എന്റെ കുഞ്ഞേ,
ക്രിസ്മസ് രാത്രിയാണ് ഈ കത്ത് കുറിക്കുന്നത്. എന്റെ കൊച്ചു കോട്ടയിലെ പട മുഴുവൻ ഉറങ്ങിക്കഴിഞ്ഞു. നിന്റെ സഹോദരനും സഹോദരിയും നിദ്രയിലാണ്. നിന്റെ അമ്മയും ഉറങ്ങിക്കഴിഞ്ഞു. മങ്ങിയ വെളിച്ചമുള്ള ഈ മുറിയിലേക്ക് ഞാൻ തിരിക്കുകയാണെങ്കിൽ കുഞ്ഞൻ കോഴികൾ ഉണർന്നേക്കും. നീ എന്നിൽനിന്ന് എത്ര അകലെയാണ്. നിന്റെ ചിത്രം സദാ എന്റെ കൺമുന്നിലില്ലെങ്കിൽ പിന്നെ കണ്ണ് കാണാതിരിക്കലാണ് ഭേദം. ഇതാ, നിന്റെ ചിത്രം ഇവിടെ, ഈ മേശപ്പുറത്ത് തന്നെയുണ്ട്. എന്റെ ഹൃദയത്തിന് ഏറെ അടുത്തുതന്നെ. നീ എവിടെയാണിപ്പോൾ? അങ്ങകലെ, പാരിസ് എന്ന മായാ നഗരത്തിൽ ഷാൻസ് ലേസിലെ ഗംഭീരൻ നാടകവേദിയിൽ നൃത്തമാടുകയായിരിക്കും, നീ ഇപ്പോൾ. എനിക്കത് നന്നായറിയാം. ഒപ്പം തന്നെ, നിശയുടെ നിശ്ശബ്ദതയിൽ നിന്റെ നൃത്തച്ചുവടുകൾ എനിക്ക് കേൾക്കാൻ കഴിയുന്നുണ്ട്. ശിശിരവാനിലെ നക്ഷത്രങ്ങൾപോലെ തിളങ്ങുന്ന നിന്റെ കണ്ണുകൾ ഞാൻ കാണുന്നു.
പ്രഭാപൂരിതമായ ഈ ക്രിസ്മസ് രാവിലെ താത്താരി ഖാൻ തടവിലാക്കിയ പേർഷ്യൻ സൗന്ദര്യ ധാമത്തിന്റെ റോളിൽ നടനമാടുകയാണ് നീ. മൊഞ്ചത്തിയായി നീ നർത്തനമാടൂ, നക്ഷത്രമായി തിളങ്ങൂ. എന്നാൽ, പ്രേക്ഷകർ നിന്നിൽ മതിമറന്നാഹ്ലാദിക്കുന്നതിൽ നീ ഉന്മത്തയാകുമ്പോൾ, അവർ നിനക്ക് കാഴ്ചവെക്കുന്ന പൂക്കളുടെ സുഗന്ധം നിന്റെ തലക്ക് പിടിക്കുമ്പോൾ, ഒരു മൂലക്കിരുന്ന് നീ ഈ കത്ത് വായിക്കുക. നിന്റെ ഹൃദയത്തിന്റെ ശബ്ദം നിശ്ശബ്ദയായി കേൾക്കുക.
ജെറാൾഡിൻ, ഞാൻ ചാർളിയാണ്; നിന്റെ പിതാവ് ചാർളി ചാപ്ലിൻ. നീ നന്നെചെറിയ കുഞ്ഞായിരിക്കുമ്പോൾ എത്ര രാത്രികളാണ് ഞാൻ നിന്റെ ശയ്യക്കരികിൽ കഴിച്ചുകൂട്ടിയതെന്ന് നിനക്കറിയാമോ? ഉറങ്ങുന്ന സുന്ദരിമാരുടെയും ഉറങ്ങാത്ത ഡ്രാഗന്റെയും കഥകൾ പറഞ്ഞുകൊണ്ട്. എന്റെ വയസ്സൻ കണ്ണുകളെ ഉറക്കം തഴുകി പൂട്ടുമ്പോൾ ഞാൻ പറയും: പോ- എന്റെ ഉറക്കം എന്റെ കുഞ്ഞിന്റെ സ്വപ്നങ്ങളാണ്.
