ചുമട്ടു തൊഴിലാളിയിൽ നിന്നും സംവിധായകനിലേക്ക് ; ആദ്യ സിനിമ ആമുഖങ്ങളുമായി ജിന്റോ തെക്കിനിയത്ത്- അഭിമുഖം

ചുമടെടുപ്പ് തൊഴിൽ മേഖലയിൽ നിന്നും സിനിമാസംവിധാന രംഗത്തെത്തിയ ജിന്റോ തെക്കിനിയത്ത് സംവിധാനം ചെയ്ത ആന്തോളജി സിനിമയാണ് ആമുഖങ്ങൾ. പ്രിവ്യൂ ഷോയിലൂടെ മികച്ച അഭിപ്രായം നേടിയ സിനിമയെക്കുറിച്ചും തന്റെ കാലാവിശേഷങ്ങളെ കുറിച്ചും മാധ്യമവുമായി വിശേഷങ്ങൾ പങ്കു വെക്കുകയാണ് സംവിധായകൻ ജിന്റോ തെക്കിനിയത്ത്

• ആന്തോളജി സിനിമയുമായി ആമുഖങ്ങൾ

ഒരു സൂത്രധാരന്റെ വേഷവുമായെത്തുന്ന സലിംകുമാറാണ് ആമുഖങ്ങൾ സിനിമയെ മൊത്തത്തിൽ മുൻപോട്ട് നയിക്കുന്നത്. അതായത് വ്യത്യാസ്തമായ നാല് കഥകളെ കൂട്ടിയിണക്കുന്ന അഞ്ചാമത്തെ കഥയാണ് / അവയെ കൂട്ടിയിണക്കുന്ന സൂത്രധാരനാണ് അദ്ദേഹം ചെയ്യുന്ന കഥാപാത്രം. സ്ത്രീയുടെ സ്വപ്നം, സ്ത്രീയുടെ സങ്കല്പം, സ്ത്രീയെ പീഡിപ്പിക്കുന്ന അവസ്ഥകൾ തുടങ്ങി നാലു കഥകളിലും സ്ത്രീ തന്നെയാണ് പ്രധാന ഘടകമായി എത്തുന്നത്. സ്ത്രീസംബന്ധിയായ അത്തരം വ്യത്യസ്തമായ നാല് കഥകളിലൂടെയാണ് ഈ ആന്തോളജി പൂർത്തിയാക്കിയിരിക്കുന്നത്. എന്നാൽ പല ഘട്ടങ്ങളിലായിട്ടാണ് ഈ സിനിമയുടെ ഷൂട്ട് നടന്നിരിക്കുന്നത്. ആദ്യം ഒരു സിനിമയ്ക്കുള്ള സ്ക്രിപ്റ്റ് എഴുതുന്നു അതിനുശേഷം അതിനുള്ള നിർമാതാവിനെ കണ്ടെത്തുന്നു, അതുകഴിഞ്ഞ് അടുത്ത സ്ക്രിപ്റ്റ് എഴുതുന്നു അതിനായി അടുത്ത നിർമാതാവിനെ കണ്ടെത്തുന്നു തുടങ്ങിയ ഒരു രീതിയാണ് ഈ സിനിമയ്ക്കായി അവലംബിച്ചിട്ടുള്ളത്. അതായത് ഷോട്ട് മൂവികൾ ചെയ്യുക എന്നുള്ള ലക്ഷ്യത്തോടെ തുടങ്ങിവെച്ച പദ്ധതി ഒരു സിനിമയിൽ അവസാനിക്കുകയായിരുന്നു എന്നുവേണം പറയാൻ . ഒരു പ്രോപ്പർ സിനിമയുടെ യാതൊരുവിധ പാറ്റേണുകളും ഇതിലുപയോഗിക്കാൻ പറ്റിയിട്ടില്ല.

