അഭിനയത്തിലും എഴുത്തിലുമുണ്ട്, ഈ 'ലാലി'സം

'കുമ്പളങ്ങി നൈറ്റ്സി'ലൂടെ മലയാള സിനിമക്ക് ലഭിച്ച 'ന്യൂജൻ' അമ്മയാണ് ലാലി പി.എം. സ്‌ക്രീനിൽ കണ്ടുപരിചയിച്ച അമ്മമാരിൽ നിന്ന് വ്യത്യസ്തമായ അമ്മയെ അവതരിപ്പിച്ച ലാലിക്ക് ആ സിനിമയിലൂടെ ലഭിച്ച പ്രേക്ഷക സ്വീകാര്യതയും വലുതായിരുന്നു. പിന്നീട് 'ഹെലൻ', 'ഫോറൻസിക്', 'ഓറഞ്ച് മരങ്ങളുടെ വീട്', 'വാങ്ക്', 'ജിബൂട്ടി', 'വരനെ ആവശ്യമുണ്ട്' തുടങ്ങിയ സിനിമകളിലെ വേഷങ്ങൾ. സാമൂഹിക പ്രവർത്തനങ്ങളിലും എഴുത്തിലും സാന്നിധ്യമറിയിച്ചിട്ടുണ്ട് ലാലി. സാമൂഹിക മാധ്യമങ്ങളിലെ ലാലിയുടെ എഴുത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഒരു പുസ്തകമെഴുതണമെന്ന ആഗ്രഹം പുതുവർഷത്തിൽ ലാലി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

നടി അനാർക്കലി മരിക്കാറിന്റെയും മുൻ ബാലതാരവും ഇപ്പോൾ സഹസംവിധായികയുമായ ലക്ഷ്മി മരിക്കാറിന്റെയും അമ്മയാണ് ലാലി. അടുത്തിടെ ജിയോ ബേബി അണിയിച്ചൊരുക്കിയ ആന്തോളജി മൂവിയായ 'ഫ്രീഡം ഫൈറ്റി'ലെ 'ഓൾഡ് ഏജ് ഹോം' എന്ന സിനിമയിലെ ലാലിയുടെ അഭിനയം ശ്രദ്ധേയമായിരുന്നു. യാദൃശ്ചികമായി അഭിനയരംഗത്തെത്തിയ ലാലി തന്റെ കൂടുതൽ വിശേഷങ്ങൾ 'മാധ്യമം ഓൺലൈനു'മായി പങ്കുവെക്കുന്നു.


ഇത്രയും സ്ക്രീൻ സ്‍പേസ് കിട്ടുന്ന കഥാപാത്രം ആദ്യം

'ഓൾഡ് ഏജ് ഹോമി'ന് മുമ്പ് എനിക്ക് അധികം കഥാപാത്രങ്ങളൊന്നും ചെയ്യാൻ കിട്ടിയിട്ടില്ലായിരുന്നു. എന്നാൽ, കിട്ടിയ കഥാപാത്രങ്ങളൊക്കെ എനിക്ക് എളുപ്പത്തിൽ റിലേറ്റ് ചെയ്യാൻ പറ്റുന്നവയായിരുന്നു എന്നതാണ് അതിലെ വലിയ സന്തോഷം. 'ഓൾഡ് ഏജ് ഹോമി'ലെ കഥാപാത്രം എന്നെ സംബന്ധിച്ചിടത്തോളം ഇത്രയും സ്ക്രീൻ സ്പേസ് കിട്ടുന്ന ആദ്യത്തേതാണ്. പക്ഷേ, യാതൊരു തയ്യാറെടുപ്പുമില്ലാതെയാണ് ഞാനത് ചെയ്യാൻ പോയത് എന്നതാണ് സത്യം. കാരണം, പൊതുവിൽ എനിക്ക് കിട്ടുന്ന റോളുകൾ ഒക്കെ മാക്സിമം പോയാൽ രണ്ട് ദിവസമൊക്കെയാണ് ഷൂട്ട് ഉണ്ടാവുക. അതുകൊണ്ടുതന്നെ എനിക്ക് ക്യാമറയുമായൊന്നും ഒട്ടും അടുപ്പമില്ല വാസ്തവത്തിൽ.

