രണ്ടും കൽപ്പിച്ച് മലയാള സിനിമയിലേക്ക് 'എടുത്തുചാടിയ' സുധീഷ്

വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ 'അനന്തരം' എന്ന സിനിമയുടെ സെറ്റാണ്. അതിൽ ഒരു പയ്യൻ മതിലിൽ നിന്ന് കുളത്തിലേക്ക് ചാടുന്ന സീനുണ്ട്. രാവിലെ ഏഴു മുതൽ ചിത്രീകരണം ആരംഭിച്ചിട്ടും സീൻ എടുക്കാൻ പറ്റിയില്ല. കാരണം, അഭിനയിക്കുന്ന പയ്യൻ ഓടി വന്ന് മതിലിന്റെ അറ്റ​ത്തെത്തുമ്പോൾ മടിച്ചുനിൽക്കും. ഒടുവിൽ, ഉച്ചകഴിഞ്ഞ് മൂന്നരക്കാണ് കുളത്തിൽ ചാടാനുള്ള ധൈര്യം ആ പയ്യന് കിട്ടുന്നത്. അങ്ങിനെ അവൻ എടുത്തുചാടിയത് അക്ഷരാർഥത്തിൽ മലയാള സിനിമയിലേക്കായിരുന്നു. തുടക്കത്തിൽ അനിയനായും അളിയനായും കൂട്ടുകാരനായും ഇപ്പോൾ അമ്മാവനായും വില്ലനായുമൊക്കെ മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ടക്കാരനായ നടൻ സുധീഷ് ആയിരുന്നു ആ പയ്യൻ.

സിനിമയിലെത്തിയിട്ട് മൂന്നര പതിറ്റാ​​ണ്ടോടടുക്കുന്നെങ്കിലും സുധീഷ് എന്ന് കേൾക്കുമ്പോൾ മണിച്ചിത്രത്താഴിലെ 'കിണ്ടി'യാണ് എല്ലാവർക്കും ഓർമ്മ വരിക. 'അതിനു മുമ്പും നല്ല വേഷങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും അത് വൻ ഹിറ്റായി. ഡിഗ്രി കഴിഞ്ഞ സമയമായിരുന്നു അത്. സിനിമ ഒരു ജീവിതോപാധിയായി കൊണ്ടുപോകാനുള്ള ധൈര്യം വന്നത് അതോടെയാണ്. സിനിമയിലേക്ക് എടുത്തുചാടിയത് ശരിക്കും അന്നാണ്' -സുധീഷ് പറയുന്നു.

നാടക-സിനിമ അഭിനേതാവായ സുധാകരൻ നായരുടേയും സൂര്യപ്രഭയുടേയും മകനായി കോഴിക്കോട് ജനിച്ച സുധീഷ് ചെറുപ്പത്തിൽ തന്നെ അഭിനയരംഗത്തെത്തിയിരുന്നു. 1989 റിലീസ് ചെയ്ത മമ്മൂട്ടി നായകനായ 'മുദ്ര' എന്ന സിനിമയിലെ കഥാപാത്രത്തോടെയാണ് സുധീഷ് സ്വീകാര്യനായി മാറിയത്. മണിച്ചിത്രതാഴ്, ചെപ്പടിവിദ്യ, ആധാരം, കാക്കക്കും പൂച്ചക്കും കല്യാണം, അനിയത്തിപ്രാവ് തുടങ്ങിയ ചിത്രങ്ങളിലും സുധീഷ് ശ്രദ്ധിക്കപ്പെട്ടു.

'തീവണ്ടി', 'കൽക്കി' തുടങ്ങിയ സിനിമകളിലൂടെ രണ്ടാം വരവും ഗംഭീരമാക്കി. 'എന്നിവർ', 'ഭൂമിയിലെ മനോഹര സ്വകാര്യം' എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച സ്വഭാവ നടനുള്ള അംഗീകാരം നേടിയ സുധീഷ് അടുത്തിടെ റിലീസ് ചെയ്ത 'സത്യം മാത്രമേ ബോധിപ്പിക്കൂ' എന്ന സിനിമയിലെ വില്ലൻ​ വേഷത്തിലൂടെയും പ്രേക്ഷകരെ ഞെട്ടിച്ചു. തന്റെ സിനിമ വിശേഷങ്ങൾ സുധീഷ് 'മാധ്യമം ഓൺലൈനു'മായി പങ്കുവെക്കുന്നു.


