തമിഴ് സിനിമയിൽ ചില നടൻമാർ തങ്ങളുടെ സിനിമ വിജയിപ്പിക്കാനായി മറ്റു നടന്മാരുടെ സിനിമകളെ യൂട്യൂബർമാരെ ഉപയോഗിച്ച് പരാജയപ്പെടുത്തുന്നു എന്ന് നടൻ വടിവേലു. യൂട്യൂബർമാരുടെയും അഭിനേതാക്കളുടെയും ഗൂഢാലോചനകളെക്കുറിച്ചുള്ള വടിവേലുവിന്‍റെ തുറന്നുപറച്ചിൽ വലിയ ചർച്ചയായിട്ടുണ്ട്.
ചെന്നൈയിൽ നടന്ന നടികർ സംഘത്തിന്‍റെ 69ാമത് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു വടിവേലു. യൂട്യൂബർമാർ വിമർശനത്തിന്റെ പേരിൽ സിനിമയെ പരാജയപ്പെടുത്താൻ ആസൂത്രിതമായി ശ്രമിക്കുന്നതായും ചില നടന്മാർക്കും നിർമാതാക്കൾക്കും ഇതിൽ പങ്കുണ്ടെന്നുമുള്ള ഗുരുതര ആരോപണമാണ് അദ്ദേഹം ഉയർത്തിയത്. പ്രൊഡ്യൂസേഴ്സ് കൗൺസിലിലെ ചിലർക്കും ഇതിൽ പങ്കുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. നടികർ സംഘത്തിൽ ആരും ഈ പ്രവൃത്തിയെ അപലപിക്കുന്നില്ല. നടന്മാരെ സംരക്ഷിക്കാനാണ് നടികർ സംഘം ഉള്ളതെന്നും വടിവേലും കൂട്ടിച്ചേർത്തു.
'സിനിമയുടെ നെഗറ്റീവ് അവലോകനങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ അവര്‍ പണം നല്‍കുകയാണ്. 10 പേര്‍ ചേര്‍ന്ന് സിനിമയെ നശിപ്പിക്കുകയാണ്. മോശമായി സംസാരിക്കാന്‍ അവര്‍ യൂട്യൂബ് ചാനല്‍ ഉപയോഗിക്കുന്നു. അത് അവസാനിപ്പിക്കണം. യുദ്ധകാലാടിസ്ഥാനത്തില്‍ അവര്‍ക്കെതിരെ നടപടിയെടുക്കണം' -വടിവേലു പറഞ്ഞു.
എതിരാളികളായ നടന്മാരുടെ സിനിമകൾക്ക് നെഗറ്റീവ് അവലോകനങ്ങൾ സൃഷ്ടിച്ച് തങ്ങളുടെ സിനിമയെ വിജയിപ്പിക്കാനാണ് ചിലർ ശ്രമിക്കുന്നത്. അഭിനേതാക്കളുടെ സംഘടന ഇത് അവസാനിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അപവാദം പ്രചരിപ്പിക്കുന്നവരെ ഉറങ്ങാൻ അനുവദിക്കാതെ അഭിനേതാക്കൾ ഒന്നിച്ച് സമ്മർദ്ദം ചെലുത്തണം. ആരാധകരുടെ വിമർശനങ്ങൾ ആദ്യ ദിവസം മുതൽ തന്നെ മാധ്യമങ്ങൾ നിയന്ത്രിക്കണമെന്നും അഭിപ്രായപ്പെട്ടു.
അതേസമയം, തന്‍റെ പുതിയ ചിത്രമായ ഇഡ്‌ലി കടൈയുടെ ഓഡിയോ ലോഞ്ചിനിടെ ധനുഷും നെഗറ്റീവ് റിവ്യൂസിനെക്കുറിച്ച് ആരോപണം ഉയർത്തിയിരുന്നു. 'സിനിമ റിലീസായാൽ ഒമ്പത് മണിയുടെ ഷോയ്ക്ക് എട്ട് മണി ആകുമ്പോഴേ റിവ്യൂസ് വന്നുതുടങ്ങും. അത് നിങ്ങൾ വിശ്വസിക്കരുത്. സ്വയം സിനിമ കണ്ട് വിലയിരുത്തുകയോ ഇല്ലെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കൾ സിനിമ കണ്ടതിന് ശേഷം പറയുന്നത് കേട്ട് സിനിമ കാണുകയോ ചെയ്യണം. നല്ല സിനിമകൾ വിജയിക്കണം. അതുകൊണ്ട് ശരിക്കുള്ള വിമർശനങ്ങളെ മാത്രം എടുത്തിട്ട് പ്രേക്ഷകർ തീരുമാനിക്കണം ഏത് സിനിമ കാണണമെന്ന്' -ധനുഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.