ജെറാൾഡിൻ, നിന്റെ സ്വപ്നങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. നിന്റെ ഭാവിയും വർത്തമാനവും ഞാൻ കണ്ടിട്ടുണ്ട്; വേദിയിൽ നൃത്തമാടുന്ന തരുണിയായി, വാനിൽ പറക്കുന്ന അപ്സരസ്സായി. പ്രേക്ഷകർ പറയുന്നത് ഞാൻ കേൾക്കയുണ്ടായി: നോക്കൂ, ഈ സുന്ദരി ആരാണെന്നറിയാമോ? കിഴവൻ കോമാളിയുടെ മകളാണവൾ; ഓർക്കുന്നില്ലേ?, അയാളുടെ പേര് ചാർളി എന്നാണ്.
അതേ, ഞാൻ ചാർളിതന്നെ. കിഴവൻ കോമാളി. ഇന്ന് നിന്റെ ഊഴമാണ്. അതിനാൽ, നീ നൃത്തമാടൂ. കീറിപ്പറിഞ്ഞ വിസ്താരമേറിയ പാന്റ്സുകൾ ധരിച്ചാണ് ഞാൻ നൃത്തം ചെയ്തിരുന്നത്. എന്നാൽ, നീ രാജകുമാരിമാർ അണിയുന്ന പട്ടുപാവാട ധരിച്ചാണ് നൃത്തമാടുന്നത്. ഈ നൃത്തച്ചുവടുകൾ, കാണികളുടെ കരഘോഷാരവം നിന്നെ വാനിലോളം ഉയർത്തിയേക്കാം. പറന്നുകൊള്ളുക, ഉയരെ ഉയരെ വാനിലെത്തുവോളംനീ പറന്നുകൊള്ളുക. എന്നാൽ, നീ ഭൂമിയിലേക്ക് ഇറങ്ങിവരാതിരിക്കരുത്. ആളുകളുടെ ജീവിതം നീ കാണേണ്ടതുണ്ട്. തെരുവിൽ നൃത്തം ചെയ്യുന്നവരുടെ ജീവിതം. പട്ടിണിയും വിശപ്പുംകൊണ്ട് വിറയ്ക്കുന്നവരുടെ നൃത്തം നീ കാണാതിരിക്കരുത്.
ഞാനും ഒരിക്കൽ അവരെ പോലെയായിരുന്നു, ജെറാൾഡിൻ. നീ കണ്ണുചിമ്മി ഉറങ്ങാൻ തുടങ്ങുമ്പോൾ ആ മായിക രാത്രികളിൽ ഞാൻ ഉറക്കമിളച്ചു നിനക്ക് കഥകൾ പറഞ്ഞുകൊണ്ടിരുന്നു.
