രാഹുൽ റിജി നായർ

പതിവ്​ നോട്ടമല്ല ഈ 'കള്ളനോട്ടം'

ഇത്തവണത്തെ മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം 'കള്ളനോട്ടം' എന്ന ചിത്രത്തിനാണ് ലഭിച്ചത്. 'ഒറ്റമുറി വെളിച്ചം' എന്ന തന്‍റെ പ്രഥമ സിനിമയിലൂടെ തന്നെ സംസ്​ഥാന അവാർഡ് കരസ്ഥമാക്കിയ രാഹുൽ റിജി നായർ ആണ് 'കള്ളനോട്ട'ത്തിന്‍റെ എഴുത്തും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. 'കള്ളനോട്ട'ത്തിന്‍റെ വിശേഷങ്ങൾ രാഹുൽ റിജി നായർ 'മാധ്യമം ഓൺലൈനു'മായി സംസാരിക്കുന്നു

ആദ്യം മികച്ച ഇന്ത്യൻ സിനിമ, ഇപ്പോൾ മികച്ച മലയാള സിനിമ

'കള്ളനോട്ടം' ഇതുവരെ തിയറ്ററിൽ റിലീസ് ചെയ്തിട്ടില്ല. ഒ.ടി.ടി റിലീസ് ആണ് ഉണ്ടാവുക. അതിന്​ ഇനിയും രണ്ടു മാസം കൂടി കഴിയും. ഫിലിം ഫെസ്റ്റിവലുകളിലാണ് ഈ സിനിമ ഇത് വരെയും പ്രദർശിപ്പിച്ചിട്ടുള്ളത്. അടുത്ത മാസം യു.കെ, യൂറോപ്പ് എന്നിവിടങ്ങളിൽ ഒന്ന് രണ്ട് ഫെസ്റ്റിവലുകളിൽ കൂടി പ്രദർശിപ്പിക്കുന്നുമുണ്ട്. ​കൊറോണക്കും അതിന്​ ശേഷമുള്ള ലോക്​ഡൗണിനുമൊക്കെ മുമ്പ്​ ചിത്രീകരിച്ച സിനിമയാണിത്​. എങ്കിലും കൊറോണ പ്രതിസന്ധിയിൽ പെട്ട് സിനിമകൾ എല്ലാം താൽക്കാലികമായി നിർത്തിവെച്ച സാഹചര്യത്തിൽ ഞങ്ങൾക്ക്​ ഈ സിനിമയെ എവിടെയും ആക്റ്റീവ് ആക്കാൻ സാധിച്ചിരുന്നില്ല.

Full View

പിന്നീട് ചലച്ചി​േത്രാത്സവങ്ങൾ എല്ലാം വീണ്ടും സജീവമായ സമയത്താണ് ന്യൂയോർക്​ ഫിലിം ഫെസ്റ്റിവലിൽ ഈ സിനിമ ആദ്യമായി കാണിക്കുന്നത്. ഇതി​െന്‍റ ഇന്ത്യൻ പ്രീമിയർ കാണിക്കുന്നത് കൊൽക്കത്തയിലാണ്​. അവിടെ മികച്ച ഇന്ത്യൻ സിനിമയായി തെരഞ്ഞെടുക്കപ്പെട്ടു. അങ്ങനെ മൂന്ന് അവാർഡുകൾ ഫെസ്റ്റിവലുകൾ വഴി കിട്ടിയിട്ടുണ്ട്​. അതിനുശേഷമാണിപ്പോൾ ദേശീയ അവാർഡ്​ തേടിയെത്തുന്നത്​. സംസ്​ഥാന അവാർഡ് സമയത്തു മികച്ച ബാലതാരത്തിനുള്ള അവാർഡും ഈ സിനിമയിലൂടെ നേടിയിരുന്നു.