ഈ സിനിമയിലേത് നല്ല കഥാപാത്രമാണെന്ന് എല്ലാവരും പറയുമ്പോഴും ഞാൻ വളരെ ലാഘവത്തോടെയാണ് അത് ചെയ്യാൻ പോയത് തന്നെ. ജിയോ ബേബിയുടെ സിനിമയിലേക്ക് വിളിച്ചപ്പോൾ പോലും ആദ്യം ഞാനത് വിശ്വസിച്ചില്ല. എന്നെ ആരോ കളിപ്പിക്കുകയായിരിക്കും എന്നാണ് വിചാരിച്ചത്. പിന്നീട് വിശ്വാസം വന്നു. കഥ പറഞ്ഞുകേട്ട് ലൊക്കേഷനിൽ ചെന്നപ്പോൾ എന്റെ കോട്ടയം ഭാഷ തന്നെയാണ് കഥാപാത്രത്തിനും ആവശ്യം എന്നവർ പറഞ്ഞു. അങ്ങനെ അത് ചെയ്തു. ഷൂട്ടിന് മുമ്പ് സ്‌ക്രിപ്റ്റ് ഒന്നും പറഞ്ഞു തന്നിട്ടില്ല. ഈ സിനിമയിൽ ജിയോ ബേബിയുടെ മനസ്സിലായിരുന്നു സ്ക്രിപ്റ്റ് ഒക്കെ. സീൻ തുടങ്ങുന്നതിനു തൊട്ടുമുമ്പ് ആണ് ഷൂട്ട് ചെയ്യേണ്ട കാര്യങ്ങൾ എഴുതി തരികഴ

രോഹിണിയും ലാലിയും 'ഓൾഡ് ഏജ് ഹോമി'ന്റെ ചിത്രീകരണത്തിനിടെ

കൗമാരക്കാലത്ത് കൊതിപ്പിച്ച രോഹിണിക്കൊപ്പം

കൗമാരകാലത്ത് അസൂയയോടെ നോക്കി നിന്നിട്ടുള്ള രോഹിണിക്കൊപ്പം സൗഹൃദത്തിലാകാൻ കഴിഞ്ഞതാണ് 'ഓൾഡ് ഏജ് ഹോം' നൽകിയ ഏറ്റവും വലിയ സന്തോഷം. 86-87 കാലത്തിൽ ഏറെ വിവാദമായ തങ്കമണി സംഭവം പി.ജി. വിശ്വംഭരൻ സിനിമയാക്കിയിരുന്നു. എന്റെ നാടായ കോട്ടയം ജില്ലയിലെ ഏന്തയാറിലായിരുന്നു ഷൂട്ടിങ്. രതീഷും രോഹിണിയും ശാരിയുമൊക്കെയാണ് അഭിനയിക്കുന്നത്. ഞാനന്ന് കോളജിൽ പഠിക്കുകയാണ്. വെളുപ്പിന് കോളജിൽ പോയി വൈകുന്നേരം എത്തുന്നതുകൊണ്ട് ശനിയും ഞായറും മാത്രമാണ് എനിക്ക് ഷൂട്ടിങ് കാണാനാവുക. അന്ന് രാവിലെയെഴുന്നേറ്റ് കുളിച്ചൊരുങ്ങി ലൊക്കേഷനിലേക്ക് പോകും. രോഹിണിയെയും ശാരിയേയും അടുത്തും അകലെയുമൊക്കെ നിന്ന് നോക്കും. മിണ്ടാനൊക്കെ പേടിയായിയിരുന്നു. ഒപ്പം കടുത്ത അസൂയയും.

അന്ന് ആരാധനയോടെ നോക്കിയ രോഹിണിയുമൊത്ത് അഭിനയിക്കാനാവുക, ഒന്നിച്ച് കാറിൽ കയറുക, ഭക്ഷണം കഴിക്കുക എന്നതൊക്കെ എന്റെ വിദൂര സ്വപ്നങ്ങളിൽ പോലുമില്ലായിരുന്നു. സെറ്റിലെത്തിയിട്ടും രോഹിണിയുടെ അടുത്തൊക്കെ പോയി സംസാരിക്കാൻ എനിക്കാദ്യം നല്ല പേടിയായിരുന്നു. പിന്നീട്‌ താമസിക്കുന്ന സ്ഥലത്ത് നിന്ന് ലൊക്കേഷനിലേക്ക് ഒരുമിച്ച് കാറിൽ യാത്ര ചെയ്യാൻ തുടങ്ങിയപ്പോഴാണ് ഞങ്ങൾ തമ്മിൽ കൂടുതൽ സംസാരിക്കുന്നത്. അവർ ആണെങ്കിൽ ഒരു ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിപ്പിക്കുന്ന ആൾ കൂടിയായത് കൊണ്ട് നല്ല രീതിയിൽ അഭിനയത്തെ കുറിച്ചു പറഞ്ഞുതന്നു.