മറ്റൊരാൾ ചെയ്യേണ്ടിയിരുന്ന വേഷം

'സത്യം മാത്രമേ ബോധിപ്പിക്കൂ' എന്ന സിനിമയിലെ വില്ലൻ വേഷം ഇഷ്ടപ്പെട്ട് ഒരുപാട് പേർ വിളിക്കുന്നുണ്ട്. സിനിമക്കുള്ളിലുള്ളവരും പുറത്തുള്ളവരുമെല്ലാം. ആ വേഷം പ്രേക്ഷകർ സ്വീകരിച്ചതിൽ വളരെ സന്തോഷമുണ്ട്. ഇതുവരെ എന്നെ കാണാത്ത വേഷത്തിൽ കണ്ടപ്പോൾ സ്വഭാവികമായും ജനം സ്വീകരിക്കേണ്ടതാണ്. അതുതന്നെ സംഭവിച്ചു. ബിജു മേനോനും ടോവിനോയും ഉള്‍പ്പെടെയുള്ള താരങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രശംസിച്ചിരുന്നു. ആദ്യം ഈ സിനിമയില്‍ മറ്റൊരാളെയാണ് നിശ്ചയിച്ചിരുന്നത്. അതില്‍ പെട്ടെന്നൊരു മാറ്റം വരികയായിരുന്നു. പിന്നീട് അവർ വളരെ ആലോചിച്ച് എന്നെ സമീപിക്കുകയായിരുന്നു. ആ സമയത്ത് ഒരു ആര്‍ട് മൂവി ചെയ്യാനിരിക്കുകയായിരുന്നുഞാൻ. അതില്‍ പുതുമുഖങ്ങളായിരുന്നു.

പിന്നെ അവരോട് റിക്വസ്റ്റ് ചെയ്ത് ഞാൻ ഈ സിനിമ ഏറ്റെടുത്തു. ഗംഭീര കഥാപാത്രമായത് കൊണ്ട് ഒഴിവാക്കാന്‍ കഴിയുമായിരുന്നില്ല. ആദ്യത്തെ സീന്‍ എടുത്തപ്പോള്‍ തന്നെ സംവിധായകന്‍ സന്തോഷവാനായിരുന്നു. രണ്ടുതരത്തിലുള്ള സീനുകളുണ്ട് സിനിമയില്‍. മാറിവരുന്നതും നോര്‍മലും. മാറിവരുന്ന സീനാണ് പുള്ളി ആദ്യം എടുത്തത്. അത് ആദ്യംതന്നെ ഹാപ്പിയായി. പിന്നീടങ്ങോട്ട് പോയി. കുറച്ച് പ്രായമുള്ള ക്യാരക്ടറാണിത്. എന്നേക്കാള്‍ അഞ്ചെട്ട് വയസ് മാത്രമേ കൂടുതലുള്ളൂ. അതിപ്പോഴേ ചെയ്യാന്‍ കഴിയൂ.

ധ്യാന്‍ ശ്രീനിവാസന്‍ നായകനാണെങ്കിലും അതിനേക്കാളും പ്രധാനപ്പെട്ട വേഷം എന്റേതായിരുന്നു. എന്നിട്ടും ധ്യാന്‍ സഹകരിച്ചു. പൊലീസ് വേഷമാണെങ്കില്‍ ഹീറോയിസം ആണല്ലോ. അങ്ങനെയുള്ള കഥാപാത്രമാണ്. നായകനാണെങ്കില്‍ പോലും അതൊരു കഥാപാത്രം മാത്രമാണ്. നായകന്‍ ഫൈറ്റ് ചെയ്യണം, നായകന്‍ വില്ലനെ കൊല്ലണം എന്ന് തുടങ്ങിയുള്ള രീതികളൊക്കെ മാറ്റി ചിന്തിച്ചുകൊണ്ടാണ് ധ്യാന്‍ സിനിമയിലേക്ക് വന്നത്. ആളുകള്‍ പടം കാണാന്‍ വരുമ്പോള്‍ ധ്യാന്‍ പോലീസാണ്, എല്ലാവരേയും ഇടിച്ചിടും എന്നൊക്കെ കരുതിയാവും. ആ പ്രതീക്ഷ തെറ്റിച്ചാണ് സിനിമയുടെ നന്മ ഉള്‍ക്കൊണ്ട് ധ്യാന്‍ വരുന്നത്.