പതിവ്​ സിനിമാരീതിയല്ല സ്വീകരിച്ചത്​

വോയറിസം, മോറൽ പൊലീസിങ്​ ഒക്കെയാണ് 'കള്ളനോട്ടം' കൈകാര്യം ചെയ്യുന്ന വിഷയം. രണ്ട് കുട്ടികൾ ആണ് പ്രധാന കഥാപാത്രങ്ങൾ. നാട്ടിലെ ഒരു കടയിൽ നിന്നും അവർ ഒരു ക്യാമറ മോഷ്​ടിക്കുന്നതും അത് വെച്ചു സിനിമ എടുക്കാൻ ശ്രമിക്കുന്നതും ആ ക്യാമറ കൈമാറി കൈമാറി പോകുന്നതുമാണ് ഇതിന്‍റെ കഥ. ആ ക്യാമറയുടെ പോയന്‍റ്​ ഓഫ് വ്യൂവിലാണ് ഈ സിനിമ മൊത്തമായും നടക്കുന്നത്. ഒരിക്കലും ഒരു കൺവെൻഷണൽ സിനിമയുടെ ഫോർമാറ്റിൽ അല്ല ഷൂട്ട് ചെയ്തിരിക്കുന്നത് എന്നതാണ് ഈ സിനിമയുടെ പ്രധാന പ്രത്യേകത.

ഗോപ്രോ ക്യാമറയിലെ ചിത്രീകരണം സാഹസികം

'കള്ളനോട്ടം' ചിത്രീകരിച്ചിരിക്കുന്നത് റൈഡർമാരും ട്രാവൽ വ്ലോഗർമാരുമൊക്കെ സാധാരണ ഉപയോഗിക്കുന്ന ഗോപ്രോ ക്യാമറയിലാണ്​. ആദ്യത്തെ രണ്ടുമൂന്നു ദിവസം ഒക്കെ ഞങ്ങൾക്ക് നല്ല ടെൻഷൻ ആയിരുന്നു. ഈ ഷൂട്ട് ചെയ്തു വരുന്നതെല്ലാം കറക്റ്റ് ആവുമോ എന്നായിരുന്നു അപ്പോഴത്തെ ചിന്ത. ഒരു കൺവെൻഷണൽ സിനിമ അല്ലാത്തതുകൊണ്ട് തന്നെ ആശങ്കയായിരുന്നു ആളുകളെ സിനിമയിലേക്ക്​ എൻഗേജ്​ ചെയ്യിക്കാൻ ചെയ്യിക്കാൻ പറ്റുമോ എന്നൊക്കെ ടെൻഷനായിരുന്നു. പിന്നീട് എഡിറ്റർ അപ്പു ഭട്ടതിരി തുടക്കത്തിൽ തന്നെ ഇതിന്‍റെ പോരായ്മകൾ ചൂണ്ടികാണിച്ചപ്പോൾ കുറെ കൂടി മാറ്റങ്ങൾ വരുത്താൻ സാധിച്ചു. അതനുസരിച്ച് ചിത്രീകരണത്തിൽ ഏറെ ശ്രദ്ധിച്ചു. ഒരു പരീക്ഷണം തന്നെയായിരുന്നു ആ ചിത്രീകരണം.


സിനിമയുടെ ന​ട്ടെല്ലായത്​ കുട്ടികൾ

'കള്ളനോട്ടം' സിനിമയുടെ നട്ടെല്ല് ഇതിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച വാസുദേവ് സജീഷ് മാരാർ, സൂര്യദേവ സജീഷ് മാരാർ, അൻസു മരിയ എന്നീ കുട്ടികളാണ്​​. ഇവരിൽ നിന്നാണ് ഈ സിനിമ തുടങ്ങുന്നതും അവസാനിക്കുന്നതും. ഞങ്ങളുമായി നന്നായിട്ട് ചേർന്നുപോകുന്ന കുട്ടികൾ വേണം എന്നാണ് ഏറ്റവുമധികം ആഗ്രഹിച്ചത്. കാസ്റ്റിങ്​ അത്രയും നിർണായകം ആയിരുന്നു. അവരുമായി വർക്ക് ചെയ്തു പോകാൻ വളരെ എളുപ്പമായിരുന്നു. ഈ സിനിമയുടെ കുറെ ഭാഗങ്ങൾ കുട്ടികൾ തന്നെ ഷൂട്ട് ചെയ്യണമായിരുന്നു. ക്യാമറ അവരുടെ കയ്യിൽ ആണ് ഉള്ളത്. നമ്മൾ കാണിച്ചു കൊടുക്കുന്ന വഴികളിലൂടെ അവർ ക്യാമറ കൊണ്ടുപോകണം. അതിനും കൂടി സാധിക്കുന്ന കുട്ടികളെ ആയിരുന്നു ആവശ്യം. അവർ മൂവരും ഞങ്ങൾക്കൊപ്പം നിന്നു എന്നത് രസകരമായ ഒരു അനുഭവം ആയിരുന്നു.

