മാമുക്കോയ ആളല്‍പ്പം സീരിയസാണ്‌

മാമുക്കോയ എന്നുകേൾക്കു​മ്പോൾ നമ്മുടെ മനസ്സിൽ തെളിയുന്നത് ശുദ്ധഹാസ്യത്തിൽ പൊതിഞ്ഞ ചിരിയാണ്. മുൻവിധികളിൽ നർമം മാത്രം തെളിഞ്ഞുനിൽക്കുന്ന രൂപം. എന്നാൽ, നാലു പതിറ്റാണ്ടുകാലം നോക്കിലും വാക്കിലും നടപ്പിലും മാനറിസങ്ങളിലുമൊക്കെ സൂക്ഷ്മാംശങ്ങളിൽപോലും പൊട്ടിച്ചിരിയുടെ അടങ്ങാത്ത അലകളുയർത്തിയ മാമുക്കോയ ഹാസ്യത്തെ വളരെ ഗൗരവക്കാരനായി കണ്ടിരുന്നയാളാണ് എന്നതാണ് യാഥാർഥ്യം. കലാലോകത്ത് കാലഗതിക്കൊപ്പം ഒരുപാടുദൂരം സഞ്ചരിക്കുമ്പോഴും ശുദ്ധഹാസ്യത്തെ അദ്ദേഹം കൃത്യമായി ഗണിച്ചെടുക്കുന്നുണ്ട്. ‘ചിരിപ്പിക്കാന്‍ വേണ്ടി മെനക്കെട്ട്‌ എന്തെങ്കിലും ചെയ്യുകയാണെങ്കില്‍ അതു ഹാസ്യമല്ല; തനി വളിപ്പാണ്‌’ എന്ന് അദ്ദേഹം ഉറക്കെപ്പറയു​ന്നു. മലയാള സിനിമയിൽ നര്‍മത്തിനുണ്ടായ മാറ്റവും തനതു കോഴിക്കോടൻ ഭാഷയുമായി അഭ്രപാളികളിൽ നിറഞ്ഞുനിന്ന അനുഭവവും ഹാസ്യനടന്മാരോടു​ള്ള ജനത്തി​ന്റെ സമീപനവുമൊക്കെ അസീസ് തരുവണയുമായി സമീപകാലത്തു നടത്തിയ സംഭാഷണത്തിൽ മാമുക്കോയ വിവരിക്കുന്നു...

പഴയ ഹാസ്യ സാമ്രാട്ടുകളില്‍ നിന്നു പുതുതലമുറയിലേക്കെത്തിയപ്പോള്‍ നര്‍മത്തിനുണ്ടായ മാറ്റത്തെ എങ്ങനെയാണു വിലയിരുത്തുന്നത്‌?

