ചലച്ചിത്ര അക്കാദമിയിൽ നിന്ന് ഈ നിമിഷം വരെ ആരും വിളിച്ചിട്ടില്ല; ഉത്തരം കിട്ടാത്ത ചോദ്യത്തെ കുറിച്ച് കുഞ്ഞില

ജിയോ ബേബി അവതരിപ്പിച്ച ആന്തോളജി സിനിമയായ ഫ്രീഡം ഫൈറ്റ് ലെ അസംഘടിതര്‍ എന്ന ചിത്രം എഴുതി സംവിധാനം ചെയ്തുകൊണ്ട് സിനിമയിൽ അരങ്ങേറ്റം കുറിച്ച സംവിധായികയാണ് കുഞ്ഞില മാസിലാമണി. മൂന്നാമത് രാജ്യാന്തര വനിതാ ചലച്ചിത്രോത്സവ ഫെസ്റ്റിവലിലേക്കുള്ള സിനിമകളുടെ തിരഞ്ഞെടുപ്പ് സുതാര്യമല്ലെന്ന് ആരോപിച്ചു കൊണ്ട് കുഞ്ഞില രംഗത്ത് എത്തിയിരുന്നു. കൂടാതെ തന്റെ സിനിമ ഫെസ്റ്റിവലിൽ പങ്കു ചേർക്കാത്തതുമായുള്ള കുഞ്ഞിലയുടെ പ്രതിഷേധവും ഏറെ മാധ്യമശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. പ്രസ്തുത വിഷയത്തെ കുറിച്ചും തന്റെ വിശേഷങ്ങളെപ്പറ്റിയും മനസ് തുറക്കയാണ് കുഞ്ഞില.

1.പ്രോവിഡന്‍സിൽ നിന്നും നേരെ കല്‍ക്കട്ട സത്യജിത് റേ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക്

കോഴിക്കോട് പ്രൊവിഡൻസ് വിമൻസ് കോളജിലാണ് ഞാൻ ഡിഗ്രിക്ക് പഠിച്ചത്. അന്ന് ബി. എ ലിറ്ററേച്ചർ ആണ് എടുത്തിരുന്നത്. കോളജിൽ സെക്കൻഡ് ഇയറിലോ മറ്റോ പഠിക്കുമ്പോൾ nsfdc യുടെ ഒരു പോസ്റ്റർ കണ്ടു. entries invited for short films എന്നായിരുന്നു അതിൽ ഉണ്ടായിരുന്നത്. ആ കാലത്തൊക്കെ എന്തു മത്സരം ഉണ്ടായാലും അതിൽ പങ്കെടുക്കുന്ന ശീലമുണ്ടായിരുന്നു. കാരണം അതൊരു വരുമാനമാർഗ്ഗം കൂടിയായിരുന്നു. മത്സരത്തിന് പങ്കെടുത്താൽ സമ്മാനമായി ക്യാഷ് കിട്ടും, അത് പോക്കറ്റ് മണിയായി ഉപയോഗിക്കും. അത്തരത്തിലുള്ള ചില കണക്കുകൂട്ടലിൽ എന്നാൽ പിന്നെ ഒരു ഷോർട്ട് ഫിലിം ചെയ്തു നോക്കാം എന്ന് തീരുമാനിച്ചാണ് ഞാൻ ആദ്യത്തെ ഷോർട്ട് ഫിലിം സംവിധാനം ചെയ്യുന്നത്. അങ്ങനെയാണ് ഈ മേഖലയിലേക്ക് തുടക്കം വയ്ക്കുന്നത്. ഈ മേഖലയെ കുറിച്ച് മറ്റു മുൻപരിചയങ്ങൾ ഒന്നുമില്ലാതെയാണ് ഞാൻ ആദ്യത്തെ വർക്ക് ചെയ്യുന്നത്. പക്ഷേ സിനിമകൾ കാണുന്നതുകൊണ്ട് ചില ഐഡിയകൾ മനസ്സിൽ വന്നു, അത്തരം ഐഡിയകൾ നമ്മൾ പരീക്ഷിച്ചു എന്നതൊക്കെയാണ് അവിടെ സംഭവിച്ചത്. പിന്നീടത് എഡിറ്റിങിന് എത്തുമ്പോൾ ഇങ്ങനെയൊക്കെ ചെയ്താൽ ഇങ്ങനെയൊക്കെ സംഭവിക്കും എന്നുള്ള ബോധ്യവും, വർക്കിലെ തെറ്റുകൾ കൂടുതലായി മനസ്സിലാക്കാനുമൊക്കെ കഴിഞ്ഞു. അതിനു ശേഷമാണ് ഞാൻ കൽക്കട്ടയിൽ തുടർന്ന് സിനിമ പഠിക്കാൻ പോവുന്നത്. കല്‍ക്കട്ട സത്യജിത് റേ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പി.ജി. ഡിപ്ലോമ - ഡയറക്ഷന്‍ ആന്റ് സ്ക്രീന്‍പ്ലേ റൈറ്റിങ്ങ് പഠിക്കുന്നതും അങ്ങനെയാണ്.

