വിനീതിന് 'മുകുന്ദൻ ഉണ്ണി'യുടെ ക്ലൈമാക്സിൽ എതിർപ്പുണ്ടായിരുന്നു -അഭിനവ് സുന്ദർ നായക്

പ്രമുഖ എഡിറ്റർ അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത ചിത്രമായ മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് കൂടുതൽ ചർച്ചയാകുന്നത് കഥയിലെയും കഥാപാത്രത്തിലെയും വ്യത്യസ്തത കൊണ്ടാണ്. സൈക്കോളജിക്കലി അപ്പ്രോച്ച് ചെയ്ത തന്റെ ആദ്യചിത്രത്തെക്കുറിച്ചും തന്റെ വിശേഷങ്ങളെക്കുറിച്ചും സംവിധായകൻ അഭിനവ് സുന്ദർ നായക് സംസാരിക്കുന്നു.

•അർഹിക്കുന്ന അംഗീകാരം ലഭിക്കുന്നത് ഇപ്പോൾ

മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് തിയറ്ററുകളിൽ റിലീസാകുന്ന സമയത്ത് സോഷ്യൽമീഡിയയിൽ മാർക്കറ്റിങ് ക്യാമ്പയിനൊക്കെ നടത്തിയിരുന്നു. പക്ഷേ ഓഫ് ലൈൻ പ്രമോഷൻസും ഡിസ്ട്രിബ്യൂഷനുമൊക്കെ വേണ്ടത്ര ആക്ടീവല്ലാത്തതിനാൽ അധികം ഓഡിയൻസിലേക്ക് സിനിമ എത്തിക്കാൻ കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ സിനിമക്ക് അർഹിക്കുന്ന ശ്രദ്ധ തിയറ്ററിൽ കിട്ടിയിരുന്നില്ല. എന്നാൽ പ്രൊഡ്യൂസറെ സംബന്ധിച്ചിടത്തോളം സിനിമക്ക് ലാഭം കിട്ടിയിട്ടുമുണ്ട്. ആ നിലക്ക് സിനിമ ഒരു മേജർ ഹിറ്റ് അല്ലെങ്കിൽ കൂടിയും പ്രൊഡ്യൂസർ സൈഡിൽ നിന്ന് നോക്കുകയാണെങ്കിൽ ലാഭം തന്നെയാണ്. ഇപ്പോൾ പിന്നെ ഓടിടി പ്ലാറ്റ്ഫോമിൽ കൂടി സിനിമ എത്തിയതോടെ പ്രേക്ഷകർ സിനിമയെ സ്വീകരിച്ചിരിക്കുകയാണ്. തീർച്ചയായും ബോക്സ്ഓഫീസ് റെസ്പോൺസ് കിട്ടാൻ അർഹമായ വർക്ക് തന്നെയാണ് ഇതെന്നാണ് വിശ്വസിക്കുന്നത്.


•സക്സസ് ഒരിക്കലും റൊമാന്റിസൈസ് ചെയ്യേണ്ട ഒന്നല്ല.