നമ്മുടെ നാട്ടിൽ നടക്കുന്ന ഓരോ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി ഓരോ സമയങ്ങളിൽ ചെയ്ത ഷോർട്ട് ഫിലിമുകളാണ് എല്ലാം. ഒടുവിൽ ആ കഥകൾക്കെല്ലാം ചേരുന്ന ഒരു പാരലൽ സ്റ്റോറിയുണ്ടാക്കി അതിനെയെല്ലാം കോർത്തിണക്കി ആമുഖങ്ങൾ എന്ന പേരിൽ ഒറ്റ സിനിമയാക്കി മാറ്റി . പിന്നെ ആമുഖങ്ങൾ എന്ന ഈ പേര് കേൾക്കുമ്പോൾ പ്രേക്ഷകർക്ക് തോന്നിയേക്കാം ഇതൊരു അവാർഡ് സിനിമയോ, ഫെസ്റ്റിവൽ സിനിമയോ ആണെന്നൊക്കെ. പക്ഷേ ഇതങ്ങനെയൊരു സിനിമയല്ലായെന്ന് തെളിയിച്ചത് പ്രിവ്യു കണ്ട പ്രേക്ഷകരാണ്. ഞാനും എന്റെ സുഹൃത്തുക്കളായ രാജീവ് രാജനും ജിതിനും ചേർന്ന് ഇങ്ങനെയൊരു സിനിമയെ കുറിച്ച് ചിന്തിക്കുമ്പോഴും 80 ലക്ഷം രൂപക്ക ഞങ്ങളി വർക്ക് ചെയ്തെടുക്കുമ്പോൾ പോലും ചിന്തിച്ചിരുന്നില്ല സിനിമ കാണാൻ വരുന്ന 90% ആളുകൾക്കും ഈ സിനിമ ഇഷ്ടപ്പെടുമെന്ന്. ഒരു കോമേഷ്യൽ സിനിമ ഗണത്തിൽ പെടുത്താവുന്ന ഒന്നുതന്നെയാണ് ആമുഖങ്ങൾ.

• കുഞ്ഞു കുഞ്ഞു സിനിമകളെ കോർത്ത് ഞാനൊരു തിരശ്ശീല പണിയും

കലാപശ്ചാത്തലമുള്ള കുടുംബത്തിലൊന്നുമല്ല ഞാൻ ജനിച്ചത്. പക്ഷേ സ്കൂൾ കാലത്ത് നാടകത്തിൽ മൂന്നുവർഷം ബെസ്റ്റ് ആക്ടറാവാൻ പറ്റി. സത്യത്തിൽ അവിടുത്തെ മറ്റ് അധ്യാപകരിൽ നിന്ന് കിട്ടിയ പിന്തുണ കൊണ്ട് തന്നെയാണ് കലാമേഖലയിൽ കൂടുതൽ നേട്ടങ്ങൾഉണ്ടാക്കാൻ സാധിച്ചിട്ടുള്ളതെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതുപോലെ രക്ഷിതാക്കളും പിന്തുണച്ചു. 2007ൽ കുട്ടികളെ വെച്ചുകൊണ്ട് ഞാനൊരു മത്സരനാടകം സംവിധാനം ചെയ്തിരുന്നു. അതിൽ നിന്നാണ് ഒരു സംവിധായകനാകണം എന്നുള്ള ചിന്താഗതി വരുന്നത്. അതുവരെ അമേച്വർ നാടകങ്ങൾ എഴുതുക അമേച്ചർ നാടകങ്ങളിൽ അഭിനയിക്കുക കുട്ടികളെ അഭിനയം പഠിപ്പിക്കുക തുടങ്ങിയ കാര്യങ്ങളായിരുന്നു ഞാൻ ചെയ്തിരുന്നത്.

സംവിധായകനാവണം എന്ന ചിന്ത വന്നതിനുശേഷം 10 വർഷങ്ങൾ കഴിഞ്ഞ് 2017ൽ പാക്കി 8 എന്നൊരു ഷോർട്ട് ഫിലിം ഞാൻ സംവിധാനം ചെയ്തു. ജോൺ എബ്രഹാം പുരസ്കാരം തോപ്പിൽഭാസി പുരസ്കാരം തുടങ്ങി ഏകദേശം നാൽപതോളം അവാർഡുകൾ അതിന് ലഭിച്ചിട്ടുണ്ട്. അക്കാലത്തു ഫേസ്ബുക്കിൽ ഒരിക്കൽ ഞാനൊരു എഴുത്തു കുറിച്ചു വച്ചിരുന്നു, 'കുഞ്ഞു കുഞ്ഞു സിനിമകളെ കോർത്ത് ഞാനൊരു തിരശ്ശീല പണിയും'. അന്ന് ഫേസ്ബുക്കിൽ അറിയാതെ എഴുതിപ്പോയതാണ്. പക്ഷേ പിൽക്കാലത്ത് ആമുഖങ്ങൾ എന്ന സിനിമയിലൂടെ അതുതന്നെയാണ് സംഭവിച്ചത്.

