അഞ്ജലിയെ അമ്മയായി അംഗീകരിച്ചുവെന്ന് ദുൽഖർ പറഞ്ഞു- അഭിമുഖം

ലയാളത്തിലും തമിഴിലും നിറഞ്ഞു നില്‍ക്കുന്ന താരമായ അഞ്ജലി നായര്‍ അഭിനയിച്ച ഏറ്റവും പുതിയ സിനിമയായ ചിറ്റ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെയും തന്റെയും വിശേഷങ്ങൾ അഞ്ജലി നായർ പങ്കുവയ്ക്കുന്നു.

 ചിറ്റ വളരെ സ്പെഷ്യലാണെനിക്ക്

ചിറ്റ സിനിമയിൽ സിദ്ധാർഥിന്റെ കൂടെയാണ് ഞാനേറ്റവും കൂടുതൽ കോമ്പിനേഷൻ സീൻ ചെയ്തിട്ടുള്ളത്. ഈ സിനിമയിലെ പ്രധാന കഥാപാത്രമായ സുന്ദരിയുടെ അമ്മയായിട്ടാണ് ഞാനഭിനയിച്ചിരിക്കുന്നത്. എന്റെ ഭർത്താവിന്റെ അനിയനായിട്ടാണ് സിദ്ധാർത്ഥ് അഭിനയിച്ചിരിക്കുന്നത്. ഞങ്ങളുടെ കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങളെല്ലാം വളരെ നല്ല രീതിയിൽ കൈകാര്യം ചെയ്യുന്ന, സഹോദരനായ സിദ്ധാർഥിന്റെയും, സുന്ദരി എന്ന് പറയുന്ന മോളിന്റെയും കഥാപാത്രത്തിനോട് സിനിമയിലെനിക്ക് വളരെ ആഴത്തിലുള്ള ബന്ധമുണ്ട്. ദൃശ്യം 2 സിനിമ കണ്ടിട്ടാണ് അവർ സിനിമയിലേക്കെന്നെ തിരഞ്ഞെടുക്കുന്നത്. കാരണം ദൃശ്യം 2 സിനിമയുടെ ആദ്യ പകുതിയോളം എനിക്കുണ്ടായിരുന്നആ ഒരു മേക്കോവറായിരുന്നു ഈ സിനിമയ്ക്ക് അവർക്കാവശ്യമുണ്ടായിരുന്നത്. അങ്ങനെ അവരെ നേരിൽ കണ്ട് ആക്ടിംഗ് വർക്ക്ഷോപ്പൊക്കെ നടത്തിയവർ കൺഫർമേഷൻ തന്നിട്ടാണ് ഈ സിനിമയുടെ ഷൂട്ട് തുടങ്ങുന്നത്.പക്ഷെ, പൂജ കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞ് ഷൂട്ട് തുടങ്ങിയപ്പോഴെക്കും ഞാൻ പ്രെഗ്നന്റായി. എനിക്കവരോടത് പറയാൻ ഭയങ്കര ടെൻഷനായിരുന്നു. പ്രഗ്നെന്റായിയെന്ന കാരണത്താൽ സിനിമയിൽ നിന്നും മാറേണ്ടി വരുമോ എന്നൊക്കെയുള്ള ആശങ്കയുണ്ടെങ്കിലും എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടവർ പരമാവധി സഹകരിക്കുകയാണ് ചെയ്തത്. ഏകദേശം ഏഴുമാസത്തോളം ഗർഭാവസ്ഥയിൽ തന്നെയാണ് ഞാനാ കഥാപാത്രമായി അഭിനയിച്ചത്. പ്രേക്ഷകർക്ക് മനസ്സിലാകാത്ത രീതിയിൽ സിദ്ധാർഥ് സാർ പ്രൊഫൈലിൽ നിന്നും , നിമിഷ ഓവർലാപായി നിൽക്കുകയും ഒക്കെ ചെയ്തിട്ടാണ് എന്റെ ഗർഭാവസ്ഥയിലുള്ള വയർ പ്രേക്ഷകർ കാണാത്ത രീതിയിൽ ഹൈഡാക്കിയത്. ആ സഹകരണം എന്നിൽ വലിയ സന്തോഷമുണ്ടാക്കി. പിന്നെ എല്ലാവരും പറയുന്നതുപോലെ ഇത് വളരെ സാമൂഹിക പ്രതിബദ്ധതയുള്ള, എല്ലാ രക്ഷിതാക്കളും കാണേണ്ട ഒരു സിനിമയാണ്. ഈ സിനിമയിലെ അമ്മയെന്ന കഥാപാത്രത്തെ എനിക്കൊരുപാട് റിലേറ്റ് ചെയ്യാൻ പറ്റിയിരുന്നു. ഞാനെന്റെ മകളോട് സംസാരിക്കുന്ന പല വാചകങ്ങളും, മക്കളുള്ള എന്റെ സുഹൃത്തുക്കളും സഹപ്രവർത്തകരും അവരുടെ മക്കളോടുമായി പറഞ്ഞ പല വാക്കുകളും ഞാൻ കടമെടുത്തു കൊണ്ടാണ് ഈ സിനിമയിൽ പറഞ്ഞിട്ടുള്ളത്. സംവിധായകന്റെ എഴുത്താണെങ്കിൽ കൂടിയും ആ പറയുന്ന സംഭാഷണങ്ങളിൽ പലതും പലരും പറഞ്ഞിട്ടുള്ളതായിട്ടുള്ള അറിവെനിക്കുണ്ട്. അതുകൊണ്ടുതന്നെ ഈ സിനിമ വളരെ സ്പെഷ്യലാണെനിക്ക്. സുന്ദരി എന്ന കഥാപാത്രം ചെയ്ത സഹസ്ര എന്ന കുട്ടി ലൊക്കേഷനിൽ ഉഴപ്പി നടന്നെങ്കിലും, അഭിനയിക്കാൻ മടി കാണിചെങ്കിലും സിനിമ പുറത്തിറങ്ങി കഴിഞ്ഞപ്പോൾ ഞങ്ങളെക്കാൾ വളരെയധികം ഗംഭീരമായി അഭിനയിച്ചിരിക്കുന്നത് ആ കുട്ടിയാണ്.