അതു തലമുറയുടെ പ്രശ്‌നമല്ല; കാലഘട്ടത്തിന്റെ പ്രശ്‌നമാണ്‌. ഇപ്പോഴത്തെ ഏറ്റവും വലിയ ഹാസ്യം എന്നു പറഞ്ഞാൽ മിമിക്രിയാണ്‌. ഇതു നിലനില്‍ക്കാത്ത ഹാസ്യമാണ്‌. ആറുമാസം പോലും ഇപ്പോഴത്തെ മിമിക്രി ഹാസ്യത്തിനു നിലനില്‍പ്പില്ല. ചിരിച്ചു കഴിഞ്ഞ്‌ ആലോചിച്ചാല്‍ ഈ ചീപ്പിനാണോ ചിരിച്ചത്‌ എന്നു സങ്കടപ്പെട്ടു പോകും. ചിലതു കേട്ടാല്‍ ചിരിയല്ല; കരച്ചിലാണു വരിക. പണ്ടത്തെ ഹാസ്യം അങ്ങനെയല്ല. അതു ശുദ്ധമാണ്‌. 40 കൊല്ലംമുമ്പു ബഹദൂര്‍ക്ക പറഞ്ഞൊരു തമാശ എനിക്കിപ്പോഴും ഓര്‍മയുണ്ട്‌. ``ഹൊ, തീവണ്ടി തട്ടിയാലും മതി നമ്മളുടെ കാലക്കേടിന്‌ മരിക്കാന്‍.'' സൈക്കിള്‍ തട്ടിയാലും എന്നു പറയുന്നതിനു പകരം തീവണ്ടി തട്ടിയാലും എന്ന്‌. 40 കൊല്ലം കഴിഞ്ഞിട്ടും ഇതിലെ തമാശ പലര്‍ക്കും പിടികിട്ടിയിട്ടില്ല. സിനിമാനടന്മാര്‍ അടക്കമുള്ള ഒരു സദസ്സില്‍ ഞാനിതു പറഞ്ഞപ്പോള്‍ പലരും ചിരിക്കാന്‍ ഒരു മണിക്കൂര്‍ കഴിയേണ്ടിവന്നു. പഴയ തലമുറയുടെതു ക്ലീന്‍ ഹാസ്യമായിരുന്നു. ഏറ്റവും സീരിയസ്സായി ചെയ്യുന്നതിന്റെ റിസള്‍ട്ടിനെയാണു ഹാസ്യമെന്നു പറയുന്നത്‌. ചിരിപ്പിക്കാന്‍ വേണ്ടി മെനക്കെട്ട്‌ നിങ്ങള്‍ എന്തെങ്കിലും ചെയ്യുകയാണെങ്കില്‍ അതു ഹാസ്യമല്ല; തനി വളിപ്പാണ്‌. ഇനി ഞാനൊരു തമാശ പറയട്ടെ എന്നു പറഞ്ഞു പറയുന്നതല്ല ഹാസ്യം. നര്‍മത്തിനു സ്വാഭാവികത വേണം.

ഹാസ്യം അവതരിപ്പിക്കുന്നവരെക്കുറിച്ചുള്ള ഒരു തെറ്റിദ്ധാരണ അവര്‍ യഥാര്‍ഥ ജീവിതത്തിലും തമാശക്കാരായിരിക്കും, അല്ലെങ്കില്‍ എപ്പോഴും നര്‍മം പറഞ്ഞുകൊണ്ടേയിരിക്കും എന്നാണ്‌. അതുകൊണ്ട്‌ എല്ലായിടത്തും ഹാസ്യനടന്മാരെ അവര്‍ തമാശക്കാരായിട്ടാണു കാണുന്നത്‌ ?

 അതു ശരിയാണ്‌. മരിച്ച വീട്ടില്‍ ചെന്നാല്‍ മുഖം തുടച്ചു മരിച്ചയാളുടെ മകന്‍ മാത്രമല്ല, ചിലപ്പോൾ മരിച്ചയാളുപോലും എഴുന്നേറ്റു ചോദിക്കും: ``ഏതാ അടുത്ത പടം, ആരാ നായകന്‍, കഥയെങ്ങനെയാണ്‌'' എന്നൊക്കെ. എന്‍. എഫ് വര്‍ഗീസ്‌ മരിച്ച ദിവസം ഞങ്ങള്‍ കുറേപേര്‍ അവിടെ പോയി. ഒരുപാടു ജനം കൂടിയിട്ടുണ്ട്‌. ജനം കൂടിയതു മരിച്ചയാളുടെ ബോഡി കാണാനൊന്നുമല്ല. ഇവിടെ കുറെ നടീനടന്മാര്‍ വരും. അവരെ ഒന്നിച്ചു കാണാം എന്ന നിറഞ്ഞ സന്തോഷത്തോടെയാണ്‌. എന്നിട്ട്‌ ഓരോ നടീനടന്മാര്‍ വന്നിറങ്ങുമ്പോള്‍ ഭയങ്കര കൈയടിയും കമന്റ്‌ പറച്ചിലും. എല്ലാവര്‍ക്കും നല്ല സന്തോഷം!


വൈക്കം മുഹമ്മദ്‌ ബഷീര്‍ മരിച്ച ദിവസവും ഇത്തരം ചില സംഭവങ്ങള്‍ പറഞ്ഞു പറഞ്ഞുകേട്ടിട്ടുണ്ട്‌ ?