• ചുമട്ടുതൊഴിലാളിയിൽ നിന്ന് സിനിമ സംവിധായകനിലേക്ക്

എന്റെ അപ്പച്ചന് വയ്യാതിരിക്കുന്ന കാലത്താണ് ഞാനീ ചുമട്ടുതൊഴിലാളി എന്ന ജോലിയിലേക്കെത്തുന്നത്. എസ്.എസ്.എൽ.സി കഴിഞ്ഞ് 2005ൽ പച്ചക്കറി മാർക്കറ്റിൽ പച്ചക്കറി വിൽക്കുന്ന ജോലിയാണ് ഞാനാദ്യമായി ചെയ്യുന്നത്. 2006ൽ അപ്പച്ചന്റെ ജോലി തന്നെ ഏറ്റെടുത്തു കൊണ്ട് ഞാൻ ചുമട്ടുതൊഴിലാളിയായി മാറി. അന്ന് അപ്പച്ചൻ പറഞ്ഞത് നമ്മുടെ വീട്ടിൽ പട്ടിണിയാവില്ല അതുപോലെ നിനക്ക് കലയുമായി ബന്ധപ്പെട്ടൊരു ലീവാവശ്യമാണെങ്കിൽ അത് ലഭിക്കുകയും ചെയ്യുമെന്നാണ്. അങ്ങനെയാണ് ഞാൻ ചുമട്ടുതൊഴിലാളിയായി ജോലി ഏറ്റെടുക്കുന്നത്. അവിടെ നിന്നാണ് ഞാൻ സൺഡേ ബാച്ചിൽ പ്ലസ് ടു,ഡിഗ്രി,ചേതന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ എഡിറ്റിംഗ് തുടങ്ങിയവയെല്ലാം പഠിക്കുന്നത്. പിന്നെ എല്ലായിപ്പോഴും മനസിൽ സിനിമ തന്നെയായിരുന്നതുകൊണ്ട് മറ്റൊരു ജോലിയെ കുറിച്ച് ചിന്തിച്ചിരുന്നില്ല. എല്ലായിപ്പോഴും പാഷൻ സിനിമ തന്നെയാണ്. സിനിമയ്ക്കുള്ള അവസരങ്ങൾ തേടി നടക്കുന്ന കാലത്ത് ഇൻസ്റ്റിറ്റ്യൂട്ട് പഠനം ആവശ്യമാണെന്നുള്ള ചില നിർദ്ദേശങ്ങൾ കാരണമാണ് ചേതന മീഡിയ ഇൻസ്റ്റ്യൂട്ടിൽ പഠിക്കാൻ പോകുന്നത് തന്നെ. അവിടുത്തെ പഠനം വഴിയാണ് അന്താരാഷ്ട്ര ഫിലിമുകളും ഫെസ്റ്റിവൽ ഫിലിമുകളും കാണാനും പഠിക്കാനും സാധിക്കുന്നത്.

