‘നടൻ മാത്രമല്ല വി.എഫ്.എക്സ് ആർട്ടിസ്റ്റുമാണ്’; മനസ് തുറന്ന് ‘ഫാലിമി’ താരം സന്ദീപ് പ്രദീപ്‌ -അഭിമുഖം

ഷോർട്ട് ഫിലിമുകളിലൂടെ അഭിനയത്തിൽ തുടക്കം കുറിച്ച സന്ദീപ് പ്രദീപ്‌ ഇപ്പോൾ നിതീഷ് സഹദേവ് സംവിധാനം ചെയ്ത 'ഫാലിമി'യിലൂടെ സിനിമ പ്രേക്ഷകരുടെ ഇഷ്ട താരമായിരിക്കുകയാണ്. ചിത്രത്തിന്‍റെയും തന്‍റെയും വിശേഷങ്ങൾ പങ്കുവെക്കുന്നു സന്ദീപ് പ്രദീപ്‌

തൊട്ടടുത്ത വീട്ടിലെ പയ്യൻ

സിനിമക്ക് എല്ലായിടത്തും നല്ല അഭിപ്രായം ലഭിക്കുന്നുണ്ട്. ഞങ്ങൾ സിനിമയിലുള്ളവരെല്ലാം ചേർന്ന് തീയറ്റർ വിസിറ്റ് നടത്തുന്ന സമയം കൂടിയാണിത്. ഓരോ തീയറ്ററിൽ ചെല്ലുമ്പോഴും അവിടെയുള്ള ആളുകളെല്ലാം വളരെ സന്തോഷത്തോടെയാണ് ഞങ്ങളെ സ്വീകരിക്കുന്നത്. ഈ സിനിമയിലുള്ള അച്ഛൻ, അമ്മ, അപ്പൂപ്പൻ തുടങ്ങിയ എല്ലാവരെയും പ്രേക്ഷകർക്ക് എളുപ്പത്തിൽ ഇഷ്ടപ്പെടാൻ കഴിയുന്നുണ്ട് എന്നതാണ് ഒന്നാമത്തെ കാരണം.


സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകരെല്ലാം അവരുടെ ഫാമിലിയിലുള്ള ഒരാളായിട്ടാണ് ഞങ്ങളെ കൂടെ കൂട്ടുന്നത്. എന്നോടാണെങ്കിൽ തൊട്ടടുത്ത വീട്ടിലെ പയ്യൻ എന്ന ഒരടുപ്പം എല്ലാവർക്കും വരുന്നുണ്ട്. സിനിമ റിലീസ് ചെയ്തതിന് ശേഷം ആക്ടർ ഇർഷാദ് ഇക്ക, സുരഭി ചേച്ചി, ബേസിലേട്ടൻ വഴിയുള്ള ചില പരിചയക്കാരെല്ലാം വിളിച്ചു അഭിനന്ദനങ്ങൾ അറിയിച്ചിരുന്നു. അതൊക്കെ വളരെ സന്തോഷമുണ്ടാക്കുന്ന കാര്യങ്ങളാണ്.

ഫാലിമിയിൽ ആദ്യം കാസ്റ്റ് ചെയ്യപ്പെട്ടത് ഞാൻ

വൈക്കമാണ് എന്റെ വീട്. കഴിഞ്ഞ അഞ്ചു വർഷമായി എറണാകുളത്ത് സെറ്റിൽഡാണ്. പഠിച്ചതെല്ലാം ബാംഗ്ലൂരാണ്. അഭിനയത്തിന്റെ കൂടെ വി.എഫ്.എക്സ് ആർടിസ്റ്റായും വർക്ക് ചെയുന്നുണ്ട്. പത്താം ക്ലാസിൽ പഠിക്കുമ്പോൾതൊട്ട് ഷോർട്ട് ഫിലിമും വെബ് സീരീസുമെല്ലാം ചെയ്തു തുടങ്ങി. പ്ലസ് ടു കഴിഞ്ഞ് കോളജിൽ പഠിക്കുന്ന കാലത്ത് 'ശാന്തി മുഹൂർത്തം' എന്ന പേരിൽ ഒരു ഷോർട്ട് ഫിലിം ചെയ്തു. അതത്യാവശ്യം വൈറലായിരുന്നു.