2) ഷോർട്ട് ഫിലിമിൽ നിന്നും സിനിമയിലേക്ക് എത്താൻ എടുത്ത സമയം

ഫിലിം സ്കൂളിൽ കൂടി പോയതുകൊണ്ടാണ് അത്തരത്തിൽ ഒരുകാലതാമസം സംഭവിച്ചതെന്നാണ് എനിക്ക് തോന്നുന്നത്. കാരണം ആദ്യ ഷോർട്ട് ഫിലിം എടുത്തതിനുശേഷം ഞാൻ കൽക്കട്ടയിൽ പോയി. എന്റെ തുടർന്നുള്ള നാലുവർഷം അവിടെയായിരുന്നു. അതുകഴിഞ്ഞ് അഞ്ചുവർഷം ബോംബെയിൽ ആയിരുന്നു. അത്തരത്തിൽ ഒരു കാലത്താമസം സിനിമയിലേക്ക് എത്തുവാൻ വന്നിട്ടുണ്ട്. അതിനിടയിൽ നുണക്കഥകള്‍, പട്ട്, ഗൃഹപ്രവേശം, ഗി തുടങ്ങിയ ഷോര്‍ട്ട് ഫിലിമുകള്‍ ചെയ്തു.

3) 'കുഞ്ഞില'യെന്ന പേരിന് പുറകിൽ

ആർട്ടിസ്റ്റുകൾ അവരുടെ പേര് ചൂസ് ചെയ്യുമ്പോൾ ഇത്തരം ഒരു ചോദ്യം അവർക്കാർക്കും നേരിടേണ്ടി വന്നതായി ഞാൻ മുൻപ് എവിടെയും കണ്ടിട്ടില്ല. മമ്മൂട്ടിയുടെ അടുത്ത് എന്തുകൊണ്ട് മമ്മൂട്ടി എന്ന് പേര് സ്വീകരിച്ചു എന്നോ, ദിലീപിന്റെ അടുത്ത് ഗോപാലകൃഷ്ണൻ എന്ന പേര് മാറ്റി ദിലീപ് എന്ന പേര് സ്വീകരിച്ചു എന്നോ ഇനിയിപ്പോൾ നയൻതാരയുടെ അടുത്ത് അവരെന്തു കൊണ്ട് അങ്ങനെ ഒരു പേര് സ്വീകരിച്ചു എന്നൊ ഒന്നും ആരും തന്നെ ചോദിക്കുന്നത് ഞാൻ കേട്ടിട്ടില്ല. പക്ഷേ എന്റെ പേരിൽ മാത്രം ഇങ്ങനെ ഒരു ആകാംക്ഷ ഒക്കെ വരുന്നത് ചിലപ്പോൾ എന്റെ പേരിന്റെ സ്വഭാവം കാരണമായിരിക്കാം. പക്ഷേ അങ്ങനെ ആണെങ്കിൽ തന്നെ അതൊരു ചോയ്സ് അല്ലെ. ഒരാൾക്ക് ഇങ്ങനെ ഒരു പേരിലാണ് വർക്ക് ചെയ്യാൻ താല്പര്യം എങ്കിൽ ആ പേരിൽ വർക്ക് ചെയ്യുക എന്നുള്ളത് മാത്രമേ അതിനകത്തു ഒള്ളൂ. കുഞ്ഞില എന്നുള്ളത് കുന്നംകുളം, തൃശൂർ ഏരിയയിൽ വളരെ പോപ്പുലർ ആയിട്ടുള്ള ഒരു പേരാണ്. മാസിലാമണി എന്നുള്ളത് ഫാമിലിയുടെ സർ നെയിം ആയിരുന്നു. ഈ രണ്ടു പേരും എനിക്കിഷ്ടമായതുകൊണ്ടാണ് ഞാൻ ഇങ്ങനെ ഒരു പുതിയ പേര് സ്വീകരിച്ചത്.