മാറ്റങ്ങള്‍ സംഭവിച്ചാലേ മലയാള സിനിമക്ക് നിലനില്‍പ്പുള്ളൂ

സിനിമയിലെ മാറ്റങ്ങൾ വളരെ നല്ല രീതിയിലാണ് നോക്കിക്കാണുന്നത്. പണ്ടൊക്കെ മലയാളത്തില്‍ ഒരു സിനിമ സൂപ്പര്‍ഹിറ്റായിക്കഴിഞ്ഞാല്‍ പിന്നെ ഒന്നുരണ്ടു കൊല്ലത്തിന് ആ ടൈപ്പ് സിനിമകളേ ഉണ്ടാവുകയുള്ളൂ. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. ഓരോ ആഴ്ചയും വ്യത്യസ്ഥമായ രണ്ടുമൂന്നു സിനിമകളെങ്കിലും ഇറങ്ങുന്നുണ്ട്. ഒരു സിനിമ കോമഡിയാണെങ്കില്‍, മറ്റൊരു സിനിമ ത്രില്ലറാണ്, മറ്റേത് വേറൊരു മൂഡിലുള്ള സിനിമയായിരിക്കും. വലിയ മാറ്റങ്ങള്‍ മലയാള സിനിമയില്‍ സംഭവിച്ചുകഴിഞ്ഞു. മാറ്റങ്ങള്‍ സംഭവിച്ചാലേ മലയാള സിനിമക്ക് നിലനില്‍പ്പുണ്ടാവൂ. മലയാള സിനിമ മാറുമ്പോഴേ പ്രേക്ഷകര്‍ക്ക് ആസ്വദിക്കാന്‍ കഴിയൂ. പുതിയ പ്രേക്ഷകര്‍ അങ്ങനെയുള്ളവരാണ്. അല്ലാതെ ഇങ്ങനെ വേണം സിനിമ, കഥകളും വില്ലനും ടിപ്പിക്കലായിരിക്കണം എന്നു കരുതുന്നവരല്ല. പണ്ടൊക്കെ ആരാണ് സംവിധായകന്‍ എന്നാണ് പലരും ചോദിച്ചിരുന്നത്. അതൊക്കെ ഇപ്പോൾ മാറി.

സ്ത്രീവിരുദ്ധത പറഞ്ഞാലേ കയ്യടിക്കാന്‍ കഴിയൂ എന്ന തോന്നലൊക്കെ മാറിയിട്ടുണ്ട്. ഇത് സമൂഹത്തിന് നല്‍കുന്ന സന്ദേശമാണെന്ന് തന്നെയാണ് പറയാനുള്ളത്. ഇനിയും അങ്ങനെയുള്ള സിനിമകള്‍ വരാനുണ്ട്. സ്ത്രീകളുടെ ആവശ്യകതയും അവരുടെ മുന്നോട്ടുള്ള ചലനങ്ങളും പല രീതിയില്‍ കാണിക്കാന്‍ കഴിയും. ഇനി വരാനിരിക്കുന്നതേയുള്ളൂ അതൊക്കെ. പുരുഷനും സ്ത്രീക്കും തുല്യമായ അനുകൂലമായ സാഹചര്യമാണ് വേണ്ടത്.


മുഖ്യധാരയിൽ കണ്ടില്ലെങ്കിലും ഞാൻ എൻഗേജ്ഡ് ആയിരുന്നു

ഇടക്കാലത്ത് ഞാൻ വീട്ടിൽ തന്നെയായിരുന്നു. മുഖ്യധാര സിനിമയില്‍ കാണാതിരുന്നത് അവസരങ്ങള്‍ കിട്ടാത്തതുകൊണ്ട് തന്നെയായിരുന്നു. അതേസമയം, ചില സമാന്തര സിനിമകളിൽ ഉണ്ടായിരുന്നു. ചെറിയ സിനിമകളിലും പരിപാടികളിലുമൊക്കെ പങ്കെടുത്തിരുന്നു. ടി.വി ഷോകളിലൊക്കെ ഉണ്ടായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ എന്‍ഗേജ്ഡായിരുന്നു. എന്നാല്‍ 24 മണിക്കൂറും എന്‍ഡേജ്ഡാവാന്‍ ആഗ്രഹിക്കുന്നയാളല്ല ഞാന്‍. അതുകൊണ്ട് റിലാക്‌സേഷനുണ്ടായിരുന്നു.