നിന്റെ മുഖത്ത് തന്നെ ഞാൻ കണ്ണും നട്ടിരിക്കും; നിന്റെ ഹൃദയതാളങ്ങൾ കേട്ടുകൊണ്ട്. ഞാൻ എന്നോട് തന്നെ ചോദിക്കും. ‘ചാർളി, ഈ പൂച്ചക്കുട്ടി എന്നെങ്കിലുമൊരിക്കൽ നിന്നെ മനസ്സിലാക്കുമോ?’ എന്നെ നിനക്ക് ശരിക്കും അറിഞ്ഞുകൂടാ ജെറാൾഡിൻ. ആ വിദൂര രാവുകളിൽ ഒരുപാട് കഥകൾ ഞാൻ നിനക്ക് പറഞ്ഞു തന്നിട്ടുണ്ട്. എന്നാൽ, അപ്പോഴൊന്നും, ഒരിക്കലും എന്റെ കഥ ഞാൻ നിനക്ക് പറഞ്ഞുതന്നിട്ടില്ല. പട്ടിണി കിടക്കുന്ന ഒരു കോമാളിയുടെ കഥയായിരുന്നു അത്. ലണ്ടനിലെ ദരിദ്രമായ ചേരികളിൽ അയാൾ പാട്ടുപാടുകയും നൃത്തമാടുകയും ചെയ്യുമായിരുന്നു. ഒരാൾക്ക് സുരക്ഷിതമായ മേൽക്കൂരയില്ലെങ്കിൽ എന്തായിരിക്കും അവസ്ഥ. അതിലും കഷ്ടമായിരുന്നു സ്ഥിതി. അലഞ്ഞുനടക്കുന്ന ഒരു കോമാളിക്ക് അനുഭവിക്കാവുന്ന ദൈന്യതയുടെ എല്ലാ വേദനയും ഞാൻ അറിഞ്ഞിട്ടുണ്ട്. അവന്റെ നേരെ എറിയുന്ന നാണയത്തുട്ടുകൾ അയാളുടെ ആത്മാഭിമാനത്തെ എത്രമാത്രം മുറിപ്പെടുത്തിയെന്നോ... എന്നിട്ടും ഞാൻ ജീവിച്ചു. അതു നമുക്ക് വിടാം. നമുക്ക് നിന്നെക്കുറിച്ചു സംസാരിക്കാം. ജെറാൾഡിൻ എന്നാണല്ലോ നിന്റെ പേര്. അതിന്റെ തൊട്ടുപിന്നിൽ ചാപ്ലിൻ എന്ന കുടുംബ നാമവുമുണ്ട്. നാൽപത് വർഷങ്ങളിലേറെയായി ആളുകളെ ചിരിപ്പിച്ചു കൊണ്ടിരിക്കുന്ന പേരാണിത്. എന്നാൽ, അവർ ചിരിക്കുന്നതിനേക്കാളേറെ ഞാൻ കരഞ്ഞിട്ടുണ്ട്.
ജെറാൾഡിൻ, നീ ജീവിക്കുന്ന നിന്റെ ലോകം, കേവലം നൃത്തത്തിലും സംഗീതത്തിലുമുപരി ഒന്നുമല്ല. പാതിരാവിൽ, ആ വിശാലമായ ഹാൾ നീ വിടുമ്പോൾ നിന്നിൽ ആകൃഷ്ടരായ സമ്പന്നരെ നിനക്ക് മറക്കാം. എന്നാൽ, നിന്നെ വീട്ടിൽ കൊണ്ടെത്തിക്കുന്ന ടാക്സി ഡ്രൈവറോട് അയാളുടെ ഭാര്യയെ കുറിച്ചു ചോദിക്കാൻ നീ മറക്കരുത്. അവൾ ഗർഭിണിയാണെങ്കിൽ, വരാനിരിക്കുന്ന കുഞ്ഞിന്നാവശ്യമായത് വാങ്ങാൻ അവർക്ക് പാങ്ങില്ലെങ്കിൽ അയാളുടെ കീശയിൽ എന്തെങ്കിലും പണം വെച്ചുകൊടുക്കുക. ഇത്തരം ചെലവിനങ്ങൾക്കാവശ്യമായ പണം ഞാൻ ബാങ്കിൽ നിക്ഷേപിച്ചിട്ടുണ്ട്. എന്നാൽ, മറ്റുള്ളവരുടെ കാര്യത്തിൽ ഓരോ പൈസക്കും അവരെ കണക്ക് ബോധിപ്പിക്കുക. ഇടക്കിടെ മെട്രോയിലും ബസിലും കയറുക. എന്നിട്ട് നഗരം ചുറ്റിക്കറങ്ങുക. ആളുകളെ അടുത്ത് നിന്ന് കാണുക. വിധവകളെയും അനാഥകളെയും നോക്കുക. എന്നിട്ട് ദിവസം ഒരു വട്ടമെങ്കിലും നിന്നോട് തന്നെ നീ പറയുക. ഞാനും ഇവരെപോലെതന്നെയാണ്. അതേ, നീയും, എന്റെ കുഞ്ഞേ അവരെപ്പോലെതന്നെ.
