'അന്നും ഇന്നും പ്രിയം ബോളിയും പായസവും', ഓണവിശേഷങ്ങളുമായി നിരഞ്ജ് മണിയൻപിള്ള രാജു

പ്രശസ്ത ചലച്ചിത്ര താരം മണിയന്‍പിള്ള രാജുവിന്റ മകനും ചലച്ചിത്ര നടനുമാണ് നിരഞ്ജ് മണിയന്‍പിള്ള രാജു. 2013ല്‍ പുറത്തിറങ്ങിയ ബ്ലാക്ക്‌ ബട്ടര്‍ഫ്ലൈസ് എന്ന ചിത്രത്തിലൂടെയാണ്‌ നിരഞ്ജ് ചലച്ചിത്രരംഗത്ത് എത്തുന്നുന്നത്. പിന്നീട് 2017ല്‍ ബോബി എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ചു. സകലകലാശാല, ഫൈനല്‍സ്, സൂത്രക്കാരന്‍, ത്രയം, ഡിയർ വാപ്പി, മധുര മനോഹര മോഹം തുടങ്ങി ഒരുപാട് ചിത്രങ്ങളിലഭിനയിച്ച നിരഞ്ജ് ഇപ്പോൾ മണിയൻപിള്ള രാജു നിർമിച്ച് മനു രാധാകൃഷ്ണൻ സംവിധാനം ചെയ്യുന്ന 'ഗു' എന്ന ഹൊറർ ചിത്രത്തിൽ നായകനായി അഭിനയിച്ചുകൊണ്ടിരിക്കെ വിവാഹ ശേഷം ആദ്യമെത്തുന്ന ഓണത്തെ കുറിച്ച് സംസാരിക്കുകയാണ്.

കുട്ടിക്കാലത്തെ ഓണം

ഓർമകളിലെ ഓണങ്ങൾ ഓടിയെത്തി നിൽക്കുന്നത് വീട്ടുമുറ്റത്ത് തന്നെ. പൂക്കളമിട്ടും സദ്യയുണ്ടും ഓണം കൊണ്ടാടിയിരുന്നത് വീട്ടിൽ തന്നെയായിരുന്നു. മുത്തച്ഛനും മറ്റും നേരത്തെ മരിച്ചു പോയതിനാൽ ചെറുപ്പത്തിലേ എന്റെ കുടുംബം ഒരു അണുകുടുംബമായി മാറിയിരുന്നു. അതിനാൽ ഞാൻ തന്നെയായിരുന്നു അപ്പുറത്തെ പുരയിടത്തിൽ ചാടിപ്പോയി ഇല മുറിക്കുന്നതും തിരുവനന്തപുരത്തെ പ്രത്യേക പലഹാരമായ ബോളി വാങ്ങിക്കുന്നതുമൊക്കെ. ചിപ്സ് തുടങ്ങിയ മറ്റു പലഹാരങ്ങൾ വാങ്ങി കൊണ്ടുവരുന്നതും ഞാൻ തന്നെയായിരുന്നു. സ്കൂളിലെത്തിയതിൽ പിന്നെയാണ് പൂക്കള മത്സരങ്ങളിലൊക്കെ പങ്കെടുക്കാൻ തുടങ്ങിയത്. നാലാം ക്ലാസിലെത്തിയത് മുതൽ പൂക്കളങ്ങളിടുമായിരുന്നു. പിന്നെ അത് ഹൗസ് തിരിച്ച് മൽസരമായി മാറി. അച്ഛൻ അന്ന് തിരക്കുള്ള നടനായി മാറിയിരുന്നെങ്കിലും ആഘോഷങ്ങളിൽ അച്ഛനെ മിസ് ചെയ്തിരുന്നില്ല. കാരണം ഒരു പടത്തിൻ്റെ വർക്ക് ഒരു മാസമുണ്ടാകാറുണ്ടെങ്കിലും അച്ഛന് 10 ദിവസമൊക്കെയേ ഉണ്ടാകൂ. അതിനിടയിൽ അച്ഛൻ വീട്ടിലെത്തും. അതിനാൽ ചെറുപ്പത്തിലും അച്ഛൻ്റെ തിരക്കുകൾ മിസ് ചെയ്യുന്ന രൂപത്തിൽ ഞങ്ങൾക്കനുഭവപ്പെട്ടിട്ടില്ല.

