സ്റ്റിൽ ഫോട്ടോ​ഗ്രാഫറായ അച്ഛന്റെ ആഗ്രഹം സിനിമയായിരുന്നു, അത് നടന്നില്ല... സാഗർ

ഭിനയവും സംവിധാനവും രണ്ട് കണ്ണുകള്‍ പോലെയാണ്... ഇതില്‍ ഏതാണ് ഏറ്റവും കൂടുതല്‍ ഇഷ്ടമെന്ന് പറയാന്‍ കഴിയില്ല..... അഭിനയവും സംവിധാനവും ഒരുപോലെ നെഞ്ചിലേറ്റുന്ന സാഗര്‍, തിയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ച തന്റെ ഏറ്റവും പുതിയ ചിത്രമായ 'ജലധാര പമ്പ് സെറ്റ് സിന്‍സ് 1962'നെ കുറിച്ച് സാഗര്‍ പറഞ്ഞു തുടങ്ങി. ഇന്ദ്രന്‍സ്, ഉര്‍വശി, ജോണി ആന്റണി, ടി.ജി രവി, വിജയരാഘവന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ആശിഷ് ചിന്നപ്പ സംവിധാനം ചെയ്യുന്ന ചിത്രം കോര്‍ട്ട് റൂം ആക്ഷേപഹാസ്യമാണ്. ഏറെ നാളുകള്‍ക്ക് ശേഷം സനുഷ സന്തോഷ് ഈ ചിത്രത്തിലൂടെ കാമറക്ക് മുന്നില്‍ എത്തുന്നുണ്ട്. വണ്ടര്‍ഫ്രെയിംസ് ഫിലിം ലാന്‍ഡിന്റെ ബാനറില്‍ ബൈജു ചെല്ലമ്മ, സാഗര്‍, സനിത ശശിധരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ജലധാര പമ്പ് സെറ്റ് സിന്‍സ് 1962

പമ്പ് സെറ്റാണ് ഈ സിനിമയിലെ നായകന്‍. പമ്പ് സെറ്റിനെ ചുറ്റിപ്പറ്റിയുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ചിത്രം പറയുന്നത്.യഥാര്‍ഥ സംഭവമാണ് ജലധാര പമ്പ് സെറ്റ് സിന്‍സ് 1962 . ഉണ്ണി എന്ന കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിക്കുന്നത്. ഉര്‍വശി ചേച്ചിയുടെ കഥാപാത്രമായ മൃണാലിനി ടീച്ചറിന്റെ സന്തതസഹചാരിയാണ് ഈ ഉണ്ണി.


ഇന്ദ്രന്‍സ്, ഉര്‍വശി, ജോണി ആന്റണി, ടി.ജി രവി

ഇന്ദ്രന്‍സ് ചേട്ടനുമായി വളരെ അടുത്ത ബന്ധമാണുള്ളത്. അദ്ദേഹത്തെ വര്‍ഷങ്ങളായി അറിയാം.2013,2014 സമയത്ത് ഞങ്ങള്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. അന്നു മുതലുളള ബന്ധമാണ് ഇന്ദ്രന്‍സ് ചേട്ടനുമായി.