 അരങ്ങേറ്റം ബാലതാരമായി മാനത്തെ വെള്ളിത്തിരയിൽ

സിനിമയിലഭിനയിക്കാൻ കുട്ടികളെയാവശ്യമുണ്ടെന്ന് കണ്ട അച്ഛനും അമ്മയുമാണ് മാനത്തെ വെള്ളിത്തേര് എന്ന സിനിമയിലേക്കെന്നെ അഭിനയിക്കാൻ കൊണ്ടുപോകുന്നത്. അതിൽ 'മനസ്സിൻ മടിയിലെ മാന്തളിര്' എന്ന സോങ്ങിലെ പാട്ട് പഠിക്കുന്ന കുറെ കുട്ടികളുള്ള ഒരു സീനുണ്ടല്ലോ. ആ സീനിലെ കുറെ കുട്ടികൾക്കിടയിലെ ഒരാളായിട്ടായിരുന്നു ഞാനഭിനയിച്ചിരുന്നത്. ആ കാലത്ത് ഫാസിൽ സാർ ഞങ്ങളെയൊക്കെയിരുത്തി ആ പാട്ട് പഠിപ്പിച്ചതെന്റെ ഓർമ്മയിലുണ്ട്. അതുപോലെ വിനീത് സാർ, ശോഭന മാം തുടങ്ങിയ എല്ലാവരെയും കണ്ട ഓർമ്മയുണ്ട്. അതിൽ കൂടുതൽ വലിയ ഓർമ്മകളൊന്നുമില്ല.അതിനുശേഷം മംഗല്യസൂത്രത്തിൽ സിദ്ദിഖ്ക്കയുടെ മകളുടെ കൂട്ടുകാരിയായി അഭിനയിച്ചു, ലാളനം സിനിമയിൽ ശ്യാമിലിയുടെ ഒപ്പം കളിച്ചു വളരുന്ന കുട്ടികളിൽ ഒരാളായി അഭിനയിച്ചു. അതൊക്കെ ചെറിയ ചെറിയ ഓർമ്മകൾ മാത്രമേയുള്ളൂ. പക്ഷേ ഓർമ്മയിലെപ്പോഴും നിലനിൽക്കുന്നത് ബന്ധങ്ങൾ ബന്ധനങ്ങൾ എന്ന കെ ജി ജോർജ് സാറിന്റെ ടെലിഫിലിമിൽ നായകന്റെ മോളായി അഭിനയിച്ച ആ നിമിഷങ്ങളാണ്. അതിൽ പിന്നെ സിനിമയിൽ നിന്നൊക്കെ പതിയെ മാറിനിന്നു. പിന്നീട് വളർന്നു വലുതായി 2007ലൊക്കെയെത്തി നിൽക്കുമ്പോഴാണ് സിനിമയിലൊക്കെ വലിയ തലങ്ങളിൽ നിൽക്കുന്ന വ്യക്തിത്വങ്ങളായ രമേഷ് പിഷാരടി ധർമ്മജൻ പോലുള്ള സൗഹൃദങ്ങളൊക്കെ ഉണ്ടാകുന്നത്. അങ്ങനെ ഒരിക്കലൊരു അമ്പലപ്പറമ്പിൽ വച്ച് രമേശ് പിഷാരടിയും ധർമ്മജനും ഹരി പി നായരും എന്നെ കണ്ടപ്പോൾ അവരെന്റെ വീട്ടിൽ വരികയും എന്നെ ഔട്ട്ഡോർ ആങ്കറിങ്ങിനും മറ്റും വിടണമെന്ന് പറയുകയും ചെയ്തു. അന്ന് അച്ഛനും അമ്മയും പറഞ്ഞത് ഞങ്ങൾ ഓർത്തഡോക്സായിട്ടുള്ളവരാണ് സിനിമയിൽ താല്പര്യമുള്ളവരല്ല എന്നൊക്കെയാണ്. മാത്രമല്ല എനിക്കാണെങ്കിൽ സിനിമയിലഭിനയിക്കാൻ ഒട്ടും താല്പര്യമില്ലായിരുന്നു. ഒരു ഫോട്ടോയെടുക്കാൻ പോലും സ്റ്റുഡിയോയിൽ പോകാൻ മടിക്കുന്ന ആളായിരുന്നു ഞാൻ. അങ്ങനെയുള്ള ഞാൻ സിനിമയിലേക്ക് വരാനുള്ള പ്രചോദനം തന്നെ രമേഷ് പിഷാരടിയും ധർമ്മജനും ഹരി പി നായർ എന്ന പ്രോഗ്രാം പ്രൊഡ്യൂസറുക്കെയാണ്.