ബഷീര്‍ക്കയുടെ മയ്യിത്ത്‌ പള്ളിയിലേക്കു കൊണ്ടുപോവുമ്പോള്‍ ഞങ്ങളൊക്കെ മയ്യിത്ത്‌ കട്ടില്‍ പിടിച്ചു ദു:ഖത്തോടെ നടക്കുമ്പോള്‍ റോഡ്‌ സൈഡില്‍ നിന്ന്‌ `മാമുക്കോയ, മാമുക്കോയ' എന്നു ചിലര്‍ കൗതുകത്തോടെ പറഞ്ഞ്‌ നോക്കുന്നുണ്ടായിരുന്നു. പരിപാടികളില്‍ പ്രസംഗിക്കാന്‍ പോയാൽ നമ്മളാണെങ്കില്‍ കുറെ തമാശ പറയുന്നതു കേള്‍ക്കാനാണു സംഘാടകര്‍ക്കുപോലും ഇഷ്ടം. എപ്പോഴും ചിരിപ്പിക്കുന്ന കോമാളികള്‍!

കോഴിക്കോടന്‍ മാപ്പിള ഭാഷയും രീതിയും സിനിമയില്‍ തന്മയത്വത്തോടെ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന നടനാണു താങ്കള്‍. കോഴിക്കോടന്‍ സ്ലാങ്‌ തിരുവനന്തപുരത്തെ പ്രേക്ഷകന്‌ ആസ്വദിക്കാന്‍ കഴിയുമെന്നു താങ്കള്‍ കരുതുന്നുണ്ടോ? `വേണ്ട' എന്നതിന്‌ `മാണ്ട' എന്നൊക്കൊ പറയുമ്പോള്‍...?

മനസ്സിലാക്കാന്‍ പറ്റുന്നുണ്ടല്ലോ. തിരുവനന്തപുരത്തെ സ്ലാങ്‌ കോഴിക്കോട്ടുകാര്‍ക്കു മനസ്സിലാവുന്നില്ലേ? അതുപോലത്തന്നെയല്ലേ കോഴിക്കോടന്‍ ഭാഷയും. പണ്ടത്തെ സിനിമകളില്‍ മുസ്‌ലിം കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നതു വളരെ കൃത്രിമമായിട്ടായിരുന്നു. തൊപ്പി അല്ലെങ്കില്‍ തലയില്‍ക്കെട്ട്‌, ബെല്‍ട്ട്‌, അരയില്‍ കത്തി, മീശവടിച്ച്‌ താടി, കയിലിമുണ്ട്‌, കൈത്തണ്ടയില്‍ ഉറുക്ക്‌-എന്നിട്ടു ഭൂമി മലയാളത്തില്‍ ആരും പറയാത്ത ഒരു ഭാഷയും: `എന്താണെടോ, നനക്ക്‌ ബുസ്‌തിയില്ലേ സൈത്താനേ, ഹമ്‌ക്കേ...' എന്താണ്‌ നീ വിശാരിച്ചത്‌?' ബുസ്‌തി, വിശാരിച്ചത്‌ എന്നൊക്കെ ആരെങ്കിലും പറയോ? തിക്കുറിശിയൊക്കെയാണ്‌ ഇത്തരം കഥാപാത്രങ്ങളെ കൂടുതലായി അവതരിപ്പിച്ചിരിക്കുന്നത്. സിനിമ തിരുവനന്തപുരം വിട്ട്‌ കോഴിക്കോട്ടേക്കു വന്നതോടെയാണ്‌ ഇത്തരം വ്യാജ കഥാപാത്രങ്ങള്‍ ഇല്ലാതായത്‌. എനിക്കൊരിക്കലും കോഴിക്കോടന്‍ ഭാഷയും രീതിയും പരിമിതമായി തോന്നിയിട്ടില്ല. പിന്നെ ലോകത്തിലെ എല്ലാവര്‍ക്കും മനസ്സിലാവുമോ ഇല്ലേ എന്നൊന്നും നോക്കി ഡയലോഗ്‌ പറയാന്‍ പറ്റോ. ഇങ്ങനെയൊക്കെ പറഞ്ഞതുകൊണ്ടാണു നമ്മള്‍ വേറിട്ടുനില്‍ക്കുന്നത്‌. ഇതൊക്കെ ഉള്‍ക്കൊള്ളാന്‍ പറ്റിയിരുന്ന ആളാണു നരേന്ദ്രപ്രസാദ്‌ സാര്‍. നടന്‍ മാത്രമല്ല; ബുദ്ധിജീവിയുമായിരുന്നു. അദ്ദേഹത്തിനു മലബാറിന്റെ ഭാഷയും സംസ്‌കാരവുമെല്ലാം വലിയ ഇഷ്ടമായിരുന്നു. ഞാന്‍ മലബാറില്‍ പ്രചാരത്തിലുള്ള ചില പദങ്ങളും രീതികളും അദ്ദേഹത്തിനു പറഞ്ഞുകൊടുക്കാറുണ്ടായിരുന്നു. അദ്ദേഹമത്‌ എഴുതിയെടുക്കും. ഒരിക്കല്‍ ഞാന്‍ `കൂറ്റ്‌' എന്ന പദം പറഞ്ഞുകൊടുത്തപ്പോള്‍ അര്‍ഥം ചോദിച്ചു. `ശബ്ദം' എന്നു പറഞ്ഞപ്പോള്‍ പ്രസാദ്‌സാര്‍ പറഞ്ഞു: `നല്ല പദം. സംസ്‌കാരവുമായി ചേര്‍ന്ന ഇത്തരം പദങ്ങളാണു നമ്മള്‍ ഉപയോഗിക്കേണ്ടത്‌'-എന്ന്‌.



