സ്വയം സൃഷ്ടിക്കുന്ന കഥാപാത്രങ്ങളിൽ അഭിനയിക്കുന്നത് അത്ര എളുപ്പമല്ല; മനസ് തുറന്ന് ഡിനോയ് പൗലോസ്

ഗിരീഷ് എ.ഡി യോടൊപ്പം തിരക്കഥ എഴുതി, അഭിനയിച്ച തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചലച്ചിത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് ഡിനോയ് പൗലോസ്. പത്രോസിന്റെ പടപ്പുകൾ എന്ന സിനിമയിലെ അഭിനയത്തിനുശേഷം വീണ്ടും ഡിനോയ് പൗലോസ് തിരക്കഥ എഴുതി അഭിനയിച്ച സിനിമയാണ് വിശുദ്ധ മേജോ. എഴുത്തുകാരനും നായകനുമായ ഡിനോയ് പൗലോസ് തന്റെ സിനിമാ വിശേഷങ്ങൾ പങ്കുവെക്കുന്നു

സ്വന്തം രചനയിൽ, നായകവേഷം

എനിക്ക് സ്വന്തമായൊരു പ്രൊഫൈൽ ഉണ്ടാക്കിയെടുക്കുവാൻ വേണ്ടിയാണ് അങ്ങനെ ഒരു സാധ്യത ഞാൻ ഉപയോഗപ്പെടുത്തുന്നത്. തണ്ണീർമത്തൻ ദിനങ്ങളിളായാലും, പത്രോസിന്റെ പടപ്പുകളിലായാലും ഇനിയിപ്പോൾ വിശുദ്ധമേജൊയിലായാലും എല്ലാം തന്നെ രചന കൈകാര്യം ചെയ്യുമ്പോഴും അടിസ്ഥാനപരമായി ഞാനിഷ്ടപ്പെടുന്നത് അഭിനയം തന്നെയാണ്. എന്നെ സംബന്ധിച്ചിടത്തോളം അഭിനയത്തിൽ ഇപ്പോഴും എനിക്ക് വലിയ അവസരങ്ങളൊന്നും സിനിമയിൽ തുറന്നു കിട്ടിയിട്ടില്ല. സിനിമാമേഖലയിലുള്ള ആളുകൾ എന്നെ അറിഞ്ഞു തുടങ്ങുന്നേയുള്ളൂ. അതുകൊണ്ടുതന്നെയാണ് ഞാൻ എഴുതുന്ന സിനിമകളിൽ ഞാൻ തന്നെ അഭിനയിക്കുന്നതും. തണ്ണീർ മത്തൻദിനങ്ങൾ സിനിമയിലൊക്കെ അഭിനയിക്കുന്ന കാലത്ത് മറ്റൊരാളുടെ അടുത്ത് നമ്മൾ അവസരം ചോദിച്ചു പോകുമ്പോൾ നമുക്ക് നമ്മുടേതെന്നും പറഞ്ഞു കാണിച്ചുകൊടുക്കാൻ ചെയ്തുവെച്ച എന്തെങ്കിലുമൊക്കെ വർക്കുകൾ വളരെ അത്യാവശ്യമായിരുന്നു. അപ്പോൾ അതും കൂടി മനസ്സിൽ വച്ചു കൊണ്ടാണ് ഞാൻ രചനയിലേക്ക് വരുന്നത്. എന്നെ സംബന്ധിച്ചിടത്തോളം എഴുത്തും അഭിനയവും രണ്ടും രണ്ട് തന്നെയാണ്.അങ്ങനെ തന്നെയാണ് അവയെ ഞാൻ മുമ്പോട്ടു കൊണ്ടു പോകുന്നതും.

