റിയലിസ്റ്റിക് സിനിമയെ പുതുതലമുറക്ക് പരിചയപ്പെടുത്തിയവരുടെ പട്ടികയെടുത്താൽ അതിന്‍റെ തലപ്പത്തുണ്ടാവും ദിലീഷ്​ പോത്തൻ എന്ന പേര്​. ഇതുവരെ സംവിധാനം ചെയ്തത് മൂന്നു സിനിമകൾ മാത്രമാണെങ്കിലും പ്രേക്ഷകരുടെ മനസ്സിൽ തങ്ങിനിൽക്കുന്ന നിരവധി കഥാപാത്രങ്ങളെയാണ് ആ ചിത്രങ്ങൾ സൃഷ്ടിച്ചെടുത്തത്. കാമറക്കു മുന്നിലും പിന്നിലും ഒരുപോലെ തിളങ്ങുന്ന പോത്തേട്ടന്‍റെ ബ്രില്യൻസ് ഇപ്പോൾ സിനിമനിർമാണരംഗത്തും സജീവമാണ്​. ദിലീഷ് പറയുന്നു ത​െൻറ സിനിമാ വർത്തമാനങ്ങൾ...

റിയലിസ്റ്റിക് മാസ്​റ്റർ

എല്ലാതരം സിനിമകളും ചെയ്യണമെന്നാണ് ആഗ്രഹം. സാഹചര്യങ്ങൾ അനുകൂലമായി വന്നതുകൊണ്ട് റിയലിസ്റ്റിക് സിനിമകൾ ചെയ്തുവെന്നു മാത്രം. എനിക്കിഷ്ടപ്പെട്ടവയാണ്​ ഞാൻ ചെയ്യുന്നത്. ഷൂട്ടിങ്ങിന്‍റെ അടുത്തെത്തിയശേഷം തൃപ്തി പോരാത്തതിന്‍റെ പേരിൽ ഉപേക്ഷിച്ച സിനിമകൾപോലുമുണ്ട്. ഓരോ സിനിമയും ഓരോ ശ്രമങ്ങളാണ്. ചില ശ്രമങ്ങൾ വിജയിക്കും, ചിലത് പരാജയപ്പെടും. ശ്രമിക്കുക എന്നതാണ് എന്‍റെ പോളിസി. പരാജയത്തിൽനിന്ന് ഒളിച്ചോടാനായിരുന്നെങ്കിൽ പണ്ടേ ഒളിച്ചോടേണ്ടയാളാണ് ഞാൻ. എനിക്ക് ചെയ്യാൻകഴിയുന്ന സിനിമയാണെന്നുതോന്നിയാൽ ഏതു ചിത്രവും ചെയ്യും. ചില ടൈപ്പുകൾ മാത്രമേ ചെയ്യൂ എന്ന് ഒരു പിടിവാശിയുമില്ല. താരങ്ങൾക്ക് മുൻകൂട്ടി സീൻ വായിക്കാൻ നൽകാറില്ല. അവർക്ക് ഡയലോഗ് പറഞ്ഞുകൊടുക്കുകയും സാഹചര്യം വിവരിക്കുകയുമാണ് ചെയ്യുന്നത്. അഭിനയം റിയലാകാൻ ഇതാണ് ബെസ്റ്റ്.




 

നടൻ, സംവിധായകൻ, നിർമാതാവ്

എനിക്ക്​ ഏറ്റവും കൂടുതൽ ഇഷ്​ടം സംവിധായകനെത്തന്നെയാണ്​. ഏറ്റവും റിസ്കുള്ള ജോലികൂടിയാണത്​. ഒരു സിനിമ സംവിധാനം ചെയ്താൽ രണ്ടു വർഷം ആയുസ്സ്​ കുറയുമെന്നാണ് പറയുക. മൂന്നു സിനിമ കഴിഞ്ഞപ്പോൾ ആറു വർഷം ആയുസ്സ്​ കുറഞ്ഞിട്ടുണ്ടാവും. ആദ്യ സിനിമയായ 'മഹേഷിന്‍റെ പ്രതികാരം ' ചെയ്തപ്പോൾ ഒരു മുടിപോലും നരച്ചിരുന്നില്ല. അത് കഴിഞ്ഞപ്പോഴാണ് നര കയറിത്തുടങ്ങിയത്.