ഇഷ്ട ഓണവിഭവം

ഇഷ്ടപ്പെട്ട ഓണവിഭവം അന്നും ഇന്നും ബോളിയും പായസവും തന്നെ. തിരുവനന്തപുരത്തുകാരുടെ ബോളി ചപ്പാത്തി പോലുള്ള ഒരു പലഹാരമാണ്. പായസത്തിൽ പാൽപായസമാണ് ഏറെയിഷ്ടം. ഓണാഘോഷത്തെ എല്ലാ അർഥത്തിലും ഒരു മതസൗഹാർദ ആഘോഷമാക്കാൻ ശ്രമിക്കാറുണ്ട്. വിവിധ മതസ്ഥരായ സുഹൃത്തുക്കളെ ആഘോഷത്തിലേക്ക് വിളിക്കുകയും സദ്യയിൽ പങ്കെടുപ്പിക്കുകയും ഒക്കെ ചെയ്യാറുണ്ട്. ഓണം മാത്രമല്ല, എല്ലാ ആഘോഷങ്ങളും ജാതി മത വ്യത്യാസമില്ലാതെ ഞാൻ ആഘോഷിക്കും. ഓരോ ആഘോഷങ്ങളും സുഹൃത്തുക്കളുമായി ഒത്തുചേരാനുള്ള അവസരമായതിനാൽ അത് പരമാവധി ഉപയോഗപ്പെടുത്തുകയാണ് പതിവ്. അതിനാൽ ആഘോഷങ്ങളിൽ മതം കലർത്താറില്ല. മതത്തിനപ്പുറം സൗഹൃദങ്ങൾക്കാണ് വില കൽപ്പിക്കാറ്.

ഓണപ്പാട്ടുകൾ

ഓണപ്പാട്ടുകളിൽ ഏറെ ഇഷ്ടം ജേക്കബിൻ്റെ സ്വർഗരാജ്യം എന്ന സിനിമയിലെ തിരുവാവണി രാവ് എന്ന പാട്ടാണ്. പാട്ടുകൾ ഇഷ്ടമാണെങ്കിലും ഞാൻ പാടാറില്ല. എന്നാൽ ഭാര്യ പാട്ടുപാടും. ഓണത്തിന് തിരുവോണമല്ലാത്ത ദിവസങ്ങളിൽ യാത്ര പോകാറുണ്ട്. എന്നാൽ അധിക ദിവസവും ഓണത്തിന് വീട്ടിൽ തന്നെയായിരിക്കും. അല്ലാത്ത ദിവസങ്ങളിൽ യാത്ര പോകാറുണ്ട്. യാത്രകൾ ഇഷ്ടമാണ്.

പ്രണയകാലത്തെ ഓണം

നിരഞ്ജനയുമായുള്ള പ്രണയകാലത്തെ ഓണങ്ങൾക്കും ആഘോഷത്തിൻ്റെ നിറം തന്നെയായിരുന്നു. അവളുടെ വീട് അടുത്ത് തന്നെയാണെന്നതിനാലും വീട്ടിലെ സന്ദർശകയാണെന്നതിനാലും വലിയ കൗതുകങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നാലും ഇത്തവണ നിരഞ്ജനയുടെ വരവിന് ശേഷമുള്ള ആദ്യ ഓണമാണെന്ന പ്രത്യേകത തന്നെയാണ് ഈ ഓണത്തിന്.

ഇത്തവണത്തെ ഓണം

ചെറുപ്പത്തിൽ ഓണാഘോഷത്തിന് മൽസരങ്ങളിൽ ഒക്കെ പങ്കെടുത്തിരുന്നെങ്കിലും ഇപ്പോൾ വീട്ടിൽ ആഘോഷിക്കുക, ഭക്ഷണം കഴിച്ച് കിടന്നുറങ്ങുക എന്നിങ്ങനെ മാത്രമായി മാറി. ഞാൻ സിനിമയിലെത്തിയതിന് ശേഷം ഒരുപാട് സിനിമകളിലഭിനയിച്ചെങ്കിലും ഷൂട്ടിങ് സ്ഥലത്ത് ഓണക്കാലത്ത് ഉണ്ടാവുകയോ ഓണമാഘോഷിക്കുകയോ ചെയ്തിട്ടില്ല. എല്ലാ ഓണക്കാലത്തും വീട്ടിൽ തന്നെയുണ്ടാകാറുണ്ട്. എന്നാൽ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന 'ഗു' എന്ന ഹൊറർ ചിത്രത്തിൻ്റെ സെറ്റിലാണ് ഇത്തവണത്തെ ഓണാഘോഷം. ആദ്യമായാണ് സെറ്റിൽ ഓണമാഘോഷിക്കുന്നത്. വിവാഹം ശേഷം ആദ്യ ഓണമാണ് എന്ന പ്രത്യേകത കൂടിയുണ്ട്. അതിനാൽ ഭാര്യ നിരഞ്ജനയും സെറ്റിലെത്തും.

ഈ സമയത്ത് എല്ലാവർക്കും സന്തോഷത്തോടെ ജാതി മത ചിന്തകളില്ലാതെ എന്നും ഓണമാഘോഷിക്കാൻ കഴിയട്ടെയെന്നാണ് എൻ്റെ ആഗ്രഹവും ആശംസയും.

Tags:    
News Summary - Niranj Maniyanpilla Raju Shares his Onam Memory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.