ജോജു ആണെങ്കിൽ ഒരതിശയം തോന്നുന്ന കുട്ടിയെ പോലെയാണ് എപ്പോഴും. എല്ലാത്തിനോടും കൗതുകമാണ് പുള്ളിക്കാരന്. നമ്മൾ എന്ത് പറയുമ്പോഴും അത് കൗതുകത്തോടുകൂടി കേട്ടിരിക്കും. നമ്മുടെ മുമ്പിൽ ഒരു വലിയ ആളാണെന്ന ഭാവമില്ലാതെ ഇരിക്കുന്ന ആളാണ് ജോജു.


സിനിമ വീട്ടിലെ മുഖ്യ വിഷയം

ചെറുപ്പത്തിൽ ഞാൻ സിനിമകൾ ഒന്നും അധികം കാണാത്ത ആളായിരുന്നു. ഞങ്ങളുടെ നാട്ടിൽ ഒരു കുഞ്ഞു തീയേറ്ററാണ് ഉണ്ടായിരുന്നത്. വിവാഹ ശേഷമാണ് സിനിമകൾ നന്നായി കണ്ടുതുടങ്ങിയത്. ഭർത്താവിന്റെ വീട്ടുകാർ സിനിമയോട് നല്ല താല്പര്യം ഉള്ളവരായിരുന്നു. ആ നിലക്ക് ഞങ്ങൾ നല്ല പോലെ സിനിമ ചർച്ച ചെയ്യുമായിരുന്നു. പിന്നീട് ലക്ഷ്‌മിയുടെ പിഎച്ച്.ഡി, എം. ഫിൽ സബ്ജക്ട് ഒക്കെ സിനിമയ്ക്കുള്ളിലെ സ്ത്രീകളെക്കുറിച്ച് ആയിരുന്നു. സിനിമയിലെ പൊളിറ്റിക്സിനെ കുറിച്ച് ഒക്കെ അവൾ വീടിനുള്ളിൽ സംസാരിച്ചു തുടങ്ങി. അത്തരത്തിൽ സിനിമ വീട്ടിൽ ഒരു മെയിൻ വിഷയം ആയിരുന്നു.

മക്കൾ രണ്ടും സിനിമയിൽ സജീവമാണ്. മകൾ അനാർക്കലി അഭിനയിക്കുന്നു. ലക്ഷ്മി സഹസംവിധായികയാണ്. പക്ഷേ, 'ഓൾഡ് ഏജ് ഹോം' കണ്ടിട്ട് അനാർക്കലി ഒന്നും പറഞ്ഞില്ല. ലക്ഷ്മി എന്റെ കൂടെ ഇരുന്ന് കണ്ടുമില്ല. രാത്രി ഒറ്റക്ക് ഇരുന്നാണ് അവളത് കണ്ടത്. ഞാൻ അവളോട് പറയുകയും ചെയ്‌തു, പ്രതീക്ഷിക്കുന്ന അത്രയൊന്നും കാണത്തില്ല എന്ന്. കണ്ട ശേഷം അവൾ പറഞ്ഞത് കുഴപ്പമൊന്നുമില്ല കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്നാണ്. അതിലും രസം എന്റെ മുൻ ഭർത്താവിന്റെ പ്രതികരണമാണ്. സിനിമ കണ്ടശേഷം മകളെ വിളിച്ചപ്പോൾ പറഞ്ഞു, എടീ ഉമ്മ നന്നായിട്ടുണ്ടെന്ന്. സത്യത്തിൽ മക്കളിൽ നിന്നത് കേട്ടപ്പോൾ എനിക്ക് സന്തോഷം തോന്നി.