മാമൂക്ക സിനിമയില്‍ വരുന്ന കാലത്തെ, ഹാസ്യ നടന്മാരില്‍ ഇഷ്ടപ്പെട്ടവര്‍ ആരൊക്കെയായിരുന്നു?

 മുതുകുളം, ബഹദൂര്‍ക്ക ഇവരൊക്കെ എനിക്ക്‌ ഇഷ്ടപ്പെട്ട നടന്മാരായിരുന്നു. തമിഴില്‍ തങ്കവേലുവിനെയും ചന്ദ്രബാബുവിനെയും ഇഷ്ടമാണ്‌. ചന്ദ്രബാബു സകലകലാ വല്ലഭനാണ്‌. ഡയറക്ട്‌ ചെയ്യും, പാട്ടെഴുതും, പാടും, നല്ലൊരു ബുദ്ധിജീവിയായിരുന്നു. ബാണക്കുറ്റി, മാത്തപ്പന്‍ തുടങ്ങി ഒട്ടേറെ ഹാസ്യ നടന്മാര്‍ നമുക്കുണ്ടായിരുന്നു. ചിലരൊക്കെ കുറച്ചു സിനിമകളിലെ മുഖം കാണിച്ചിരുന്നുള്ളൂ എന്നുമാത്രം. മാത്തപ്പന്‍ `ജീവിത നൗക', `നല്ലതങ്ക', `നീലക്കുയില്‍' തുടങ്ങിയ പല സിനിമയിലും അഭിനയിച്ച ആളാണ്‌. ഒരു സിനിമയില്‍ മുതുകുളം ഇലക്ട്രിക്‌ കണക്‌്‌ഷനുവേണ്ടി ഒരു ഓഫിസില്‍ ഒരുപാടുതവണ കയറിയിറങ്ങുന്ന കഥാപാത്രമാണ്‌. ഭയങ്കര പെര്‍ഫോമന്‍സാണ്‌. പടം കണ്ടാലറിയാം അതിന്റെ മേന്‍മ. ഓഫിസില്‍ വരുന്ന കാലതാമസമാണു പ്രമേയം. മുതുകുളം: `അല്ല, ഇത്‌ ഞാന്‍ അഞ്ചാംതവണയാണ്‌...' ഉടനെ മറുപടി കിട്ടും: `ആയിട്ടില്ല'. `ആയിട്ടില്ല അല്ലേ, ഞാന്‍ പോയ്‌കൊള്ളാം' എന്നു പറഞ്ഞ്‌ ഒരുപാട്‌ തവണ ഇറങ്ങിപ്പോവുകയാണ്‌. അഭിനയത്തിന്റെ തന്മയത്തം അതിലുണ്ടായിരുന്നു. റിയാലിറ്റി ഉണ്ടെങ്കിലേ ഹാസ്യം നന്നാവൂ. നിലനില്‍ക്കൂ.

മാമൂക്ക വ്യക്തി ജീവിതത്തില്‍ സീരിയസും സിനിമയില്‍ കൊമേഡിയനുമാണെന്നു പറയാറുണ്ട്‌. ഈ ദ്വന്ദ്വ വ്യക്തിത്വം?