• സലിംകുമാർ പറഞ്ഞ മാസ് ഡയലോഗ്

ആമുഖങ്ങൾ സിനിമയിൽ ഒരു അധ്യാപകന്റെ വേഷമാണ് സലിംകുമാർ ചെയ്യുന്നത്. റിട്ടേഡ് അധ്യാപകനായ രഘുനാഥൻ എന്നാണ് കഥാപാത്രത്തിന്റെ പേര്. എനിക്കാണെങ്കിൽ ആർട്ടിസ്റ്റുകളോട് ഫോൺ വഴി കഥ പറഞ്ഞുള്ള ശീലമൊന്നുമില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തോട് ഫോൺ വഴി കഥ പറയാൻ നല്ല ടെൻഷനുണ്ടായിരുന്നു. മാത്രമല്ല ദേശീയ അവാർഡ് കിട്ടിയ നടനെന്ന നിലക്ക് അതിന്റേതായിട്ടുള്ള ബഹുമാനവും ഭയവും വേറെയും. അദ്ദേഹത്തെ വിളിച്ചു ഞാൻ കഥ പറഞ്ഞപ്പോൾ അദ്ദേഹം ചോദിച്ചു കഥകളെല്ലാം ഷൂട്ട് ചെയ്തു കഴിഞ്ഞിട്ടാണല്ലേ എന്നെ വിളിക്കുന്നതെന്ന്. കാരണം ഒരു നടനെ വിളിച്ച് ആദ്യമേ കഥയെല്ലാം പറഞ്ഞതിനുശേഷമാണ് എല്ലാവരും ഷൂട്ട് തുടങ്ങുക. മലയാളം ഇൻഡസ്ട്രിയിൽ ഇതുവരെ ഉണ്ടായിട്ടുള്ളതെല്ലാം അങ്ങനെയാണ്. പക്ഷേ അതിൽ നിന്നും വ്യത്യസ്തമായിട്ടാണല്ലോ ഷൂട്ടെല്ലാം കഴിഞ്ഞതിനുശേഷം നായകനായ അദ്ദേഹത്തെ ഞാൻ വിളിക്കുന്നത്. അതിനാൽ തന്നെ എന്തുകൊണ്ടാണ് ഞാൻ വ്യത്യസ്തമായി ചിന്തിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. കുറച്ചു ഷോർട്ട് ഫിലിമുകളെ സിനിമയാക്കി മാറ്റിയ സാഹചര്യത്തെക്കുറിച്ച് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. എന്തായാലും അദ്ദേഹം കഥയിൽ ഇംപ്രസ്ഡായിരുന്നു എന്ന് തന്നെയാണ് ഞാൻ മനസിലാക്കിയത്.

പിന്നീട് അദ്ദേഹം എന്നോട് ചോദിച്ചു നീ എന്താണ് ചെയ്യുന്നതെന്ന്. അനിൽ രാധാകൃഷ്ണമേനോൻ സാറിന്റെ കൂടെ അസിസ്റ്റന്റായി ഒരു ദിവസം നിന്നിട്ടുണ്ടെന്നല്ല എനിക്കപ്പോൾ പറയാൻ തോന്നിയത്. ഞാനൊരു ചുമട്ടുതൊഴിലാളിയാണെന്നായിരുന്നു ഞാനദ്ദേഹത്തോട് പറഞ്ഞത്. മാത്രമല്ല അരിയങ്ങാട് ചന്തയിലെ ജോലി കഴിഞ്ഞ് മാർക്കറ്റിലെ ഒരു സൈഡിൽ ബൈക്ക് നിർത്തിയിട്ടതിൽ ഇരുന്നാണ് ഞാനദ്ദേഹത്തോടപ്പോൾ സംസാരിച്ചു കൊണ്ടിരുന്നത്. എന്റെ മറുപടി കേട്ട് അദ്ദേഹം ചോദിച്ചു നീ എങ്ങനെയാണ് സിനിമ പഠിച്ചതെന്ന്. അതിനു ഉത്തരമായി ഞാൻ എന്റെ സിനിമാ വഴികളെ കുറിച്ചെല്ലാം പറഞ്ഞു.എല്ലാം കേട്ട് അദ്ദേഹം എന്നോട് പറഞ്ഞു ഇനി നീയിത് പറയാൻ എന്നെ വിളിക്കേണ്ടെന്ന്. സത്യം പറഞ്ഞാൽ ഞാനപ്പോൾ ഞെട്ടിപ്പോയി. ഞാനപ്പോൾ ചിന്തിച്ചത് ഞാൻ ചുമട്ടുതൊഴിലാളിയായതുകൊണ്ടോ എന്റെ കഴിവിൽ വിശ്വാസമില്ലാത്തത് കൊണ്ടോ അദ്ദേഹം ഇതു വേണ്ടെന്നുവെച്ചോ എന്നാണ്.പക്ഷെ ആള് പിന്നീട് പറഞ്ഞത് ഇനിയെന്നെ വിളിക്കേണ്ട, ഷൂട്ട് എപ്പോഴാണെന്ന് വെച്ച അപ്പോൾ പറഞ്ഞാൽ മതി ഞാൻ സെറ്റിൽ വരുമെന്നാണ്. ആ മാസ് ഡയലോഗ് കേട്ട എനിക്ക് വലിയ സന്തോഷം വന്നു. എല്ലാത്തിലും ഉപരി ലൊക്കേഷനിൽ വന്ന അദ്ദേഹം ഷൂട്ടെല്ലാം കഴിഞ്ഞപ്പോൾ എന്നോട് പറഞ്ഞു നീ ശരിക്കും ചുമട്ടുതൊഴിലാളിയാണെന്നെനിക്കിപ്പോൾ ഉറപ്പായി. കാരണം ആർട്ടിസ്റ്റുകളെ കൊണ്ട് നീ നന്നായി പണിയെടുപ്പിക്കുന്നുണ്ടെന്ന്. അത് തീർച്ചയായും സന്തോഷകരമായ നിമിഷമാണ്.

