വിമർശിക്കാനുള്ള അവകാശം പ്രേക്ഷകർക്കുണ്ട് -ലുക്മാൻ അവറാൻ

മലയാള സിനിമയിലെ സാമ്പ്രദായിക നായക സൗന്ദര്യ സങ്കൽപങ്ങൾക്കപ്പുറം നായകനായി ശ്രദ്ധേയനായ നടനാണ് ലുക്മാൻ അവറാൻ. ദായോം പന്ത്രണ്ടും എന്ന തിയറ്റർ ചിത്രത്തിലൂടെ സിനിമയിലെത്തി പിന്നീട് ഓപറേഷൻ ജാവ, വൈറസ്, തല്ലുമാല, ഉണ്ട, സൗദി വെള്ളക്ക, ജാക്സൺ ബസാർ യൂത്ത്, സുലൈഖ മൻസിൽ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായി നായകപദവിയിലെത്തി. വ്യത്യസ്ത വേഷങ്ങളോടെ മലയാള സിനിമയിൽ മുന്നേറുകയാണ് ലുക്മാൻ. ഇപ്പോൾ സിനിമകളെ കുറിച്ചും കുടുംബത്തെ കുറിച്ചുമൊക്കെ 'മാധ്യമം' ഓൺലൈനോട് സംസാരിക്കുന്നു.

അഭിനയം രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചത് ആരായിരുന്നു?

അഭിനയം രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കു വഹിച്ച ഒരുപാട് പേരുണ്ട്. എൻ്റെ കുടുംബത്തിലോ നാട്ടിലോ അങ്ങനെ കലാപാരമ്പര്യമുള്ള ആരും എനിക്കില്ലായിരുന്നു. ഞാൻ സ്കൂൾ കാലത്ത് നാടകങ്ങൾ ചെയ്യുമായിരുന്നു. അതിന് എന്നെ സഹായിച്ചിട്ടുള്ളത് അബു വളയംകുളം ആണ്.ആദ്യമായി ഷോർട്സ് ചെയ്തപ്പോൾ റഹീസ് മുഹമ്മദ് ആണ് സംവിധാനം ചെയ്തത്. ആദ്യമായി സിനിമ ചെയ്തപ്പോൾ റാഷിദ് ആയിരുന്നു സംവിധാനം. പിന്നെ മുഹ്സിൻ പരാരി, റഹ്മാൻ ഖാലിദ്, അഷ്റഫ് ഹംസ, ചെമ്പൻ വിനോദ്, ജോസ് പെല്ലിശ്ശേരി അങ്ങനെ അങ്ങനെ ഒരുപാട് പേരുണ്ട്.

നാടകം സിനിമയിൽ ഗുണം ചെയ്തോ?

ഏത് രീതിയിൽ എന്ന് പറയാൻ ആകില്ലെങ്കിലും ഗുണം ചെയ്തിട്ടുണ്ടാകാം.

സിനിമയിൽ നായകത്തത്തോളം വളരുമെന്ന് പ്രതീക്ഷിച്ചിരുന്നോ?

നായകനാവുക എന്ന് ഭയങ്കരമായി ആഗ്രഹമുണ്ടായിരുന്നു. അത് ആരോടും പറയാത്ത ആഗ്രഹമായിരുന്നു. സിനിമയിൽ അഭിനയിക്കണം എന്ന ആഗ്രഹം പറയുമായിരുന്നു. അപ്പോൾ അഭിനയിക്കാൻ കഴിയും, അത് നടക്കട്ടെ എന്നൊക്കെ എല്ലാവരും തിരിച്ച് പറയുമായിരുന്നു. എന്നാലും ഇപ്പോഴും ഒരു വലിയ നായക പദവിയിലേക്ക് ഉയർന്നു എന്നൊന്നും എനിക്ക് തോന്നിയിട്ടില്ല. ഇനിയും ഒരുപാട് സിനിമകൾ അതിന് പിന്നിടേണ്ടതായിട്ടുണ്ട്.