Full Viewആ വലിയ സിനിമ നടന്നില്ല, അങ്ങിനെ 'ഒറ്റമുറി വെളിച്ചം' പിറന്നു

ഒരിക്കലും മുൻകൂട്ടി തീരുമാനിച്ചുകൊണ്ട് ചെയ്യുന്നതല്ല ഒന്നും. വലിയ സിനിമകൾ ചെയ്യുവാനായി ഞാൻ ഒരുപാട് വർഷം അലഞ്ഞു. അതിനായി പല നടന്മാരോടും പ്രൊഡക്ഷൻ ഹൗസിനോടും ഒക്കെയായി ഒരുപാട്​ കഥകൾ പറഞ്ഞിട്ടുണ്ട്. അത്തരത്തിൽ അന്ന് പ്ലാൻ ചെയ്ത ഒരു വലിയ സിനിമ നടക്കാതെ ആയപ്പോൾ എന്നെക്കൊണ്ട് പറ്റുന്ന പോലെ ചെറിയ സിനിമ ചെയ്യാമെന്ന തീരുമാനത്തിലാണ് 'ഒറ്റമുറി വെളിച്ചം' ചെയുന്നത്. അതിന് സംസ്​ഥാന അവാർഡും രാജ്യാന്തര അവാർഡും ഒക്കെ കിട്ടി അംഗീകരിക്കപ്പെട്ടു.

അതിനുശേഷം ചെയ്യുന്ന സിനിമ ഒരിക്കലും ആ ജോണറിൽപെട്ട ഒന്ന് ആവരുത് എന്ന ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണ് 'ഡാകിനി' ചെയുന്നത്. പിന്നീടാണ്​ 'കള്ളനോട്ടം' ചെയ്തത്​. 'ഖോ ഖോ' ആണ് ഇനി വരാൻ ഇരിക്കുന്നത്. ഈ എല്ലാ സിനിമകളും തുടങ്ങുന്നത് ഒരു ചെറിയ കഥയിൽ നിന്നാണ്. ആ കഥക്ക് അനുയോജ്യമായ ക്യാൻവാസ് ആണ് തിരഞ്ഞെടുക്കുന്നത്. ചെയ്യാൻ ആഗ്രഹിക്കുന്ന കഥകൾക്ക് പുറകെയാണ് ഞാൻ പോകുന്നത്.

സ്പോർട്സ് ഡ്രാമയായ 'ഖോ ഖോ' വിഷുവിനാണ് റിലീസ് ചെയ്യുന്നത്. രജീഷ വിജയൻ ആണ് നായിക. പിന്നെ ഹൈസ്‌കൂൾ തലത്തിൽ പഠിക്കുന്ന 15 കുട്ടികൾ ആണ് ഉള്ളത്. ഖോ ഖോ കളിക്കാൻ അറിയുന്ന കുട്ടികളെ ഓപ്ഷൻ ചെയ്ത് അതിൽ നിന്ന് കണ്ടെത്തിയതാണ് ഈ 15 കുട്ടികളെ.

Full View

ഒ.ടി.ടി പ്ലാറ്റ്​ഫോമിൽ ആദ്യമായല്ല

'ഒറ്റമുറി വെളിച്ചം' തിയറ്ററിൽ റിലീസ് ചെയ്തിട്ടില്ല ഇതുവരെ. അതിന് ശ്രമിച്ചിട്ടുമില്ല. അത് നാലുവർഷം മുമ്പ് ഡയറക്ടായി ഒ.ടി.ടിയിൽ റിലീസ് ചെയ്ത സിനിമയാണ്. ഇപ്പോഴാണ് ഒ.ടി.ടി സജീവമാകുന്നത്. അതിനും മുൻപേ തന്നെ നമ്മൾ ആ വഴി സ്വീകരിച്ചിട്ടുണ്ട്​. 'കള്ളനോട്ട'വും ഒ.ടി.ടിയിൽ തന്നെയാണ് റിലീസ് ചെയ്യുക. പിന്നെ ഫിലിം സൊസൈറ്റി പ്രവർത്തകരോടൊക്കെ ഒരുപാട് നന്ദിയുണ്ട്. ഇത്തരം സിനിമകൾ ജനങ്ങളിലേക്ക് എത്തുന്നതിൽ അവരുടെയൊക്കെ നിസ്വാർഥമായ സേവനവും ഉണ്ട്.

Tags:    
News Summary - Kallanottam is not a conventional movie says director Rahul

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.