ലാലിയുടെ പഴയ ചിത്രങ്ങൾ

മകൾ അഭിനയിക്കുമ്പോഴും ഞാൻ അവസരം ചോദിച്ചില്ല

ഇങ്ങനെ സിനിമയിൽ അഭിനയിക്കുമെ​ന്നൊന്നും ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. സിനിമയിൽ കുറേക്കൂടി ​എളുപ്പത്തിൽ, നേരത്തേ എത്താമായിരുന്നു എന്ന് എനിക്കിപ്പോൾ തോന്നുന്നുണ്ട്. പണ്ട് ശ്രമിച്ചിരുന്നെങ്കിൽ അന്ന് എന്തെങ്കിലുമൊക്കെ ആയേനേ എന്നൊക്കെ തോന്നുന്നു ഇപ്പോൾ. ലക്ഷ്മി സീരിയലിലും സിനിമയിലും അഭിനയിക്കുമ്പോഴൊന്നും ഞാൻ ആരോടും അവസരങ്ങൾ ചോദിച്ചിട്ടില്ല. എന്റെ സിനിമ ബന്ധം തുടങ്ങുന്നത് തന്നെ ലക്ഷ്മിയിലൂടെയാണ്. ശീമാട്ടിയിൽ ഡ്രസ്സ് എടുക്കാൻ പോയപ്പോൾ അവിടെ കളിച്ചുകൊണ്ടിരുന്ന അവളെ കണ്ട് ഒരു സീരിയലിന്റെ ആൾക്കാർ ഇങ്ങോട്ട് ചോദിക്കുകയായിരുന്നു അഭിനയിക്കാൻ വിടാമോ എന്ന്. അങ്ങനെ ആ സീരിയലിൽ എത്തി. അതിലെ അഭിനയം കണ്ടപ്പോൾ ഫാസിൽ 'നമ്പർ വൺ സ്നേഹതീരം ബാംഗ്ലൂർ നോർത്തി'ൽ അഭിനയിക്കാൻ വിളിച്ചു. അവളിലൂടെയാണ് ഞാനും സിനിമ എന്ന ലോകമറിയുന്നത്. അനാർക്കലിക്ക് സിനിമ എന്ന വലിയ സ്വപ്നം ഒന്നും അന്നില്ലായിരുന്നു.

ലാലി ബാലതാരമായിരുന്ന മകൾ ലക്ഷ്മി​ക്കൊപ്പം

'കുമ്പളങ്ങി നൈറ്റ്സി'ലെ അമ്മ ഇമേജ്

ഞാൻ ചെയ്ത ഒരു ഹ്രസ്വചിത്രം ഉണ്ട്. 'വിമൻസ് ഡേ' എന്നാണ് അതിന്റെ പേര്. ശരിക്കും സ്ത്രീപക്ഷമാണ് അതിൽ സംസാരിച്ചിരുന്നത്. നല്ല വർക്ക് ആയിരുന്നു അത്. എനിക്ക് കുറേക്കൂടി റിലേറ്റ് ചെയ്യാൻ പറ്റുന്ന ഒന്ന്. ആ ഹ്രസ്വചിത്രം കണ്ടിട്ടും 'കുമ്പളങ്ങി നൈറ്റ്‌സ്' ആളുകൾ വിട്ടില്ല എന്നതാണ് കൗതുകം. പക്ഷേ, ജിയോ ബേബിയുടെ സിനിമ വന്നതിനുശേഷം അതിൽ കുറച്ച് മാറ്റമൊക്കെ വന്നിട്ടുണ്ട്. മകളുടെ സുഹൃത്ത് അസിസ്റ്റന്റ് ഡയറക്ടർ ആയി പ്രവർത്തിച്ച 'കുമ്പളങ്ങി നൈറ്റ്സി'ലൂടെ യാദൃശ്ചികമായാണ് സിനിമാരംഗത്തേക്ക് എത്തുന്നത്. അവിടെ ഒഡീഷന് പോയപ്പോൾ പോലും ഞാൻ വിചാരിച്ചില്ല എനിക്കത് കിട്ടുമെന്ന്. ആ സിനിമക്കുശേഷം ഞാൻ ദുബൈയിലേക്ക് പോയി. ഒരു ദിവസം മോള് എന്നെ വിളിച്ചു പറഞ്ഞു, ഉമ്മയെ 'വൈറസി'ലേക്ക് അന്വേഷിച്ചിരുന്നു എന്ന്. അത് ചെയ്യാൻ പറ്റിയില്ല. ഇനിയിപ്പോൾ രാജീവ് രവിയുടെ 'തുറമുഖം' വരാൻ ഉണ്ട്.


