പാടിന്റെ കാര്യത്തിലെനിക്ക് ചെറിയ ആശങ്കയുണ്ടായിരുന്നെങ്കിലും മേക്കപ്പിൽ അവരതെല്ലാം അഡ്ജസ്റ്റ് ചെയ്തിരുന്നു. ഇനി കഥാപാത്രത്തെ കുറിച്ച് പറയുകയാണെങ്കിൽ, ആ കഥാപാത്രം ഞാനെന്ന വ്യക്തിയുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു കഥാപാത്രമാണ്. വ്യക്തി ജീവിതത്തിൽ ഞാൻ വളരെയധികം വൈബ്രന്റാണ്. എന്നാൽ ഒന്നാംസാക്ഷി പരേതനിലെ നായകനായ ഷാജിയുടെ ഭാര്യയായി ചെയ്ത എന്റെ കഥാപാത്രം ഒരു സ്ത്രീയാണ്. വളരെയധികം ഇമോഷണലായ വളരെയധികം സ്നേഹമുള്ള ഒരു കഥാപാത്രമാണത്. എന്നെ വെച്ചവർ ഏറ്റവുമാദ്യമെടുത്ത സീൻ കരയുന്ന ഒന്നാണ്. എന്റെ ഓർമ്മ ശരിയാണെങ്കിൽ ഞാനതിൽ ഗ്ലിസറിനൊന്നും ഉപയോഗിച്ചിട്ടില്ല. ആ കഥാപാത്രത്തിന്റെ ഇമോഷനിലേക്കെത്താൻ സാധിക്കുന്നത് കൊണ്ടാണ് എനിക്കങ്ങനെ കരയാനായതെന്നാണ് ഞാൻ കരുതുന്നത്. അതുപോലെ ഷൂട്ട് നടക്കുന്ന രണ്ടാമത്തെ ദിവസം ആ പ്രദേശത്തൊരു ഉത്സവം നടക്കുന്നുണ്ടായിരുന്നു. അതിന്റെ ഭാഗമായി ഒരു വലിയ സ്പീക്കറൊക്കെ ആ നാട്ടിൽ ഘടിപ്പിച്ചിട്ടുണ്ട്. എനിക്കാണെങ്കിൽ ആ സമയത്ത് അത്യാവശ്യം വൈകാരിക പരമായ രംഗങ്ങളാണ് അഭിനയിക്കാനുള്ളത്. പക്ഷേ സ്പീക്കർ വഴി പുറത്തുവരുന്ന പാട്ടിന്റെ ശബ്ദം കാരണം എനിക്കല്പം ബുദ്ധിമുട്ട് തോന്നി. ഒരു വശത്തു വളരെ സന്തോഷമുള്ള പാട്ടു കേൾക്കുമ്പോൾ മറുവശത്ത് ഞാൻ കരയുന്ന രംഗമാണ് അഭിനയിക്കുന്നതെന്ന് പറഞ്ഞാൽ തന്നെ അതിലെ വെല്ലുവിളി മനസ്സിലാക്കാമല്ലോ. അതുപോലെ ആ ലൊക്കേഷനിൽ എല്ലാരും തമ്മിൽ നല്ല സഹകരണം ഉണ്ടായിരുന്നു. സത്യം പറഞ്ഞാൽ ഈ സിനിമയിലെ രംഗങ്ങൾ അഭിനയിച്ചു കഴിഞ്ഞിട്ടും എനിക്ക് വീണ്ടും അഭിനയിക്കാനുള്ള ഒരു ത്വര ഉണ്ടായിരുന്നു. അതുപോലെ ഞാൻ കിറുക്കൻ എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. നവാഗത സംവിധായകനായ ജോഷിയാണ് അത് സംവിധാനം ചെയ്തിരിക്കുന്നത്.