അത്ര എളുപ്പമല്ല,സ്വയം സൃഷ്ടിക്കുന്ന കഥാപാത്രങ്ങളിലഭിനയിക്കുന്നത്

ഒരിക്കലും എളുപ്പമുള്ള കാര്യമല്ല നമ്മൾ എഴുതുന്ന കഥാപാത്രങ്ങളിൽ നമ്മൾ തന്നെ അഭിനയിക്കുന്നത്. ഒന്നാമത്തെ കാര്യം ഞാനത്ര എക്സ്പ്ലോർ ചെയ്ത മേഖലയല്ല എഴുത്തായാലും അഭിനയമായാലും.എഴുതുന്ന സമയത്ത് കഥാപാത്രങ്ങളെ എഴുതി വയ്ക്കുക എന്നുള്ളത് എളുപ്പമാണ്. പക്ഷേ ആ കഥാപാത്രങ്ങൾ ചെയ്യുക എന്ന് പറയുമ്പോൾ അവിടെ അഭിനയിച്ചു ഫലിപ്പിക്കുക എന്നുള്ള കഴിവ് കൂടി ആവശ്യമാണ്. റിയൽ ലൈഫിൽ നമുക്ക് ഒരു റൊമാൻസ്, അല്ലെങ്കിൽ ഇമോഷണൽ സീൻസൊന്നും അതിഭയങ്കരമായി കടന്നു പോകേണ്ടിവരുന്ന ആവശ്യം വരുന്നില്ല. ആ പറയുന്ന അവസ്ഥകളെല്ലാം ഞാൻ ആദ്യമായി സിനിമയിലൂടെയാണ് എക്സ്പ്ലോർ ചെയ്യുന്നത്. അതുകൊണ്ടുതന്നെ എനിക്കതൽപം ടഫ് ആയിരുന്നു.

സെങ്കെനിയായി പ്രേക്ഷക-നിരൂപക പ്രശംസ പിടിച്ചുപറ്റിയ ലിജോ മോളുമൊത്തുമുള്ള അനുഭവം

ജയ് ഭീം പോലൊരു വലിയ സിനിമയുടെ ഭാഗമായതിന്റെയൊ, പ്രകടനം കൊണ്ട് അത്രത്തോളം പ്രേക്ഷക-നിരൂപക പ്രശംസ പിടിച്ചു പറ്റിയതിന്റെയോ ആയ യാതൊരുവിധ താരജാഡകളുമില്ലാത്ത ഒരാളാണ് ലിജോ മോൾ.വിശുദ്ധ മെജോ ഷൂട്ട് നടക്കുന്ന സമയത്തു ഞങ്ങൾ ഷൂട്ട് കഴിഞ്ഞാലും വൈകുന്നേരങ്ങളിൽ അന്നത്തെ അനുഭവങ്ങളൊക്കെ പങ്കുവെക്കുമായിരുന്നു. സിനിമയുടെ ഭാഗമായി ഒരു സെമിത്തേരി ഷൂട്ട് നടക്കുന്ന സമയത്ത് അവർക്ക് ചെറുതായൊരു അപകടം പറ്റി. ഒരു കല്ലറയിൽ ചവിട്ടി അവരൊന്നു വഴുക്കി വീണു. അവിടെയുള്ളവരൊക്കെ അത്കണ്ടു പെട്ടെന്ന് ടെൻഷനായപ്പോൾ എനിക്കെന്തോ ആ സമയത്ത് ആ വീഴ്ച കണ്ട് ചിരിയാണ് വന്നത്. അത് ഞങ്ങൾ തമ്മിലുള്ള സൗഹൃദത്തിന്റെ ഒരു ബോണ്ടിങ് കൂടിയാണ്. അതിനവർ എന്നെ കൊന്നില്ലെന്നേയുള്ളൂ. അത്യാവശ്യം ഉളുക്ക് പറ്റിയത് കൊണ്ട് ആശുപത്രിയിലെല്ലാം അവരെ കൊണ്ടുപോകേണ്ടി വന്നെങ്കിലും അവർ തിരിച്ചു വന്നതിനുശേഷം, അവർ വീണ ആ രംഗമൊക്കെ ഞാൻ അവരുടെ മുമ്പിൽ മിമിക് ചെയ്തു കാണിക്കുമായിരുന്നു. അത്രത്തോളം അടുപ്പം ഞങ്ങളുടെ സൗഹൃദത്തിനുണ്ടായിരുന്നു. അവർക്ക് പകരം ജോമോൻ ചേട്ടനോ മറ്റാരെങ്കിലുമൊക്കെയാണ് അങ്ങനെ അവിടെ വീണതെങ്കിൽ എനിക്കങ്ങനെ ചിരിക്കാൻ പോലും പറ്റില്ലായിരുന്നു.