കല, ഉയരത്തിൽ പറക്കാനുള്ള ചിറകുകൾ നൽകും മുമ്പ്, കലാകാരരുടെ കാലുകൾ വെട്ടിമുറിച്ചിടുക സാധാരണമാണ്. എന്നെങ്കിലും സാധാരണ ആളുകളേക്കാൾ ഉയരത്തിലാണ് താനെന്ന് നിനക്ക് തോന്നിയാൽ ഉടനെ നീ വേദി വിട്ടേക്കണം. എന്നിട്ട് ആദ്യം കിട്ടിയ ടാക്സി കാറിൽ കയറി പാരിസിന്റെ ചേരികളിലേക്ക് പോവുക. എനിക്കവ നന്നായറിയാം. അവിടെ നിന്നെപ്പോലെയുള്ള അനേകം നർത്തകികളെ നിനക്ക് കാണാവുന്നതാണ്. ഒരുവേള, നിന്നേക്കാൾ വശ്യസുന്ദരികൾ. ഏറെ അഭിമാനികൾ. നിന്റെ വേദിയിലേതുപോലെയുള്ള കണ്ണഞ്ചിക്കുന്ന പ്രഭാപൂരം ഒരു പക്ഷേ, നിനക്കവിടെ കണ്ടെത്താൻ കഴിഞ്ഞെന്ന് വരില്ല. അവരുടെ വേദിക്ക് വെളിച്ചം വിന്യസിക്കുന്ന യന്ത്രം ചന്ദ്രനാണ്.
നീ നന്നായി സൂക്ഷിച്ചു നോക്കുക. നിന്നേക്കാൾ ആകർഷകമായി അവർ നൃത്തമാടുന്നില്ലേ? നിന്നേക്കാൾ നന്നായി നൃത്തമാടുന്നവരും മികച്ച് അഭിനയിക്കുന്നവരും എന്നുമുണ്ടാകും അവിടെ. നീ ഓർക്കണം: ചാർളി കുടുംബത്തിൽ ഒരിക്കലും ഏതെങ്കിലും ടാക്സി ഡ്രൈവറെ ചീത്ത വിളിക്കുകയോ സെയിൻ നദീ തീരത്തിരിക്കുന്ന ഏതെങ്കിലും യാചകനെ കളിയാക്കുകയോ ചെയ്യുന്ന ഒരു അഹങ്കാരി ഉണ്ടായിട്ടില്ല.
ഞാൻ മരിക്കും. ഒരുപക്ഷേ, അപ്പോഴും നീ ഉണ്ടാകും. നീ ദരിദ്രയാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഈ കത്തിനൊപ്പം ഒരു ചെക്ക് ബുക്കും നിനക്കായി ഞാൻ അയക്കുന്നു. ആവശ്യംപോലെ നിനക്കതിനിന്ന് ചെലവഴിക്കാം. എന്നാൽ, രണ്ട് ഫ്രാങ്ക് ചെലവഴിക്കുമ്പോൾ മൂന്നാമത്തെ ഫ്രാങ്ക് നിനക്കുള്ളതല്ലെന്ന് നിനക്ക് ഓർമവേണം. അത് ആവശ്യമുള്ള പാവപ്പെട്ടവന് അവകാശപ്പെട്ടതാണ്. അവനെ നിനക്ക് എളുപ്പത്തിൽ കണ്ടെത്താനാകും. അത്തരം പാവങ്ങളായ ദരിദ്രരെ കാണണമെന്ന് നീ ആഗ്രഹിക്കുകയേ വേണ്ടൂ. എല്ലാ സ്ഥലത്തും അവരെ കണ്ടെത്താൻ നിനക്ക് സാധിക്കും. ഞാൻ പണത്തെക്കുറിച്ച് നിന്നോട് സംസാരിക്കാൻ കാരണം അതിന്റെ പൈശാചിക ശക്തി എനിക്കറിയാൻ കഴിഞ്ഞതാണ്. ദീർഘകാലം ഞാൻ സർക്കസിൽ തൊഴിലെടുത്തിട്ടുണ്ട്. റോപ് വാക്ക് നടത്തുന്നവരുടെ കാര്യത്തിൽ സദാ ഞാൻ അസ്വസ്ഥനായിരുന്നു. നിന്നോട് എനിക്ക് നിർബന്ധമായി പറയാനുള്ള കാര്യം റോപ് വാക്ക് നടത്തുന്നവരേക്കാളധികമാണ് പാറപ്പുറത്ത് തലതല്ലി വീഴുന്നവർ എന്നാണ്.