4) രാജ്യാന്തര വനിതാ ചലച്ചിത്ര മേളയിൽ തഴയപ്പെട്ട സിനിമകൾ നിരവധി

ഇത്തവണ കോഴിക്കോട് വെച്ച് നടന്ന വനിതാ ഫിലിം ഫെസ്റ്റിവലിൽ ധാരാളം വനിതാ സംവിധായകരുടെ സിനിമകൾ പ്രദർശിപ്പിക്കാതെ പോയിട്ടുണ്ട്. ജീവ ജനാർദ്ദനൻ, പ്രിയ, രത്തീന തുടങ്ങി ഒരുപാട് പേരുടെ സിനിമകൾ കാണിച്ചിട്ടില്ല. ഇത്തരത്തിൽ ഒരു ഫിലിം ഫെസ്റ്റിവൽ നടത്തുന്നത് ഇത്രയും വനിതാ സംവിധായകർ നമുക്ക് ചുറ്റും ഉണ്ടെന്ന് പറയാൻ വേണ്ടിയാണല്ലോ. പക്ഷെ അത്തരത്തിൽ ഒരു ശ്രമം ചലച്ചിത്ര അക്കാദമിയുടെ ഭാഗത്തു നിന്ന് ഉണ്ടായില്ല എങ്കിൽ തീർച്ചയായും അതൊരു രാഷ്ട്രീയ വിരോധം തീർക്കൽ തന്നെയായിട്ടാണ് എനിക്ക് തോന്നുന്നത്. അങ്ങനെയല്ല എങ്കിൽ ഫെസ്റ്റിവലിലേക്ക് സിനിമ തിരഞ്ഞെടുക്കുവാനുള്ള മാനദണ്ഡം എന്താണ് എന്ന് അവർ തന്നെ പറയട്ടെ. ആരാണ് ക്യൂറേറ്റർ എന്ന് പറയട്ടെ. അത്രയല്ലേ ഞാൻ ആദ്യം മുതൽക്കേ ചോദിക്കുന്നതും. എങ്ങനെയാണ് ഫിലിം ഫെസ്റ്റിവലിലേക്കുള്ള സെലക്ഷൻ പ്രോസസ്, ക്യുറേഷൻ ആണോ എന്ന് പറയാനുള്ള മര്യാദ കാണിക്കണം എന്നൊക്കെയുള്ള ആവശ്യപ്പെട്ടാൽ തന്നെയല്ലേ നടത്തിയിട്ടുള്ളൂ. പക്ഷേ ഇത്തരം ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ഒന്നും തന്നെ ഈ നിമിഷം വരെക്കും അവർ ആരും തന്നെ പറയാൻ തയ്യാറായിട്ടില്ല.

