ജയ്‌

‘ക്ഷേത്രങ്ങളിൽ അപമാനം നേരിട്ടു, മസ്ജിദിൽ അനുഭവിച്ചത് തുല്യത’; ഇസ്ലാം മതം സ്വീകരിച്ചതിനെക്കുറിച്ച് നടൻ ജയ്

തമിഴ് സിനിമയിലെ ശ്രദ്ധേയ നടനായ ജയ്, താൻ ഇസ്ലാം മതം സ്വീകരിച്ചതിനെക്കുറിച്ചുള്ള കാരണങ്ങൾ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി. കരിയറിലെ ഉയർച്ച-താഴ്ചകൾക്കിടയിൽ പലപ്പോഴും ചർച്ചയാകാറുള്ള വിഷയമാണ് ജയ്‌യുടെ മതംമാറ്റം. എന്നാൽ, തന്റെ സിനിമയിലെ തിരിച്ചടികളുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും, തികച്ചും വ്യക്തിപരമായ അനുഭവങ്ങളാണ് തന്നെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്നും താരം വ്യക്തമാക്കി.

‘താൻ എല്ലാ ദൈവങ്ങളെയും ബഹുമാനിക്കുന്ന വ്യക്തിയാണെന്നും, മുമ്പ് ശബരിമലയിൽ പോവുകയും ക്രിസ്തുമത വിശ്വാസങ്ങൾ പിന്തുടരുകയും ചെയ്തിട്ടുണ്ടെന്നും ജയ് പറയുന്നു. എന്നാൽ, ക്ഷേത്രങ്ങളിൽ വെച്ച് ചില അപമാനകരമായ സംഭവങ്ങൾ നേരിടേണ്ടി വന്നത് തന്നെ വേദനിപ്പിച്ചെന്നും, അതോടെ ആചാരങ്ങളോട് ഒരുതരം അസംതൃപ്തി തോന്നിയെന്നും’ താരം വ്യക്തമാക്കി.

‘ആദ്യമായി മസ്ജിദിൽ പോയപ്പോഴുള്ള അനുഭവം ജയ്‌യെ വല്ലാതെ സ്വാധീനിച്ചു. അവിടെ ഞാൻ ഒരു സെലിബ്രിറ്റിയല്ല, മറിച്ച് മറ്റുള്ളവരെപ്പോലെ ഒരു സാധാരണ മനുഷ്യൻ മാത്രമാണെന്ന് തിരിച്ചറിഞ്ഞു. മസ്ജിദിനുള്ളിൽ പ്രാർത്ഥിക്കുമ്പോൾ ആരും തന്നെ ശല്യപ്പെടുത്തിയില്ല, അവിടെ എല്ലാവരും തുല്യരാണെന്ന് എനിക്ക് അനുഭവപ്പെട്ടുവെന്നും’ താരം പറഞ്ഞു.

2011 മുതൽ താൻ ഇസ്‌ലാമിക വിശ്വാസങ്ങൾ പിന്തുടരാൻ തുടങ്ങിയതാണ്. ഈ വിശ്വാസം തന്റെ സ്വഭാവത്തിൽ വലിയ മാറ്റങ്ങൾ വരുത്തിയെന്നും, യോഗക്ക് സമാനമായ മാനസിക സമാധാനമാണ് തനിക്ക് ലഭിക്കുന്നതെന്നും ജയ് കൂട്ടിച്ചേർത്തു. മതം മാറിയെങ്കിലും താൻ ഇതുവരെ തന്റെ പേര് മാറ്റിയിട്ടില്ല. എങ്കിലും ഭാവിയിൽ അസീസ് ജയ് എന്ന് പേര് മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും താരം വ്യക്തമാക്കി.

'ഭഗവതി' എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ജയ്, പിന്നീട് 'ചെന്നൈ 600028', 'സുബ്രഹ്മണ്യപുരം', 'രാജ റാണി' തുടങ്ങിയ നിരവധി ശ്രദ്ധേയമായ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ 'സത്തെൻട്രു മാരുതു വാനിലൈ' ആണ് ജയ്‌യുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

Tags:    
News Summary - Vijay’s co-star Jai opens up about converting to Islam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.