മലയാള സിനിമയിലെ രണ്ട് വലിയ നായക നടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ രണ്ടുപേരുടെയും കൂടെ അഭിനയിക്കാനുള്ള അവസരമുണ്ടായിട്ടുണ്ട്. 

ഞാൻ ചെറുപ്പം മുതലെ മമ്മൂക്കയുടെ ആരാധകനാണ്. അതിനാൽ മമ്മൂട്ടി ഫാൻസ് അസോസിയേഷനുമായി ബന്ധപ്പെട്ട് പ്രവർത്തിക്കലും ഫ്ലക്സ് വെക്കാൻ പോകലുമൊക്കെയുണ്ടായിരുന്നു. മമ്മൂട്ടി ഫാൻസ് അസോസിയേഷനിൽ ചേരാൻ വേണ്ടി ഗുരുവായൂരിൽ പോയിട്ടുണ്ട്. ശേഷം കോളജുകളിൽ ഒക്കെ ഫ്ളക്സ് വെക്കാൻ പോയിരുന്നു. അന്നൊക്കെ അടിച്ചുപൊളിക്കുക എന്നതായിരുന്നു എന്റെ രീതി. അന്ന് ഞാൻ മമ്മൂട്ടി ഫാൻസ് ആയതിനാൽ ഞങ്ങളുടെ ഫ്രണ്ട്സ് ഓപ്പോസിറ്റ് സൈഡിൽ പലരും മോഹൻലാൽ ഫാൻസ് ഉണ്ടായിരുന്നു. അപ്പോൾ അവരുമായി തർക്കിക്കേണ്ട സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. പിന്നീട് വലുതായി പക്വത എത്തിയപ്പോഴാണ് രണ്ടു പേരും അഭിനയത്തിന്റെ കാര്യത്തിൽ ലെജൻഡുകളാണ് എന്നുള്ളതൊക്കെ ബോധ്യമാകുന്നത്.

നേരത്തെ പറഞ്ഞതുപോലെ നായകനായി എന്ന് പറയാൻ വരട്ടെ എന്ന് പറയാൻ കാരണമതാണ്. നമ്മൾ ഒന്നോ രണ്ടോ പടത്തിൽ നായകനാവുക എന്നത് അത്ര വലിയ കാര്യമല്ല. ആ നായകത്തം വേരുറക്കുക എന്ന സംഗതിയുണ്ടല്ലോ. അത് നേടിയെടുക്കുമ്പോഴാണ് ശരിക്കും നായകനാകുന്നത്. മമ്മൂട്ടിയും മോഹൻലാലുമൊക്കെ അവർ നിന്നിരുന്ന പൊസിഷൻ അങ്ങനെ ഉറപ്പിക്കണമെന്നുണ്ടെങ്കിൽ അത്രക്കും ലെജൻഡുകൾ ആയതുകൊണ്ടാണ്. അല്ലാതെയൊന്നും മലയാള സിനിമയിൽ നായകപദവി നിലനിർത്താനാകില്ല.

സിനിമാ മോഹങ്ങൾ ഉണ്ടായിട്ടും എന്തുകൊണ്ടാണ് എൻജിനീയറിങ് പഠിക്കാൻ പോയത്?

അന്നൊന്നും സിനിമാ മോഹങ്ങൾ ഉണ്ടായിരുന്നില്ല. സിനിമയെക്കുറിച്ച് തന്നെ അത്രക്ക് വലുതായി ഒന്നും ചിന്തിച്ചിരുന്നില്ല. പ്ലസ് ടുവിന് ഒക്കെ പഠിക്കുന്ന കാലത്ത് സിനിമയുമായി ബന്ധപ്പെട്ട ആരെയും അറിയില്ലായിരുന്നു. സുഹൃത്തുക്കൾ ഒക്കെ എൻജിനീയറിങ്ങിന് പോകുന്നു. അതുകൊണ്ട് ഞാനും പോയി. അത്രതന്നെ.

