പ്രശസ്ത തെന്നിന്ത്യൻ നടൻ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു. ഹൈദരാബാദിലെ ഫിലിംനഗറിലെ വസതിയിലായിരുന്നു അന്ത്യം. 83 വയസ്സായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അസുഖബാധിതനായിരുന്നു.
തന്റെ കരിയറിൽ ഉടനീളം, വില്ലൻ, കോമിക് എന്നിങ്ങനെ വൈവിധ്യമാർന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനാണ് അദ്ദേഹം. കൃഷ്ണ, ചിരഞ്ജീവി, ബാലകൃഷ്ണ, നാഗാർജുന, വെങ്കിടേഷ്, മഹേഷ് ബാബു, പവൻ കല്യാൺ, അല്ലു അർജുൻ, സായ് ധരം തേജ് തുടങ്ങിയ ഇതിഹാസ താരങ്ങളുമായും യുവ നടന്മാരുമായും അദ്ദേഹം സ്‌ക്രീൻ സ്‌പേസ് പങ്കിട്ടു. അഹാന പെല്ലന്ത, പ്രതിഘാതന, യമുദിക്കി മൊഗുഡു, ഖൈദി നമ്പർ.786, ശിവ, ബോബിലി രാജ, യമലീല, സന്തോഷ്, ബൊമ്മരില്ലു, അതാടു, റേസ് ഗുർരം എന്നിവ അദ്ദേഹത്തിൻന്‍റെ അവിസ്മരണീയമായ ചില ചിത്രങ്ങളാണ്.
1942 ജൂലൈ 10ന് ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ കങ്കിപാടുവിലാണ് കോട്ട ശ്രീനിവാസ റാവു ജനിച്ചത്. 1978ൽ പുറത്തിറങ്ങിയ 'പ്രണം ഖരീദു' എന്ന ചിത്രത്തിലൂടെയാണ് സിനിമ ലോകത്ത് എത്തിയത്. നാല് പതിറ്റാണ്ടിലേറെ നീണ്ട തന്റെ കരിയറിൽ 750ലധികം സിനിമകളിൽ അഭിനയിച്ചുകൊണ്ട് അദ്ദേഹം തെലുങ്ക് സിനിമയിൽ അതുല്യമായ ഇടം സൃഷ്ടിച്ചു. അദ്ദേഹത്തിന്‍റെ നെഗറ്റീവ് വേഷങ്ങൾ ശ്രദ്ധേയമാണ്. സിനിമയിലെത്തുന്നതിന് മുമ്പ് അദ്ദേഹം നാടകങ്ങളിൽ സജീവമായിരുന്നു.
1999-2004 കാലയളവിൽ വിജയവാഡ ഈസ്റ്റ് നിയോജകമണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ ആയും ശ്രീനിവാസ റാവു സേവനമനുഷ്ഠിച്ചു. അദ്ദേഹത്തിന്റെ സ്‌ക്രീനിലെ രാഷ്ട്രീയ വേഷങ്ങളും ടോളിവുഡിൽ മികച്ച സ്വീകാര്യത നേടിയവയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.