സത്യത്തിലാരും തിരിച്ചറിഞ്ഞില്ല

കുന്നോളം ആഗ്രഹിച്ചാലേ കുന്നിക്കുരുവോളം കിട്ടൂവെന്ന് പറയാറുണ്ട്. രാജീവ് നടുവനാടിന്റെ ആഗ്രഹങ്ങൾ അത്രത്തോളം വലുതായിരുന്നു. പ്രയത്നിച്ചു, നേടിയെടുത്തു... ഒരു കൊച്ചു ബാർബർകടയിൽനിന്ന് സംവിധായകനായും നടനായും നടന്നുകയറിയ രാജീവ് നടുവനാടിന്റെ കഥയാണിത്. ജീവിതയാഥാർഥ്യങ്ങൾ തിരിച്ചറിഞ്ഞ് വിജയത്തിന്റെ പടവുകൾ ഒന്നൊന്നായിക്കയറിയ തിരക്കഥയുണ്ട് ഇവിടെ. ഇല്ലായ്മകളുടെ പടുകുഴിയിൽനിന്നാണ് ആക്ഷനും കട്ടും പറഞ്ഞ് രാജീവ് സംവിധായകനായതും പിന്നീട് നടനായതും. മട്ടന്നൂരിലെ നടുവനാട് എന്ന കൊച്ചുഗ്രാമത്തിൽ കലയെ സ്നേഹിച്ച ഒരുകൂട്ടർ ഒരു ക്ലബ് ഉണ്ടാക്കി, പേര് ‘വിപഞ്ചിക’. ഏകദേശം 34 കൊല്ലം മുമ്പ് ഈ ക്ലബിന്റെ വാർഷികപരിപാടിയിലാണ് ആദ്യമായി രാജീവ് നടുവനാട് സ്റ്റേജിൽ നാടകം അവതരിപ്പിക്കുന്നത്. കലയെ സ്നേഹിക്കുന്ന നാട്ടുകാരായിരുന്നു കൂടെയുണ്ടായിരുന്നത്.



രാജീവ് നടുവനാട്

 

ജീവിതത്തിന്റെ തിരക്കഥകൾ

സ്വപ്നം മനസ്സിനെയും ആഗ്രഹം ശരീരത്തെയും പിടിമുറുക്കിയതോടെ എല്ലാം രാജീവിന്റെ തിരക്കഥക്കനുസരിച്ചായി കാര്യങ്ങൾ. ദാരിദ്ര്യമെന്താണെന്നും പട്ടിണി എങ്ങനെയാണെന്നും അറിഞ്ഞനാളിൽ പഠനം പത്താം ക്ലാസിൽ അവസാനിപ്പിച്ച് നേരെപോയത് മാഹിയിലേക്ക്. അവിടെ ബാറിൽ കുറച്ചുകാലം ജോലിചെയ്തു. പല വഴിക്ക് പല ജോലികൾ ചെയ്യുമ്പോഴും നാടകമെന്ന സ്വപ്നം ഒരിടത്തും ഇരിപ്പുറപ്പിച്ചില്ല. മാഹിയിൽ ജോലിചെയ്യവെ രാജീവ്, ഇവിടെ നിൽക്കേണ്ടവനല്ല എന്നുപറഞ്ഞ് മുതലാളി വയനാട്ടിൽ മറ്റൊരു ജോലി ശരിയാക്കിക്കൊടുത്തു. അവിടെ ടെക്സ്റ്റൈൽസിൽ കുറെക്കാലം. അവിടന്ന് കിട്ടിയ കൂലികൊണ്ട് ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ പറ്റാതായപ്പോൾ ഇറങ്ങിനടന്നു, ശൂന്യമായ വഴിയിലേക്ക്. പിന്നീട് നാട്ടിലെ ഒരു സുഹൃത്ത് ജലീൽക്കായുടെ കൂടെ തലശ്ശേരിയിൽ ഫുട്പാത്ത് കച്ചവടം, മിൽമ ബൂത്ത്, കല്ലുകൊത്ത്, തെങ്ങുചെത്ത് അങ്ങനെ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പലവിധ ജോലികളും ചെയ്തു. എന്തു ജോലിചെയ്യുമ്പോഴും രാജീവിന്റെ മനസ്സുനിറയെ നാടകവും സിനിമയും മാത്രമായിരുന്നു. ഒരുസ്ഥലത്തും ഇരിപ്പുറപ്പിക്കാൻ കഴിയാത്തവിധം അത് മനസ്സിനെ അത്രയധികം ആകർഷിച്ചുകൊണ്ടേയിരുന്നു. പല ജോലികളും കഴിഞ്ഞ് നാട്ടിലെത്തുന്നത് മിക്കപ്പോഴും വേനൽക്കാലത്തായിരുന്നു. അപ്പോഴാണ് നാട്ടിലാകെ നാടകങ്ങൾ തുടങ്ങുക. നാടകത്തിന്റെ കാലം കഴിഞ്ഞ് തിരിച്ച് ജോലിയിൽ എത്തുമ്പോഴേക്ക് ചിലപ്പോൾ ആ ജോലി നഷ്ടപ്പെട്ടിരിക്കും. രാത്രി മിക്ക ദിവസങ്ങളിലും നാടക റിഹേഴ്സലായിരിക്കും. അപ്പോൾ പകൽസമയം കൂലിപ്പണിക്കും കല്ലുകൊത്തലിനും പോകാൻ പറ്റാതായി. അങ്ങനെയാണ് ബാർബർതൊഴിൽ എന്ന മേഖലയിലേക്ക് തിരിയുന്നത്.