നമ്മൾ പ്രേക്ഷകരോട് എന്തെങ്കിലും പറയാൻ ആഗ്രഹിക്കുന്നുവെങ്കിൽ അത് ഏറ്റവും എന്റെർടെയിനിങായി തന്നെ പറയാൻ ശ്രമിക്കുക എന്നതാണ് എന്റെ ആശയം.മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സിലൂടെ ഞാൻ പറയാൻ ഉദേശിച്ചത് അതിന്റെ ക്ലൈമാക്സിലെ ആ സാരാംശമാണ്. ആ ക്ലൈമാക്സ് ആദ്യം കിട്ടിയതിനുശേഷം അതിനുവേണ്ടി ഉണ്ടാക്കിയെടുത്ത സ്ക്രിപ്റ്റാണ് ബാക്കിയുള്ള സിനിമ മൊത്തം. മുകുന്ദൻ ഉണ്ണിയെ പോലുള്ള ഒരുപാട് ആളുകളെ കണ്ടു അവരിൽ നിന്നെല്ലാം പലതരം അനുഭവങ്ങൾ നേടിയതിനു ശേഷമാണ് ഇങ്ങനെയൊരു സിനിമ ചിന്തിക്കുന്നത്. അതുകൊണ്ട് തന്നെ മുകുന്ദൻ ഉണ്ണിയിലെ ആ ക്ലൈമാക്സിലേക്ക് എത്തിക്കുക എന്നുള്ളതായിരുന്നു നമ്മുടെ ലക്ഷ്യം. ആ ക്ലൈമാക്സ്‌ ഇഷ്ടപെടാത്ത ആളുകളും ഇഷ്ടപെടുന്ന ആളുകളുമുണ്ട്. നമ്മളുടെ ജീവിതത്തിൽ നിന്ന് നമ്മൾ പഠിക്കുന്ന പല കാര്യങ്ങളുണ്ട്. വ്യക്തിപരമായിട്ട് എനിക്ക് തോന്നിയിട്ടുള്ളത് കർമ്മ എന്നൊരു ഒരു സാധനം ഇല്ലെന്നാണ്. സക്സസിനെ റൊമാന്റിക്സൈസ് ചെയ്യുന്ന വേർഷനാണ് നമ്മുടെ ആളുകൾകിടയിലുള്ളത്. ഉദാഹരണത്തിന് ബയോപിക് ഒക്കെ എടുത്തു നോക്കിയാൽ അതിൽ ഹാർഡ് വർക്ക്, ഡെഡിക്കേഷൻ എല്ലാം കാണിക്കും. എന്നാൽ അത്രയ്ക്ക് ബ്ലാക്ക് ആൻഡ് വൈറ്റ് ആയിട്ടുള്ള ഒന്നല്ല സക്സസ് എന്ന് പറയുന്നത്.ഒരിക്കലും ഈസിയായി പറഞ്ഞുപോകാനുള്ള ഒന്നല്ല സക്സസിലേക്കുള്ള വഴി. ആ യാഥാർത്ഥ്യം ആളുകളിലേക്ക് എത്തിക്കണമെന്ന് എനിക്കുണ്ടായിരുന്നു.സക്സസ് ഒരിക്കലും റൊമാന്റിസൈസ് ചെയ്യേണ്ട ഒന്നല്ല. പല ആളുകളും സക്സസിലേക്ക് എത്തിയിട്ടുള്ളത് പല രീതിയിലായിരിക്കും. അതൊന്നും പുറത്ത് അറിഞ്ഞു കൊള്ളണമെന്നില്ല.