കോവിഡ് കൊണ്ടുവന്ന മാറ്റങ്ങൾ

കോവിഡ് സിനിമാ മേഖലയെ മാത്രമല്ല മാറ്റിയത്. പുറത്തേക്കിറങ്ങുമ്പോള്‍ കോവിഡ് വന്നുകഴിഞ്ഞാല്‍ ഞങ്ങളിനി എന്തുചെയ്യുമെന്ന് പറയുന്ന ആളുകള്‍ ഒരുപാട് നമ്മുടെ ചുറ്റുവട്ടത്തുണ്ട്. സിനിമ മാത്രമല്ല. സിനിമ പക്ഷേ, വലിയ ഉദാഹരമാണ്. ആർട്ടിസ്റ്റുകളല്ലാത്ത ഒരുപാട് പേര്‍ മറ്റു ജോലിക്കൊക്കെ പോയിട്ടുണ്ട്. കേള്‍ക്കുമ്പോള്‍ വിഷമം തോന്നും. അങ്ങനെ ഉണ്ടാവരുതെന്നാണ് അഭിപ്രായം. പുതിയ സിനിമകള്‍ ഒ.ടി.ടിയിലേക്ക് പോകുന്നത് ഉണര്‍ന്നുവരുന്ന സിനിമ ഇന്‍ഡസ്ട്രിയെ വീണ്ടും തകര്‍ക്കുകയാണെന്ന് പറയുന്നതിന് രണ്ട് വശങ്ങുണ്ട്.

കോവിഡ് വന്ന് കഴിഞ്ഞാല്‍ ബുദ്ധിമുട്ടാണ്. അത് ആളുകളും സൂക്ഷിക്കണം. സര്‍ക്കാര്‍ പറയുന്നത് അംഗീകരിക്കണമല്ലോ. പിന്നെ ഒ.ടി.ടി ആയാലും ആളുകള്‍ക്ക് വര്‍ക്കുണ്ട്. തീയേറ്റര്‍ എക്‌സ്പീരിയന്‍സ് നഷ്ടപ്പെടും. അത് തീയേറ്ററുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. സിനിമ തീയേറ്ററില്‍ കാണേണ്ടതാണ്. അല്ലെങ്കിൽ അതിന്റെ രസം നഷ്ടപ്പെടും. അതേസമയം, ഒ.ടി.ടിയില്‍ വരുമ്പോള്‍ പല പരീക്ഷണങ്ങളും നടക്കും. വ്യത്യസ്ഥമായ സിനിമകൾ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ കഴിയും. അതൊരു നല്ല കാര്യമാണ്.

തീയേറ്ററില്‍ പോയി കാണുന്ന ശ്രദ്ധ ഒ.ടി.ടിയിലെ സിനിമകള്‍ക്ക് ലഭിക്കുമെന്ന് തോന്നുന്നില്ല. സിനിമയുടെ കണ്ടിന്യുവിറ്റി പോകുമന്ന തോന്നലുണ്ട്. തിരക്കുകള്‍ വരുമ്പോള്‍ പലഭാഗങ്ങളും സ്‌കിപ് ചെയ്യുന്നതൊക്കെ നടക്കും. തീയേറ്ററാകുമ്പോള്‍ സിനിമയുടെ മുഴുവന്‍ ആസ്വാദനവും സംഭവിക്കുന്നുണ്ട് എന്നാണ് പറയുന്നത്.