ആ സമയത്ത് വീട്ടുകാർ എന്തെങ്കിലും ദിശാബോധം കാണിച്ചു തന്നിരുന്നോ?

അക്കാലത്ത് വീട്ടിൽ സിനിമയെക്കുറിച്ച് സംസാരിക്കാനേ പാടില്ലായിരുന്നു. സിനിമയെന്ന് മിണ്ടിയാൽ അതോടെ വീട്ടിലെ കാര്യം തീർന്നു. സിനിമയുടെ പിന്നാലെ നടക്കുന്നു എന്നറിഞ്ഞപ്പോൾ തന്നെ വീട്ടിൽ പ്രശ്നമായി. സിനിമയോടുള്ള വിരോധമായിരുന്നില്ല കാരണം. എന്റെ ഭാവിയായിരുന്നു. അതിനാൽ എത്രയും പെട്ടെന്ന് ഗൾഫിൽ പോകണം എന്നാണ് വീട്ടുകാർ നിർബന്ധിച്ചത്‌.

സുലൈഖ മൻസിലിൽ ഡാൻസ് ഒക്കെ നന്നായി ചെയ്യുന്നുണ്ട്. പാട്ടും ഡാൻസും ആയിട്ടുള്ള ബന്ധങ്ങൾ എങ്ങനെയാണ്?

അങ്ങനെ പാട്ടോ ഡാൻസോ ഒന്നുമായി ഒരു ബന്ധവും എനിക്കില്ല. ഒരു സാധാരണക്കാരനാണ് ഞാൻ. പാട്ടോ ഡാൻസോ പഠിക്കുകയോ പ്രാക്ടീസ് ചെയ്യുകയോ ഒന്നും ചെയ്തിട്ടില്ല. എന്നെ പോലത്തെ ബാക്ക്ഗ്രൗണ്ടുള്ള ഒരു ഫാമിലിയിൽ അതൊന്നും ഉണ്ടാകില്ലെന്ന് അറിയാമല്ലോ. അതൊക്കെ എന്റെ കടുത്ത ആഗ്രഹം കൊണ്ട് സംഭവിച്ചതാണ്. അപ്പോൾ സിനിമക്കുവേണ്ടി തലകുത്തി മറിയണം എന്ന് പറഞ്ഞാലും ഞാൻ മറിയും. അത് കറക്റ്റ് ആകണം എന്നൊന്നും ഇല്ല എന്നാലും എന്റേതായ ശൈലിയിൽ ഞാനത് ചെയ്തിരിക്കും. അപ്പോൾ ഡാൻസ് ചെയ്യാൻ പറഞ്ഞാലും ചെയ്യും. അത് എന്റേതായ ശൈലിയിൽ ആയിരിക്കും. പഠിച്ചതോ വേണ്ടതോ ആയ രീതിയിൽ ആയിരിക്കില്ല. അടിക്കാൻ പറഞ്ഞാൽ അടിക്കും. അതിലും എന്റെ ശൈലി ഉണ്ടാവും. അത് പഠിച്ചെടുത്തത് ആയിരിക്കില്ല എന്ന് മാത്രം.

നാമമാത്രമായതാണെങ്കിലും അവാർഡുകൾ ഒക്കെ കിട്ടിയിട്ടുണ്ടല്ലോ അവാർഡുകളോടുള്ള സമീപനം എന്താണ്?

