മെറിൻ ഫിലിപ്പ്

സിനിമയിലേക്കുള്ള തിരിച്ചുവരവ് എളുപ്പമായിരുന്നില്ല; മെറിൻ ഫിലിപ്പ്- അഭിമുഖം

പൂമരം സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട യുവതാരമാണ് മെറിൻ ഫിലിപ്പ്. തുടർന്ന് ഹാപ്പി സർദാർ എന്ന സിനിമയിലൂടെ കൂടുതൽ ശ്രദ്ധേയയായ മെറിൻ ഒരു ചെറിയൊരു ഇടവേളക്ക് ശേഷം വാതിൽ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. തന്റെ പുതിയ സിനിമ വിശേഷങ്ങളെ കുറിച്ച് മെറിൻ സംസാരിക്കുന്നു മാധ്യമത്തോട്.

വിനയ് ഫോർട്ടിനൊപ്പം വാതിലിൽ

ഞാൻ അഭിനയിച്ച് റിലീസ് ചെയ്ത ഏറ്റവും പുതിയ സിനിമയാണ് വാതിൽ. ആ സിനിമയെക്കുറിച്ചും എന്റെ കഥാപാത്രത്തെക്കുറിച്ചുമെല്ലാം വളരെ നല്ല അഭിപ്രായങ്ങളാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. പക്ഷേ സിനിമയുടെ പ്രമോഷൻ വർക്കുകളധികം നടക്കാത്തതുകൊണ്ടാണെന്ന് തോന്നുന്നു കൂടുതൽ ആളുകളിലേക്കും, കുടുംബ പ്രേക്ഷകരിലേക്കും വേണ്ടത്ര രീതിയിൽ എത്തിയിട്ടില്ല. ഈ സിനിമയിലെ നായകനായ വിനയ് ചേട്ടന്റെ കരിയറിലെ ബെസ്റ്റ് പെർഫോമിൽ ഒന്നുതന്നെയാണ് അദ്ദേഹമിതിൽ ചെയ്ത കഥാപാത്രം. മികച്ച പ്രകടനമാണ് അദ്ദേഹമതിൽ കാഴ്ച വെച്ചിരിക്കുന്നത്. മാത്രമല്ല ഒപ്പം അഭിനയിക്കുന്ന നമ്മളോട് പോലും വളരെ ഫ്രണ്ട് ലിയായിട്ടാണ് ഇടപെട്ടത്. സിനിമയുടെ സ്ക്രിപ്റ്റവർ എഴുതിവെച്ച അതേപോലെ പെർഫോം ചെയ്യുകയല്ലായിരുന്നു ഞങ്ങളിതിൽ. പകരം,ഒരു സീൻ ക്യാമറക്ക് മുൻപിൽ ചെയ്യുന്നതിന് മുൻപേ തന്നെ അതിനെ എങ്ങനെ ഇംപ്രവൈസ് ചെയ്യാമെന്ന് വിനയ് ചേട്ടൻ പറഞ്ഞു തരികയും പഠിപ്പിക്കുകയും ചെയ്യുമായിരുന്നു. ആൾ വളരെ സപ്പോർട്ട് ആയിരുന്നു എന്നുവേണം പറയാൻ. ഈ സിനിമയിൽ ആദ്യം വേറൊരു നായികയെയായിരുന്നു അവർ കണ്ടെത്തിയിരുന്നത്. പക്ഷേ ഷൂട്ട് തുടങ്ങുന്നതിന് കുറച്ചു ദിവസം മുൻപ് തന്നെ അതിലൊരു തിരുത്ത് വന്ന് അവരെന്നെ സമീപിക്കുകയായിരുന്നു. സത്യത്തിൽ അഭിനയിക്കാൻ ചെല്ലുമ്പോൾ പോലും ആ കഥാപാത്രത്തെക്കുറിച്ച് എനിക്ക് വലിയ ധാരണയില്ലായിരുന്നു. പക്ഷേ എന്റെ ഓപ്പോസിറ്റ് നിൽക്കുന്നത് വിനയ് ചേട്ടനെ പോലെ നല്ലൊരു ആർട്ടിസ്റ്റായതുകൊണ്ട് ആ കഥാപാത്രം എന്നെ ഒരുപാട് നന്നാക്കിയെടുക്കാൻ സഹായിച്ചു.