ഈ ചിത്രത്തിന്റെ കഥ പറയാൻ പോയപ്പോഴാണ് ഉര്‍വശി ചേച്ചിയെ കാണുന്നത്. പൊള്ളാച്ചിയില്‍ പ്രിയദര്‍ശന്‍ സാറിന്റെ സെറ്റില്‍വെച്ചാണ് ജലധാരയുടെ കഥ പറയുന്നത്. ഒരു പരിചയവുമില്ലാതെയാണ് സിനിമക്കായി ചേച്ചിയെ സമീപിക്കുന്നത്. എന്നാൽ ഉര്‍വശി ചേച്ചിയുടെ ഡേറ്റ് ഉണ്ടെങ്കില്‍ മാത്രമേ സിനിമയുമായി മുന്നോട്ട് പോകുള്ളൂവെന്ന് ആദ്യമേ ഉറപ്പിച്ചിരുന്നു. കഥ കേട്ടപ്പോള്‍ തന്നെ ചേച്ചിക്ക് ഇഷ്ടപ്പെട്ടു. അന്ന് കഥ പറയാന്‍ വന്ന ഞങ്ങളോട് എങ്ങനെയാണോ ചേച്ചി ഇടപെട്ടത് അതേ സ്‌നേഹവും അടുപ്പവും ഇപ്പോഴും ഉണ്ട്. സിനിമയില്‍ അവസാനം വരെ ചേച്ചിക്കൊപ്പം ഞാനുമുണ്ട്. നമ്മളെ കംഫര്‍ട്ട് സോണില്‍ കൊണ്ടുവരാന്‍ ചേച്ചി ഒരുപാട് സഹായിക്കും. ചേച്ചിക്കൊപ്പം നമ്മളും അറിയാതെ സഞ്ചരിക്കും. ഒരുപാട് കാര്യങ്ങള്‍ കണ്ടുപഠിക്കാനുണ്ട്.

രവി ചേട്ടന്റെ(ടി.ജി രവി) ഭാഗത്ത് നിന്നും മികച്ച പിന്തുണയായിരുന്നു. വര്‍ഷങ്ങളായി സിനിമയില്‍ സജീവമായി നില്‍ക്കുന്ന ഇവരില്‍ നിന്നും നമുക്ക് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ പറ്റും. ചെറിയ ചിത്രമായതുകൊണ്ട് തന്നെ ഒരു കുടുംബം പോലെയായിരുന്നു നമ്മള്‍ കഴിഞ്ഞത്. അവരുടെ സിനിമ അനുഭവങ്ങളും മറ്റും പങ്കുവെക്കുമായിരുന്നു. നല്ലൊരു സൗഹൃദം ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞതുകൊണ്ട്, വര്‍ക്ക് വളരെ സ്മൂത്തായി പോയി.

മലയാള സിനിമയില്‍ നല്ല കോമഡി സിനിമകള്‍ ചെയ്ത ആളാണ് ജോണി ചേട്ടന്‍. ഇപ്പോള്‍ മലയാള സിനിമയിലെ ഏറ്റവും തിരക്കേറിയ താരങ്ങളിലൊരാളാണ്. നമ്മളുടെ സീന്‍ നന്നായെങ്കില്‍ അദ്ദേഹം കൃത്യമായി കൊളളാമെന്ന് പറയും. അത് നമ്മളിലെ ആത്മവിശ്വാസം കൂട്ടും.

ജലധാര പമ്പ് സെറ്റ് സിന്‍സ് 1962 ഉണ്ടായത്

2019 ആണ് ഈ സിനിമയുടെ കഥ ഞാന്‍ ആദ്യമായി കേള്‍ക്കുന്നത്. എന്റെ അടുത്ത സുഹൃത്താണ് ഈ ചിത്രത്തിന്റെ തിരക്കഥാകൃത്ത് സനു പി ചന്ദ്രന്‍. അദ്ദേഹം ഒരു യഥാര്‍ഥ സംഭവം എന്നോട് പറഞ്ഞു, ഇത് സിനിമയായാല്‍ നന്നായിരുക്കുമെന്ന് പറഞ്ഞു. കോവിഡ് തുടങ്ങുന്നതിന് മുമ്പ് അരം എന്നൊരു ഷോര്‍ട്ട് ഫിലിം ചെയ്തിരുന്നു. ഷട്ടര്‍ രഘു എന്ന് മെയിന്‍ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.വണ്ടര്‍ഫ്രെയിംസ് ഫിലിം ലാന്‍ഡാണ് ഇത് നിര്‍മിച്ചത്. പ്രൊഡക്ഷന്‍ കമ്പനിയുണ്ടാകുന്നതും ഇങ്ങനെയാണ്. തുടര്‍ന്ന് ബൈജു ചെല്ലമ്മ, സനിത ശശിധരന്‍ എന്നിവര്‍ സിനിമ ചെയ്യാമെന്ന് പറഞ്ഞ് ഒപ്പം കൂടി. കോവിഡ് കഴിഞ്ഞ സമയമായിരുന്നു, അതുകൊണ്ട് എല്ലാവരേയും ചിരിപ്പിക്കുന്ന ഒരു രസകരമായ സിനിമ ചെയ്യാമെന്ന് കരുതി. എന്നോടൊപ്പം ഫിലിം ഇന്‍സ്റ്റ്യൂട്ടില്‍ പഠിച്ചതാണ് ചിത്രത്തിന്റെ സംവിധായകന്‍ ആശിഷ്. അങ്ങനെയാണ് ചിത്രം ഉണ്ടാകുന്നത്. തുടക്കത്തില്‍ തന്നെ ഉര്‍വശി ചേച്ചിയും ഇന്ദ്രന്‍സ് ചേട്ടനും രവി ചേട്ടനും ഈ സിനിമയിന്‍ വേണമെന്ന് ഞങ്ങള്‍ തീരുമാനിച്ചുരുന്നു. അങ്ങനെയാണ് ഈ സിനിമ ഉണ്ടാകുന്നത്.