5) ഇനിയും ലഭിക്കാത്ത ഉത്തരം

വനിത ഫിലിം ഫെസ്റ്റിവലിൽ ഞാൻ നടത്തിയ പ്രതിഷേധത്തിന് ശേഷവും ചലച്ചിത്ര അക്കാദമിയിൽ നിന്നും യാതൊരുവിധത്തിലും എന്നെ ആരും കോൺടാക്ട് ചെയ്യാൻ ഈ നിമിഷം വരെയും തയ്യാറായിട്ടില്ല. അത്തരത്തിൽ ഒരു കോൾ പോലും എനിക്ക് വന്നിട്ടില്ല. വാസ്തവത്തിൽ അവർ എന്നെ കോൺടാക്ട് ചെയ്യാതെ ജിയോ ബേബിയെയാണ് കോൺടാക്ട് ചെയ്തത്. അതായത് പരാതി ഉന്നയിച്ച സ്ത്രീയെ വിളിക്കില്ല പക്ഷെ അതുമായി യാതൊരു ബന്ധവുമില്ലാത്ത ആളെ വിളിച്ചു സംസാരിക്കുക എന്ന നിലപാടാണ് അവർ എടുത്തത്. അവിടെ എന്തിന്റെ പേരിലാണ് പ്രതിഷേധം അറിയിച്ചത്. അതൊരിക്കലും ജിയോ ബേബിയുടെ സിനിമ പ്രദർശിപ്പിച്ചില്ല എന്ന പേരിലല്ലല്ലോ. പക്ഷേ അവർ ജിയോ ബേബിയെ വിളിക്കുകയും ജിയോ ബേബിക്ക് വ്യക്തത വരുത്തി കൊടുക്കുകയുമൊക്കെ ഉണ്ടായിട്ടുണ്ട്. എന്റെ ആവശ്യം ഒരിക്കലും അതല്ല. അവർ സംസാരിക്കേണ്ടത് എന്നോടാണ്.

6) 'കുസൃതി'കൾ എങ്ങനെ സംഭവിക്കുന്നു

സ്ത്രീകൾ എന്തെങ്കിലും അവകാശങ്ങൾക്ക് വേണ്ടി മുൻപോട്ട് ഇറങ്ങുകയാണെങ്കിൽ അതിനെ വയലൻസ് വച്ചാണ് ആളുകൾ നേരിടുന്നത്. പ്രത്യേകിച്ചും പരിഹാസം, വയലൻസ്, അപമാനപ്പെടുത്തൽ തുടങ്ങിയ രീതിയിൽ. ഫിലിം ഫെസ്റ്റിവലിൽ ഞാൻ നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി കുസൃതി എന്നൊക്കെയുള്ള ചലച്ചിത്ര അക്കാദമി ചെയർമാൻ പറഞ്ഞ വാക്കുകൾ ഒക്കെ അതിന്റെ ഭാഗമാണ്. സത്യത്തിൽ ഇതിന്റെയൊക്കെ പുറകെ നടക്കുമ്പോൾ ഒരുപാട് എനർജി ചെലവഴിക്കേണ്ടി വരികയും. നമുക്ക് ചെയ്യേണ്ടതായ കാര്യങ്ങൾ ചെയ്യാനായിട്ടുള്ള എനർജി കുറയുകയും ചെയ്യുകയാണ് സംഭവിക്കുന്നത്. നമ്മൾ നമ്മുടെ അവകാശങ്ങൾക്ക് വേണ്ടി കഷ്ടപ്പെടുമ്പോൾ മറുവശത്തുള്ളവർ വളരെ സ്വസ്ഥമായി അതൊന്നും അവരെ ബാധിക്കാത്ത രീതിയിൽ അതിനെയെല്ലാം അവഗണിച്ച് അവരുടെ ജോലികളിൽ ഏർപ്പെടുമ്പോൾ നമുക്ക് ഉണ്ടാകുന്ന അമർഷവും ദേഷ്യവുമൊക്കെ വലുതാണ്. എങ്കിലും അതൊന്നും നമ്മുടെ കലയെ ബാധിക്കാതിരിക്കുക എന്നതാണ് ഇവിടെ നമ്മൾ ചെയ്യേണ്ടതായി ഉള്ളത്.