റിലീസിനൊരുങ്ങുന്ന രാഹേൽ മകൻ കോര

നവാഗതനായ ഉബൈനി സംവിധാനം ചെയ്യുന്ന ചിത്രമാണ് റാഹേൽ മകൻ കോര. ഞാനഭിനയിച്ചു റിലീസാവാൻ പോകുന്ന അടുത്ത സിനിമയാണത്. ആ സിനിമയിൽ ഗൗതമി എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. അച്ഛനില്ലാതെ വളരുന്ന ഒരു പെൺകുട്ടിയുടെയും ഒരാൺകുട്ടിയുടെയും സ്വഭാവത്തിനും ജീവിതശൈലിക്കും ഒരുപാട് വ്യത്യാസങ്ങളുണ്ടാകും. പക്ഷേ അത് പാടില്ല എന്ന് പറഞ്ഞുകൊണ്ട് കെ.എസ്.ആർ.ടി.സി.കണ്ടക്ടറായി കുട്ടനാട്ടിലേക്ക് വരുന്ന പെൺകുട്ടിയാണ് ഗൗതമി . പാലായിൽ നിന്നും ആലപ്പുഴ ഡിപ്പോയിൽ ജോലി ലഭിക്കുന്ന കോര എന്ന യുവാവിൻ്റേയും കോരയുടെ വരവോടെ ജോലി നഷ്ടമാകുന്ന എംപാനൽ കണ്ടക്ടറായ ഗൗതമിയെന്ന പെൺകുട്ടിയുടേയും കഥയാണിത്. കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ നർമ്മത്തിന് മുൻതൂക്കം നൽകി കഥപറയുന്ന ഈ സിനിമയിൽ നടൻ ആൻസൺ പോളാണ് കോരയെ അവതരിപ്പിക്കുന്നത്.

നാലുവർഷത്തെ ഇടവേളക്ക് ശേഷമുള്ള തിരിച്ചുവരവ്

നാലു വർഷങ്ങൾക്കുശേഷമാണ് വാതിൽ സിനിമയിലൂടെ ഞാൻ മലയാള സിനിമയിലേക്ക് വീണ്ടും തിരിച്ചുവരുന്നത്. അതിനിടയിൽ ഞാൻ തമിഴും തെലുങ്കും സിനിമകൾ ചെയ്തു. ഈ നാലുവർഷമെന്ന് പറയുമ്പോൾ തന്നെ അതിനിടയിലെ രണ്ടുവർഷം കൊറോണ സമയമായിരുന്നു എന്നുകൂടി ഓർക്കണം. ഹാപ്പി സർദാർ എന്ന സിനിമക്ക് ശേഷം ഒന്ന് രണ്ട് നല്ല പ്രോജക്ടുകൾ ഞാൻ ഏറ്റെടുത്തിരുന്നു. പക്ഷേ അന്നത്തെ കൊറോണ കാരണം ആ വർക്കുകളെല്ലാം മുടങ്ങി പോയി. പിന്നെയാണ് വാതിൽ ചെയ്യുന്നത്. തുടർന്നു വടക്കൻ എന്നൊരു സിനിമയിൽ അഭിനയിച്ചു. കിഷോർ കുമാറും ശ്രുതി മേനോനും ഒന്നിച്ചുള്ള സിനിമയായിരുന്നു അത്. ഉണ്ണി ആർ സാറാണതിന്റെ സ്ക്രിപ്റ്റ് ചെയ്തത്. സത്യത്തിൽ കൊറോണക്കു ശേഷം ഒരു തിരിച്ചുവരവ് നടത്തുക എന്നത് വലിയ ടാസ്കായിരുന്നു. കൊറോണക്ക് മുൻപ് തന്നെ സിനിമയിൽ നമുക്ക് കിട്ടിയ ഒരു ബ്രേക്ക് നിലനിർത്താൻ പറ്റാതെ പോയത് വളരെ വിഷമമുണ്ടാക്കുന്ന ഒരു കാര്യമാണ്. അതുകൊണ്ടുതന്നെ തിരിച്ചുവരുക എന്നുള്ളത് ബുദ്ധിമുട്ടായിരുന്നു. മാത്രമല്ല എന്നെ തിരഞ്ഞു വരുന്ന സ്ക്രിപ്റ്റുകളിൽ ഞാൻ തൃപ്തയായിരുന്നില്ല എന്നതും സിനിമയിൽ നിന്ന് വിട്ടുനിൽക്കാനുള്ള ഒരു കാരണമായി.