ജോമോൻ-ഷമീർ മുഹമ്മദ് വീണ്ടും ആവർത്തിക്കുമ്പോൾ

തണ്ണീർ മത്തൻ ദിനങ്ങളിലായിരുന്നു ജോമോൻ- ഷമീർ മുഹമ്മദ് കൂട്ടുകെട്ടിനോടൊപ്പം ഞാനാദ്യം വർക്ക് ചെയ്തത്. ഞാൻ പറയാതെ തന്നെ നമുക്കറിയാം അവർ വളരെ നല്ല ടെക്നീഷ്യൻസാണെന്ന്. വിശുദ്ധ മെജോ സിനിമയുടെ കഥ ഒരാളെ ഒറ്റയടിക്ക് പറഞ്ഞു ഫലിപ്പിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. സിനിമയായി കഴിഞ്ഞിട്ട് പോലും എല്ലാവർക്കും അത് മനസ്സിലാകുന്നുണ്ടോ എന്ന കാര്യത്തിൽ എനിക്ക് ഇപ്പോഴും സംശയമുണ്ട്. ടെക്നിക്കൽ ബ്രില്ല്യൻസ് ഉണ്ട് എന്നതിനപ്പുറം തന്നെ അൽപ്പം കൂടി ചിന്തിക്കാനും മനസ്സിലാക്കാനും കൂടി കഴിയുന്നവരാണവർ. അതുപോലെതന്നെ മാത്യുവുമായുള്ള സൗഹൃദത്തെ കുറിച്ച് കൂടി പറയേണ്ടി വരും. എനിക്ക് ഏറ്റവും എളുപ്പത്തിൽ ആക്സസ് ചെയ്യാൻ പറ്റുന്ന ഒരു നടൻ മാത്യുവാണ്. അത് ആ സൗഹൃദത്തിന്റെ ആഴം കൊണ്ട് കൂടിയാണ്.

ആദ്യ സിനിമ 2012ലിറങ്ങിയ ബ്ലാക്ക് ടിക്കറ്റ്

ഒമ്പതാം ക്ലാസിലൊക്കെ പഠിക്കുമ്പോഴാണ് എന്റെയുള്ളിൽ ഒരു സിനിമാമോഹമൊക്കെ തുടങ്ങുന്നത്. അന്നെനിക്ക് പറയാനൊരു ഗോഡ് ഫാദർ ഒന്നുമില്ലായിരുന്നു. മാത്രമല്ല സിനിമ എന്ന് പറയുന്ന മേഖല ഇത്രത്തോളമന്നു വളർന്നിട്ടുമില്ല. എന്നൊക്കെയാണെങ്കിൽ ആർക്കും വേണമെങ്കിൽ സിനിമ ചെയ്യാം എന്നുള്ള സാഹചര്യമാണ്. ആ സമയത്താണെങ്കിൽ എനിക്ക് എങ്ങനെയാണ് സിനിമയെ സമീപിക്കേണ്ടത് എന്നൊന്നും അറിയില്ലായിരുന്നു. അതുകൊണ്ടുതന്നെ ഞാനാ മോഹം പതുക്കെ ഉപേക്ഷിച്ചു. അങ്ങനെ കൊളജ് പഠനമൊക്കെ കഴിഞ്ഞ് അക്കൗണ്ടിങ് അല്ലെങ്കിൽ ഐടി എന്നൊക്കെ പറഞ്ഞു നിൽക്കുന്ന സമയത്താണ് അവിടെ ഒരു സുഹൃത്തിനെ പരിചയപ്പെടുന്നത്. അദ്ദേഹം ഒരു പ്രൊഡ്യൂസറുടെ ഫ്രണ്ട് കൂടിയായിരിന്നു. ആ ഫ്രണ്ട് അഭിനയിക്കാൻ ഒരു അവസരം ശരിയാക്കിത്തരാമെന്ന് പറഞ്ഞപ്പോൾ വീണ്ടും അത്തരമൊരാഗ്രഹം മനസ്സിൽ കയറി. അതിനിടക്ക് ഒരു സമയം കഴിഞ്ഞപ്പോൾ എനിക്കെന്റെ ജോലിയൊക്കെ മടുത്തു തുടങ്ങി. ആ സമയമായപ്പോഴേക്കും സിനിമ ഇൻഡസ്ട്രിയൊക്കെ മാറിക്കഴിഞ്ഞിരുന്നു. കുറേക്കൂടി നമ്മളോട് അടുത്തുനിൽക്കുന്ന സിനിമകളാണ് എല്ലാം എന്നുള്ളൊരു തോന്നൽ ഉണ്ടായിരുന്നു.എന്നാൽ പിന്നെ നമുക്ക് കൂടി ട്രൈ ചെയ്തു നോക്കാം എന്നുള്ള തോന്നൽ വന്നപ്പോൾ രണ്ടും കൽപ്പിച്ച് ഇറങ്ങിയതാണ് . അങ്ങനെ പലവഴിക്ക് ശ്രമിച്ചുകൊണ്ടാണ് 2012ൽ ബ്ലാക്ക് ടിക്കറ്റ് സിനിമയിലെത്തുന്നത്.