അവാർഡുകൾ സന്തോഷം നൽകുന്നത് തന്നെയാണ്. പ്രചോദനമാണ്. കിട്ടിയിട്ടില്ല എന്നത് മുൻപോട്ടുള്ള പ്രയാണത്തിന് തടസമല്ല. സിനിമ ചെയ്യുക എന്നതാണ് എന്റെ ലക്ഷ്യം. അതിന്റെ റിസൾട്ടനുസരിച്ച് അവാർഡുകൾ ലഭിച്ചേക്കാം. പക്ഷേ അത് അപ്പോൾ തന്നെ കിട്ടണമെന്നില്ല. എല്ലാ ജോലികൾക്കും അത് ബാധകമാണ്. ക്ഷമയാണ് എല്ലാ വിജയങ്ങൾക്കും അടിസ്ഥാനം. ക്ഷമയോടുകൂടി കാത്തിരിക്കുക. സിനിമയെ സമീപിക്കുക എന്നതാണ് ലക്ഷ്യം. ഇപ്പോൾ വെച്ച വാഴ ഇപ്പോൾ തന്നെ കുലക്കണമെന്ന് നമ്മൾ വിചാരിക്കരുത്.

ക്ഷമയെ തകർക്കുന്ന ഒന്നാണോ വിവാദങ്ങൾ?

വിവാദങ്ങൾ വ്യക്തികൾക്ക് അനുസരിച്ചിരിക്കും. നമ്മൾ അതൊക്കെ വലിയ കാര്യമാക്കിയെടുത്ത് നമ്മുടെ മനസിന്റെ ഭാരം കൂട്ടുകയാണെങ്കിൽ അതിനനുസരിച്ച് അത് നമ്മളെ ബാധിക്കും. എന്നാൽ എവിടെയെങ്കിലും ഉള്ള ഒരാൾ എന്തെങ്കിലും പ്രതികരിച്ചു എന്ന് കരുതി അതിന് സമയം കളയുന്നില്ല എന്ന് തീരുമാനിച്ചാൽ നമ്മളെ അത് ഒരു വിധത്തിലും എഫക്ട് ചെയ്യില്ല. അത് നമ്മളിൽ തട്ടാതെ പോയ്ക്കൊള്ളും. സിനിമ എന്നുവച്ചാൽ എപ്പോഴും ലൈവിൽ നിൽക്കുന്ന ഒന്നാണ്. അതിനാൽ അതിനെക്കുറിച്ച് വിവാദങ്ങൾ ഉണ്ടാക്കാനും സംസാരിക്കാനും എതിർപ്പുകൾ പറയാനും ഒക്കെ ജനങ്ങൾക്ക് താല്പര്യം ആയിരിക്കും. ഒരു ആർട്ടിസ്റ്റാണെങ്കിലും മറ്റു സിനിമക്കാരാണെങ്കിലും അവരൊക്കെ പൊതുമുതലുകളാണ്. അവരെ സെലിബ്രിറ്റികൾ ആക്കുന്നതും സിനിമാക്കാരാക്കുന്നതുമൊക്കെ പ്രേക്ഷകരാണ്. അപ്പോൾ അവരെക്കുറിച്ച് അഭിപ്രായം പറയാനുള്ള അവകാശങ്ങളും അവർക്കുണ്ട്. അപ്പോൾ ആ ഫീൽഡ് തെരഞ്ഞെടുക്കുമ്പോൾ നമ്മളെക്കുറിച്ച് നല്ലതും മോശവുമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കും. അത് നേരിടാൻ കൂടിയുള്ള തയാറെടുപ്പ് കൂടി നമുക്ക് വേണം. നമ്മൾ ഒരു സാധാരണ മനുഷ്യരാണെങ്കിൽ അങ്ങനെ അവർ സംസാരിക്കില്ല. നമ്മൾ ആ പ്രിവിലേജ് അനുഭവിക്കുമ്പോൾ ഇത്തരം സംഭവങ്ങളും നേരിടാൻ തയാറാകണം എന്ന് മാത്രം.

പുതിയതായി കിട്ടിയ വേഷങ്ങളൊക്കെ വ്യത്യസ്തമായിരുന്നല്ലോ. വ്യത്യസ്തതക്ക് വേണ്ടി ശ്രദ്ധിക്കാറുണ്ടോ?