വാപ്പയിൽ നിന്ന് ലഭിച്ച അഭിനയ പാരമ്പര്യം

ലേബർ ഓഫീസർ ആയിരുന്ന വാപ്പ മുഹമ്മദ് ഇസ്മയിൽ ലബ്ബ നല്ലൊരു നടനായിരുന്നു. എനിക്ക് പതിമൂന്ന് വയസ്സുള്ളപ്പോൾ വാപ്പ മരിച്ചുപോയി. മകൾ ലക്ഷ്മി അഭിനയിച്ച് തുടങ്ങിയപ്പോൾ വാപ്പയുടെ സുഹൃത്തുക്കൾ പറയുമായിരുന്നു, ഇസ്മയിലിന്റെ കൊച്ചുമകളല്ലേ ഇതിൽ അത്ഭുതമില്ല എന്ന്. പണ്ട് ഞാൻ വാപ്പയുടെ നാടകമൊക്കെ കണ്ടിട്ടുണ്ട്. നാടകം നടക്കുമ്പോൾ നടന്റെ മകളായത് കൊണ്ടുതന്നെ നമ്മളെ മുമ്പിൽ കൊണ്ടുപോയി ഇരുത്തും. ആ നാടകത്തിൽ വാപ്പ കരഞ്ഞുകരഞ്ഞ് ശബ്ദം പോകുന്ന ഒരു സീനുണ്ട്. അതുകണ്ട് എനിക്ക് വിഷമമായി. ഏറ്റവും മുമ്പിൽ ഇരുന്ന് ഞാൻ നന്നായി കരയാൻ തുടങ്ങി. അതുകണ്ട വാപ്പയുടെ ശ്രദ്ധ മാറിപ്പോയി. ആ നാടകത്തിന്റെ ഉദ്ഘാടന ഷോ കൂടിയായിരുന്നു അന്ന്. അന്ന് അതിഥിയായി വന്ന ആൾ എന്നോട് പറഞ്ഞു, അയ്യേ കരയല്ലേ... ഇത് അഭിനയമല്ലേ എന്നൊക്കെ.


സോഷ്യൽ മീഡിയയിലെ എഴുത്തുകൾ

ഞാൻ ജോലിക്ക് വേണ്ടി ശ്രമിക്കുമായിരുന്നു. പക്ഷേ, എവിടെ പോയാലും എനിക്ക് അധികം അവിടെ നിൽക്കാൻ പറ്റില്ല. അപ്പോഴേക്കും കുട്ടികളുടെ ഉത്തരവാദിത്തം എനിക്ക് കൂടുതലായി ഏറ്റെടുക്കേണ്ടി വരുമായിരുന്നു. വീട്ടിൽ ഞാൻ ഒറ്റപ്പെട്ടു നിൽക്കുന്ന ഒരു സമയം വന്നു. സോഷ്യൽ മീഡിയ വളർന്നുവരുന്ന ഒരു കാലം കൂടിയായിരുന്നു അത്. ആ സമയത്ത് ഞാൻ സോഷ്യൽ മീഡിയയിൽ ചെറിയ ചെറിയ കുറിപ്പുകൾ എഴുതിത്തുടങ്ങി. ആളുകൾ നല്ല അഭിപ്രായങ്ങൾ പറഞ്ഞത് ആത്മവിശ്വാസം വർധിപ്പിച്ചു. ചില മാസികകൾക്ക് എഴുതി അയച്ചുകൊടുത്തെങ്കിലും അതൊന്നും പ്രസിദ്ധീകരിച്ചിട്ടില്ല. അഭിനയം പോലെ തന്നെ എഴുത്തും വാപ്പയിൽ നിന്നാണ് ലഭിച്ചത്. വാപ്പ നന്നായി എഴുതുമായിരുന്നു. സർക്കാർ ജോലിക്കാരൻ ആയതുകൊണ്ട് അന്ന് സ്വന്തം പേരിൽ എഴുതാൻ പാടില്ലായിരുന്നു. അതുകൊണ്ട് വാപ്പ എന്റെ ഉമ്മച്ചിയുടെ പേരിൽ സിനിമ നിരൂപണങ്ങൾ ഒക്കെ എഴുതി കൊടുക്കുമായിരുന്നു.

എഴുത്തിനോടൊപ്പം സാമൂഹിക പ്രവർത്തനവും കൊണ്ടുപോകാൻ താല്പര്യമുണ്ട്. പലരും എന്നെ വിളിച്ചു പറയാറുണ്ട്, സാമൂഹിക പ്രവർത്തനം എല്ലാം കുറച്ചു കുറക്കണമെന്ന്. എല്ലാം കൂടി ഒരുമിച്ച് കൊണ്ടുപോവാനുള്ള ബുദ്ധിമുട്ട് ആണ് അവർ ഓർമ്മിപ്പിക്കുന്നത്. പക്ഷേ, ഞാൻ എല്ലാം ഒരുമിച്ച് കൊണ്ടുപോവാൻ ആണ് ആഗ്രഹിക്കുന്നത്. ജീവിതത്തിൽ എല്ലാം യാദൃശ്ചികമായിരുന്നു. അഭിനയവും എഴുത്തും സാമൂഹിക പ്രവർത്തനവും എല്ലാം. കാലം ഇനിയും എന്തൊക്കെയാവും എനിക്കായി കാത്തുവെച്ചിട്ടുണ്ടാവുക! ഞാൻ അത്ഭുതം കൊള്ളുകയാണ്...

Tags:    
News Summary - Actress Lali talks about life and cinema

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.