ബ്രേക്ക് തന്നത് തണ്ണീർമത്തൻദിനങ്ങൾ

ഫേസ്ബുക്ക് വഴിയാണ് ഞാനും തണ്ണീർ ദിനങ്ങളുടെ സംവിധായകൻ ഗിരീഷുമൊക്കെ തമ്മിൽ സൗഹൃദമാകുന്നത്. ഞാൻ അത്യാവശ്യം ട്രോളുകൾ ഒക്കെ ഇടുന്ന ഒരാളായിരുന്നു.അതോടൊപ്പം അന്നത്തെ എന്റെ ട്രോളുകൾ ആളുകൾ അത്യാവശ്യം ഇഷ്ടപ്പെട്ടിരുന്നു. അതുപോലെതന്നെ നമ്മുടെ ലൈഫിൽ നടക്കുന്ന കാര്യങ്ങളും, ചില അനുഭവങ്ങളുമൊക്കെ ഞാൻ ഫേസ്ബുക്കിൽ എഴുതിയിടും. അതൊക്കെ കണ്ടിഷ്ടമായിട്ടാണ് ഗിരീഷ് എനിക്ക് മെസ്സേജ് അയക്കുന്നത്. അങ്ങനെ സൗഹൃദം തുടങ്ങുകയും പിന്നീട് ഞങ്ങൾ ഒരു ഷോർട്ട് ഫിലിം ഒരുമിച്ച് ചെയ്യുകയും ചെയ്തു. അത് ഞാൻ തിരക്കഥ എഴുതുകയും അവൻ സംവിധാനം ചെയ്യുകയും ചെയ്തു. അത്തരം ഒരു സൗഹൃദത്തിൽ നിന്നാണ് ഞങ്ങൾ തണ്ണീർമത്തൻദിനങ്ങൾ സിനിമയിലേക്ക് എത്തുന്നത്. പക്ഷേ അത് ഒരു വലിയ ബ്രേക്ക് തന്നെയാണ് ഞങ്ങൾക്ക് നൽകിയത്.ജെയ്സന്റെ ചേട്ടൻ, കൗണ്ടറുകൾ കൊണ്ട് പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ച ജോയ്സൺ ആയി ആ സിനിമയിൽ എനിക്ക് നല്ല ശ്രദ്ധ കിട്ടി.