വ്യത്യസ്തത ശ്രദ്ധിക്കാറുണ്ടെങ്കിലും ഞാൻ മൊത്തത്തിൽ സിനിമയിൽ എന്തെങ്കിലും ചെയ്യാനുണ്ടോ എന്നാണ് നോക്കാറ്. പുതിയതായി എന്തെങ്കിലും ചെയ്യാൻ ഉണ്ടോ എന്നൊക്കെയാണ് ശ്രദ്ധിക്കാറ്. സിനിമ നന്നായാലേ എല്ലാ കഥാപാത്രങ്ങളും നന്നാവുകയുള്ളൂ. സിനിമ നന്നല്ലെങ്കിൽ എങ്ങനെ അഭിനയിച്ചിട്ടും എത്ര നല്ല പാട്ടുകൾ ഉണ്ടായിട്ടും കാര്യമില്ല. പുതിയ പുതിയ രീതികളിൽ സിനിമ എടുക്കണം.

ജീവിതത്തിൽ വിവാഹിതനായി കുടുംബനാഥനായപ്പോൾ ഉണ്ടായ മാറ്റമെന്ത്?

ശ്രദ്ധിക്കാനും സ്നേഹിക്കാനും ശാസിക്കാനും ഒക്കെ കുടുംബത്തിൽ ഒരംഗം കൂടി വന്നു എന്നുള്ളതാണ് വിവാഹത്തോടെ സംഭവിച്ചത്. അത് എന്നിലെ ഉത്തരവാദിത്തം കൂട്ടി. ഉത്തരവാദിത്തം കൂട്ടുക എന്ന് പറയുമ്പോൾ ഭാരം കൂട്ടുക എന്നുകൂടിയാണല്ലോ. അപ്പോൾ നല്ല രീതിയിൽ ആ ഭാരം ചുമക്കണം. അതിനൊരു ഭംഗിയുണ്ട്. ഭംഗിയുള്ളൊരു ഫീലാണ് അത് തരുന്നത്.

 സുലൈഖ മൻസിലിലെ ഭാര്യാ സങ്കൽപം ഏറെ ചർച്ച ചെയ്യപ്പെട്ടതാണല്ലോ. ജീവിതത്തിലോ?

തല്ലുമാല ഷൂട്ട് ചെയ്യുന്ന സമയത്തായിരുന്നു എന്റെ വിവാഹം. പരസ്പരം അറിയുന്നവരായിരുന്നു. ഞങ്ങൾ പരിചയപ്പെട്ട് ഒരു വർഷത്തോളം കഴിഞ്ഞ് വീട്ടുകാർ ബന്ധപ്പെട്ട് അതിനുശേഷമാണ് വിവാഹിതരായത്.

 വീട്ടിൽ ആരോടാണ് അധികം അടുപ്പം?

ആദ്യം ഉമ്മയോട് (ഹലീമ) ആയിരുന്നു. അന്ന് ബാപ്പ (അവറാൻ) ഗൾഫിൽ ആയിരുന്നല്ലോ. പിന്നീട് ഒരു എട്ട് വർഷം കഴിഞ്ഞപ്പോൾ ഉപ്പയുമായി സെറ്റായി. ഇപ്പോൾ രണ്ടുപേരുമായി അറ്റാച്ച്മെന്റിലാണ്. പിന്നെ ഒരു ജ്യേഷ്ഠൻ റാഷിദ് ദുബൈയിലുണ്ട്. അനിയൻ മുഹമ്മദ് ഷഫീർ. അനിയത്തി അസ്മ കല്യാണം കഴിഞ്ഞതാണ്. അഫ്ന പ്ലസ്ടു കഴിഞ്ഞു.

ഭാര്യ: ജുമൈമ. മകൻ: ഹൈദർ.

Tags:    
News Summary - Lukman About Movie And Family- interview

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.