സില്‍ക്ക് സ്‍മിത
450 സിനിമകൾ, 36-ാം വയസ്സിൽ ദുരൂഹ മരണം; സിൽക്ക് സ്മിത വിടപറഞ്ഞിട്ട് 30 വർഷം
18 വർഷം നീണ്ട സിനിമാ ജീവിതം, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 450ൽ അധികം സിനിമകൾ. 80കളിലും 90കളിലും തെന്നിന്ത്യൻ സിനിമാ ലോകത്തെ തിളങ്ങി നിന്നിരുന്ന താരമായിരുന്നു സിൽക്ക് സ്മിത. ആ താരസുന്ദരി വിടപറഞ്ഞിട്ട് ഇന്നേക്ക് 30 വർഷം തികയുന്നു. 1996 സെപ്റ്റംബർ 23നാണ് ചെന്നൈയിലെ ഹോട്ടൽ മുറിയിൽ സിൽക്ക് സ്മിതയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.
ആന്ധ്രാപ്രദേശിലെ ഏലൂരിനടുത്തുള്ള കൊവ്വാലി എന്ന ചെറിയ ഗ്രാമത്തിലാണ് വിജയലക്ഷ്മി എന്ന പെൺകുട്ടി ജനിക്കുന്നത്. പിന്നീട് ലോകം സിൽക്ക് സ്മിത എന്ന് വിളിച്ച അതേ പെൺകുട്ടി. കടുത്ത ദാരിദ്ര്യം കാരണം നാലാം ക്ലാസിൽ പഠനം ഉപേക്ഷിക്കേണ്ടി വന്നു. വെറും 14 വയസ്സുള്ളപ്പോൾ വീട്ടുകാർ അവരെ വിവാഹം കഴിപ്പിച്ച് വിട്ടു. ഭർത്താവിൽ നിന്നും ഭർതൃവീട്ടിൽ നിന്നും നേരിട്ട കടുത്ത പീഡനങ്ങൾ സഹിക്കാൻ കഴിയാതെ വിജയലക്ഷ്മി വീടുവിട്ടിറങ്ങി. ജീവിക്കാൻ വേണ്ടിയുള്ള പോരാട്ടത്തിനൊടുവിലാണ് അവർ സിനിമയുടെ ലോകത്തെത്തുന്നത്.
പ്രശസ്ത നടി അപർണയുടെ മേക്കപ്പ് ആർട്ടിസ്റ്റിന്റെ സഹായിയായിട്ടായിരുന്നു തുടക്കം. മലയാളത്തിൽ ചെറിയ വേഷങ്ങളിലൂടെയാണ് സിനിമാ ജീവിതം ആരംഭിക്കുന്നത്. പിന്നീട് ഒരു ബാർ ഡാൻസറുടെ വേഷം അവരുടെ ജീവിതം തന്നെ മാറ്റിമറിച്ചു. വിനു ചക്രവർത്തി തിരക്കഥ എഴുതി കെ.വിജയൻ സംവിധാനം ചെയ്ത തമിഴ് ചിത്രം വണ്ടിച്ചക്രത്തിൽ (1980) ബാർ ഗേളിന്റെ കഥാപാത്രമായിട്ടാണ് വിജയലക്ഷ്മി ഈ ചിത്രത്തിൽ എത്തിയത്. ചിത്രം വൻ ഹിറ്റായതോടെ ആ കഥാപാത്രത്തിന്റെ പേരായ സിൽക്ക് സ്മിത തന്നെ അവർ സ്വന്തം പേരിനൊപ്പം ചേർക്കുകയായിരുന്നു.
ആന്റണി ഈസ്റ്റ്മാൻ സംവിധാനം ചെയ്ത മലയാള ചിത്രമായ ഇണയെ തേടി (1979) ആണ് സ്മിത ആദ്യമായി നായികയാകുന്ന സിനിമ. ആദ്യം ശോഭയെ ആയിരുന്നു നായികയായി തീരുമാനിച്ചിരുന്നത്. ശോഭയുടെ അപ്രതീക്ഷിത മരണത്തെ തുടർന്നാണ് ആ വേഷം സിൽക്കിനെ തേടിയെത്തുന്നത്. സ്മിത എന്ന പേര് അവർക്ക് സമ്മാനിച്ചതും ആന്റണി ഈസ്റ്റ്മാൻ തന്നെയാണ്. പിന്നീട് സിൽക്ക് സ്മിതയുടെ സാന്നിധ്യം സിനിമകൾക്ക് മിനിമം ഗ്യാരണ്ടിയായിരുന്നു. സൂപ്പർസ്റ്റാറുകളുടെ സിനിമകളിൽ പോലും സിൽക്ക് ഒരു ഒഴിച്ചുകൂടാനാകാത്ത ഘടകമായി മാറി. ഒരു ഗാനരംഗത്തിൽ മാത്രം പ്രത്യക്ഷപ്പെടാൻ പോലും അന്ന് സിൽക്ക് വാങ്ങിയിരുന്നത് അതത് ചിത്രങ്ങളിലെ നായികമാരേക്കാൾ കൂടുതൽ പ്രതിഫലമായിരുന്നു.
സിൽക്ക് സ്മിതയെ പോലൊരു ആരാധകക്കൂട്ടം അന്ന് മറ്റൊരു താരത്തിനും ഉണ്ടായിരുന്നില്ല. എന്നാൽ ഒടുവിൽ സ്വയം മരണം തിരഞ്ഞെടുത്തപ്പോൾ ചുറ്റും തടിച്ചു കൂടാൻ ആരും ഉണ്ടായിരുന്നില്ല എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം.36-ാം വയസ്സിലായിരുന്നു സിൽക്ക് സ്മിതയുടെ അന്ത്യം. 1996 സെപ്റ്റംബർ 23ന് കോടമ്പാക്കത്തെ സ്വന്തം വസതിയിൽ സിൽക്ക് സ്മിതയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.