'എടാ മോനേ, കുട്ടേട്ടനാടാ'; ആവേശ'ത്തിൽ മിഥുൻ- അഭിമുഖം

'എടാ മോനേ, കുട്ടേട്ടനാടാ' എന്ന ഒറ്റ ഒരു ഡയലോഗ് മതി ആവേശം സിനിമയിലെ കുട്ടിയെ ഓർമ വരാൻ. തിയറ്ററുകളിൽ ഗംഭീര വിജയമായി പ്രദർശനം തുടരുന്ന ആവേശം സിനിമയിലെ വില്ലൻ കഥാപാത്രമായ കുട്ടിയായി അഭിനയിച്ച മിഥുൻ തന്റെ വിശേഷങ്ങൾ പങ്കുവെക്കുന്നു

• മൂന്നാം വാരത്തിലേക്ക് കടക്കുന്ന 'ആവേശം'

ആവേശം സിനിമ ഇപ്പോൾ മൂന്നാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. അതിന്റെ സന്തോഷത്തിലാണ് ഞങ്ങളിപ്പോൾ. മോജിലും ജോഷിലും, റീൽസിലും ഒക്കെയായി സമൂഹ മാധ്യമങ്ങളിൽ അത്യാവശ്യം സജീവമായി പോയിക്കൊണ്ടിരിക്കുകയായിരുന്നു ഞാൻ. ആ സമയത്ത് റീൽസ് കണ്ടിട്ടാണ് സംവിധായകൻ ജിത്തു മാധവന്റെ ഭാര്യ ഷഫ്നതാത്ത എന്നെ ആദ്യമായി ഫോൺ വിളിക്കുന്നത്. അതിനുശേഷം ജിത്തു ചേട്ടൻ വിളിച്ചു. പിന്നീട് സ്ക്രീൻ ടെസ്റ്റ് ഒക്കെ ചെയ്തതിനുശേഷമാണ് കുട്ടി എന്ന ആ കഥാപാത്രം എനിക്ക് ലഭിക്കുന്നത്.

• ‘കുട്ടി‘യുടെ പ്രാധാന്യം അറിയില്ലായിരുന്നു

ആവേശം സിനിമയിലെ ഗുണ്ടകളുമായുള്ള ഫൈറ്റ് സീനിന് തൊട്ടുമുമ്പ് കുട്ടി പറയുന്ന ഡയലോഗാണ് സ്ക്രീൻ ടെസ്റ്റിന്റെ സമയത്ത് അവരെനിക്ക് തന്നത്. അത് പറയുമ്പോൾ പോലും എനിക്കറിയില്ലായിരുന്നു കുട്ടി എന്ന കഥാപാത്രത്തിന് സിനിമയിൽ എത്രത്തോളം പ്രാധാന്യമുണ്ടെന്ന്. സിനിമയിൽ അഭിനയിക്കാനായി അവസരം കിട്ടിയശേഷം തിരക്കഥയും മറ്റും വായിച്ചപ്പോഴാണ് ആ കഥാപാത്രത്തിന്റെ പ്രാധാന്യം എനിക്ക് മനസ്സിലായത്. ഞാനാണെങ്കിൽ സമൂഹമാധ്യമങ്ങളിൽ തമാശകൾ മാത്രം ചെയ്തിരുന്ന ഒരാളാണ്. ആ എനിക്ക് കുട്ടിയെ പോലുള്ള ഒരു കഥാപാത്രം വളരെ വേറിട്ട ഒരു അനുഭവമായിരുന്നു. ആ കഥാപാത്രം ചെയ്യാനുള്ള ആത്മവിശ്വാസം എനിക്ക് തന്നത് ജിത്തു ചേട്ടനാണ്. ചിത്രത്തിന്റെ ഷൂട്ട് തുടങ്ങുന്നതിനു ഒരു മാസം മുൻപേ തന്നെ അതിന്റെ റിഹേഴ്‌സലുകൾ ഒക്കെ ഞങ്ങൾ ചെയ്തു തുടങ്ങിയിരുന്നു. അതുപോലെതന്നെ കുട്ടി എന്ന കഥാപാത്രമാവാൻ വേണ്ടി എന്നോട് ആൾക്കൂട്ടങ്ങളിൽ നിന്നും മാറി ഒറ്റയ്ക്ക് നടക്കാൻ ഒക്കെ അവർ പറഞ്ഞിരുന്നു. അതൊക്കെ എനിക്ക് ഒരുപാട് ഉപകാരപ്പെട്ടിട്ടുണ്ട്. ലൊക്കേഷനിൽ എല്ലാവരും ഭയങ്കര ഉത്തരവാദിത്തത്തോടെയാണ് ജോലികൾ ചെയ്തിരുന്നത്. മാത്രമല്ല സിനിമ ഇറങ്ങും മുമ്പേതന്നെ ആ ലൊക്കേഷനിലുള്ളവർക്കെല്ലാം അറിയാമായിരുന്നു ഇത് ഹിറ്റായി തീരുമെന്ന്. രാവിലെ സെറ്റിൽ വരുമ്പോൾ തന്നെ വല്ലാത്ത പോസിറ്റീവ് എനർജി ആയിരുന്നു.