ഡിന്നർ ആഘോഷത്തിനിടയിൽ വൈരക്കൽ ആഭരണത്തിന്റെ തിളക്കം നിന്നെ അന്ധയാക്കിയേക്കാം. അന്നേരം വൈരക്കല്ല് നിനക്ക് ആപൽക്കരമായ ടൈറ്റ് റോപ്പായി മാറും. അതോടെ നീ നിലംപതിക്കുമെന്ന് തീർച്ച. ഒരുപക്ഷേ, അതു സംഭവിക്കുക നിന്നെ സംബന്ധിച്ചിടത്തോളം അതിമനോഹരമായ ഒരു ദിവസത്തിലായിരിക്കാം. സുന്ദരനായ ഒരു രാജകുമാരന്റെ മുഖം നിന്നെ തടവിലാക്കുന്ന ദിവസമായിരിക്കാം അത്. അപ്പോൾ കയറിന്മേലുള്ള നടത്തത്തിന്റെ ബാലൻസ് നിനക്ക് നഷ്ടപ്പെടും. ബാലൻസില്ലാത്തവരാണ് എപ്പോഴും നിലംപതിക്കുക. സ്വർണത്തിനും രത്നങ്ങൾക്കും പകരമായി ഒരിക്കലും നിന്റെ ഹൃദയം വിൽക്കാതിരിക്കുക. മഹത്തായ വൈരക്കല്ല് സൂര്യനാണെന്ന് അറിയുക. ഭാഗ്യത്തിന് അതിന്റെ തിളക്കം സർവജനങ്ങൾക്കും വേണ്ടിയുള്ളതാണ്. സമയമാകുമ്പോൾ, നീ പ്രണയത്തിൽ വീഴുമ്പോൾ നിന്റെ ഹൃദയം മുഴുവൻ ആ വ്യക്തിക്ക് നൽകി അയാളെ നീ പ്രണയിക്കുക. ഇതിനെക്കുറിച്ച് നിനക്കെഴുതാൻ ഞാൻ നിന്റെ അമ്മയോട് പറഞ്ഞിട്ടുണ്ട്. പ്രണയത്തെക്കുറിച്ച് എന്നെക്കാൾ അറിയുക അവൾക്കാണ്. അതിനെക്കുറിച്ചു സംസാരിക്കാൻ ഏറ്റവും നല്ലത് അവൾതന്നെയാണ്. കഠിനതരമാണ് നിന്റെ തൊഴിൽ. അത് നീ മനസ്സിലാക്കണം.