അങ്ങനെയൊന്നുമില്ല. ഉദാഹരണമായി ഞാനൊരു ചായക്കട നടത്തുകയാണെങ്കില്‍ സിനിമയിലും ജീവിതത്തിലും ഒരുപോലെയായിരിക്കും. മുമ്പില്‍ കാമറ പിടിച്ചാല്‍ സിനിമയാവും. അല്ലെങ്കില്‍ ജീവിതം.


രണ്ടുപേര്‍ കണ്ടുമുട്ടുമ്പോള്‍ കുശലം പറയുകയും പിന്നെയൊരു നര്‍മം പറയുകയും ചെയ്യുന്ന രീതി പണ്ടു കാലത്തുണ്ടായിരുന്നു. ജീവിതത്തില്‍നിന്ന്‌ ഇത്തരം ഹാസ്യസന്ദര്‍ഭങ്ങളും നര്‍മവും അന്യമാവുകയാണോ?

രണ്ടുപേര്‍ കാണുക എന്ന സംഭവമേ ഇപ്പോള്‍ നടക്കുന്നില്ലല്ലോ. അങ്ങനെയുള്ള രണ്ടുപേര്‍ ഇല്ലാതാവുകയാണ്‌. ഇപ്പോള്‍ ആര്‍ക്കുമാര്‍ക്കും ഒന്നിനും നേരമില്ല; താല്‍പ്പര്യവും. പണ്ടു കോഴിക്കോട്ടെ ആളുകൾ കല്ലായിലാണെങ്കില്‌ മരത്തിന്റെ പണി. കടപ്പുറത്താണെങ്കില്‍ ഉരു, തോണി, മുള ഇവകൊണ്ടുള്ള ജോലി. വലിയങ്ങാടിയിലാണെങ്കില്‍ അരിക്കച്ചവടം; അതുമായി ബന്ധപ്പെട്ട പണികള്‍. ഈ മൂന്നുകൂട്ടരും വൈകുന്നേരമായാല്‍ അവരവരുടെ വീട്ടിലെത്തി കുളിച്ച്‌ ഓരോ പ്രദേശത്തുമുള്ള കലാ സമിതികളിലും ക്ലബ്ബുകളിലുമെത്തും. അന്ന്‌ കോഴിക്കോട്ടും പരിസരത്തും ഒരുപാട്‌ കലാ സമിതികള്‍ ഉണ്ടായിരുന്നു. ഇങ്ങനെ ഒത്തുകൂടുമ്പോള്‍ ഒരുപാടു തമാശകള്‍ പറയാനുണ്ടാവും. ഇന്നു ടൗണ്‍ വികസിച്ചു നാട്ടിന്‍പുറം ചുരുങ്ങി ജീവിതത്തിനു സ്‌പീഡ്‌ കൂടിയതോടെ ചിരിയും സൗഹൃദവുമെല്ലാം അന്യമാവുകയാണ്‌. പണ്ട്‌ ആയിരത്തില്‍ 800 പേരും ആസ്വാദകരോ കലാകാരന്‍മാരോ മറ്റോ ആയിരുന്നു. ഇന്നത്‌ 500ല്‍ ചുവടെയായി ചുരുങ്ങിയിരിക്കുന്നു. കലാപരിപാടികള്‍ കാണാന്‍ പോലും ആളുകള്‍ ഇപ്പോള്‍ കുറവാണ്‌. കാസറ്റ്‌ കണ്ടാലും കേട്ടാലും പോരെ എന്ന ചിന്തയാണ്‌. നിങ്ങള്‌ ഇപ്പോഴും ഇതുംകൊണ്ട്‌ നടക്വാ. ഒന്ന്‌ നിര്‍ത്തിക്കൂടെ എന്ന ഭാവവും.

നാടക നടനായിരുന്നല്ലോ. നാടകത്തിന്റെ ഭാവി?

