സിനിമ ബജറ്റിന്റെ 30-40 ശതമാനം വരെ സൂപ്പർ താരങ്ങളുടെ പ്രതിഫലം എന്ന, നിർമാതാക്കളുടെ ‘പേടിസ്വപ്ന’ത്തിൽ നിന്ന് ബോളിവുഡ് കരകയറുന്നുവെന്ന് സൂചന. താരാകാശം എന്ന വിശേഷണം അന്വർഥമാക്കുമാറ് സൂപ്പർ താരങ്ങൾ തങ്ങളുടെ പ്രതിഫലം ആകാശംമുട്ടേ ഉയർത്തിക്കൊണ്ടുവന്ന്, ആർക്കും പിടികിട്ടാത്ത വിധം ബോളിവുഡിന്റെ ബജറ്റുകൾ കുതിക്കുകയായിരുന്നു.
അതിനിടെ, പ്രാദേശിക ചിത്രങ്ങളുടെ അസാമാന്യ പ്രകടനംകൊണ്ടോ അതോ ബോളിവുഡിന്റെ ‘കഥയില്ലായ്മ’ കൊണ്ടോ എന്നറിയില്ല, മിക്ക ചിത്രങ്ങളും പരാജയത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്യുന്നു. ഈ തിരിച്ചറിവിലായിരിക്കാം, ഷാറൂഖ് ഖാനും സൽമാൻ ഖാനും ആമിർ ഖാനുമെല്ലാം തങ്ങളുടെ പ്രതിഫലം കുറക്കാൻ തീരുമാനിച്ചിരിക്കുന്നുവത്രെ. പ്രമുഖ നിർമാതാവായ സിദ്ധാർഥ് റോയ് കപൂർ ആണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
അതേസമയം, പ്രതിഫലം കുറച്ചുവെങ്കിലും ലാഭവിഹിതം ആവശ്യപ്പെടുന്നുവെന്നും സിദ്ധാർഥ് പറയുന്നു. എങ്കിലും ഈ നിലപാട് സ്വാഗതാർഹമാണെന്നും നിർമതാക്കൾക്ക് ബജറ്റ് മാനേജ് ചെയ്യാൻ എളുപ്പമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ചിത്രം പരാജയപ്പെട്ടാലും സൂപ്പർ താരങ്ങളുടെ ബാങ്ക് അക്കൗണ്ട് സേഫ് ആയിരിക്കുമെന്ന നേരത്തേയുള്ള അവസ്ഥ മാറുന്നത് ബോളിവുഡിന് നല്ലാതാണെന്നാണ് വ്യവസായ മേഖലയിലുള്ളവർ അഭിപ്രായപ്പെടുന്നത്. അതേസമയം, ഇന്ത്യൻ സിനിമാ വ്യവസായത്തിൽ ബോളിവുഡിന്റെ അപ്രമാദിത്തം ഇടിഞ്ഞു തുടങ്ങിയെന്ന തിരിച്ചറിവിലാണ് മുൻനിര താരങ്ങൾ ഇത്തരമൊരു നിലപാടിലേക്കെത്താൻ കാരണമെന്നും വിലയിരുത്തലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.