മലയാളത്തിൽ വസ്ത്രങ്ങളോടൊപ്പം കഥാപാത്രങ്ങൾക്കും പ്രാധാന്യം -രേഖ

ലയാളത്തിൽ സ്ത്രീ കേന്ദ്രീകൃത കഥാപാത്രങ്ങളവതരിപ്പിച്ച് ശ്രദ്ധേയമാകാൻ കഴിഞ്ഞ നടിയാണ് രേഖ. പുന്നഗൈ മന്നൻ എന്ന തമിഴ് സിനിമയിലൂടെ അഭിനയ രംഗത്തെത്തി റാംജി റാവ് സ്പീക്കിംഗ് എന്ന സിനിമയിലൂടെ മലയാളത്തിൽ പ്രവേശിച്ച രേഖ എന്ന ജോസഫൈൻ ശ്രദ്ധിക്കപ്പെട്ടതോടെ പിന്നീട് മലയാളത്തിന്റെ സ്വന്തം നടിയായി മാറി. ഓട്ടോക്കു ചുറ്റും ഓടികൊണ്ടുള്ള പ്രണയമാണെങ്കിലും നായകനൊപ്പമോ ഒരുപടി മുന്നിലോ നിന്ന് മനസ്സിൽ തട്ടുന്ന കഥാപാത്രമായി മാറാൻ നാൽപതോളം സിനിമയിലഭിനയിച്ച രേഖക്ക് കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ ഒരു ഇടവേളക്ക് ശേഷം നേമം പുഷ്പരാജ് സംവിധാനം ചെയ്യുന്ന 'രണ്ടാം യാമ'ത്തിൽ അഭിനയിക്കാനെത്തിയ രേഖ മാധ്യമം ഓൺലൈനോട് സംസാരിക്കുന്നു.

ആദ്യമായി മലയാളത്തിൽ റാംജിറാവ് സ്പീക്കിംഗിൽ അഭിനയിക്കാൻ എത്തുമ്പോൾ എന്തായിരുന്നു പ്രതീക്ഷയും ചിന്തയും?

വലിയ വലിയ സംവിധായകരുടെ സിനിമകളിലഭിനയിക്കണം. പ്രേക്ഷകർക്കെല്ലാം ഇഷ്ടപ്പെടുന്ന കഥാപാത്രങ്ങൾ ചെയ്യണം. ആ ഒരു ചിന്ത മാത്രമായിരുന്നു അന്ന്. എന്നാൽ ഇത്രക്കും മലയാളികൾ ഇഷ്ടപ്പെടുന്ന താരമാകുമെന്നൊന്നും വിചാരിച്ചിട്ടില്ല. ഏയ് ഓട്ടോ ഇത്ര ഹിറ്റാകാൻ എന്താണെന്ന് കാ അന്ന് ഒരു ചടങ്ങിൽ ചോദിച്ചപ്പോൾ മോഹൻ ലാൽ പറഞ്ഞത് അതിന്റെ മാജിക് മീനുക്കുട്ടിയാണെന്നാണ് (രേഖ ചെയ്ത കഥാപാത്രം). അന്ന് അത് കേട്ടപ്പോൾ ഒരു അവാർഡ് കിട്ടിയ സന്തോഷമായിരുന്നു.

മലയാളത്തിൽ അഭിനയിക്കാൻ ക്ഷണിക്കുമ്പോൾ എന്താണ് ശ്രദ്ധിച്ചിരുന്നത്?

മലയാളത്തിൽ അഭിനയിക്കണം എന്ന് പറയുമ്പോൾ തന്നെ ഞാൻ ചോദിക്കും; ഏത് കഥാപാത്രമാണെന്ന്. കാരണം മലയാളത്തിൽ അഭിനയിക്കാനെത്തുമ്പോൾ സ്വന്തം അമ്മയുടെ അടുത്തെത്തുന്ന പ്രതീതിയാണ് എനിക്ക്. മലയാളത്തിൽ ചെയ്യുമ്പോൾ വസ്ത്രങ്ങൾക്ക് മാത്രമല്ല കഥാപാത്രങ്ങൾക്കും പ്രാധാന്യം വരുന്നു. അപ്പോൾ ഡയറക്ടർ പറയുന്നതിൽ 10 ശതമാനം ചെയ്താൽ മതിയാകും. ബാക്കി അവർ പ്രസന്റ് ചെയ്തോളും. പ്രസൻ്റേഷൻ വലിയൊരു ഘടകമാണ്. വേണു നാഗവള്ളി സംവിധാനം ചെയ്ത ലാൽ സലാം, ലോഹിതദാസ് രചിച്ച് സിബി മലയിൽ സംവിധാനം ചെയ്ത ദശരഥം, വേണു നാഗവള്ളിയുടെ തന്നെ കിഴക്കുണരും പക്ഷി, ഹരിഹരൻ-മമ്മൂട്ടി ടീമിൻ്റെ കൂടെ ചെയ്ത ഒളിയമ്പുകളൊക്കെ പ്രസൻ്റേഷനിൽ മികച്ചതായിരുന്നു. അവരൊക്കെ വലിയ ലെജൻഡ്സ് ആയിരുന്നു. അതിലെ പാട്ടുകൾ കൈകാര്യം ചെയ്തതും ലെജൻഡുകളായിരുന്നു. അതുകൊണ്ടാണ് ആ ചിത്രങ്ങൾ ശ്രദ്ധേയമായത്. ലാൽ സലാമിലെ കഥാപാത്രം എന്ത് ബ്യൂട്ടിഫുൾ ആയിരുന്നു.