ബാർബർക്കെന്താ കുഴപ്പം!

ബാർബർ തൊഴിലിൽ ആദ്യമായി ഇറങ്ങുന്നത് ’96-97 കാലത്താണ്. അന്നുവരെ അത് കുലത്തൊഴിലായിട്ടായിരുന്നു കണ്ടത്. അന്ന് കുടുംബത്തിൽനിന്ന് എതിർപ്പുകളുണ്ടായിരുന്നു ഈ ജോലി ചെയ്യുന്നതുകൊണ്ട്. പക്ഷേ, അതവഗണിച്ച് ജോലി തുടർന്നു. അതിൽനിന്ന് അത്യാവശ്യം വരുമാനം കിട്ടിയപ്പോൾ ബാർബർ രാജീവനായി. അതിനിടക്ക് കല്യാണത്തിനും മറ്റും വിഡിയോഗ്രഫിക്കും പോയിത്തുടങ്ങി. ആയിടക്കാണ് സിനിമാമോഹവുമായി എറണാകുളത്തേക്ക് വണ്ടികയറിയത്. അവിടെ സിനിമയുടെ സംഘാടകർ നൽകിയത് എ.സി റൂം. പക്ഷേ, കുറച്ചുദിവസങ്ങൾ കഴിഞ്ഞപ്പോഴേക്കും കൈയിലെ കാശ് തീർന്നു. റൂമിൽ ആകെയുണ്ടായിരുന്ന മിനറൽ വാട്ടർ കുടിച്ച് രണ്ടു ദിവസം. ഒടുവിൽ, തലശ്ശേരിയിലേക്ക്. സ്കൂൾനാടകങ്ങളിലെ മികച്ച നടനായും കേരളോത്സവങ്ങളിലെ മികച്ച നടനായും സംവിധായകനായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് രാജീവ്. തിരുവനന്തപുരം കേന്ദ്രീകരിച്ച് നടന്ന ഷോർട്ട് ഫിലിം ഫെസ്റ്റിൽ മികച്ച നടനുമായി. ഡോ. ബി.ആർ. അംബേദ്കർ കലാശ്രീ നാഷനൽ ഫെലോഷിപ്പും അതിനിടെ നേടി.

വട്ടക്കയം എൽ.പി സ്കൂളിൽ അധ്യാപികയാണ് രാജീവ് നടുവനാടിന്റെ ഭാര്യ സജിത. മക്കൾ അക്ഷയയും ചന്ദനയും. ഒറ്റയാൻ, ചോപ്പ്, നേർച്ചപ്പെട്ടി, മാക്കൊട്ടൻ, ബ്ലാക്ക് മാൻ എന്നിവയാണ് രാജീവ് അഭിനയിച്ച് പുറത്തിറങ്ങാനുള്ള സിനിമകൾ. രാജീവ് സംവിധാനംചെയ്ത് അഭിനയിച്ച ‘മാക്കൊട്ടൻ’ എന്ന സിനിമയിൽ ബിജുക്കുട്ടനാണ് നായകനായെത്തുന്നത്. 2005ൽ പീപ്ൾ ചാനലിൽ സംേപ്രഷണംചെയ്ത ‘അനന്തരം’ പരിപാടി ചിത്രീകരിച്ചുകൊണ്ടാണ് രാജീവ് സംവിധാനരംഗത്തെത്തുന്നത്. തില്ലങ്കേരി രക്തസാക്ഷികളുടെ കഥപറയുന്ന ‘1948 കാലം പറഞ്ഞത്’ എന്ന സിനിമയും സംവിധാനം ചെയ്തു.

Tags:    
News Summary - Didn't even realize it

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.