• സൈക്കോപാത്തായ മുകുന്ദൻ ഉണ്ണി

മുകുന്ദൻ ഉണ്ണിയെ നമ്മൾ ഡിസൈൻ ചെയ്യുമ്പോൾ ആ കഥാപാത്രം സൈക്കോപാത്ത് ആയിട്ടാണ് ചെയ്തുവച്ചിരിക്കുന്നത്. എന്നാൽ അയാളുടെ വ്യക്തിത്വം നിർണ്ണയിക്കുവാനുള്ള അവസരം നമ്മൾ പ്രേക്ഷകർക്ക് വിട്ടുകൊടുക്കുകയായിരുന്നു. അയാൾ ജന്മനാ തന്നെ ഒരു സൈക്കോപാത്താണ്. ജനിക്കുമ്പോൾ തന്നെ എമ്പപതിയുടെ ഒരു നേർവ് അയാളിലില്ല. എന്നാൽ നമ്മളാ സിനിമയിലൂടെ നേരിട്ടത് പറയുന്നുമില്ല. ഒരു സോഷ്യോപാത്തിനെ സംബന്ധിച്ചിടത്തോളം എമ്പതി ഇല്ലായ്മ അയാൾക്കയാളുടെ ജീവിതാനുഭവങ്ങളിൽ നിന്നാണ് ഉണ്ടാവുന്നത്. ബട്ട് സൈക്കോപാത്തുകൾക്ക് ജനിക്കുമ്പോൾ മുതലേ എമ്പതി ഇല്ല. മുകുന്ദൻ ഉണ്ണി കുട്ടികാലത്തു അയാളുടെ മുത്തശ്ശനെ പടക്കം എറിഞ്ഞു കൊന്നയാളാണ്. അങ്ങനെ ഒരാൾ സോഷ്യോപാത്താകില്ല. സൈക്കോപാത്തു തന്നെയാകും. മുകുന്ദൻ ഉണ്ണിയുടെ സ്ക്രിപ്റ്റിന് വേണ്ടി ഞാൻ സൈക്കോപാത്തുകളെ കുറിച്ച് റിസർച്ച് ചെയ്തിട്ടുണ്ട്. ആ സമയത്ത് കൂടെയുണ്ടായിരുന്ന സഹഎഴുത്തുകാരൻ വിമൽ സിനിമയിലെ നിയമവശങ്ങളെ കുറിച്ചായിരുന്നു റിസർച്ച് ചെയ്തിരുന്നത്. ഒരു സൈക്കോപ്പാത്തായ ആൾ എന്തെല്ലാം ചെയ്യും എന്തെല്ലാം ചിന്തിക്കും എന്നെല്ലാം ഓരോരോ ഘട്ടങ്ങളിലും നന്നായി പഠിച്ചു തന്നെയാണ് എഴുതിയത്.

•വിനീതിനൊപ്പം തിര മുതൽ മുകുന്ദൻ ഉണ്ണി വരെ

ഞാൻ അല്പം ഇൻട്രോവേർട്ടഡ് ആണ്. അതുകൊണ്ടുതന്നെ ആളുകളുമായി ബന്ധം സൂക്ഷിക്കുന്നതിൽ അല്പം വീക്കാണ്. തിര സിനിമയിൽ ഞാൻ വിനീതേട്ടന്റെ കൂടെ അസിസ്റ്റന്റ് ഡയറക്ടർ ആയി വർക്ക് ചെയ്തു. അതിന് ശേഷം ഞാൻ ആ ബന്ധം നിലനിർത്തുന്നതിൽ അത്ര ആക്റ്റീവ് അല്ലായിരുന്നു. വിനീതേട്ടൻ തന്നെയാണ് പലപ്പോഴും ഇങ്ങോട്ട് വിളിച്ചിരുന്നത്. ഞങ്ങൾക്കിടയിലെ സൗഹൃദം വളരുന്നത് പോലും വളരെ പതുക്കെയാണ്. 2013 മുതൽ വിനീതേട്ടന്റെ കൂടെ ഞാൻ ഉണ്ടെങ്കിലും ഞങ്ങൾക്കിടയിൽ അത്രയും അടുപ്പം വരുന്നത് 2019 ഒക്കെയാകുമ്പോഴാണ്. നേരെമറിച്ച് എന്റെ കൂടെയുണ്ടായിരുന്ന ബേസിലൊക്കെ അക്കാലത്ത് തന്നെ വിനീതേട്ടനുമായി നല്ല ബന്ധമുണ്ടായിരുന്നു. എന്റെ ഒരു ഇൻട്രോവെർട്ട് സ്വഭാവം അനുസരിച്ച് എല്ലാ ബന്ധങ്ങളും പതുക്കെയാണ് ഞാൻ വളർത്തിക്കൊണ്ടുവന്നിട്ടുള്ളത്. വിനീതേട്ടന് മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സിന്റെ ക്ലൈമാക്സിൽ ചെറിയ എതിർപ്പുണ്ടായിരുന്നു. ആൾ വിശ്വസിക്കാത്ത ഒരാശയമാണ് ആ ക്ലൈമാക്സ്‌. എന്നാൽ ഞാൻ എന്തെങ്കിലും ഒന്നിനെ സമീപിക്കുമ്പോൾ തികഞ്ഞ ആത്മാർത്ഥതയോടെ മാത്രമേ സമീപിക്കാറുള്ളൂ എന്ന് വിനീതേട്ടന് നന്നായി അറിയാം. അതുകൊണ്ടുതന്നെ ആയിരിക്കാം എന്നെ നന്നായി വിശ്വസിച്ചു ഈ വർക്ക് ചെയ്യാം എന്നുള്ള തീരുമാനത്തിൽ വിനീതേട്ടൻ മുന്നോട്ടു വരികയായിരുന്നു.


