മുംബൈ: ഏറെക്കാലമായുള്ള ആരോഗ്യപ്രശ്നങ്ങളാൽ ആശുപത്രിയിൽ തുടരുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി. താരത്തിന്‍റെ ക്രിക്കറ്റ് കരിയർ പോലെ അനിശ്ചിതത്വം നിറഞ്ഞതായിരുന്നു വ്യക്തിജീവിതവും. പുണെയിലെ ഹോട്ടല്‍ റിസപ്ഷനിസ്റ്റായിരുന്ന നോയല്ല ലൂയിസായിരുന്നു കാംബ്ലിയുടെ ആദ്യഭാര്യ. കാംബ്ലിയുടെ മദ്യപാനവും പരസ്ത്രീ ബന്ധവും ഇവരുടെ ജീവിതത്തില്‍ വിള്ളല്‍വീഴ്ത്തയതോടെ ഇരുവരും വേർപിരിഞ്ഞു. പിന്നീടാണ് ഫാഷന്‍ മോഡലായ ആന്‍ഡ്രിയ ഹെവിറ്റുമായി പ്രണയത്തിലാകുന്നതും വിവാഹിതരാകുന്നതും.
ഇപ്പോഴിതാ, കാംബ്ലിയുമായുള്ള വിവാഹമോചനത്തിന് അപേക്ഷ നൽകിയിരുന്നുവെങ്കിലും പിന്നീട് പിൻവലിക്കുകയായിരുന്നെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ആൻഡ്രിയ ഹെവിറ്റ്. ഒരു അഭിമുഖത്തിലാണ് മുന്‍ മോഡല്‍കൂടിയായ ആന്‍ഡ്രിയ ഇക്കാര്യം പറഞ്ഞത്. കാംബ്ലിയുടെ നിസ്സഹായാവസ്ഥ മനസ്സിലാക്കി താൻ വിവാഹമോചനത്തിൽ നിന്ന് പിന്മാറുകയായിരുന്നെന്നാണ് ആൻഡ്രിയ പറഞ്ഞത്.
'വേര്‍പിരിയലിനെക്കുറിച്ച് ഒരിക്കല്‍ ഞാന്‍ ചിന്തിച്ചിരുന്നു. പക്ഷേ, ഞാൻ ഉപേക്ഷിച്ച് പോയാല്‍ പിന്നെ അവന്‍ ജീവിതത്തിൽ നിസ്സഹായനാകുമെന്ന് ഞാന്‍ മനസ്സിലാക്കി. അവനൊരു കുട്ടിയെപ്പോലെയാണ്. അവൻ നിസ്സഹായനാകുന്നത് എന്നെ അങ്ങേയറ്റം വേദനിപ്പിക്കും. ഒരു സുഹൃത്തിനെപോലും ഉപേക്ഷിക്കാന്‍ കഴിയുന്ന ആളല്ല ഞാന്‍. അതിലും എത്രയോ അപ്പുറമാണ് എനിക്കവന്‍. പിന്നിട്ടുപോയ നിമിഷങ്ങള്‍ ഞാന്‍ ഓര്‍ക്കുന്നു. അവന്‍ ഭക്ഷണംകഴിച്ചോ ഇല്ലയോ ശരിയായി കിടക്കുന്നുണ്ടോ സുഖമാണോ എന്നതെല്ലാം എന്നെ അലട്ടിക്കൊണ്ടിരിക്കും. എന്നെ അവന് ആവശ്യമാണെന്ന് ഞാന്‍ മനസ്സിലാക്കും' -ആന്‍ഡ്രിയ ഹെവിറ്റ് പറഞ്ഞു.
2023ൽ കാംബ്ലിക്കെതിരെ ആൻഡ്രിയ ഗാർഹിക പീഡനത്തിന് പൊലീസിൽ പരാതി നൽകിയിരുന്നു. വഴക്കിനിടെ കാംബ്ലി കുക്കിങ് പാൻ എടുത്ത് എറിഞ്ഞതിനെ തുടർന്ന് ആൻഡ്രിയക്ക് തലക്ക് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് ആൻഡ്രിയ വിവാഹമോചനത്തിനൊരുങ്ങിയതെന്നാണ് സൂചന.
ആശുപത്രിയിൽ കഴിയുന്ന കാംബ്ലി ഈയിടെ ചക്ക് ദേ ഗാനത്തിന് ആശുപത്രിയിൽ ചുവടുവെച്ചതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. റൂമിനുള്ളിൽ വെച്ച് സന്തോഷത്തോടെ നൃത്തം ചെയ്യുന്ന വിനോദ് കാംബ്ലിയുടെ വിഡിയോയാണ് പുറത്ത് വന്നത്. കാംബ്ലിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നാണ് താനെയിലെ അകൃതി ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്.
വിവിധ ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്ന കാംബ്ലിയും ബാല്യകാല സുഹൃത്തും ക്രിക്കറ്റ് ഇതിഹാസവുമായ സചിൻ ടെണ്ടുൽക്കറും തമ്മിലുള്ള അപൂർവ കൂടിക്കാഴ്ചയുടെ വിഡിയോയും അടുത്തിടെ വൈറലായിരുന്നു. കുട്ടിക്കാലത്ത് ഇരുവരുടെയും പരിശീലകനായിരുന്ന രമാകാന്ത് അചരേക്കറുടെ സ്മാരക അനാച്ഛാദന ചടങ്ങിലാണ് കുട്ടിക്കാല ചങ്ങാതിമാർ വീണ്ടും കണ്ടുമുട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.