 ഇന്ദ്രൻസ് ചേട്ടനെന്റെ ഡ്രസ്സ് സൂചിയും നൂലുമുപയോഗിച്ച് തുന്നി

അടൂർ ഗോപാലകൃഷ്ണൻ സാറിന്റെ അസോസിയേറ്റായി വർക്ക് ചെയ്തിരുന്ന എം. പി സുകുമാരൻ നായർ സംവിധാനം ചെയ്തിരുന്ന ഷോട്ട് ഫിലിമായിരുന്നു പൊൻകുന്നം വർക്കി. വളരെ എക്സ്പീരിയൻസുള്ള ഒരു സംവിധായകൻ ചെയ്യുന്ന സിനിമയായി തന്നെയെ നമുക്കതിനെ കാണാൻ സാധിക്കു. ആ വർക്കിൽ ഇന്ദ്രൻസ് ചേട്ടന്റെ ഭാര്യയായിട്ടായിരുന്നു ഞാനഭിനയിച്ചത്. നമ്മുടെ സംവിധായകനാണെങ്കിൽ സ്ക്രിപ്റ്റിലെഴുതിവെച്ച ഡയലോഗ് അതുപോലെതന്നെ കൃത്യമായി പറയണമെന്ന് നിർബന്ധമുണ്ട്. അതിന്റെ ഭാഗമായി എനിക്കും ഇന്ദ്രൻസ് ചേട്ടനുമെല്ലാം അവർ ഡയലോഗെഴുതിയ ഒരോ ഷീറ്റുകൾ തന്നു. പഠിക്കാൻ വേണ്ടിയാണ്. ഇന്ദ്രൻസ് ചേട്ടനാണെങ്കിൽ അതുംകൊണ്ടെന്റെ അടുത്തേക്ക് വന്നെന്നോട് പറഞ്ഞു 'മോളെ ഞാൻ പറയുന്ന ഡയലോഗും ചെയ്യുന്നതുമെല്ലാം ശരിയാണോയെന്നൊന്നു നോക്കാമോ'യെന്ന്. സത്യം പറഞ്ഞാൽ അദ്ദേഹമല്ല ഞാനാണ് അങ്ങനെ പ്രാക്ടീസ് ചെയ്തു നോക്കണ്ടയാൾ. ആദ്യമായാണ് ഞാനങ്ങനെ അഭിനയിക്കുന്നത് തന്നെ. മാത്രമല്ല നിരവധി അംഗീകാരങ്ങൾ വാരി കൂട്ടിയ ഒരു മനുഷ്യനാണ് എന്നോടങ്ങനെ പറയുന്നത്. അതുകൊണ്ടുതന്നെ എനിക്കത് വലിയ അത്ഭുതമുണ്ടാക്കി. അദ്ദേഹത്തിൽ നിന്ന് വളരെ വലിയ മറ്റൊരു അനുഭവുമെനിക്കുണ്ടായിട്ടുണ്ട്. ഞാനാ വർക്കിൽ ഇന്ദ്രൻസ് ചേട്ടന്റ ഭാര്യയായിട്ടാണഭിനയിക്കുന്നത്. അതിലെന്റെ വേഷം ചട്ടയും മുണ്ടുമാണ്. ആ വർക്കിൽ കൃത്യമായ ഒരു കോസ്റ്റും ഡിസൈനർ ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ ചട്ടയും മുണ്ടുമെന്ന വേഷത്തിനാവശ്യമായ ഞൊറിവൊന്നും വയ്ക്കാൻ എനിക്കറിയില്ലായിരുന്നു. ഞാനതങ്ങനെയങ് ധരിക്കുകയായിരുന്നു. അതിന്റെ അളവ് പോലും ശരിയല്ലായിരുന്നു. അതുകണ്ട ഇന്ദ്രൻസ് ചേട്ടൻ എന്നോട് പറഞ്ഞു 'മോളീ ഡ്രസ്സ് മാറ്റിയിട്ട് വാ.. ഞാനിത് തുന്നി തരാമെന്ന്'. അങ്ങനെ ഇന്ദ്രൻസ് ചേട്ടനാ ഡ്രസ്സ് സൂചിയും നൂലുമുപയോഗിച്ച് തുന്നി തന്നു. എനിക്കതൊരു വലിയ അനുഭവമായിരുന്നു. അതുകൊണ്ടുതന്നെ ഞാൻ എല്ലാവരോടും പറയാറുണ്ട് ഇന്ദ്രൻസ് ചേട്ടൻ എനിക്ക് ഡ്രസ്സ് തുന്നി തന്നു എന്ന്.