ലെനിന്‍ രാജേന്ദ്രനൊപ്പം

2009 ല്‍ ആണ് ലെനില്‍ രാജേന്ദ്രന്‍ ചിത്രത്തിെന്റ ഭാഗമാകുന്നത്. 2019 വരെ കൂടെയുണ്ടായിരുന്നു. 'മകരമഞ്ഞ് എന്ന ചിത്രത്തിൽ അദ്ദേഹത്തോടൊപ്പം അസിസ്റ്റന്റ് ഡയറക്ടറായി വര്‍ക്ക് ചെയ്യുന്നത്. സാറിന് എന്റെ അഭിനയമോഹം അറിയാമായിരുന്നു. ലെനിന്‍ സാറിനൊപ്പം വരുന്നതിന് മുമ്പ് മോഹന്‍ലാല്‍ സാറിനൊപ്പം ഭഗവാന്‍ എന്ന ചിത്രത്തില്‍ ഒരു വേഷം ചെയ്തിരുന്നു. ലാല്‍ സാറിനൊപ്പമുള്ള കോമ്പിനേഷന്‍ ഷോട്ടാണ് എന്റെ തുടക്കം. ലെനിന്‍ രാജേന്ദ്രന്‍ ചിത്രത്തിന് ശേഷം കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത്, മംമ്ത എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തിയ റേസ് എന്ന ചിത്രത്തിന്റെ അസിസ്റ്റ് ഡയറക്ടറായി. ഇവരുടെ അഭിനയം ഒരു പ്രചോദനമായിരുന്നു.രണ്ട് വ്യത്യസ്ത തരത്തിലുള്ള ചിത്രങ്ങളുടെ ഭാഗമാകാന്‍ പറ്റി. പിന്നീടുള്ള ലെനിന്‍ സാര്‍ ചിത്രങ്ങളുടെ കാമറക്ക് പിന്നില്‍ ഞാനും ഉണ്ടായിരുന്നു.അദ്ദേഹത്തിന്റെ അവസാന ചിത്രമായ ക്രോസ് റോഡില്‍ ഒരു കഥാപാത്രം അവതരിപ്പിക്കാന്‍ ഭാഗ്യം കിട്ടി.


കാമറക്ക് മുന്നിലും പിന്നിലും

അഭിനയവും സംവിധാനവും രണ്ടും വ്യത്യസ്തമാണ്. എന്നെ സംബന്ധിച്ചടത്തോളം രണ്ടും എളുപ്പമല്ല. അഭിനേതാവ് എന്നത് ഡയറക്ടറിന്റെ കുപ്പിയിലെ വെള്ളം പോലെയാണ്. അദ്ദേഹത്തിന് എങ്ങനെ വേണോ ഷെയ്പ്പ് ചെയ്യാന്‍ പറ്റുന്ന രീതിയില്‍ നമ്മള്‍ നില്‍ക്കണം. അത് എക്‌സ്പീരിയന്‍സിലൂടെ മാത്രമേ ലഭിക്കുകയുളളൂ.