ആങ്കറിങ്ങിൽ നിന്നും വീണ്ടും സിനിമയിലേക്ക്

എന്റെ സുഹൃത്തുക്കൾക്കും എനിക്കും ഏഷ്യാനെറ്റ് സ്റ്റുഡിയോ കാണണമെന്ന ആഗ്രഹം പറഞ്ഞപ്പോഴാണ് ഹരി പി നായർ ചേട്ടനൊക്കെ എന്നെ സ്റ്റുഡിയോ കാണിക്കാൻ വിളിക്കുന്നത്. അന്നവിടെ സ്നഗ്ഗി ബേബി കോണ്ടസ്റ്റ് എന്ന പ്രോഗ്രാം നടക്കുന്നുണ്ടായിരുന്നു. ഇന്നത്തെ നമ്മുടെ ചലച്ചിത്ര താരം അനിഖാ സുരേന്ദ്രനൊക്കെ അതിൽ പങ്കെടുത്തിട്ടുണ്ട്. അന്നവർക്ക് രണ്ടു വയസ്സ് മാത്രമാണ് പ്രായം. അവിടെ വെച്ചിട്ടാണ് ആ പ്രോഗ്രാമിന്റെ സംഘാടകർ എനിക്ക് മൈക്ക് തന്നിട്ട് കുട്ടികളോട് സംസാരിക്കാൻ പറയുന്നത്. മോളുടെ പേരെന്താ,അച്ഛന്റെ പേരെന്താ, അമ്മയുടെ പേരെന്താ എന്നൊക്കെയാണ് ചോദിക്കാൻ പറഞ്ഞത്. വളരെ ഈസി ടാസ്കായതുകൊണ്ട് ഞാനതേറ്റു. അന്നവർ അത് ഷൂട്ട് ചെയ്ത് ഔട്ട്ഡോർ ആങ്കർ അഞ്ജലി എന്ന് പറഞ്ഞു അത് പുറത്ത് വിട്ടു . അങ്ങനെയാണ് അവതാരികയായുള്ള തുടക്കം. അനിഖ സുരേന്ദ്രന്റെ അച്ഛനന്ന് കാസ്റ്റിംഗ് കോർഡിനേറ്ററായിരുന്നു. അന്നത്തെ ആ പ്രോഗ്രാമിൽ എന്റെ നമ്പർ അദ്ദേഹം ചോദിച്ചു വാങ്ങുകയും അതിനുശേഷം 2008ൽ ഒരു പരസ്യ ചിത്രത്തിൽ സഞ്ജന ഖൽറാണിയുടെ കൂടെ ഒരു പ്രധാന വേഷത്തിൽ അഭിനയിക്കാനായി എന്നെ വിളിക്കുകയും ചെയ്തു. അങ്ങനെയാണ് ഞാൻ പരസ്യത്തിലഭിനയിക്കുന്നത്. അതായത് ഞാൻ പോലുമറിയാതെയാണ് ആങ്കറിലേക്കൊക്കെ ഞാൻ കടന്നുവരുന്നത്. പിന്നെയാണ് ആൽബങ്ങളൊക്കെ ചെയ്യുന്നത്. അതിൽപിന്നെ മൂന്ന് തമിഴ് സിനിമകളിൽ നായികയായി . അതിനുശേഷമാണ് മലയാളം സിനിമയിലേക്ക് വരുന്നത്.