ആദ്യം ഷൂട്ട് ചെയ്യുന്നത് ഞങ്ങൾ അടുക്കളയിൽ നിലത്തിരുന്നു ഭക്ഷണം കഴിക്കുന്ന രംഗമാണ്. ആ സമയത്ത് എനിക്ക് തോന്നി അദ്ദേഹത്തിന്റെ കാലിൽ തൊട്ട് ഡയലോഗ് പറയാമെന്ന്. ഒരു ഭാര്യ എന്ന നിലയ്ക്ക് ആ കഥാപാത്രം അദ്ദേഹത്തിന്റെ കാലിൽ തൊടുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി. ഞാനാ രീതിയിൽ പെർഫോം ചെയ്തപ്പോഴത് സംവിധായകനും ക്യാമറമാനുമെല്ലാം ഇഷ്ടമായി എന്നെനിക്ക് തോന്നി.

എന്റെ ഇഷ്ടങ്ങൾ പലതാണ്

എനിക്ക് ഒരുപാട് ഇഷ്ടങ്ങളുണ്ട്. പെയിന്റിംഗ് , അഭിനയം, പാട്ട് തുടങ്ങി എല്ലാത്തരം ആർട്ട്നോടും എനിക്ക് വല്ലാത്തൊരു ഇഷ്ടമുണ്ട്. എനിക്ക് ഓർമ്മവയ്ക്കുന്ന കാലത്ത് തന്നെ ഏകദേശം 5000 6000 പുസ്തകങ്ങൾ തന്നെയുണ്ട് എന്റെ വീട്ടിലെന്നാണ് എന്റെ ഓർമ്മ. അത്രയും പുസ്തകങ്ങൾക്കിടയിലാണ് ഞാൻ വളരുന്നത്. എല്ലാ പുസ്തകങ്ങളും വായിച്ചു എന്നല്ല ഞാൻ പറയുന്നത്, എന്റെ വളർച്ച അത്തരമൊരു സ്പേയ്സിലാണ് എന്നതാണ് ഞാൻ പറയുന്നത്. അച്ഛനാണെങ്കിൽ കൾച്ചറലി ബന്ധപ്പെട്ടു കിടക്കുന്ന ഒരു വ്യക്തിയാണ്. അതുകൊണ്ടുതന്നെ കുഞ്ഞുനാൾ മുതൽ അതിന്റെ സ്വാധീനവും അഭിനിവേഷവുമെല്ലാം എന്നിലുണ്ട്. അച്ഛന്റെ സുഹൃത്ത് ജ്യോതി ചേട്ടനാണ് പൊൻകുന്നം വർക്കിവരുന്ന സമയത്ത് എന്നെ സജസ്റ്റ് ചെയ്യുന്നത്. ജ്യോതിചേട്ടൻ കൊടുത്ത ഫോട്ടോസ് കണ്ടിട്ടാണ് അവരെന്നെ അഭിനയിക്കാൻ വിളിക്കുന്നത്. മുൻപേ തന്നെ ചാനലുകളിൽ ആങ്കറിങ് എല്ലാം ചെയ്തുള്ള പരിചയമുള്ളതുകൊണ്ട് പൊൻകുന്നം വർക്കിയിലെ അഭിനയമെനിക്ക് കുറെ കൂടി എളുപ്പമുള്ള ഒരു പ്രോസസ്സായിരുന്നു. ക്യാമറ ഫേസ് ചെയ്യാൻ പേടിയില്ലായിരുന്നു. പിന്നെ വളരെ ചെറുപ്പത്തിൽ കർണാടക സംഗീതം പഠിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ എനിക്ക് സംഗീതത്തോട് വളരെ ഇഷ്ടമുണ്ട്.

