വിനായകൻ,ഗീതു മോഹൻദാസ്

‘ഡബ്ല്യുസിസിയിൽ നിന്നുള്ള ദി അൾട്ടിമേറ്റ് ഫിലിം മേക്കർ’ ഗീതുമോഹൻദാസിനെകുറിച്ച് പോസ്റ്റുമായി വിനായകൻ; ‘എന്താ സാർ, ചിത്രം കൂടുതൽ നന്നായിപ്പോയോ?’എന്ന് കമന്‍റുകൾ

ഗീതു മോഹൻദാസ് സംവിധാനം ചെയ്ത് വൻ പ്രതീക്ഷകളോടെ തിയറ്ററുകളിലെത്തിയ 'ടോക്സിക്' എന്ന പാൻ ഇന്ത്യൻ ചിത്രത്തിന് ആദ്യ ഷോകൾക്ക് പിന്നാലെ നേരിടേണ്ടി വന്നിരിക്കുന്നത് കടുത്ത വിമർശനങ്ങളാണ്. കന്നഡ സൂപ്പർതാരം യാഷ് നായകനായി എത്തിയ ചിത്രത്തിന്റെ സാങ്കേതിക തികവിനെ പ്രേക്ഷകർ വാനോളം പുകഴ്ത്തുന്നുണ്ടെങ്കിലും, ദൗർബല്യം നിറഞ്ഞ തിരക്കഥയും നിരാശപ്പെടുത്തുന്ന സംഭാഷണങ്ങളുമാണ് സിനിമക്ക്  വൻ തിരിച്ചടിയായത്.

സിനിമ കണ്ടിറങ്ങിയ ഭൂരിഭാഗം പ്രേക്ഷകരും ഒരേ സ്വരത്തിൽ ചിത്രത്തിനെതിരെ രംഗത്തെത്തിയതോടെ സോഷ്യൽ മീഡിയയിലാകെ വലിയ രീതിയിലുള്ള ചർച്ചകളാണ് നടക്കുന്നത്. ഈ ഘട്ടത്തിലാണ് സിനിമാ ലോകത്തെയും സോഷ്യൽ മീഡിയയെയും ഒരുപോലെ അമ്പരപ്പിച്ചുകൊണ്ട് നടൻ വിനായകന്റെ പോസ്റ്റ് എത്തിയത്.

സംവിധായിക ഗീതു മോഹൻദാസിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് ‘ഡബ്ല്യുസിസിയിൽ നിന്നുള്ള ദി അൾട്ടിമേറ്റ് ഫിലിം മേക്കർ’ എന്ന ഒറ്റവരി മാത്രമാണ് വിനായകൻ കുറിച്ചത്. പ്രത്യക്ഷത്തിൽ പ്രശംസയാണെന്ന് തോന്നാമെങ്കിലും, നിലവിലെ സാഹചര്യത്തിൽ ഇത് വ്യക്തമായ പരിഹാസമാണെന്നാണ് സിനിമാപ്രേമികൾ വിലയിരുത്തുന്നത്. കുറിപ്പിന്റെ യഥാർത്ഥ ഉദ്ദേശ്യമെന്താണെന്ന് ചോദിച്ച് നിരവധിയാളുകളാണ് വിനായകന്റെ പോസ്റ്റിന് താഴെ എത്തുന്നത്.

വിനായകന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിന് താഴെ രൂക്ഷവും ട്രോൾ രൂപത്തിലുള്ളതുമായ കമന്റുകളുടെ പ്രവാഹമാണ്. "എന്താ സാർ, ചിത്രം കൂടുതൽ നന്നായിപ്പോയോ?" എന്ന് ചിലർ പരിഹസിക്കുമ്പോൾ, ഗീതുവിന്റെ മുൻ ചിത്രമായ 'മൂത്തോൻ' പരാമർശിച്ച് "കരിയറിന്റെ ടോപ്പിൽ നിന്ന നിവിൻ പോളിയെ തുലച്ചു വിട്ടു, ഇപ്പോൾ ദേ പാൻ ഇന്ത്യൻ സ്റ്റാറായ യാഷിനെയും!" എന്നാണ് മറ്റുള്ളവരുടെ വിമർശനം. "യാഷിനെ ആരാണ് ഇങ്ങനെ ഒരു പടുകുഴിയിൽ കൊണ്ട് ചാടിച്ചത്?" എന്ന് തുടങ്ങി ഗീതു മോഹൻദാസിനെ വിചാരണ ചെയ്യുന്ന രീതിയിലുള്ള കമന്റുകളും സജീവമാണ്.

കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, താര സുതാരിയ, രുക്മിണി വസന്ത് തുടങ്ങി വമ്പൻ താരനിര അണിനിരന്ന ചിത്രം കൂടിയാണ് 'ടോക്സിക്'. പ്രത്യേകിച്ച് യഷിന്റെ സഹോദരിയുടെ വേഷത്തിൽ നയൻതാര എത്തിയതടക്കം വലിയ പ്രാധാന്യത്തോടെയാണ് പ്രേക്ഷകർ നോക്കിക്കണ്ടത്. എന്നാൽ വമ്പൻ സ്റ്റാർ വാല്യൂ ഉണ്ടായിട്ടും ബോക്സ് ഓഫീസിൽ ചിത്രം നേരിടുന്ന തകർച്ചയും, അതിനുപിന്നാലെ എത്തിയ വിനായകന്റെ പരിഹാസ രൂപത്തിലുള്ള പോസ്റ്റും ടോക്സിക്കിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളുടെ ചൂട് വർധിപ്പിച്ചിരിക്കുകയാണ്.

Tags:    
News Summary - Vinayakan Trolls Geethu Mohandas Over 'Toxic' Debacle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.