7) അറ്റെൻഷൻ സീക്കർ, ലഹരിപ്രചോദിത- ആരോപണങ്ങൾ നിരവധി

ഫിലിം ഫെസ്റ്റിവലുമായുള്ള വിഷയവുമായി ബന്ധപ്പെട്ടാണ് ഇത്തരത്തിലുള്ള ആരോപണങ്ങൾ കൂടുതലായും നേരിടേണ്ടി വരുന്നത്. അത്തരം ഒരു സംശയമുണ്ടെങ്കിൽ ഈ നിമിഷത്തിൽ പോലും നമുക്ക് ലഹരി ടെസ്റ്റ് ചെയ്യാവുന്നതേ ഒള്ളൂ. കാരണം കുറെ ദിവസം മുൻപാണ് അത് ഉപയോഗിച്ചതെങ്കിൽ പോലും അതിന്റെ ട്രേസസ് ഇപ്പോഴും നമ്മുടെ ശരീരത്തിലുണ്ടായിരിക്കും എന്നുള്ളത് ഒരു സത്യമാണ്. മെഡിക്കൽ സയൻസിനെ കബളിപ്പിക്കാൻ നമുക്കാർക്കും പറ്റില്ലല്ലോ. ഫിലിം ഫെസ്റ്റിവലിൽ ഉണ്ടായ പ്രശ്നവുമായി ബന്ധപ്പെട്ട് എന്നെ വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോയപ്പോൾ എന്തുകൊണ്ട് പൊലീസുകാർ ലഹരി പരിശോധന നടത്തിയില്ല. ഇക്കണ്ട മനുഷ്യരെല്ലാം ലഹരി ലഹരി എന്നുപറയുമ്പോൾ പൊലീസുകാർക്ക് അത് തോന്നിയില്ലല്ലോ. പൊലീസുകാരാണല്ലോ എന്റെ പട്ടി ഷോ മുഴുവൻ കണ്ടത്. അവരുടെ തൊപ്പിയെടുത്ത് ഞാൻ തലയിൽ വരെ വെച്ചു. എന്നിട്ടും അവർക്ക് തോന്നുന്നില്ല ഞാൻ ലഹരി ഉപയോഗിച്ചു എന്ന്. കാരണം ലഹരി ഉപയോഗിച്ച ഒരാൾക്ക് ഇത്രയും യുക്തിയുക്തമായി സംസാരിക്കുവാനും ആവശ്യങ്ങൾ ഉന്നയിക്കുവാനും ഒരിക്കലും പറ്റില്ല. ലഹരി എന്നുള്ള ഒരു ആരോപണം ഉന്നയിക്കുകയാണെങ്കിൽ ലഹരി പരിശോധന നടത്തുകയും അത് മെഡിക്കലി തെളിയിക്കുകയും വേണം. അല്ലാത്തപക്ഷം അതിൽ കഴമ്പില്ല. ഇനി അറ്റൻഷൻ സീക്കിങ് എന്നു പറയുകയാണെങ്കിൽ എല്ലാ പ്രൊട്ടസ്റ്റുകളും അറ്റൻഷൻ സീക്കിങ്ങുകളാണ്. എന്റെ സിനിമയ്ക്ക് അറ്റെൻഷൻ തരാത്തപ്പോൾ എനിക്ക് ആ അറ്റൻഷൻ ചോദിച്ചു വാങ്ങേണ്ടതായിട്ട് വരും. അതൊരു യാഥാർത്ഥ്യമാണ്.