പ്രിയപ്പെട്ട ചായക്കപ്പൽ

കുക്കിംഗ് എനിക്ക് വളരെ ഇഷ്ടമാണ്. അതുപോലെ ആളുകളോട് സംസാരിക്കാൻ വളരെയധികം ഇഷ്ടമാണ്. അതുപോലെ ഇന്റീരിയർ വർക്കുകളും പെയിന്റിങ്‌സുമെല്ലാം ഇഷ്ടമാണ്. ഇത്തരത്തിലുള്ള പലതരം ഇഷ്ടങ്ങളെ ചേർത്തുവച്ചുകൊണ്ടാണ് ചായക്കപ്പൽ എന്ന റെസ്റ്റോറന്റ് തിരുവനന്തപുരത്ത് തുടങ്ങുന്നത്. പൈസ ഒരുപാട് ഇൻവെസ്റ്റ് ചെയ്യാതെ മിനിമലായിരിക്കുക എന്നുള്ള ഒരു കൺസെപ്റ്റായിരുന്നു അത്. കൂടുതൽ ആളുകളെ എങ്ങനെ ചായക്കപ്പലെന്ന റെസ്റ്റോറന്റിലേക്കെത്തിക്കാം ആളുകളെ എങ്ങനെ കൂടുതൽ വൈബ്രേന്റാക്കാം തുടങ്ങിയ രീതിയിലുള്ള ചിന്തകൾ ആയിരുന്നു അതുമായി ബന്ധപ്പെട്ട് ആ സമയത്തെനിക്ക് കാര്യമായി ഉണ്ടായിരുന്നത്. ഒരു കാർ വാഷ് ചെയ്യാൻ ഉപയോഗിച്ചിരുന്ന സ്ഥലമായിരുന്നു ഞാൻ പിന്നീട് റെസ്റ്റോറന്റാക്കിമാറ്റിയത്. അവിടെ വെച്ചു ഒരു പുസ്തകപ്രകാശനമെല്ലാം നടത്തിയിരുന്നു. വളരെ രസകരമായി പോരുന്ന ഒരു റസ്റ്റോറന്റും ചുറ്റുപാടുമായിരുന്നു അത്. കോവിഡ് വന്നതിനുശേഷമാണ് ചില സാമ്പത്തിക പ്രതിസന്ധി കാരണം അത് മറ്റൊരാളെ ഏൽപ്പിച്ചു മാറി നിൽക്കേണ്ടി വന്നത്. ഇപ്പോൾ പൂർണമായും ആ റസ്റ്റോറന്റിൽ നിന്ന് ഞാൻ വിട്ടുനിൽക്കുകയാണ്.

 ആകാശവാണി ഓർമ്മകൾ

ഒരുകാലത്ത് സാമ്പത്തികമായി അല്പം ബുദ്ധിമുട്ടിയിരുന്ന സമയമുണ്ടായിരുന്നു. ആ കാലത്ത് അവിടെ വർക്ക് ചെയ്തിരുന്ന ടി ആർ രാജഗോപാലൻ സാറിനെ എനിക്ക് പരിചയമുണ്ടായിരുന്നു. അദ്ദേഹമാണ് എന്നെ അങ്ങോട്ട് കണക്ട് ചെയ്യുന്നത്. വയലും വീടും എന്ന പരിപാടിയാണ് ഞാൻ അവിടെ ഏറ്റവുമാദ്യം അവതരിപ്പിക്കുന്നത്. എഴുതിവയ്ക്കുന്ന കുഞ്ഞുകുഞ്ഞ് ലേഖനങ്ങൾ വായിക്കുന്ന ഒരു പരിപാടിയായിരുന്നു അത്. അതിനുശേഷം യുവവാണിയിൽ കവിത അവതരിപ്പിച്ചു. പിന്നെ ക്രിസ്റ്റോ ടോമിനെ ഇന്റർവ്യൂ ചെയ്യാൻ സാധിച്ചു. സത്യത്തിൽ നമുക്ക് ആകാശവാണിയോട് ഒരു പ്രത്യേക തരം അടുപ്പമുണ്ട്. വേറെ എവിടെ പരിപാടി അവതരിപ്പിച്ചാലും ആകാശവാണിയിൽ അവസരം ലഭിക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷമൊന്ന് വേറെയാണ്. അത് ഒരു പ്രത്യേകതരം ഇഷ്ടത്തിന്റെ പുറത്ത് വരുന്ന സന്തോഷമാണ്. അതുപോലെ ലഭിച്ച മറ്റൊരു സന്തോഷമാണ് മുംബൈയിൽ ജീവിക്കുന്ന കാലത്ത് അവിടുത്തെ മലയാളികൾ നടത്തുന്ന രാഗാലയം മ്യൂസിക് ഷോയിൽ പങ്കെടുക്കാൻ പറ്റിയതും അതിൽ ഫസ്റ്റ് റൺസ് അപ്പ് ആവാൻ സാധിച്ചതും.