ആ വഴിക്കാണ് ഫാലിമി സിനിമയുടെ സംവിധായകൻ നിതീഷേട്ടനെ പരിചയപ്പെടുന്നത്. ശാന്തി മുഹൂർത്തം ഷോർട്ട് ഫിലിം കണ്ട നിതീഷേട്ടൻ എന്നെ വിളിക്കുകയായിരുന്നു. ആ സമയത്ത് നിതീഷേട്ടന് ഒരു സിനിമ ചെയ്യാനുള്ള പ്ലാനുണ്ടായിരുന്നു. പക്ഷെ അന്നാ സിനിമ സംഭവിച്ചില്ല. പിന്നീട് ഫാലിമി സിനിമയുടെ പ്ലാനൊക്കെ നടക്കുന്ന സമയത്തും ഞാൻ നിതീഷേട്ടന്റെ കൂടെയുണ്ട്. ഫാലിമി സിനിമയിൽ ആദ്യം കാസ്റ്റ് ചെയ്യപ്പെട്ടത് ഞാനാണ്. അങ്ങനെയാണ് സിനിമയുടെ ഭാഗമായി ഞാൻ വരുന്നത്.

നടൻ മാത്രമല്ല വി.എഫ്.എക്സ് ആർടിസ്റ്റുമാണ്

സിനിമയാണ് എനിക്കെപ്പോഴുമിഷ്ടം. ചെറുപ്പകാലത്തൊക്കെ സിനിമയാണിഷ്ടമെന്ന് വീട്ടിൽ പറയുമ്പോ അത് ഉൾക്കൊള്ളാനവർക്കൽപം പ്രയാസമായിരുന്നു. കൃത്യമായി വരുമാനമാർഗമുള്ള എന്തെങ്കിലും കോഴ്സ് പഠിക്കണമെന്നാണ് അന്നവരെന്നോട് പറഞ്ഞത്. അപ്പോഴും സിനിമ പഠിക്കണമെന്നായിരുന്നു എനിക്കാഗ്രഹം. സിനിമയോട് എനിക്കത്ര മാത്രം താൽപര്യമുണ്ട്. അഭിനയം കഴിഞ്ഞാൽ പിന്നെയെനിക്ക് അത്ഭുതം തോന്നിയിട്ടുള്ളത് സി.ജി വർക്കുകളിലാണ്. നമുക്ക് ചിന്തിക്കാൻ പോലും പറ്റാത്തത്രയും കാര്യങ്ങളാണ് ആ ഡിപ്പാർട്ട്മെന്റ് വഴിയവർ സ്ക്രീനിൽ ഉണ്ടാക്കിയെടുക്കുന്നത്. അതൊരു കൗതുകമായി എപ്പോഴും എന്റെ ഉള്ളിലുണ്ടായിരുന്നു.


അങ്ങനെയാണ് വി.എഫ്.എക്സ് പഠിക്കാൻ ശ്രമിക്കുന്നത്. സിനിമയിലെല്ലാം അഭിനയിക്കുന്ന അതേസമയത്ത് തന്നെ വി.എഫ്.എക്സ് ജോലികളും മറ്റും ഞാൻ ചെയ്യുമായിരുന്നു. ഫാലിമി സിനിമയുടെ സംവിധായകൻ നിതീഷേട്ടൻ ആദ്യമായി സംവിധാനം ചെയ്ത ഷോട്ട് ഫിലിം മെഗ്നിറ്റൊ വി.എഫ്.എക്സ് ബേസിഡായിട്ടുള്ള ഒരു ഷോർട്ട് ഫിലിമായിരുന്നു. അന്ന് ആ വർക്കിന്റെ വി.എഫ്.എക്സ് സൂപ്പർവൈസർ ഞാനായിരുന്നു. അതിൽ ഞാൻ അഭിനയിച്ചിട്ടുമുണ്ട്. അങ്ങനെയാണ് ഞാനും നിതീഷേട്ടനും തമ്മിലുള്ള സൗഹൃദം.

പതിനെട്ടാം പടിയും അന്താക്ഷരിയും ഏക് ദിനും

ഞാനാദ്യമായി അഭിനയിച്ച് പുറത്തിറങ്ങിയ സിനിമ 'പതിനെട്ടാം പടി'യാണ്. ഓഡിഷൻ വഴിയാണ് ആ സിനിമയിലേക്കെത്തുന്നത്. അതൊരു വലിയ അനുഭവമായിരുന്നു. മമ്മൂക്കയെ കാണാൻ പറ്റി, ശങ്കർ രാമകൃഷ്ണനെ പോലുള്ള സംവിധായകന്റെ കൂടെ വർക്ക് ചെയ്യാൻ പറ്റി എന്നതൊക്കെ ഒരു മികച്ച അനുഭവമായിരുന്നു. 65 പുതുമുഖങ്ങളെ വെച്ച് ചെയ്ത ഒരു സിനിമയായിരുന്നു അത്. അതുകൊണ്ടുതന്നെ കഥാപാത്രത്തെ കുറിച്ച് കൂടുതലായി പറയാൻ ഒന്നുമില്ല. കഥാപാത്രമെന്ന നിലക്ക് ആ സിനിമയിൽ കൂടുതലായൊന്നും എനിക്ക് ചെയ്യാനില്ലായിരുന്നു. അഭിനയം എന്നതിനപ്പുറത്തോട്ട് അവിടുത്തെ ലൊക്കേഷൻ അനുഭവങ്ങളായിരുന്നു എന്നെ കൂടുതൽ അത്ഭുതപ്പെടുത്തിയത്.