• നാടക ചരിത്രത്തിൽ തന്നെ വേറിട്ട പരീക്ഷണങ്ങൾ

300 പേരെ വെച്ചും 3000 പേരെ വെച്ചുമെല്ലാം ഞാൻ നാടകങ്ങൾ ചെയ്തിട്ടുണ്ട്. 2010ൽ എന്റെ നാട്ടിലെ ഇടവക പള്ളിയിൽ വന്നിരുന്ന ഒരു അച്ഛൻ എന്നോട് പറഞ്ഞു നീ അമേച്വർ നാടകങ്ങൾ ചെയ്യുന്ന സ്ഥിതിക്ക് ഇടവകക്കാരെ വെച്ച് വ്യത്യസ്തമായ ഒരു നാടകം ചെയ്യാൻ. അങ്ങനെ 30 പേരെ വെച്ച് ചെയ്യാൻ തീരുമാനിച്ചിരുന്ന ഒരു നാടകം 300 പേരിലേക്ക് കവിയുകയായിരുന്നു. വാസ്തവത്തിൽ നമ്മൾ എഴുതിവെച്ച സ്ക്രിപ്റ്റ് ഒരു നോർമൽ ബൈബിൾ നാടകമായിരുന്നു.അതിനെയാണ് നമ്മൾ 300 പേരുള്ള നാടകമാക്കി മാറ്റുന്നത്. സത്യത്തിൽ ഒരു സിനിമയുടെ സ്ക്രിപ്റ്റ് എഴുതാനൊക്കെ ഞാൻ പഠിക്കുന്നത് ഇതിൽ നിന്നാണ്. ഒരു നോർമൽ സ്ക്രിപ്റ്റിനെ ലെങ്ത് കൂട്ടുന്ന പഠനമാണ് ഇതിലൂടെ ഉണ്ടായിട്ടുള്ളത്. അതായത് മുൻകാലങ്ങളിൽ നടന്നിട്ടുള്ള ചരിത്രങ്ങളെ എങ്ങനെ സീൻ ബൈ സീനായി എഴുതാമെന്ന് മനസിലാക്കി. അപ്പോഴും നാടകങ്ങളുടെ ശൈലി മാത്രമേ അതിൽ എടുക്കാൻ സാധിച്ചിട്ടുള്ളൂ. കാരണം നാടകങ്ങൾ എന്നു പറയുന്നത് കഥാപാത്രങ്ങൾ നേരിട്ട് സ്റ്റേജിൽ വന്ന് ഡയലോഗ് പറയുന്നതാണ്. പക്ഷെ 300 പേരെക്കൊണ്ടും 3000 പേരെ കൊണ്ടും ഡയലോഗ് പറയിപ്പിക്കുന്ന അവസ്ഥ ബുദ്ധിമുട്ടായതു കാരണം റെക്കോർഡിങ് പ്ലേ ആക്കി മാറ്റുകയായിരുന്നു. ചുരുക്കി പറഞ്ഞാൽ വ്യത്യസ്തമായ ഒരു ശൈലി നാടകത്തിൽ കൊണ്ടുവരാൻ സാധിച്ചു എന്നുള്ളതാണ് ഇതിലൂടെ ഉണ്ടായിട്ടുള്ള നേട്ടം.

