തൃഷ, വിജയ്

തൃഷയുടെ ചിത്രത്തിന് പ്രത്യേക അനുമതി നൽകി മുഖ്യമന്ത്രി വിജയ്; സിനിമ മേഖലക്ക് വലിയ ആശ്വാസം

തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തതിന് പിന്നാലെ ജനപ്രിയ തീരുമാനങ്ങളുമായി നടൻ വിജയ് സജീവമായി രംഗത്തിറങ്ങിയിരിക്കുകയാണ്. സ്ഥാനമേറ്റ് രണ്ടാം ദിവസം തന്നെ സംസ്ഥാനത്തെ 717 മദ്യശാലകൾ പൂട്ടാൻ അദ്ദേഹം ഉത്തരവിട്ടു. ഈ നടപടിയെ തമിഴ് സൂപ്പർതാരം കമൽഹാസൻ ഉൾപ്പെടെയുള്ള പ്രമുഖർ പ്രശംസിച്ചു. ഇതിനുപുറമെ, തമിഴ് സിനിമാ വ്യവസായത്തിന് വലിയ ആശ്വാസം നൽകുന്ന മറ്റൊരു സുപ്രധാന തീരുമാനവും അദ്ദേഹം കൈക്കൊണ്ടിട്ടുണ്ട്.

സൂര്യയും തൃഷയും പ്രധാന വേഷങ്ങളിൽ എത്തുന്ന 'കറുപ്പ്' എന്ന ചിത്രത്തിന് പ്രവൃത്തിദിവസങ്ങളിൽ രാവിലെ 9 മണിക്ക് പ്രത്യേക ഷോകൾ നടത്താൻ മുഖ്യമന്ത്രി വിജയ് അനുമതി നൽകി. തമിഴ്നാട്ടിൽ വലിയ താരങ്ങളുടെ സിനിമകൾക്ക് ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാൻ സാധാരണയായി പുലർച്ചെയുള്ള ഷോകൾക്ക് കർശന നിയന്ത്രണങ്ങളുണ്ട്. എന്നാൽ ആർ.ജെ. ബാലാജി സംവിധാനം ചെയ്യുന്ന ഈ ആക്ഷൻ ചിത്രത്തിന് വിജയ് നൽകിയ ഈ 'പ്രത്യേക അനുമതി' ആരാധകർക്കും സിനിമാ നിർമാതാക്കൾക്കും വലിയ ആവേശമാണ് നൽകിയിരിക്കുന്നത്.

മെയ് 14-ന് തിയറ്ററുകളിൽ എത്തുന്ന കറുപ്പ് എന്ന സിനിമയിലൂടെ 21 വർഷങ്ങൾക്ക് ശേഷമാണ് സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നത്. ചിത്രത്തിന്റെ നിർമാതാക്കളായ ഡ്രീം വാരിയർ പിക്ചേഴ്സ് മുഖ്യമന്ത്രിക്ക് തങ്ങളുടെ ഔദ്യോഗിക എക്സ് ഹാൻഡിലിലൂടെ നന്ദി അറിയിച്ചു.

വിജയ് മുഖ്യമന്ത്രിയായതിന് ശേഷം സിനിമാ മേഖലയിലെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയത് ഏറെ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. മുൻപ് അജിത്തിന്റെ 'തുനിവ്', വിജയ്‌യുടെ തന്നെ 'വാരിസ്' എന്നീ സിനിമകളുടെ റിലീസ് സമയത്തുണ്ടായ അപകടങ്ങളെ തുടർന്നാണ് പുലർച്ചെയുള്ള ഷോകൾക്ക് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. എന്നാൽ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം അധികാരത്തിൽ വന്നതോടെ നിയമങ്ങളിൽ അയവ് വരുത്തുന്നത് സിനിമാ ലോകം പ്രതീക്ഷയോടെയാണ് കാണുന്നത്. കൂടാതെ, തൃഷയും വിജയ്‌യും തമ്മിലുള്ള സൗഹൃദവും രാഷ്ട്രീയ വിജയത്തിന് പിന്നാലെ തൃഷ അദ്ദേഹത്തെ നേരിട്ടെത്തി അഭിനന്ദിച്ചതും ഇപ്പോൾ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നു.

Tags:    
News Summary - Vijay gives special permission for Trisha's film after becoming Chief Minister; a big relief for the film industry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.