അതിനുശേഷം സോണി ലിവിൽ റിലീസായ 'അന്താക്ഷരി' എന്ന സിനിമയിലും അഭിനയിച്ചു. വളരുന്നത്. സ്കൂളിൽ സുഹൃത്തുക്കളെല്ലാം ചേർന്നുള്ള ലൂമിയർ ബ്രോസ് എന്നൊരു ടീം ഞങ്ങൾക്കുണ്ടായിരുന്നു. അന്ന് അതിലുള്ള എല്ലാവരും ചെറിയ പിള്ളേരായിരുന്നു. അതിൽ തന്നെ ഞങ്ങളുടെയൊരു സീനിയറുണ്ടായിരുന്നു ആനന്ദ്. എന്റെ ഓർമ്മ ശരിയാണെങ്കിൽ എനിക്കും ആനന്ദിനും മാത്രമായിരുന്നു അതിൽ സിനിമയോട് കുറച്ച് കൂടുതൽ കമ്പമുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ സ്വാഭാവികമായി ഞങ്ങൾ തമ്മിലുള്ള സൗഹൃദം വളർന്നു. ഞങ്ങൾ തമ്മിലുള്ള സൗഹൃദത്തിൽ നിന്നാണ് പിന്നീടാ ടീം തന്നെ വളർന്നു വരുന്നത്. ആ ആനന്ദാണ് പിന്നീട് 'ഗൗതമന്റെ രഥം' എന്ന സിനിമ സംവിധാനം ചെയ്തത്. പതിനെട്ടാംപടി സിനിമക്ക് ശേഷം 'എക് ദിൻ' എന്നൊരു സിനിമയിൽ ഞാനഭിനയിച്ചിട്ടുണ്ട്. അതൊരു ഫെസ്റ്റിവൽ സിനിമയായിരുന്നു.

അപ്പൂപ്പനുമായുള്ള കെമിസ്ട്രി

മഞ്ജുപിള്ള, ജഗദീഷ് തുടങ്ങിയവരെല്ലാം എത്ര വലിയ അഭിനേതാക്കളാണെന്ന് നമുക്കറിയാം. അവരുടെ കൂടെ സമയം ചിലവഴിക്കുമ്പോൾ നമുക്കും ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിയും. അഭിനയത്തിന്റെ കാര്യത്തിലാണെങ്കിലും, അവർ ജീവിതത്തിൽ പെരുമാറുന്ന രീതിയാണെങ്കിലുമെല്ലാം നമുക്ക് പഠിക്കാൻ കുറെ കാര്യങ്ങളുണ്ട്. പിന്നെ അതിലാരും ഒരു പുതുമുഖം എന്ന രീതിയിലെന്നെ ട്രീറ്റ് ചെയ്തിട്ടില്ല. ഒരു കുടുംബത്തിലുള്ള ആളെ പോലെ അല്ലെങ്കിൽ ഒരു മകനെ പോലെയൊക്കെ തന്നെയെ എല്ലാവരും എന്നെ കരുതിയിട്ടുള്ളൂ. പ്രത്യേകിച്ചും മഞ്ജു ചേച്ചിയൊക്കെ ഒരു അമ്മയെപ്പോലെയാണ് എന്നെ നോക്കിയിരുന്നത്. എനിക്ക് വയ്യായ്ക വരുമ്പോൾ നല്ല കെയറിങ്ങെല്ലാം തന്നിരുന്നു.


പിന്നെ ആ സിനിമക്കകത്ത് ട്രെയിനിൽ വെച്ചുള്ള കുറച്ച് റിസ്കി സീനുകളെല്ലാമുണ്ടായിരുന്നു. ആ സമയത്ത് ഒരു അച്ഛന്റെ കരുതലോടെയാണ് ജഗദീഷേട്ടൻ വന്ന് കാര്യങ്ങളെല്ലാം പറഞ്ഞുതന്നത്. ബേസിലേട്ടനും ഞാനും തമ്മിലുള്ളത് നല്ലൊരു ഫ്രണ്ട്ഷിപ്പാണ്. ഒരു സീൻ കിട്ടിക്കഴിഞ്ഞാൽ ബേസിലേട്ടനത് ഇമ്പ്രവൈസ് ചെയ്യുന്ന രീതി കണ്ടുപഠിക്കേണ്ട ഒന്നാണ്. സിനിമ കണ്ടാൽ തന്നെ അറിയാം അച്ഛൻ, അമ്മ, അപ്പൂപ്പൻ, സഹോദരൻ പിന്നെ ഞാൻ എന്നിങ്ങനെയുള്ള അഞ്ചുപേരുടെ കോമ്പിനേഷൻ തന്നെയാണ് സിനിമയിലുടനീളമുള്ളത്. അതുകൊണ്ടുതന്നെ ഷൂട്ട് കഴിയുന്നതുവരെ ഞങ്ങളെല്ലാവരും ഒരുമിച്ചുണ്ടായിരുന്നു.