8) ഹിന്ദു ദൈവത്തെ അപമാനിച്ചുവെന്ന കേസിനോടുള്ള പ്രതികരണം

എനിക്ക് അതിനെ കുറിച്ച് ഇപ്പോഴും വ്യക്തമായി ഒന്നും അറിയില്ല. ഇതിന് മുൻപ് ഇത്തരത്തിലുള്ള കേസുകൾ ഒന്നും എനിക്കെതിരായി വന്നിട്ടില്ല. കോടതിയിൽ നിന്ന് നോട്ടീസ് വരുമായിരിക്കും അങ്ങനെ വന്നാൽ ഹാജരാകേണ്ടിവരും എന്നൊക്കെയാണ് കരുതുന്നത്. ഈ പോസ്റ്റ് ഒരുപാട് നാളായി ഇട്ടിട്ട്. അവർക്ക് അതിനെക്കുറിച്ച് അന്വേഷിക്കുവാനും കണ്ടുപിടിക്കുവാനും ഇത്തരത്തിൽ ഒരു നോട്ടീസ് അയക്കുവാനും ഒക്കെയുള്ള സമയം മുൻപേ തന്നെ ഒരുപാടുണ്ടായിരുന്നു. ഇപ്പോൾ സ്വർണകള്ളക്കടത്ത് കേസ് പോലുള്ള കാര്യങ്ങളും, ഫിലിം ഫെസ്റ്റിവൽ പോലുള്ള വിഷയങ്ങളും എല്ലാം വരുമ്പോൾ അതിനിടയിൽ എപ്പോഴോ എനിക്കെതിരായി ഒരു കേസിന് അവർ മുൻകൈയെടുത്തു എന്നാണ് ഞാൻ കരുതുന്നത്. ഒരു സാധാരണ വിശ്വാസിയുടെ വിശ്വാസം വ്രണപ്പെട്ട് അയാൾ അങ്ങനെയൊരു കേസ് കൊടുത്തതാണ് ഇതെന്ന് ഞാൻ ഒരിക്കലും വിശ്വസിക്കുന്നില്ല. കാരണം ഞാൻ പോസ്റ്റ് ചെയ്തിരുന്നത് ആർ എസ് എസിന് എതിരായിട്ടുള്ള പോസ്റ്റായിരുന്നു. ആ പോസ്റ്റിടുന്ന സമയത്ത് എന്നെ അറ്റാക്ക് ചെയ്ത ആളുകളും ആർഎസ്എസ് അനുഭാവമുള്ള ബിജെപിക്കാർ ഒക്കെയായിരുന്നു. അതുകൊണ്ടുതന്നെ ഒരു സാധാരണ വിശ്വാസിക്ക് വിഷമമായിട്ട് കേസ് പോയി ഫയൽ ചെയ്തതാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അങ്ങനെ ആർഎസ്എസിന് വേദനിക്കുമ്പോൾ ശുഷ്കാന്തി കാണിക്കുവാൻ കേരള പൊലീസ് നിൽക്കുന്നുവെങ്കിൽ അതിന് എന്തോ ഒരു കുഴപ്പമുണ്ടെന്നാണ് ഞാൻ വിചാരിക്കുന്നത്. ഒരു ഹിന്ദു ദൈവത്തെ അപമാനിച്ചു എന്ന് പറഞ്ഞ് പൊലീസ് എന്തിനാണ് വാദിക്കുന്നത്. ഈ പരാതി കൊടുത്ത ആളെ കുറിച്ചുള്ള കാര്യത്തിൽ വ്യക്തത പോലുമില്ല. ഞാൻ 'കെ കെ രമ സിന്ദാബാദ്' എന്നുപറഞ്ഞതും, ടി പി ചന്ദ്രശേഖരനെ സിപിഎം കൊന്നു എന്ന് പറഞ്ഞതും ഒക്കെയായി കണക്ട് ചെയ്തു മാത്രേ എനിക്ക് ഇതിനെ കാണാൻ പറ്റൂ.

9)വരും സിനിമകൾ

ഞാനിപ്പോൾ ഒരു മെഡിക്കൽ ത്രില്ലറും ഒരു ഹൊററും പിന്നെ ഒരു കോമഡി സബ്ജക്ടും ഒക്കെ എഴുതിക്കൊണ്ടിരിക്കുകയാണ്. അതിൽ ഏത് ആദ്യം പൂർത്തിയാക്കുന്നത് സിനിമയാക്കാനുള്ള ശ്രമങ്ങൾ തുടങ്ങും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.