ഒരുതുണ്ട് പട്ട് മാത്രമല്ല നിന്റെ ശരീരം മറയ്ക്കുന്നത്. കലയ്ക്കുവേണ്ടി വേദിയിൽ നഗ്നയാകാം. എന്നാൽ, വസ്ത്രവുമായി മാത്രമല്ല തിരിച്ചുവരേണ്ടത്. സർവോപരി വൃത്തിയുമായാണ്. ഞാനൊരു കിഴവൻ. എന്റെ വാക്കുകൾ പരിഹാസ്യമായി തോന്നാം. എന്നാൽ, എന്റെ അഭിപ്രായത്തിൽ നിന്റെ നഗ്നശരീരം നിന്റെ ആത്മാവിനെ പ്രണയിക്കുന്നവന് മാത്രമായിരിക്കണം. പത്തുവർഷം മുമ്പേ നിനക്ക് ഇതിലൊരു അഭിപ്രായമുണ്ടാകുന്നതിൽ കുഴപ്പമൊന്നുമില്ല.ഈ പത്തുവർഷങ്ങൾ ആയുസ്സിനെ മുൻ കടക്കുന്നില്ല. എന്തുതന്നെയായാലും നഗ്നരുടെ ദ്വീപിൽ പൗരത്വം കിട്ടുന്നവരിൽ നീ ഏറ്റവും ഒടുവിലത്തവൾ ആകട്ടെ എന്നാണ് എന്റെ ആഗ്രഹം. പിതാക്കൾക്കും മക്കൾക്കുമിടയിലെ സംഘട്ടനം എന്നുമുള്ളതാണെന്ന് എനിക്കറിയാം. നീ എന്നോട് പൊരുതിക്കോളൂ. എന്റെ കുഞ്ഞേ, എന്റെ ചിന്തകളോട് നീ പോരടിച്ചുകൊള്ളുക. എല്ലാം അനുസരിക്കുന്ന വിധേയ കുട്ടികളെ എനിക്കിഷ്ടമില്ല. ഈ കത്തിന്റെ താളുകളിൽ എന്റെ കണ്ണീർ ഇറ്റു വീഴും മുമ്പ് ഈ രാവിനെ, ക്രിസ്മസ് രാവിനെ അത്ഭുതങ്ങളുടെ രാവായി സാക്ഷാൽകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
അത്ഭുതം സംഭവിക്കട്ടെ. നിന്നോട് ഞാൻ പറയാനുദ്ദേശിച്ചതൊക്കെ ശരിക്കും നിനക്ക് ഉൾക്കൊള്ളാൻ കഴിയട്ടെ എന്ന് ഞാൻ ആശിക്കുന്നു. ജെറാൾഡ്, ഈ ചാർളി കിഴവനായി കഴിഞ്ഞു. ഇന്നല്ലെങ്കിൽ നാളെ എന്റെ കല്ലറയിലേക്ക് വരാൻ നിനക്ക് ദുഃഖ വസ്ത്രം ധരിക്കേണ്ടി വരും, നിന്റെ ശുഭ്രമായ നടന വസ്ത്രത്തിനു പകരം. ഇപ്പോൾ നിന്നെ ഞാൻ വിഷമിപ്പിക്കുന്നില്ല. ഇടയ്ക്കിടെ നീ കണ്ണാടിയിൽ നോക്കിക്കൊണ്ടിരിക്കണമെന്നു മാത്രം. അവിടെ എന്റെ മുഖഭാവങ്ങൾ നിനക്ക് കാണാനാകും. എന്റെ രക്തമാണ് നിന്റെ സിരകളിൽ ഒഴുകിക്കൊണ്ടിരിക്കുന്നത്. എന്റെ സിരകളിലെ രക്തം തണുത്തുറയ്ക്കുന്നതുവരെ നിന്റെ പിതാവ് ചാർളിയെ നീ മറക്കരുതേ. ഞാനൊരു മാലാഖയൊന്നുമല്ല. എങ്കിലും ഒരു മനുഷ്യനാകാൻ ഞാൻ പ്രയത്നിച്ചിട്ടുണ്ട്. അതുപോലെ നീയും പരിശ്രമിക്കുക.
ചുംബനങ്ങളോടെ ജെറാൾഡിന്
എന്നും നിന്റെ ചാർളി
ഡിസംബർ, 1965
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.