അഭിനയിച്ചത് 140 സിനിമകളിൽ ; പക്ഷേ കരിയറിൽ മാറ്റമില്ല

എന്റെ തുടക്ക സമയം മുതൽ ഇന്നുവരെയുള്ള എന്റെ സിനിമ കരിയർ നോക്കി കഴിഞ്ഞാൽ ഒരു മാറ്റവും ഉണ്ടായിട്ടില്ല എന്നതാണ് സത്യം. ബെൻ സിനിമയിലെ അഭിനയത്തിനെനിക്ക് സ്റ്റേറ്റ് അവാർഡ് കിട്ടി, ദൃശ്യം 2 ശ്രദ്ധിക്കപ്പെട്ടു, ചിറ്റ എന്ന സിനിമ നല്ല അഭിപ്രായം നേടുന്നു എന്നതൊഴിച്ചു കഴിഞ്ഞാൽ ബാക്കിയുള്ള എല്ലാ സിനിമകളും ഡയലോഗ് ഇല്ലാത്തതും, ഒരു സീനിൽ മാത്രം വന്നു പോകുന്നതും, അല്ലെങ്കിൽ പിന്നെ, ഞാനാണെന്ന് പോലും തിരിച്ചറിയാൻ പറ്റാത്ത മേക്കോവറിലുള്ള കഥാപാത്രങ്ങളുമൊക്കെയാണ് എനിക്ക് കിട്ടിയിട്ടുള്ളത്. വളരെ ചുരുക്കം സിനിമകളിൽ മാത്രമേ എന്നെ പെട്ടെന്ന് ആളുകൾ ഐഡന്റിഫൈ ചെയ്യുകയുള്ളൂ. അതായത് ഞാനഭിനയിച്ച 140 സിനിമകൾ പറയാൻ പറഞ്ഞാൽ ആർക്കും പറയാൻ കഴിയില്ല. പെട്ടെന്ന് പറയാൻ പറഞാൽ ചിലപ്പോൾ ദൃശ്യം 2, ബെൻ, പുലിമുരുഗൻ, മിലി, കമ്മട്ടിപ്പാടം എന്നിവയിലൊക്കെ പറഞ്ഞൊതുക്കും. അതിൽ കൂടുതലാർക്കും അറിയില്ല. എന്നെ തേടി വന്ന കഥാപാത്രങളെന്ന നിലക്ക് ഞാൻ തെരഞ്ഞെടുത്ത കഥാപാത്രങ്ങളാണതൊക്കെ. തൊഴിലും അതിൽ നിന്ന് കിട്ടുന്ന പ്രതിഫലവും കുടുംബവും എല്ലാം കൂടി കണക്ട്ഡായിട്ടുള്ള സിസ്റ്റത്തിലാണ് ഞാൻ നിൽക്കുന്നത്. അതുകൊണ്ട് നമുക്ക് പല കഥാപാത്രങ്ങളെയും നോ എന്ന് പറഞ്ഞു ഒഴിവാക്കാൻ കഴിയില്ലായിരുന്നു.