പാഷൻ കൈവിടാത്തത് കൊണ്ട് സിനിമ നടിയായി

2018 ലാണ് പൂമരം സിനിമ റിലീസിനെത്തുന്നത്. അതിനു മുൻപ് ഞാൻ പഠിച്ചതും വളർന്നതുമെല്ലാം അബുദാബിയിലാണ്. തുടർന്ന് കോളജ് വിദ്യാഭ്യാസമെത്തുമ്പോൾ ഞാൻ നാട്ടിലേക്ക് വന്നു. നേരത്തെ തന്നെ ഓഡിഷനു പോകുമായിരുന്നു. ഒരു മാസത്തിൽ 20 ഓഡിഷനുകൾ വരെ അറ്റൻഡ് ചെയ്ത ഒരു കാലമുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം എത്ര ഓഡിഷനുകളിൽ പോകുന്നു എന്നതല്ല, ഒരു സിനിമയിലെങ്കിലും അഭിനയിക്കുക എന്നുള്ളതാണ് വലിയ കാര്യം. ആ പാഷൻ കൈവിടാത്തത് കൊണ്ട് സിനിമ നടിയായ ആളാണ് ഞാൻ. പിന്നെ ആദ്യത്തെ സിനിമയിലെ നായകൻ കാളിദാസനാണെങ്കിലും ഞങ്ങളൊരുമിച്ചുള്ള രംഗങ്ങളൊന്നും അതിൽ വരുന്നില്ല. പക്ഷേ അടുത്ത സിനിമയായ ഹാപ്പി സർദാറിലാണ് കാളിദാസനുമായി ഒരു ഫ്രണ്ട്ഷിപ്പെല്ലാം ഉണ്ടാക്കാനെനിക്ക് കഴിഞ്ഞത്. സത്യം പറഞ്ഞാൽ സ്റ്റാർഡം ഒന്നുമില്ലാത്ത നല്ലൊരു നടനും വ്യക്തിയുമാണ് കാളിദാസൻ. ഇപ്പോഴും തരക്കേടില്ലാത്ത സൗഹൃദം ഞങ്ങൾക്കിടയിലുണ്ട്

പതിനാലാം വയസ്സിൽ നാടക ട്രൂപ്പിലേക്ക്

ഒമ്പതാം ക്ലാസിൽ പഠിക്കുന്ന സമയത്ത് ബിജു കിഴക്കനേല എന്ന വ്യക്തിയാണ് എന്നെ ആദ്യമായി നാടകത്തിലേക്ക് കൈപിടിച്ച് കൊണ്ടുവരുന്നത്. എന്റെയുള്ളിലെ അഭിനയത്തിന്റെ കല കൂടുതൽ പുറത്തേക്ക് കൊണ്ടുവരാൻ ശ്രമിച്ചതും, നിനക്കെന്തു കൊണ്ട് അഭിനയത്തിൽ കൂടി ശ്രമിച്ചുകൂടാ എന്നൊക്കെയുള്ള ചിന്ത വളർത്താനും ഒരുപാട് ഉപകരിച്ച വ്യക്തിയാണദ്ദേഹം. എന്റെ ആദ്യ നാടകത്തിന്റെ സംവിധായകനായി വരുന്നത് ബാബു അന്നൂർ സാറാണ്. അദ്ദേഹം നടൻ കൂടിയാണ്. ബാബു അന്നൂർ, സുധീരൻ,കെ പി ജെയിംസ് ഏലിയാസ് ഇവർ മൂന്നു പേരും ആയിരുന്നു ഞാൻ ചെയ്തിരുന്നു നാടകങ്ങളുടെ സംവിധായകന്മാർ. ഓരോ സംവിധായകർക്കും ഓരോ രീതിയും ഓരോ ശൈലിയുമുണ്ട്. അതെല്ലാം നമ്മളെ സ്വാധീനിക്കും. ഞാനാണെങ്കിൽ ഒരു തിയറ്റർ ആർട്ടിസ്റ്റ് എന്ന നിലക്ക് മൂന്നുകൊല്ലം അവരുടെ കൂടെ പ്രവർത്തിച്ചു. നാടകത്തിന് മുൻപേ കിട്ടുന്ന ക്യാമ്പുകളിലൂടെ വ്യത്യസ്തതരം പരിശീലനങ്ങൾ നേടിയാണ് അഭിനയത്തിലേക്ക് വരുന്നത്. അന്നവർ പഠിപ്പിച്ചു തന്ന ഒരുപാട് കാര്യങ്ങൾ ഇപ്പോഴും ഷൂട്ട് തുടങ്ങുന്നതിനു മുൻപ് ഞാൻ ആലോചിക്കാറുണ്ട്. അതൊക്കെ അഭിനയത്തിൽ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. മണ്ണ്, ശബ്ദവും വെളിച്ചവും, ഞായറാഴ്ച, നാഗമണ്ഡല എന്നിങ്ങനെയുള്ള നാല് നാടകങ്ങളായിരുന്നു ഞാൻ ഈ മൂന്നുവർഷംകൊണ്ട് ചെയ്തത്.