പിന്നെ അപ്പൂപ്പനായി അഭിനയിച്ച മീനരാജ് പള്ളുരുത്തിയും ഞാനും ഒരുമിച്ചായിരുന്നു താമസം. അതുകൊണ്ടുതന്നെ ഞങ്ങൾക്കിടയിൽ ഒരു പ്രത്യേക കെമിസ്ട്രിയുണ്ടായിരുന്നു. ഞങ്ങൾ ലോക കാര്യങ്ങളും സിനിമ കാര്യങ്ങളും സംസാരിക്കും. ഒരുമിച്ച് ചായ കുടിക്കാൻ പോവുകയും ഭക്ഷണങ്ങളെ കുറിച്ച് സംസാരിക്കുകയും ചെയ്യും. ശരിക്കും കൂട്ടുകാരെ പോലെയായിരുന്നു ഞങ്ങൾ. ഒരിക്കലും ഒരു ഉപദേശിക്കുന്ന അപ്പൂപ്പനല്ല അദ്ദേഹം. അപ്പൂപ്പൻ നല്ലൊരു സ്റ്റോറി ടെല്ലറാണ്. പഴയകാലത്തെ ഒരുപാട് അനുഭവങ്ങളും കഥകളുമൊക്കെ പറയും. അത് കേട്ടിരിക്കാൻ എനിക്കിഷ്ടമാണ്.


വാരണാസിയിലെ ഓർമ്മകൾ

ഫാലിമി സിനിമയുടെ ഷൂട്ട് തുടങ്ങിയത് രാജസ്ഥാനിലാണ്. അതിനുശേഷം ഒരു ഷെഡ്യൂൾ കർണാടകയിലായിരുന്നു. പിന്നെ വാരണാസി മറ്റൊരു ലൊക്കേഷനായിരുന്നു. അതുപോലെ തിരുവനന്തപുരത്തും ഷൂട്ടുണ്ടായിരുന്നു. രാജസ്ഥാനിലെ പ്രധാന പ്രശ്നം അവിടുത്തെ ക്ലൈമറ്റാണ്. രാവിലെ അതിഭീകര ചൂടും രാത്രി അതേ അളവിൽ തണുപ്പുമാണ് അവിടെയുള്ളത്. ആ ക്ലൈമറ്റ് എന്റെ ആരോഗ്യത്തിന് അത്യാവശ്യം പ്രശ്നമായിരുന്നു. ഓരോ ദിവസം എനിക്ക് ഓരോ തരത്തിലുള്ള ശാരീരിക പ്രശ്നങ്ങളായിരുന്നു.

ഒരു ദിവസം തലവേദനയാണെങ്കിൽ മറ്റൊരു ദിവസം ഫുഡ് പോയ്‌സൺ. അങ്ങനെയൊക്കെ അത്യാവശ്യം ബുദ്ധിമുട്ടിയിരുന്നു. പിന്നെ വാരണാസിൽ ഞാൻ ആദ്യമായിട്ടാണ് പോകുന്നത്. ഭയങ്കര സമാധാനം തരുന്ന അന്തരീക്ഷമാണത്. സമാധാനം എന്ന് പറയുമ്പോൾ തന്നെ അവിടെ ശബ്ദമലിനീകരണവുമുണ്ട് എന്നത് വേറെ കാര്യം. പക്ഷേ ഞാൻ പറയുന്ന സമാധാനം അത് വേറെയാണ്. അവിടെ എപ്പോഴും ഒരു ഡിവൈൻ ഓറയുണ്ട്. പിന്നെ മാറിയിരുന്ന് ആ സ്ഥലവും പരിസരവും ആസ്വദിക്കാനുള്ള സമയമൊന്നും നമുക്കില്ലായിരുന്നു. ഷൂട്ടിങ് പ്രോസസിലായിരുന്നു കൂടുതലായിട്ടും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.

വരും പദ്ധതികൾ

ഒന്നും ഏറ്റെടുത്തിട്ടില്ല. ഡിസ്കഷനുകൾ നടക്കുന്നതേയുള്ളൂ

Tags:    
News Summary - Interview of Falimy movie Fame Sandeep Pradeep

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.