ദുൽഖറിന്റെ അമ്മയായി 27 വയസ്സിൽ

ദുൽഖറിന്റെ അമ്മയായഭിനയിക്കാനല്ല ഞാൻ ആ സെറ്റിലേക്ക് പോകുന്നത്. ചെറിയൊരു കുഞ്ഞിന്റെ അമ്മയായി അഭിനയിക്കാനായാണ് പോകുന്നത്. ആ അമ്മ കഥാപാത്രം മരിക്കുമെന്നാണ് അവരെന്നോട് പറഞ്ഞത്. ഷൂട്ടിങിന് പോയ ഞാൻ കാരവാനും മറ്റും കണ്ടപ്പോഴവരോട് ചോദിച്ചു ഇന്ന് ദുൽഖറിന്റെ സീൻ എടുക്കുന്നുണ്ടൊയെന്ന്. ഉണ്ടെന്നായിരുന്നു മറുപടി. അതിനിടയിലെന്റെ സീനെങ്ങനെയെടുക്കുമെന്നവരോട് ചോദിച്ചപ്പോഴാണവർ പറയുന്നത് ഞാൻ ചെയ്യുന്ന കഥാപാത്രം മരിക്കുകയല്ല, പകരം വളർന്നു വലുതായ ആ കഥാപാത്രത്തിന്റെ മക്കളോടൊപ്പം അഭിനയിക്കുന്നുണ്ടെന്ന്. അതുകേട്ടപ്പോൾ ഞാനാകെ ടെൻഷനായി. ഞാനപ്പോൾ തന്നെ ദുൽഖറിന് മെസ്സേജയച്ചു, ഞാനതിന് ഒട്ടും കേപ്പബിളാണെന്ന് തോന്നുന്നില്ലെന്ന്. കാരണം ദുൽഖർ മാത്രമല്ല, മുത്തുമണി ചേച്ചി കൂടി എന്റെ മകളായിട്ട് അഭിനയിക്കുന്നുണ്ട്. മുത്തുമണി ചേച്ചി എന്റെ മുൻപിൽ നിന്നിട്ട് അമ്മേ എന്നൊക്കെ വിളിക്കുമ്പോൾ ചേച്ചിക്ക് പോലും വലിയ ബുദ്ധിമുട്ട് തോന്നിയിരുന്നു അങ്ങനെ വിളിക്കാൻ. അത് കേട്ടുകൊണ്ടിരിക്കുന്ന എനിക്കും ഭയങ്കര ബുദ്ധിമുട്ടായിരുന്നു. പക്ഷേ ഞാനെന്റെ അമ്മയായി അഞ്ജലിയെ തന്നെ അംഗീകരിച്ചുവെന്ന് ദുൽഖർ പറഞ്ഞപ്പോൾ ഞാൻ ഓക്കെ പറയുകയായിരുന്നു. എന്റെ മകനെന്നെ അംഗീകരിച്ച സ്ഥിതിക്ക് ആ കഥാപാത്രം ചെയ്യാമെന്നുള്ള ഒരു ലാഘവത്തോടെ തന്നെയാണ് അത് ചെയ്തത്. പക്ഷേ അതിനുശേഷം ഞാൻ എന്തുകൊണ്ടാണ് കഥാപാത്രം ചെയ്തു , നോ പറയാഞ്ഞത് എന്താണ് എന്നൊക്കെയുള്ള കുറെ ചോദ്യങ്ങൾ വന്നു. സത്യം പറഞ്ഞാൽ ഒരു ഫാമിലിക്ക് വേണ്ടി പ്രൊഫഷൻ ഏറ്റെടുക്കുമ്പോൾ അവിടെ എനിക്ക് പലതിനോടും നോ പറയാൻ പറ്റില്ല എന്നുള്ളതാണ് യാഥാർത്ഥ്യം.

