കൈകുഞ്ഞായ സഹോദരിയെ ഞാൻ നിലത്തിട്ടു! അമ്മയുടെ മാനസികാവസ്ഥ ഇന്നെനിക്ക് അറിയാം; ട്വിങ്കിൾ ഖന്ന
അക്ഷയ് കുമാറുമായുള്ള വിവാഹത്തോടെ ട്വിങ്കിൾ ഖന്ന സിനിമയോട് വിടപറഞ്ഞെങ്കിലും അമ്മ ഡിമ്പിൾ കപാഡിയ സിനിമയിൽ സജീവമാണ്. ഷാറൂഖ് ഖാന്റെ സൂപ്പർ ഹിറ്റ് ചിത്രമായ പത്താനിലെ നടിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ചെറുപ്പത്തിൽ അമ്മ തല്ലിയതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് ട്വിങ്കിൾ ഖന്ന. അന്ന് സങ്കടം തോന്നിയെങ്കിലും ഇന്ന് അമ്മയുടെ മാനസികാവസ്ഥ മനസിലാകുമെന്നും നടി പറഞ്ഞു. തെറ്റു ചെയ്താൽ കുട്ടികളെ ശിക്ഷിച്ച് വളർത്തുന്നത് നല്ലതാണെന്നും ട്വിങ്കിൾ കൂട്ടിച്ചേർത്തു.
'എനിക്ക് മകളെ പോലെയായിരുന്നു സഹോദരി റിങ്കി. അമ്മയെ പോലെയായിരുന്നു ഞാൻ അവളെ വളർത്തിയതും സംരക്ഷിച്ചതും. എപ്പോഴും അവളുടെ കൈകൾ എന്റെ ഉള്ളം കൈയിലായിരിക്കും. ഇടക്ക് ഞാൻ അവളെ എടുത്ത് ഉയർത്തി കൊഞ്ചിക്കുമായിരുന്നു-ട്വിങ്കിൾ ഖന്ന തുടർന്നു.
ഒരിക്കൽ ഞാൻ അവളെ മുകളിലേക്ക് എടുത്ത് ഉയർത്തി കൊഞ്ചിച്ചു. അന്ന് എന്റെ ശ്രദ്ധ മാറി, അവൾ എന്റെ കൈകളിൽ നിന്ന് താഴെക്ക് വീണു. ഭാഗ്യം കൊണ്ട് കിടക്കയിലേക്കാണ് വീണത്. ഇതുകണ്ട അമ്മ എന്നോട് ദേഷ്യപ്പെടുകയും മുഖത്ത് അടിക്കുകയും ചെയ്തു. അന്ന് ഞാൻ ഒരുപാട് കരഞ്ഞു. കാരണം അമ്മ തല്ലിയത് എന്നെ ഒരുപാട് വേദനിപ്പിച്ചു. എന്നെ സ്നേഹിക്കുന്നില്ലെന്ന് പോലും അന്നെനിക്ക് തോന്നി.
എന്നാൽ കുറച്ചു നേരം കഴിഞ്ഞപ്പോൾ എനിക്ക് യാഥാർഥ്യം മനസിലായി. ഞാൻ ക്ഷമ ചോദിച്ചു. ഇന്ന് എനിക്ക് അന്നത്തെ അമ്മയുടെ മാനസികാവസ്ഥ മനസിലാകും. കുട്ടികൾ എപ്പോഴും സ്നേഹവും ലാളനയുമാണ് ഇഷ്ടപ്പെടുന്നത്. അവരെ തല്ലുന്നതോ വഴക്കു പറയുന്നതോ അവർക്ക് ഇഷ്ടമല്ല. എന്നാൽ തെറ്റു ചെയ്യുമ്പോൾ ഒരു അടി കിട്ടിയാൽ എല്ലാം മാറും. ഇത് യാഥാർഥ്യത്തെക്കുറിച്ച് നിങ്ങളെ ബോധവാന്മാരാക്കും- ട്വിങ്കിൾ ഖന്ന പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.