റേഡിയോ മലയാളത്തിലെ 'ആ വരികൾ'

അതെന്നെ വളരെ അത്ഭുതപ്പെടുത്തിയ ഒരു പ്രോഗ്രാമാണ്. റേഡിയോ മലയാളത്തിലെ ആ വരികൾ എന്ന പ്രോഗ്രാമിന്റെ ആർ ജെയായി ഞാൻ വർക്ക് ചെയ്തിരുന്നു. വളരെ രസമുള്ള ഒരു ജോലിയായിരുന്നു അത്. ഒരു പാട്ട് എടുത്ത് ആ പാട്ടിന്റെ ആന്തരാർത്ഥങ്ങൾ ചൂഴ്ന്നു കണ്ടെത്തുക എന്നതാണ് ആ പരിപാടിയുടെ ലക്ഷ്യം. അതിന്റെ സ്ക്രിപ്റ്റെല്ലാം ഞാൻ തന്നെയാണ് തയാറാക്കുന്നത്. ഒരു പാട്ടിനെ കുറിച്ച്, അതിന്റെ അർത്ഥത്തെക്കുറിച്ച് ഞാൻ കണ്ടെത്തിയ കാര്യങ്ങൾ ചർച്ച ചെയ്തതിനുശേഷം പാട്ട് വെച്ചുകൊടുക്കുകയാണ് പതിവ്. സത്യൻ അന്തിക്കാട് സർ ഒരു ഗാനരചയിതാവ് കൂടിയാണെന്നൊക്കെ ഞാനാ പരിപാടിയിൽ വന്നതിനുശേഷമാണറിയുന്നത്. അദ്ദേഹത്തിന്റെ വരികളൊക്കെ ശ്രദ്ധിക്കാൻ തുടങ്ങിയപ്പോഴാണ് എനിക്ക് മറ്റൊരു കാര്യം മനസ്സിലാകുന്നത് ; ആന്തരാർത്ഥം തിരിച്ചറിഞ്ഞു കഴിഞ്ഞാൽ പിന്നെ പാട്ടുകൾ കേൾക്കാൻ ഭയങ്കര രസമാണ്. ഉദാഹരണത്തിന്, അമ്പിളി എന്ന സിനിമയിലെ ആരാധികേ എന്ന പാട്ട് ശ്രദ്ധിച്ചാൽ ആ പാട്ടിൽ ഉൾപ്പെടുത്തിയ ചില പദങ്ങളുണ്ട്. മൺതോണി എന്ന പദമൊക്കെ അതിൽ എഴുത്തുകാരൻ ഉപയോഗിച്ചിട്ടുണ്ട്. അമ്പിളി എന്ന കഥാപാത്രത്തിന്റെ സ്വപ്‌നങ്ങൾ ഉടഞ്ഞു പോകുന്നത് പോലെ, വെള്ളത്തിലിട്ടാൽ അലിഞ്ഞു പോകുന്ന മൺതോണി എന്ന പദമാണ് എഴുത്തുകാരൻ അവിടെ ഉപയോഗിച്ചിരിക്കുന്നത്. അമ്പിളി എന്ന കഥാപാത്രത്തോട് അത്രയധികം ചേർന്ന് നിൽക്കുന്ന ഒരു പദമായിട്ടാണ് എനിക്കതിനെ തോന്നിയത്. അങ്ങനത്തെ കുറെ പാട്ടുകൾ എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. എഴുത്തുകാരനായ ജേക്കബ് എബ്രഹാം സാർ ആയിരുന്നു ആ പ്രോഗ്രാമിന്റെ ഹെഡ്.

വരും പ്രോജക്ടുകൾ

പുതിയ പ്രൊജക്ടുകളെ കുറിച്ചൊക്കെ സംസാരിക്കുന്നുണ്ട്. ഒന്നും കാര്യമായി സെലക്ട് ചെയ്തിട്ടില്ല. നല്ല കഥാപാത്രങ്ങൾ വരുന്നതിനനുസരിച്ച് എടുക്കാമെന്നാണ് തീരുമാനം. അതോടൊപ്പം എന്റെ മറ്റു ഇഷ്ടങ്ങൾക്ക് പുറകെയും യാത്ര ചെയ്യണം.

Tags:    
News Summary - Onnam Sakshi Parethan Movie Fame Nikhitha about Her Movie Journey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.