 പൂമരം ജീവിതത്തിൽ യാഥാർഥ്യമായപ്പോൾ

സ്കൂളിൽ പഠിക്കുന്ന കാലത്ത് ഞാൻ പാട്ടും ഡാൻസുമായിരുന്നു ചെയ്തിരുന്നത്. അതുപോലെ നാടകവും. അതിൽ നിന്ന് വ്യത്യസ്തമായി കഥാപ്രസംഗം തുടങ്ങുന്നത് കോളജ് ലൈഫിലേക്ക് വന്നതിനുശേഷമാണ്. എനിക്കാണെങ്കിൽ മുൻപേ തന്നെ അഭിനയം അറിയാവുന്നതുകൊണ്ട് കഥാപ്രസംഗം ചെയ്യാൻ വളരെയധികം ഇഷ്ടമായിരുന്നു. വളരെ രസകരമായ അനുഭവമെന്താണെന്ന് വെച്ചാൽ പൂമരം സിനിമയിൽ എം.ജി സർവകലാശാല കലോൽസവത്തിൽ കലാകിരീടത്തിനായി ആവേശപ്പോരാട്ടം നടത്തുന്ന കോളജ് സംഘത്തിലെ അംഗമായിട്ടാണ് ഞാൻ അഭിനയിച്ചത്. എന്നാൽ ഇവിടെ ജീവിതത്തിൽ കേരള സർവകലാശാല കലോൽസവത്തിൽ എനിക്ക് കഥാപ്രസംഗത്തിന് ഒന്നാം സ്ഥാനം ലഭിച്ചു. പക്ഷേ കലോത്സവ അഴിമതിയിൽ എനിക്കത് നഷ്ടപ്പെടുകയും ചെയ്തു. പക്ഷേ ആ വാർത്ത മാധ്യമങ്ങളിലൂടെ പുറത്തുവന്നപ്പോൾ സംഘാടകർ അവരുടെ തെറ്റ് തിരുത്തി എനിക്ക് ഒന്നാം സ്ഥാനം തന്നെ തിരിച്ചു തന്നു. മറ്റൊരു പോരാട്ടത്തിലൂടെ തന്നെയാണ് അർഹമായ സ്ഥാനം എനിക്ക് തിരിച്ചു കിട്ടുന്നത്. സത്യം പറഞ്ഞാൽ പൂമരം എന്റെ ജീവിതത്തിൽ യാഥാർഥ്യമാവുകയായിരുന്നു.

 വരും പ്രതീക്ഷകൾ

റാഹേൽ മകൻ കോരയുടെ സെൻസറിങ് കഴിഞ്ഞു എന്ന് വിശ്വസിക്കുന്നു. സിനിമ റിലീസ് ചെയ്യുന്ന ഡേറ്റ് തീരുമാനമായിട്ടില്ല. എന്നാലും സിനിമയുടെ പ്രൊമോഷൻ വർക്കുകളുമായി ഞങ്ങൾ തിരക്കിലാണ്.

Tags:    
News Summary - Merin Philip Latest Interview About Her New Movie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.