'അമ്മ'യിലെ തെരഞ്ഞെടുപ്പ്

'അമ്മ'യിൽ ഇത്തവണ തെരഞ്ഞെടുപ്പ് നടന്ന പശ്ചാത്തലത്തെ കുറിച്ച് എനിക്ക് വലിയ ധാരണയില്ല. ഞാന്‍ അംഗമാണെന്നേയുള്ളൂ. സംഘടനാ പരിപാടികളോട് യോജിപ്പില്ലെന്നല്ല. ഓര്‍ഗൈസിങ് വലിയ ധാരണയില്ല. യോഗങ്ങള്‍ക്ക് പങ്കെടുക്കാറുണ്ട്. 'അമ്മ'യെ സംബന്ധിച്ച വിവാദങ്ങളിൽ പലതും ആളുകൾ പറഞ്ഞുപരത്തുന്നതാണ്. 'അമ്മ' പലര്‍ക്കും പല കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. സിനിമയിലല്ലാതെ പുറത്തുള്ളവര്‍ക്കും 'മാധ്യമ'വും യൂനിമണിയുമായി ചേർന്നുള്ള 'അക്ഷരവീട്' പദ്ധതി പ്രകാരം വീടുവെച്ചുകൊടുക്കുന്നുണ്ട്. അതൊക്കെ വലിയ കാര്യങ്ങളാണ്.

അതിനെ അംഗീകരിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് ഉണ്ടായാലും ഇല്ലെങ്കിലും നല്ല സംഘടനാ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവുകയെന്നതാണ് ലക്ഷ്യം. തനിക്കത് ചെയ്യാന്‍ പറ്റുമെന്ന തോന്നലില്‍ നിന്നാണല്ലോ ആളുകള്‍ മത്സരിക്കാനെത്തുന്നത്. നല്ല കാര്യങ്ങള്‍ ചെയ്യാനുള്ള മനോഭാവമുണ്ടായാല്‍ അതി. അങ്ങനെയുള്ളവര്‍ വരട്ടെ. മറ്റു വിവാദങ്ങളിലെ സത്യാവസ്ഥ പറയാന്‍ അറിയില്ല.

നടിക്ക് നീതി ലഭിക്കേണ്ടത് കോടതിയിൽ നിന്ന്

നടി പീഡിപ്പിക്കപ്പെട്ടതുമായി ബന്ധപ്പെട്ട സംഭവത്തിൽ 'അമ്മ' ഇരക്കൊപ്പം നില്‍ക്കേണ്ടതിന്റെ ആവശ്യകതയില്ലേ എന്ന് ചോദിച്ചാൽ ആവശ്യകതയുണ്ട് എന്ന് മാത്രമേ മറുപടി പറയാന്‍ കഴിയൂ. സംഘടന അവർക്കൊപ്പം നിന്നു എന്ന് തന്നെയാണ് തോന്നുന്നത്. വ്യക്തിപരമായ കാര്യങ്ങള്‍ എനിക്കറിയില്ല. താല്‍പ്പര്യമില്ലാത്ത വിഷയമായത് കൊണ്ടാണ് ഇങ്ങനെ പറയുന്നത്. ആര്‍ക്കാണെങ്കിലും ചിന്തിക്കാന്‍ കഴിയുന്ന വിഷയമല്ല ആ പെണ്‍കുട്ടിക്ക് സംഭവിച്ചിട്ടുള്ളത്. വിഷമമുള്ള കാര്യമാണ്. ആ പെണ്‍കുട്ടിക്ക് ന്യായമായ നീതി ലഭിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്.

എല്ലാവരും ആ പെണ്‍കുട്ടിക്കൊപ്പം നില്‍ക്കുന്നുവെന്നാണ് കരുതുന്നത്. എല്ലാവര്‍ക്കും അമ്മയും പെങ്ങന്മാരുമൊക്കെയുള്ളതല്ലേ. സിനിമയില്‍ വ്യത്യസ്ഥമായ കഥാപാത്രങ്ങള്‍ ചെയ്യുക എന്നതാണ് എന്റെ ലക്ഷ്യം. സംവിധാനമോ മറ്റോ കഴിയുകയാണെങ്കില്‍ അതും ചെയ്യണമെന്നുണ്ട്. ആവശ്യങ്ങള്‍ വരുമ്പോള്‍ സംഘടനയോട് പറയുക എന്നതാണ് ചെയ്യുന്നത്. പെണ്‍കുട്ടിക്ക് നീതി ലഭിക്കേണ്ടത് ഇനി കോടതിയില്‍ നിന്നാണ്. അല്ലാതെ സംഘടനയില്‍ നിന്നല്ല. കോടതി തീരുമാനിക്കട്ടെ. നമ്മളെന്ത് പറഞ്ഞാലും കോടതിയാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്.

Tags:    
News Summary - Actor Sudheesh about film and life

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.