ബോളിവുഡിന് പുറമേ തെന്നിന്ത്യൻ സിനിമകളിലും മികച്ച വേഷങ്ങൾ ചെയ്ത് കയ്യടി നേടിയ നടനാണ് വിവേക് ഒബ്‌റോയ്. ഏറെ ആരാധകരുള്ള വിവേക് ഒബ്‌റോയ് പ്രശസ്തിയെക്കുറിച്ച് പറഞ്ഞതാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഏറ്റവും വലിയ താരങ്ങളെപ്പോലും ചരിത്രം 'ഒന്നുമില്ലായ്മയിലേക്ക്' മാറ്റിയേക്കാം എന്ന് അദ്ദേഹം പറഞ്ഞു. ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ, കുച്ച് കുച്ച് ഹോതാ ഹേ തുടങ്ങിയ റൊമാന്‍റിക് ചിത്രങ്ങളിലെ മികച്ച വേഷങ്ങളിലൂടെ ആഗോള താരപദവി നേടിയ താരമാണ് ഷാരൂഖ് ഖാൻ. ലോകത്തിലെ ഏറ്റവും പ്രശസ്തരായ സിനിമാതാരങ്ങളിൽ ഒരാളായാണ് അദ്ദേഹത്തെ പലപ്പോഴും കണക്കാക്കുന്നത്. എങ്കിലും ഭാവി തലമുറക്ക് ഷാരൂഖ് ഖാൻ എന്ന പേര് പരിചിതമായിരിക്കില്ല എന്ന അഭിപ്രായമാണ് നടൻ വിവേക് ഒബ്‌റോയി പ്രകടിപ്പിച്ചത്. പിങ്ക്വില്ലയുമായി നടത്തിയ സംഭാഷണത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
“1960കളിലെ ആരെങ്കിലും അഭിനയിച്ച ഒരു സിനിമയെക്കുറിച്ച് ഇന്ന് നിങ്ങൾ ആരോടെങ്കിലും ചോദിച്ചാൽ ആരും അത് ശ്രദ്ധിക്കില്ല. അവ ചരിത്രത്തിലേക്ക് തള്ളപ്പെടും. 2050ൽ ആളുകൾ 'ആരാണ് ഷാരൂഖ് ഖാൻ?' എന്ന് ചോദിച്ചേക്കാം. അതായത്, ലോകമെമ്പാടുമുള്ള വലിയ താരങ്ങൾ പോലും ഭാവി തലമുറക്ക് അജ്ഞാതരാകാനുള്ള സാധ്യതയുണ്ട്. ഏറ്റവും വലിയ താരങ്ങൾ പോലും കാലക്രമേണ വിസ്മരിക്കപ്പെടുകയും ചരിത്രത്തിലേക്ക് തള്ളപ്പെടുകയും ചെയ്യാം”-വിവേക് ഒബ്‌റോയ് പറഞ്ഞു.
കൂടാതെ സംവിധായകനും നടനുമായിരുന്ന രാജ് കപൂറിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ‘ഇന്നത്തെ ആളുകൾ ആര് രാജ് കപൂർ? എന്ന് ചോദിച്ചേക്കാം. ഞാനും നിങ്ങളും അദ്ദേഹത്തെ സിനിമയുടെ ദൈവം എന്ന് വിളിച്ചാലും രൺബീർ കപൂറിന്റെ ആരാധകനായ ഏതെങ്കിലും ഒരു യുവാവിനോട് ചോദിച്ചാൽ രാജ് കപൂർ ആരാണെന്ന് പോലും അവർക്ക് അറിയില്ലായിരിക്കും. അതിനാൽ ചരിത്രം നമ്മെ എല്ലാവരെയും ഒടുവിൽ ഒന്നുമില്ലായ്മയിലേക്ക് തള്ളിയേക്കാം” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2000 ളുടെ തുടക്കത്തിലാണ് വിവേക് ഒബ്‌റോയ് തന്റെ സിനിമാജീവിതം ആരംഭിക്കുന്നത്. അഭിനയത്തിനൊപ്പം ബിസിനസും ഒരുപോലെ കൊണ്ടുപോകുന്ന വിവേക് ഒബ്റോയ് ദുബായിൽ സ്ഥിരതാമസമാക്കിയിട്ട് വർഷങ്ങളായി.അവിടെയൊരു റിയൽ എസ്റ്റേററ് കമ്പനി നടത്തുകയാണ് ഇപ്പോൾ. യു.എ.ഇയിലെ വിവേകിന്‍റെ ആഡംബര റിയൽ എസ്റ്റേറ്റ് കമ്പനിക്ക് ഏകദേശം ഏഴ് ബില്യൺ ഡോളറിന്റെ ആസ്തിയുണ്ടെന്ന് വിവേക് വെളിപ്പെടുത്തിയിരുന്നു. കടബാധ്യതകളില്ലാത്ത കമ്പനിയാണ് തന്റേതെന്നും വിവേക് പറഞ്ഞിട്ടുണ്ട്. ഇന്ന് 1200 കോടിയാണ് വിവേക് ഒബ്റോയിയുടെ ആസ്തി. വിവേക് സ്വർണിം സർവകലാശാലയുടെ സഹസ്ഥാപകൻ കൂടിയാണ്. നിരവധി സ്റ്റാർട്ടപ്പുകളിലും വിവേക് ഒബ്രോയിക്ക് നിക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.