• ഗിന്നസ് റെക്കോർഡും ജിന്റോ തെക്കിനിയത്തും

ഗിന്നസ് വേൾഡ് റെക്കോർഡിൽ നോമിനേഷനാണ് ലഭിച്ചിട്ടുള്ളത്. അന്നത്തെ കാലത്ത് ഗിന്നസ് റെക്കോർഡ്ലേക്ക് വേണ്ടി അമേരിക്കയിൽ നിന്ന് ഒരാൾ വന്ന് ജഡ്ജ് ചെയ്യണമെങ്കിൽ 8 ലക്ഷം രൂപയോളം വരുമായിരുന്നു. പക്ഷെ 3000 പേരെ വെച്ച് നാടകം ചെയ്യാൻ അന്നത്തെ ചെലവ് വന്നത് 80 ലക്ഷം രൂപയാണ്.മൊറോക്കാസ എന്നായിരുന്നു ആ നാടകത്തിന്റെ പേര്. ബോബി ചെമ്മണ്ണൂർ പോലുള്ള ഒരുപാട് ബിസിനസുകാരുടെ സഹകരണം കൊണ്ടാണ് അന്നാ നാടകം നടന്നത് തന്നെ. സത്യത്തിൽ ആ 80 ലക്ഷത്തിന് പുറമേ ഗിന്നസ് വേൾഡ് റെക്കോർഡിലേക്ക് കടക്കാനുള്ള 8 ലക്ഷം രൂപ കൂടി എടുക്കാൻ നമ്മുടെ കയ്യിലില്ല എന്നുള്ള കാരണത്താൽ ആ സാധ്യത നഷ്ടപ്പെട്ടു. അന്ന് ഒരേ സമയം 20 സ്റ്റേജിലായിരുന്നു മൊറോക്കാസ നാടകം നടന്നിരുന്നത്. അതായത് ഒരു പ്രേക്ഷകനിരുന്നു നോക്കിയാൽ 20 സ്റ്റേജും ഒരേസമയം കാണാൻ സാധിക്കും. അതുകൊണ്ടുതന്നെ അമേരിക്കൻ പത്രങ്ങളിലടക്കം ഈ നാടകത്തെ കുറിച്ചുള്ള വാർത്തകൾ വന്നിരുന്നു. പിന്നീട് അത് കഴിഞ്ഞിട്ട് ഞാനൊരു ക്രിസ്മസ് പ്രോഗ്രാമിൽ ഡയറക്ടറായി നിന്നു. അതിൽ ബോൺ നതാലേ സംഘടിപ്പിച്ചത് ഞാനാണ്. അതിന് ഗിന്നസ് വേൾഡ് റെക്കോർഡ് ലഭിച്ചു. അതിന്റെ പ്രോഗ്രാം ഡയറക്ടർ ഞാൻ തന്നെയായിരുന്നു. അപ്പോഴും എന്റെ പേരിൽ ഗിന്നസ് ലഭിച്ചിട്ടില്ല. ആ ബോൺ നതാലേയുടെ പേരിലാണ് ഗിന്നസ് ലഭിച്ചത്.