തെലുങ്കിൽ ദൃശ്യം 2 ചെയ്യാത്തത് നഷ്ടം

തെലുങ്കിൽ ദൃശ്യം 2 ചെയ്യുമ്പോൾ ഇവിടെ ചെയ്ത അതെ കഥാപാത്രം അവിടെ അഭിനയിക്കാൻ അവരെന്നെ വിളിച്ചിരുന്നു. പക്ഷേ അത് ചെയ്യാൻ കഴിഞ്ഞില്ല. തീർച്ചയായും അതൊരു നഷ്ടമാണെന്നെനിക്ക് തോന്നുന്നുണ്ട്. പിന്നെ ഒരു കുഞ്ഞുണ്ടാവുക എന്നുള്ള ടൈം ടൈംപീരീഡിലായിരുന്നു ഞാനാ സമയത്ത്, ആ സിനിമ നിരസിക്കാൻ അതും ഒരു കാരണമായിരുന്നു. മാത്രമല്ല തെലുങ്ക് എനിക്കല്പം ബുദ്ധിമുട്ടുള്ള ഭാഷയാണ്. അതുകൊണ്ടുതന്നെ ഇത്രയും വലിയൊരു സിനിമയിൽ ഇത്രയും വലിയ കഥാപാത്രം ഞാനേറ്റെടുക്കുമ്പോൾ ആ സിനിമയെയോ അതിന്റെ സംവിധായകനെയോ ബുദ്ധിമുട്ടിക്കുന്ന രീതിയിൽ ഞാനൊരു ബാധ്യതയാവാൻ പാടില്ല എന്നുള്ളൊരു നിർബന്ധം എനിക്കുണ്ടായിരുന്നു. ആ സിനിമയെ നിരസിക്കൻ അതുമൊരു കാരണമാണ്. അതിനോടൊപ്പം ഏറ്റവും വലിയ കാരണമെന്ന് പറയുന്നത് ജിബൂട്ടി എന്ന സിനിമയുടെ ഭാഗമായി എനിക്കും ഞങ്ങളുടെ സിനിമ ക്രൂവിനും മൂന്നുമാസത്തോളം ആഫ്രിക്കയിൽ പോവേണ്ടി വന്നു എന്നതാണ്. 15 ദിവസത്തെ ഷൂട്ടിനെന്ന് പറഞ്ഞിട്ടാണ് ഞാൻ ആഫ്രിക്കയിൽ പോകുന്നത്. പക്ഷേ ആ 15 ദിവസം നീണ്ട് മൂന്ന് മാസത്തോളം എനിക്കവിടെ നിൽക്കേണ്ടിവന്നു . ഒരു മൂന്നു മാസത്തോളം ഷൂട്ടിനായി പെട്ടുപോകുമെന്ന് ഞങ്ങളാരും പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ മൂന്നുമാസം കഴിഞ്ഞ് നാട്ടിൽ വന്നിട്ട് ഉടനെ ദൃശ്യം 2 ഷൂട്ടിനായി പോകാൻ എനിക്ക് പറ്റില്ലായിരുന്നു. എന്റെ മൂത്തമകൾ ആവണിയെ മാറ്റിനിർത്തി മൂന്നുമാസം ആഫ്രിക്കയിൽ നിൽക്കേണ്ടി വന്ന സ്ഥിതിക്ക് , ഇനിയും അവളെ മനപ്രയാസത്തിലേക്ക് വിട്ടുകൊടുക്കുവാനായി കുറെ ദിവസങ്ങൾ ഷൂട്ടുള്ള മറ്റൊരു മൂവിയിലേക്ക് തൽക്കാലം പോകണ്ട എന്നുള്ള തീരുമാനം ഞങ്ങളെടുക്കുകയായിരുന്നു .