• അസിസ്റ്റന്റ് ഡയറക്ടറിൽ നിന്നും എഡിറ്ററിലേക്ക്

ഒരുപാട് കാലം മുൻപ് തന്നെ വിനീതേട്ടൻ എന്റെ ഫേസ്ബുക്ക് സുഹൃത്തായിരുന്നു. അക്കാലങ്ങളിൽ ഞാൻ എഡിറ്റ് ചെയ്ത, സംവിധാനം ചെയ്ത ഷോർട്ട് ഫിലിംസ് ഒക്കെ വിനീതേട്ടൻ കണ്ടിട്ടുണ്ട്. അങ്ങനെയാണ് ഞാൻ അസിസ്റ്റന്റ് ഡയറക്ടർ ആവാൻ ചാൻസ് ചോദിച്ചത്. അങ്ങനെ തിരയിലേക്ക് അസിസ്റ്റന്റ് ഡയറക്ടറായി എത്തി. എന്നാൽ മുൻപേ തന്നെ ഷോർട്ട് ഫിലിംസ് ഒക്കെ എഡിറ്റ് ചെയ്യുന്നത് കാരണം സിനിമയിലേക്ക് എഡിറ്റ് ചെയ്യാനുള്ള ഓപ്ഷനൊക്കെ തിര കഴിഞ്ഞപ്പോഴേക്കും വന്നു. അങ്ങനെയാണ് എഡിറ്റർ ആയി മാറുന്നത്. എന്നാൽ എപ്പോഴും എന്റെ താല്പര്യം സംവിധായകനാകുന്നതിലാണ്.

• എഡിറ്റിംഗ് സ്ക്രിപ്റ്റിൽ സഹായകരമായോ?

മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സിന്റെ സ്ക്രിപ്റ്റ് എഴുതുന്ന സമയത്ത് നമുക്കത് തിരിച്ചറിയാൻ പറ്റിയിട്ടില്ല. പക്ഷേ ഇതുപോലെ ഇന്റർവ്യൂ സമയങ്ങളിൽ ആളുകൾ ചോദിക്കുമ്പോഴാണ് ശരിയാണല്ലോ ഞാനൊരു എഡിറ്ററായതു കൊണ്ടായിരിക്കും ഇങ്ങനെയൊക്കെ എഴുതി വെച്ചതെന്ന് ചിന്തിക്കുന്നത്. ആ സിനിമയ്ക്ക് വേണ്ടി സഹ എഴുത്തുകാരൻ വിമൽ ഒരു 10 പേജ് എഴുതുമ്പോൾ ഞാൻ അതിൽ രണ്ടുപേജു മാത്രമായിരിക്കും എടുക്കുക. ഒരുപക്ഷേ എഡിറ്റിങ്ങിന്റെ പരിചയം കൊണ്ടായിരിക്കാം ഞാൻ അങ്ങനെയൊരു തീരുമാനമെടുത്തത് എന്നിപ്പോൾ തോനുന്നു.

•പുതിയ വർക്കുകൾ

മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സിന്റെ സ്വീക്കന്റ് പ്ലാൻ ചെയ്യുന്നുണ്ട്.ഐഡിയ കിട്ടിയിട്ടുള്ളൂ. എഴുത്തു തുടങ്ങിയിട്ടില്ല.മറ്റു വർക്കുകളുടെ ശ്രമങ്ങളും നടക്കുന്നുണ്ട്.

Tags:    
News Summary - Mukundan Unni Associates Director Abhinav Sunder Nayak Latest Malyalam interview

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.