എന്താണ് മലയാളത്തിൽ കിട്ടിയ ഭാഗ്യം?

വലിയ ലെജൻഡ്സുകളുടെ കൂടെ വർക്ക് ചെയ്യാനായതാണ് എനിക്ക് കിട്ടിയ വലിയ ഭാഗ്യമായി, വലിയ അനുഗ്രഹമായി ഞാൻ കാണുന്നത്. അതുപോലെ പാച്ചിക്ക (ഫാസിൽ) പ്രൊഡ്യൂസ് ചെയ്ത് സിദ്ദീഖ്-ലാൽ സംവിധാനം ചെയ്ത റാംജി റാവ് സ്പീക്കിംഗ് പോലുള്ള ചിത്രങ്ങളിൽ അഭിനയിക്കാനായത്. പ്രത്യക്ഷത്തിൽ ലവ് ഒക്കെയാണെങ്കിലും ആ കഥാപാത്രങ്ങളുടെ ഉള്ളിന്റെയുള്ളിൽ ഒരു ടച്ചിങ് ഉണ്ടായിരുന്നു. അത് ചെയ്യാനായതൊക്കെ ഭാഗ്യമായി കാണുന്നു. ഏയ് ഓട്ടോയിലെ മീനാക്ഷിയാണെങ്കിലും മനസ്സിൽ നിന്ന് വിട്ടു പോകാത്ത കഥാപാത്രമാണ്.

അണിയറ പ്രവർത്തകർ ലെജൻഡുകളാണെങ്കിലും കഥയും കഥാപാത്രവും കേൾക്കാറില്ലേ?

കഥാപാത്രം ഞാൻ കേൾക്കും. അത് ജസ്റ്റിഫൈ ചെയ്ത് എന്തെങ്കിലും ചെയ്യാനുണ്ടോ എന്ന് നോക്കിയാണ് സ്വീകരിക്കാറുളളത്. ഒരു കഥാപാത്രത്തെ കേൾക്കുമ്പോൾ തന്നെ ഉള്ളിന്റെയുള്ളിൽ ഒരിഷ്ടം തോന്നും. അതിന്റെ സംവിധായകർ കഴിവുറ്റവരാകും. അങ്ങനെയാണ് ആ കഥാപാത്രത്തെ സ്വീകരിച്ചിരുന്നത്. പിന്നെ ആ കഥാപാത്രത്തെ നമ്മളും ഉള്ളിന്റെ ഉള്ളിൽ സ്നേഹിച്ച് ചെയ്യണം. കഥാപാത്രത്തെ സ്വീകരിക്കുക. വരിക. മേക്കപ്പിടുക. അഭിനയിക്കുക. പോവുക എന്നായാൽ ആ കഥാപാത്രത്തിന് ജീവനുണ്ടാകില്ല. കഥാപാത്രത്തിനെ അഭിനയിക്കുന്ന ആൾ ഇഷ്ടപ്പെട്ട് ചെയ്താലേ പ്രേക്ഷകർക്കും ഇഷ്ടപ്പെടുകയുള്ളൂ. അങ്ങനെ ഇഷ്ടപ്പെടുമോ ഇല്ലയോ എന്ന് സംവിധായകൻ പറഞ്ഞു തരുമ്പോൾ തന്നെ മനസ്സിലാകും.