സംവിധായകനാകുമ്പോള്‍ സിനിമയിലെ എല്ലാം നമ്മളാണ്. അഭിനേതാവിനെ മുതല്‍ സംഗീത സംവിധായകന്‍, എഡിറ്റര്‍ എന്നിങ്ങനെ എല്ലാ അണിയറപ്രവര്‍ത്തകരേയും കണ്ടെത്തണം. സംവിധായകന്റെ മനസിലുള്ളതു പോലെ സിനിമയില്‍ വരണം. അത് വലിയൊരു ജോലിയാണ് അതിന് അപ്പുറം സാമ്പത്തികം, നമ്മള്‍ കൃത്യ സമയത്തിനുള്ളില്‍ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമുളള ബജറ്റില്‍ സിനിമ തീര്‍ക്കണം. താരങ്ങളേയും അണിയറപ്രവര്‍ത്തകരേയും ഒന്നിച്ചു കൊണ്ടു പോണം. ഇതൊന്നും അത്ര എളുപ്പമല്ല. ഒരു കൂട്ടായ്മയുടെ വിജയമാണ് സിനിമ.

അഭിനയമോ സംവിധാനമോ കൂടുതല്‍ താല്‍പര്യം

കുട്ടിക്കാലം മുതലെ ഒരു നടനാകണമെന്നായിരുന്നു ആഗ്രഹം. അച്ഛന്‍ സിനിമയിലെ സ്റ്റില്‍ ഫോട്ടോഗ്രാഫറായിരുന്നു. സിനിമയില്‍ മുന്നോട്ട് പോകണമെന്ന് ഉണ്ടായിരുന്നു. എന്നാല്‍ അതിന് പറ്റിയില്ല. അദ്ദേഹത്തിന് എന്നെ ഒരു ഛായാഗ്രാഹകന്‍ ആക്കണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ അദ്ദേഹത്തിന്റെ കാമറക്ക് മുന്നില്‍ നിന്ന് വളര്‍ന്നതുകൊണ്ട് ഓര്‍മവെച്ച കാലം മുതലെ അഭിനയമോഹം എന്റെ നെഞ്ചില്‍ കയറി. മുതിര്‍ന്നപ്പോള്‍ സിനിമ പഠിക്കണമെന്ന് പറഞ്ഞപ്പോള്‍ സന്തോഷത്തോടെ അച്ഛന്‍ എന്റെ ആഗ്രഹത്തിനൊപ്പം നിന്നു.

ലെനിന്‍ സാറിന്റെ ഒപ്പം കൂടിയതിന് ശേഷമാണ് സിനിമയോടുളള കാഴ്ചപ്പാട് മാറിയത്. ഇതുവരെ നമ്മള്‍ സഞ്ചരിച്ച രീതിയല്ല സിനിമയെന്നും ഇനിയും ഒരുപാട് പഠിക്കാനുണ്ടെന്നും ബോധ്യപ്പെട്ടു. കൂടാതെ അറിയാതെ സിനിമ സംവിധാനം ചെയ്യണമെന്നുള്ള ആഗ്രഹവും മനസില്‍ കടന്നു കൂടി. അതില്‍ സംവിധായകനും ഛായാഗ്രാഹകനുമായ സന്തോഷ് ശിവന്‍ സാറിനും ഒരു വലിയ പങ്കുണ്ട്. സിനിമയെ കുറിച്ചും അവരുടെ അനുഭവങ്ങളും പങ്കുവെക്കുമായിരുന്നു. അങ്ങനെ അഭിനയത്തിനൊപ്പം സംവിധാനവും മനസില്‍ നിലയുറപ്പിച്ചു. എന്നെങ്കിലും രണ്ട് പടം സംവിധാനം ചെയ്യണം- പുതിയ സിനിമയായ ജലധാര പമ്പ് സെറ്റ് സിന്‍സ് 1962 ന്റെ വിശേഷത്തിനൊപ്പം തന്റെ സിനിമാ മോഹവും സാഗര്‍ പങ്കുവെച്ചു.

Tags:    
News Summary - Actor Sagar Opens Up Anout His Movie journey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.