അഭിനയിക്കുമ്പോഴും നിർമിക്കുമ്പോഴും ഞാനൊരു ഡയറക്ടറാണെന്ന ധാരണ മാറ്റിവെക്കാറുണ്ട്. മൂന്നും മൂന്നാണ്. ആക്ടർ സിനിമയെ സമീപിക്കുന്നതു പോലെയല്ല സംവിധായകൻ സമീപിക്കുന്നത്. മറ്റൊരാളുടെ സിനിമയിൽ അഭിനയിക്കുമ്പോൾ ഞാൻ വെറും അഭിനേതാവ് മാത്രമായിരിക്കും. അങ്ങനെയല്ലാതെ ആ സിനിമയെ സമീപിച്ചാൽ മറ്റൊരു ഡയറക്ടറുടെ കാര്യത്തിൽ കൈകടത്തലാകും. എന്‍റെ ഈ കാഴ്ചപ്പാട് ശരിയാണെന്നാണ് വിശ്വാസം. അതുകൊണ്ടാണ് ഇത്രയേറെ സിനിമ ചെയ്യാൻ കഴിഞ്ഞത്.




 

ഫഹദ്​ എന്ന നായകൻ

മൂന്നു​ സിനിമയിലും ഫഹദ്​ നായകനായി എന്നത്​ നോർമൽ ആയി സംഭവിച്ചുപോയതാണ്. രണ്ടു സിനിമ കഴിഞ്ഞപ്പോൾ അടുത്തത് മറ്റാരെയെങ്കിലുംവെച്ച് ചെയ്യണമെന്നായിരുന്നു കരുതിയിരുന്നത്. പ​േക്ഷ, ചില സാഹചര്യങ്ങൾ വന്നപ്പോൾ അതിങ്ങനെയായി. മൂന്നാമത്തെ ചിത്രം 'ജോജി' ഒരുപാട് പരിമിതികൾക്കുള്ളിൽനിന്ന് ചെയ്ത ചിത്രമാണ്. കോവിഡിന്‍റെ സാഹചര്യത്തിൽ അത്തരമൊരു ചിത്രം ചെയ്യണമെങ്കിൽ ഒരുപാട് സഹകരണം വേണ്ടിവരും. അതാണ് ഫഹദിനെക്കുറിച്ച് ആലോചിക്കാനുള്ള പ്രധാന കാരണം. ഇതിനെല്ലാമുപരി അസാധ്യ അഭിനയപാടവമുള്ള നടനല്ലേ ഫഹദ്. ഓരോ കഥാപാത്രത്തെയും പഠിച്ച് നിരീക്ഷിച്ചാണ് അവതരിപ്പിക്കുന്നത്. നല്ല ചോദ്യങ്ങളും ചോദിക്കും. അതല്ലാതെ, ഒരു ഗ്രൂപ്പിനെവെച്ച് മാത്രമേ സിനിമ ചെയ്യൂ എന്ന ഒരു പിടിവാശിയുമില്ല.

പുതുതലമുറയിലെ സിനിമ

ഞാൻ അസി. ഡയറക്ടറായിരുന്ന സമയത്ത് ഒരു സിനിമ നിർമിക്കുക എന്നത് ഇന്നത്തേക്കാൾ പാടായിരുന്നു. പ്രൊഡ്യൂസർമാരെ കൺവിൻസ് ചെയ്യിക്കുക എന്നത് അത്ര എളുപ്പമല്ലായിരുന്നു. ഇപ്പോൾ പുതുമുഖങ്ങളെ വെച്ചും സിനിമയെടുക്കാൻ നിർമാതാക്കൾ തയാറാണ്. കഥ നല്ലതാകണമെന്നു മാത്രം. ഞങ്ങളുടെ അടുത്ത സിനിമ 'ഭാവന'യുടെ ഷൂട്ടിങ് ഈ മാസം തുടങ്ങും. പുതിയ സംവിധായകനാണ്. അങ്ങനെയുള്ളവർക്ക് അവസരം നൽകാനാണ് പദ്ധതി. ഇന്നത്തെ കാലത്ത് ഓരോ സിനിമ കഴിയുമ്പോഴും വ്യത്യസ്ത അഭിപ്രായങ്ങൾ ലഭിക്കും. മുമ്പ്​ ഒരു സിനിമ കഴിഞ്ഞിറങ്ങിയാൽ നല്ലത്, അല്ലെങ്കിൽ മോശം എന്നു മാത്രമേ അഭിപ്രായമുണ്ടായിരുന്നുള്ളൂ. ഇന്ന് നാലു പേർ സിനിമക്കു കയറിയാൽ നാല് അഭിപ്രായങ്ങളായിരിക്കും. വിലയിരുത്തലുകൾ സിനിമക്ക് ഗുണംചെയ്യും. പ്രേക്ഷകർ സിനിമയെ ഗൗരവമായി കാണുന്നു എന്നതിന്‍റെ തെളിവാണിത്.

Tags:    
News Summary - Interview with director Dileesh Pothan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.