തണ്ണീർമത്തന്റെ ഹാങ്ങോവർ ഇപ്പോഴും വിട്ടു മാറിയില്ല എന്നതും വിഷമകരം

ഇപ്പോഴും ആ സിനിമ തന്ന ഹാങ്ങോവർ നമ്മളെ പിന്തുടരുന്നുണ്ട്. അതിൽ നിന്ന് എങ്ങനെ പുറത്തു കടക്കാം എന്നാണ് ഞാനിപ്പോൾ ആലോചിക്കുന്നത്. ഞാനൊരിക്കലും ഒരു തവണ എഴുതിയ പടങ്ങൾ തന്നെ വീണ്ടും എഴുതുവാൻ താല്പര്യപ്പെടുന്ന ഒരാളല്ല. അതുകൊണ്ടുതന്നെ ഇനിയൊരു തണ്ണീർമത്തൻ എഴുതാൻ എനിക്ക് ഒട്ടും താല്പര്യം ഇല്ല.തണ്ണീർമത്തൻ മാത്രമല്ല, അല്ലെങ്കിൽ ഒരു വിശുദ്ധമെജോ എഴുതാനോ, പത്രോസിന്റെ പടപ്പുകളെഴുതാനോ ഒന്നും തന്നെ എനിക്ക് താല്പര്യമില്ല. വ്യത്യസ്തമായ എന്തെങ്കിലും ചെയ്യണമെന്നാണ് എനിക്ക് ആഗ്രഹം. പക്ഷേ നമ്മൾ ഇപ്പോഴും, ഒരു പുതിയ പ്രൊഡക്ഷൻ അടുത്തേക്ക് പോകുമ്പോൾ അവർ നമ്മളോട് ചോദിക്കുന്നത് തണ്ണീർമത്തൻ ദിനങ്ങൾ പോലെയുള്ള ഒരു സിനിമയാണ്. പുതിയതായി എന്തെങ്കിലും കൊണ്ടുവരാനുള്ള ഒരു ശ്രമത്തെ തടയുന്നത് പോലെയാണ് എനിക്കപ്പോൾ തോന്നുന്നത്.

എന്നെ വളർത്തിയത് ഐ സി യു

ഇന്റർനാഷണൽ ചളു യൂണിയൻ എന്ന പ്ലാറ്റ്ഫോമാണ് എന്നെ വളർത്തിയത് എന്ന് തന്നെ പറയാം. അതായത് എന്റെ ക്രിയേറ്റീവ് സൈഡിനെ. എന്റെ ഉള്ളിൽ എന്തെങ്കിലും നർമ്മബോധമുണ്ടെങ്കിൽ അതിനെ പുറത്തേക്കെടുക്കാനുള്ള സാധ്യതകൾ ആ ഗ്രൂപ്പ് എനിക്ക് തന്നു. അക്കാലങ്ങളിലെല്ലാം ആ ഗ്രൂപ്പിന്റെ അഡ്മിനായിരുന്നു ഞാൻ. അന്ന് മലയാളം പേരിലുള്ള ഫേക്ക് ഐഡികളെല്ലാം ഫേമസായിരുന്നു. ആ സമയത്ത് എനിക്കും ഫേക്ക് ഐഡി ഉണ്ടായിരുന്നു. അതുവച്ച് ആരെയും ഞാൻ ഉപദ്രവിച്ചിട്ടില്ല. അല്ലെങ്കിൽ സിനിമകൾക്ക് ഒന്നും മോശമായ റിവ്യൂസ് ഒന്നും ഇടില്ലായിരുന്നു. എന്റെ എഴുത്തുകളും എന്റെ കോമഡികളും മാത്രമായിരുന്നു അതിലുണ്ടായിരുന്നത്. അതുകൊണ്ടൊക്കെ തന്നെ ആദ്യകാലങ്ങളിലെല്ലാം എനിക്കെന്തെങ്കിലും ഒരു ആത്മവിശ്വാസമൊക്കെ വന്നിട്ടുണ്ടെങ്കിൽ അതിന്റെ കാരണം എന്ന് പറയുന്നത് ഇതൊക്കെ തന്നെയാണ്. പിന്നെ സിനിമയിലെത്തിയില്ലായിരുന്നുവെങ്കിൽ ഞാനൊരു ക്രിട്ടിക് ആയേനെ എന്നെനിക്ക് തോന്നാറുണ്ട്.അതുപോലെ അഭിമുഖങ്ങൾ നടത്താൻ എനിക്കിഷ്ടമാണ്, റൈറ്റ് അപ്പ്സ് എഴുതുവാനും എനിക്കിഷ്ടമാണ്.

വരും പ്രോജെക്ടുകൾ

സംഗീത് പ്രതാപെന്ന എന്റെയൊരു ഫ്രണ്ട് ഫ്രണ്ട് സംവിധാനം ചെയ്യുന്ന ഒരു സിനിമയാണ് ഇനി വരാനിരിക്കുന്നത്. അതുപോലെ ഇനി വരുംകാലങ്ങളിൽ സിനിമയിൽ തന്നെ നിൽക്കുകയാണെങ്കിൽ തീർച്ചയായും സിനിമ സംവിധാനം ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു.

Tags:    
News Summary - Dinoy Poulose Opens Up About His Movie Journey, latest Interview

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.