• ഗുരുതുല്യനായ അനിൽ രാധാകൃഷ്ണ മേനോൻ

2012ലാണ് അദ്ദേഹത്തിന്റെ സിനിമയായ നോർത്ത് 24 കാതം തിയറ്ററുകളിലെത്തുന്നത്. മലയാള സിനിമയിൽ അതുവരെയുണ്ടായിരുന്ന സ്ഥിരം സിനിമ ശൈലിയിൽ നിന്നും വ്യത്യസ്തമായ സിനിമയായിരുന്നു അത്. ആ സിനിമയ്ക്ക് ശേഷം അദ്ദേഹത്തെ നേരിട്ടു കാണണമെന്ന് ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു.പല വഴിക്ക് ശ്രമിച്ചെങ്കിലും അതിനുള്ള സാഹചര്യം ലഭിച്ചില്ല. അതിനുശേഷം 2016 ലാണ് അദ്ദേഹം ദിവാൻജിമൂല എന്ന സിനിമ ചെയ്യുന്നത്. അക്കാലത്ത് ഞാൻ തിരക്കഥ എഴുതിക്കൊണ്ടിരിക്കുന്ന സിനിമയുടെ നിർമാതാവ് അദ്ദേഹത്തിന്റെ ദിവാൻജിമൂല എന്ന സിനിമയുടെ പങ്കാളിയായി മാറി. അക്കാരണത്താൽ എനിക്ക് അദ്ദേഹത്തെ കാണുവാനും സംസാരിക്കുവാനുമുള്ള ഒരു സാഹചര്യം ലഭിച്ചു.അപ്പോഴേക്കും സിനിമയുടെ പകുതിയോളം ഷൂട്ട് കഴിഞ്ഞിരുന്നു. എങ്കിലും ഞാനെന്റെ ആഗ്രഹം അദ്ദേഹത്തോട് പറഞ്ഞപ്പോൾ അതിന്റെ അവസാനഘട്ടത്തിൽ ടൈറ്റിൽ കൊടുക്കാനുള്ള മോണ്ടാഷ് എടുത്തുകൊണ്ടിരിക്കുന്ന ദിവസം അദ്ദേഹം കൂടെ നിൽക്കാൻ പറഞ്ഞു. അങ്ങനെ ഒരു ദിവസം മാത്രമാണ് ഞാൻ അദ്ദേഹത്തിന്റെ കൂടെ അസിസ്റ്റന്റായി നിൽക്കുന്നത്. അന്ന് തുടങ്ങി എന്റെ ഈ സിനിമയുടെ പ്രിവ്യൂ വന്നു നിൽക്കുന്ന ദിവസം വരെ അദ്ദേഹവുമായി നല്ലൊരു സൗഹൃദം എനിക്കുണ്ട്. ആമുഖങ്ങൾ സിനിമയുടെ കഥയെക്കുറിച്ചും കഥാപാത്രങ്ങളെ കുറിച്ചുമെല്ലാം ഞാൻ അദ്ദേഹവുമായി പങ്കുവെക്കാറുണ്ട്. സിനിമയുടെ ആദ്യത്തെ ടൈറ്റിൽ പോസ്റ്റർ പോലും അദ്ദേഹത്തിന്റെ വീട്ടിൽ പോയി കാണിച്ചിരുന്നു. ഒരു ഗുരുതുല്യമായ സ്നേഹത്തോടുകൂടി തന്നെ അദ്ദേഹവുമായുള്ള ബന്ധം എനിക്കിപ്പോഴുമുണ്ട്.

• പുതിയ സിനിമയിലേക്കുള്ള ശ്രമങ്ങൾ

അടുത്ത സിനിമയുടെ തിരക്കഥ പൂർത്തിയാക്കിയിട്ടുണ്ട്.അതൊരു സ്ത്രീപക്ഷ സിനിമയാണ്. സ്ത്രീപക്ഷമാണെങ്കിലും ആ സിനിമ മുൻപോട്ട് പോകുമ്പോൾ അവളുടെ പ്രതിസന്ധിയിൽ അവളെ സഹായിക്കാൻ ഒരു പുരുഷനുണ്ട്. പക്ഷേ അത് കാമുകനോ ഭർത്താവോ അല്ല. അവളുടെ അച്ഛൻ തന്നെയാണ്. അതായത് നായകൻ എന്ന് പറഞ്ഞാൽ കാമുകനോ ഭർത്താവോ ആവണമെന്നുള്ള പതിവ് സങ്കല്പങ്ങളെ പൊളിച്ചെഴുതുന്ന സിനിമ കൂടിയാണിത്. ഒരു പക്കാ കൊമേഷ്യൽ എന്റർടൈമെന്റ് ഹ്യൂമർ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന സിനിമയാണിത്. പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ട് ടെൻഷനടിപ്പിക്കുന്ന ഒരു സിനിമ. നല്ലൊരു നിർമാതാവിന്റെ ബലം കിട്ടി കഴിഞ്ഞാൽ തീർച്ചയായും ആ സിനിമ പെട്ടെന്ന് തന്നെ സ്ക്രീനിലേക്കെത്തും.

Tags:    
News Summary - Aamukhagl Movie Director jinto thekkiniyath Interview

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.