നല്ല നാടകങ്ങളും നാടക സംഘങ്ങളും കുറഞ്ഞു. ആര്‍ട്ടിസ്‌റ്റുകളെ കിട്ടാതെ എത്രയോ നാടക സമിതികള്‍ നശിച്ചുപോയി. പഴയവയില്‍ വളരെക്കുറച്ചു സമിതികളേ ഇപ്പോള്‍ നിലനില്‍ക്കുന്നുള്ളൂ. സീരിയലാണു പുതിയ മേച്ചില്‍ പുറം. വലിയ അഭിനയ സിദ്ധിയൊന്നും സീരിയലിന്‌ ആവശ്യമില്ല. കാണാന്‍ ഭംഗിയുണ്ടെങ്കില്‍ ധാരാളമായി. നാടകം അങ്ങനെയല്ല. സീരിയലോ സിനിമയോ പോലെ ഒരു വട്ടം അഭിനയിച്ചാല്‍ പോര. ഓരോ പ്രദര്‍ശനത്തിനും അഭിനയിക്കണം. അതുകൊണ്ടു നാടകത്തിലൂടെ സിനിമയില്‍ എത്തിയവര്‍ക്കു നടനശേഷി കൂടും. മിമിക്രിയിലും നല്ല കലാകാരന്‍മാര്‍ ഉണ്ട്‌ കെട്ടോ. മിമിക്രിയിലൂടെ വന്ന നടന്‍മാരില്‍ ദിലീപ്‌ നല്ല നടനാണ്‌. അനേകം പേരെ ഒര്‍ജിനലായി അനുകരിക്കുന്ന കോട്ടയം നസീര്‍ നല്ലൊരു മിമിക്രി ആര്‍ട്ടിസ്‌റ്റാണ്‌.



മാമൂക്കയുടെ ഈയിടെ ഇറങ്ങിയ ജീവിതകഥയില്‍ കോഴിക്കോട്ടെ ഒട്ടേറെ രസികന്‍മാരെക്കുറിച്ചു പറയുന്നുണ്ട്‌. ഗൗരവക്കാരായ രസികന്‍മാര്‍?

ബഷീര്‍, സഞ്‌ജയന്‍, തിക്കോടിയന്‍ മുതല്‍ രാമന്‍ വൈദ്യര്‍വരെയുള്ള ഒട്ടേറെ മഹാന്മാരായ രസികന്‍മാര്‍ സാഹിത്യത്തെ മാത്രമല്ല, കോഴിക്കോട്ടെ സദസ്സുകളേയും സമ്പന്നമാക്കിയവരാണ്‌. അവര്‍ അമ്പത്‌വര്‍ഷം മുമ്പു പറഞ്ഞ തമാശകള്‍ ഇന്നും ആസ്വദിക്കുന്നുണ്ട്‌. ജീവിത നിരീക്ഷണങ്ങള്‍ അടങ്ങിയ ആഴമുള്ള ഹാസ്യമാണ്‌ അവരുടേത്‌. തത്വചിന്തയുടെ അംശമാണ്‌ അവയില്‍ ചിലതിലുള്ളത്‌. പുതിയ കാലത്തെ മിമിക്രി തമാശകള്‍ പോലെ തന്നെയാണ്‌ പുതിയകാലത്തെ പാട്ടും. പുതിയപാട്ടിന്റെ ആയുസ്‌ ആറുമാസത്തിലൊതുങ്ങുന്നതാണ്‌. നീലക്കുയിലിലെ പാട്ട്‌ നമ്മള്‍ ഇന്നും ആസ്വദിക്കുന്നുണ്ട്‌. എത്രതവണ കേട്ടാലും മതിവരാത്തവയാണു പഴയ പാട്ടുകള്‍. ഈയൊരു മാറ്റം എല്ലാമേഖലയിലുമുണ്ട്‌. സ്‌പോര്‍ട്‌സ്‌ എന്നു പറഞ്ഞാല്‍ ഇപ്പോള്‍ ക്രിക്കറ്റ്‌ മാത്രമായി. ഫുട്ബോളും വോളിബോളും ബാസ്‌ക്കറ്റും ക്രിക്കറ്റിന്‌ പിന്നിലായില്ലേ. ക്രിക്കറ്റിന്‌ എന്ത്‌ ത്രില്ലാണുള്ളത്‌? വല്ല എരിവും പുളിയുമുണ്ടോ?

Tags:    
News Summary - Mamukoya tells about comedy in his recent interview

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.