മറ്റൊന്ന് ഒരു കഥാപാത്രം ചെയ്യുമ്പോൾ നമ്മുടെ മുൻഗാമികളുടെയും സഹപ്രവർത്തകരുടെയുമൊക്കെ പാഠങ്ങൾ നമ്മുടെ മുമ്പിലുണ്ടാകണം. ദശരഥം ചെയ്യുമ്പോൾ ലാൽ സാർ (മോഹൻലാൽ), സുകുമാരിയമ്മ, സുകുമാരൻ സാർ, കരമന ജനാർദനൻ നായർ തുടങ്ങിയവർ ഒക്കെ പാഠങ്ങളായി മുന്നിലുണ്ടായിരുന്നു. അവർ അഭിനയിക്കുന്നത് കണ്ടിട്ട് നമ്മൾ അറിയാതെ അഭിനയിച്ച് പോകും. എന്നാൽ പണ്ട് കഥ കേട്ട് ചെയ്യാനുള്ള പക്വതയില്ലായിരുന്നു. എന്നിട്ടും അഭിനയിച്ച സിനിമകൾ ഇപ്പോൾ കാണുമ്പോൾ അദ്ഭുതം തോന്നും. അത്തരം കഥാപാത്രങ്ങളൊന്നും മനസ്സിൽ നിന്ന് പോകുന്നില്ല. അത്തരം ചിത്രങ്ങളിൽ ഒരു ഭാഗമാകാൻ കഴിഞ്ഞത് തന്നെ വലിയ അനുഗ്രഹമായാണ് ഇന്ന് കാണുന്നത്.

മലയാളത്തിൽ ചെയ്യാൻ കഴിയാതെ പോയ കഥാപാത്രങ്ങളെ കുറിച്ച് ദുഃഖമുണ്ടോ?

മലയാളത്തിലുള്ള ഒരേയൊരു ദുഃഖം മമ്മൂട്ടിയുടെ കൂടെ ഒരു ഹിറ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ലല്ലോ എന്നതാണ്. മോഹൻലാലിന്റെ കൂടെ ഏയ് ഓട്ടോ, ദശരഥം, കിഴക്കുണരും പക്ഷി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലും സുരേഷ് ഗോപി, ജഗതി ശ്രീകുമാർ, ജഗദീഷ് തുടങ്ങിയവരുടെ ഒക്കെ കൂടെയും ഹിറ്റ് പടങ്ങൾ ചെയ്തിട്ടുണ്ട്. എന്നാൽ മമ്മൂട്ടിയുടെ കൂടെ ഒരു ഹിറ്റ് പടത്തിൽ അഭിനയിക്കാൻ കഴിഞ്ഞിട്ടില്ല. ഒളിയമ്പുകൾ കൂടാതെ അടയാളം എന്ന ഒരു ചിത്രം കൂടി മമ്മൂക്കയുടെ കൂടെ ചെയ്തു. എന്നാൽ മറ്റു ചിത്രങ്ങളെ പോലെ അത് അത്രക്ക് ഹിറ്റായില്ല.

ശ്രീനിവാസൻ-രേഖ നായിക, നായകന്മാരായുള്ള പാവം പാവം രാജകുമാരൻ എന്ന ചിത്രത്തിൽ പ്രത്യക്ഷത്തിൽ തീരെ യോജിക്കാത്ത ജോടികളായിരുന്നു നിങ്ങൾ എന്ന ആശങ്കയുണ്ടായിരുന്നോ, അതിൽ അഭിനയിക്കുമ്പോൾ?

ഇല്ല. കാരണം ശ്രീനിവാസന്റെ കൂടെയാണ് ആ ചിത്രം ചെയ്യുന്നത്. നേരത്തെ പറഞ്ഞ ലെജൻഡുകളിൽ ഒരാളാണ് അദ്ദേഹവും. കൂടെ അഭിനയിക്കുമ്പോൾ നമ്മൾ കണ്ടിരുന്നു പോകും അദ്ദേഹത്തിന്റെ അഭിനയം. പിന്നെ ഒരു കഥാപാത്രത്തെ മോൾഡ് ചെയ്തെടുക്കുന്നത് അതിന്റെ ഡയറക്ടേഴ്സ് ആണ്. ആ അർഥത്തിൽ ആ പടം സംവിധാനം ചെയ്തത് കമലാണ്. അങ്ങനെയാണ് രാധിക എന്ന കഥാപാത്രം ശ്രദ്ധേയമാക്കാൻ കഴിഞ്ഞത്. ഒരു ഡയറക്ടറാണ് കഥാപാത്രത്തെ സൃഷ്ടിച്ച് പിന്നീട് മ്യൂസിക്കും ക്യാമറയും പോസ്റ്റ് പ്രൊഡക്ഷനും ഒക്കെയായി കഥാപാത്രത്തെ പ്രേക്ഷകരുടെ മനസ്സിൽ പ്രതിഷ്ഠിക്കുന്നത്.

 '90കൾക്ക് ശേഷം അഭിനയത്തിൽ ഒരു ഗ്യാപ് വന്നതെന്തുകൊണ്ടാണ്?