 എന്നെക്കാൾ മിടുക്കിയാണ് മകൾ ആവണി

എന്നെക്കാൾ വേഗത്തിൽ മികച്ച കഥാപാത്രങ്ങളുമായിട്ടാണ് അവൾ വരുന്നത്. അഞ്ചു സുന്ദരികളാണ് ആദ്യ സിനിമ. ഇപ്പോൾ ഫിനിക്സ് സിനിമയിൽ അജു വർഗീസിന്റെ മോളായും, ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന പടത്തിൽ ദിലീഷ് പോത്തന്റെ മകളായും അഭിനയിക്കുന്നുണ്ട്, അതിനിടയിൽ പെണ്ടുലം എന്ന സിനിമയിൽ വിജയ് ബാബുവിന്റെ മകളായി അഭിനയിച്ചു. ആ നിലക്ക് എന്നെക്കാൾ സ്ക്രീൻ പ്രസൻസും കരിയർ ഗ്രോത്തുമുള്ളത് അവൾക്കാണ്. ലൊക്കേഷനിലെല്ലാം അവളുടെ കൂടെ പോകുന്നത് എന്റെ അമ്മയാണ്. അവൾ വേഗത്തിൽ അഭിനയം പഠിച്ചെടുക്കുന്നുണ്ട്. അതുപോലെതന്നെ എന്റെ ഭർത്താവ് അജിത് ആഡ് ഫിലിം മേക്കറാണ്. ഇപ്പോൾ ഒരു സിനിമ സംവിധാനം ചെയ്യുവാനായി സ്ക്രിപ്റ്റെഴുതിക്കൊണ്ടിരിക്കുന്നു. ചുരുക്കി പറഞ്ഞാൽ ഞങ്ങളെല്ലാവരും സിനിമക്കാരാണ്. ഞങ്ങളെല്ലാവരും അങ്ങോട്ടുമിങ്ങോട്ടും സഹകരിച്ചു കൊണ്ടാണ് മുൻപോട്ട് പോകുന്നത്. ആ ഒരു കംഫർട്ട് സോണിലാണ് എല്ലാവരും കരിയർ മുന്നോട്ടു കൊണ്ടു പോകുന്നത്. ഇളയ മകളുടെ പേര് ആദ്വിക എന്നാണ്.

വരും വിശേഷങ്ങൾ

തമിഴിൽ നിന്നും മലയാളത്തിൽ നിന്നുമെല്ലാം ചിറ്റ സിനിമ കണ്ട ഒരുപാട് പേർ നല്ല അഭിപ്രായം അറിയിക്കുന്നുണ്ട്. മലയാളത്തിൽ ഏറ്റവും അവസാനമായി വാതിൽ എന്ന സിനിമയാണ് ഞാൻ അഭിനയിച്ചു പുറത്തിറങ്ങിയത്. റിലീസിനായി പുതിയ ചില സിനിമകളും തയ്യാറെടുത്തു നിൽക്കുന്നു.

Tags:    
News Summary - Anjali Nair Latest Interview About Her New Movie And Film Life

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.