• വൈകാരിക അടുപ്പമുണ്ട് ഈ പേരിനോട്

എന്നെ ആദ്യമായി മിഥുട്ടി എന്നു വിളിക്കുന്നത് അമ്മയാണ്. വളരെ ചെറുപ്പം മുതലേ അമ്മ അങ്ങനെയാണ് വിളിക്കുന്നത്. പിന്നീട് എല്ലാവരും എന്നെ ആ പേര് തന്നെയായിരുന്നു വിളിക്കാറുള്ളത്. ഫ്രണ്ട്സ് എല്ലാം മിഥൂട്ടി എന്ന് തന്നെയാണ് വിളിക്കുന്നത്. എല്ലാവരും വിളിച്ചു വിളിച്ച് ആ പേരിനോട് എനിക്ക് ചെറിയൊരു ഇഷ്ടമുണ്ടായിരുന്നു. അങ്ങനെയാണ് ഞാൻ എന്റെ പേര് മിഥൂട്ടി എന്നാക്കുന്നത്. രസം എന്താണെന്ന് വെച്ചാൽ വളരെ യാദൃശ്ചികമായാണെങ്കിലും ആദ്യ സിനിമയിൽ തന്നെ കുട്ടി എന്ന പേര് എനിക്ക് വന്നു. അത് നല്ല ഒരു അനുഭവമാണ്.

• ലൊക്കേഷൻ വിശേഷങ്ങൾ

ഈ സിനിമയുടെ തുടക്കം മുതൽ അവസാനം വരെക്കും ജിത്തു ഏട്ടന്റെ പ്രസൻസ് ഒന്ന് പറയുന്നത് വളരെ പവർഫുൾ ആയിരുന്നു. ഏതെങ്കിലും ഒരു ഡയലോഗ് പറയാനോ എന്തെങ്കിലും അഭിനയിക്കാനോ ഒക്കെ ബുദ്ധിമുട്ടാണെന്ന് നമുക്ക് തോന്നുമ്പോഴാകും ജിത്തു ഏട്ടൻ വന്ന് നമ്മളെ കൂളാക്കുക. നമുക്ക് വല്ലാത്തൊരു കോൺഫിഡൻസ് ആവും അപ്പോൾ ഉണ്ടാവുക. അതുപോലെ ഫഹദ് ഇക്കയുടെ കൈയിൽ നിന്ന് നമുക്ക് ഒരുപാട് പഠിക്കാനുണ്ട്. എനിക്ക് ഷോട്ട് ഇല്ലെങ്കിൽ പോലും ഞാൻ ചുമ്മാ ഫഹദിക്ക ചെയ്യുന്നത് കാണാൻ വേണ്ടി ഷൂട്ട് നടക്കുന്നയിടത്തു പോയി നിക്കുമായിരുന്നു. അതുപോലെതന്നെ ഫഹദിക്ക അദ്ദേഹത്തിന് സിനിമ ഫീൽഡിൽ ഉണ്ടായിട്ടുള്ള ചില അനുഭവങ്ങളൊക്കെ പറഞ്ഞു തരുമായിരുന്നു. അതൊക്കെ ഞങ്ങൾക്ക് കുറെ ഗുണം ഉണ്ടാക്കുന്ന കാര്യങ്ങൾ ആയിരുന്നു. പിന്നെ അമ്പാൻ എന്ന കഥാപാത്രം കുട്ടിയുടെ കഴുത്തിൽ പിടിച്ചു ഉയർത്തുന്ന രംഗമൊക്കെ ഉണ്ട്. ഒരു റോപ്പ് പോലും ഇല്ലാതെയാണ് അതൊക്കെ ഷൂട്ട് ചെയ്തിരിക്കുന്നത്. അതിൽ വലിയ രസം എന്താണെന്ന് വെച്ചാൽ , ആ രംഗത്തിന്റെ ട്രയൽ എടുക്കുകയാണെന്ന് പറഞ്ഞിട്ടാണ് ഞങ്ങളെ കൊണ്ടതൊക്കെ അഭിനയിപ്പിച്ചത്. പക്ഷേ ഷോട്ട് ഓക്കെയായി എന്ന് പറഞ്ഞപ്പോഴാണ് അത് ഷൂട്ട് ചെയ്തു കഴിഞ്ഞു എന്ന കാര്യം പോലും ഞങ്ങൾ അറിയുന്നത്.

• നവീൻ നസിം തന്ന പിന്തുണ

നസ്രിയ ചേച്ചിയുടെ സഹോദരൻ നവീൻ നസീം ഈ സിനിമയിൽ അസിസ്റ്റന്റ് ഡയറടർ ആയി വർക്ക് ചെയ്തിരുന്നു. ഒരു നടൻ എന്ന രീതിയിൽ അല്ല നവീൻ ബ്രോ ഞങ്ങളോട് ഇടപെട്ടത്. ഞങ്ങളുടെ കൂടെ നടക്കുന്ന ഒരു ഫ്രണ്ടായിട്ടാണ് നവീൻ ബ്രോ ഇടപെട്ടത്. കുട്ടി എന്ന കഥാപാത്രത്തിന് വേണ്ടി നവീൻ ബ്രോ എന്നോട് റഫറൻസ് ആയി എടുക്കാൻ പറഞ്ഞത് മാസ്റ്റർ സിനിമയിലെ അർജുൻ ദാസിന്റെ ഒരു സ്റ്റൈലാണ്. അതുപോലെതന്നെ ഹിപ്‌സ്റ്ററും സംഘവും ഒരു പ്രത്യേക വൈബ് തന്നെയായിരുന്നു. നല്ലൊരു സൗഹൃദം ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നു.

•ഗ്രാഫിക് ഡിസൈനിങ്, അഡ്വർടൈസിങ് കമ്പനി

ആദ്യ സിനിമയാണ് ആവേശം. അതിനു മുൻപ് ജോലി ചെയ്തത് ഗ്രാഫിക് ഡിസൈനർ ഒക്കെയായിട്ടാണ്. ഓഫീസിൽ എല്ലാവരും നല്ല സൗഹൃദം തന്നെയാണ് എപ്പോഴും.


Tags:    
News Summary - Aavesham Movie Fame mithun Latest Interview

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.