വിവാഹം കഴിച്ചു. കുട്ടി ആയി. കുട്ടിയെ വളർത്താൻ അഞ്ച് വർഷം ഗ്യാപ്പെടുത്തു. പിന്നീട് വന്ന കഥാപാത്രങ്ങൾ അത്രക്ക് മനസ്സോട് ചേർന്ന് നിൽക്കുന്നതായിരുന്നില്ല. പിന്നെ എന്തെങ്കിലും ചെയ്യണമല്ലോ എന്ന് കരുതി ചെയ്തു എന്ന് മാത്രം. പിന്നെ കുഞ്ഞെൽദോ എന്ന ചിത്രത്തിലഭിനയിച്ചു. അത് നല്ല കഥാപാത്രമായിരുന്നെങ്കിലും ഹിറ്റ് ആയില്ല. ഇപ്പോൾ പ്യഥ്വിരാജിന്റെ അമ്മയായി ഗുരുവായൂരമ്പലനടയിൽ എന്ന സിനിമ ചെയ്യുന്നുണ്ട്. പിന്നെ നേമം പുഷ്പരാജിന്റെ രണ്ടാം യാമവും.

 മോഹ വേഷങ്ങൾ മനസ്സിലുണ്ടോ?

നിറയെ വേഷങ്ങൾ ചെയ്യണമെന്ന് തന്നെയാണ് ഇപ്പോഴും. പണ്ട് ബോയിംഗ് ബോയിംഗ് എന്ന ചിത്രത്തിൽ സുകുമാരിയമ്മ ചെയ്തതു പോലുള്ള വേഷങ്ങൾ വ്യത്യസ്തമായ രീതിയിൽ ഇപ്പോൾ ലഭിക്കുകയാണെങ്കിൽ ചെയ്യണമെന്നുണ്ട്. പിന്നെ ഒരു സി.ബി.ഐ ഓഫീസർ ആയി വേഷമിടണമെന്ന് മനസ്സിലുണ്ട്. വെറും അമ്മ വേഷങ്ങൾ അല്ലാതെ വ്യത്യസ്ത കഥാപാത്രങ്ങളാണ് ആഗ്രഹിക്കുന്നത് അതുപോലെ തന്നെ കൽപ്പന ചെയ്തത് പോലുള്ള കോമഡി റോളുകൾ ചെയ്യണമെന്നുണ്ട്.

ന്യൂ ജൻ സിനിമകൾ കാണാറുണ്ടോ?

തീർച്ചയായും. പുതിയ ചിത്രങ്ങളൊക്കെ കാണും. 2018 ഒക്കെ എന്ത് നല്ല ഫിലിമാണ്. എൻ്റെ അനുഭവങ്ങളുമായി സിനിമ പെട്ടെന്ന് കണക്ട് ചെയ്തു. കാരണം വെള്ളപ്പൊക്കം വന്നപ്പോൾ ഞാനും ഒരുപാട് പേരെ സഹായിക്കാൻ ഇറങ്ങിയിരുന്നു.മാത്രമല്ല ഞാൻ പുതിയ സിനിമ കണ്ടാൽ ഡയറക്ടറെ ഒക്കെ വിളിച്ച് അഭിപ്രായം പറയുകയും ചെയ്യും. ഇപ്പോൾ യങ്ങ്സ്റ്റേഴ്സ് വന്നു ശ്രദ്ധേയ ചിത്രങ്ങളുണ്ടാകുന്നു. ദൃശ്യം, പ്രേമം തുടങ്ങി ഈയിടെ വരുന്ന ചിത്രങ്ങളൊക്കെ ശ്രദ്ധേയമാണ്.

രണ്ടാം യാമത്തിലെ വേഷം?

രണ്ടാംയാമത്തിൽ ഒരു നൊസ്റ്റാൾജിക് ഫീൽ നൽകുന്ന അമ്മയായിട്ടാണ് അഭിനയിക്കുന്നത്. സെറ്റും മുണ്ടും ഒക്കെയാണ് വേഷം. പണ്ടൊക്കെ ഉണ്ടായിരുന്ന ഒരു ജോയിൻ്റ് ഫാമിലിയാണ്. പഴയ കാറും കുതിരയും ആനയുമൊക്കെയുള്ള പഴയ തറവാടാണ്. അതിലെ നല്ലൊരമ്മ കഥാപാത്രമാണ്. ചെയ്യാൻ ഒരുപാടുള്ള കഥാപാത്രം. ഒരു മകനെ വെറുക്കും ഒരു മകനെ ഭയങ്കരമായി സ്നേഹിക്കും. എല്ലാവരെയും മനസ്സിലാക്കി പോകുന്ന കഥാപാത്രം.

Tags:    
News Summary - Actress Rekha About Her Malayalam Movie Journey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.