തന്റെ സിനിമ കണ്ട് നിറഞ്ഞ അഭിനന്ദം ചൊരിഞ്ഞ ഇന്ത്യൻ ക്രിക്കറ്റ് താരം ദിനേശ് കാർത്തിക്കിന് നന്ദി പറഞ്ഞ് നടൻ ബേസിൽ ജോസഫ്. ബേസിൽ നായകനായ പൊന്മാൻ താൻ കണ്ടുവെന്നും അദ്ദേഹത്തിന്റെ അഭിനയമികവ് ആ സിനിമയെ ജീവസ്സുറ്റതാക്കിയെന്നും കഴിഞ്ഞ ദിവസം കാർത്തിക് സമൂഹ മാധ്യമങ്ങളിൽ കുറിച്ചിരുന്നു. ഇതിന് മറുപടിയായാണ് ബേസിൽ തമിഴ്നാട്ടുകാരനായ ക്രിക്കറ്റ് താരത്തിന് നന്ദി പറഞ്ഞത്.
‘ഒരുപാട് നന്ദി..ദിനേശ് കാർത്തിക്; നിങ്ങളുടെ പ്രതികരണം എന്റെ മനം നിറച്ചു’ -ദിനേശ് കാർത്തികിന്റെ ട്വീറ്റ് പങ്കുവെച്ച് ബേസിൽ മറുകുറിപ്പെഴുതി.
പൊന്മാനു പുറമെ ഈയിടെ റിലീസായ എക്കോയെയും തന്റെ പോസ്റ്റിൽ കാർത്തിക് പ്രകീർത്തിച്ചിരുന്നു. ഈ ആഴ്ച കണ്ട രണ്ടു മലയാള സിനിമകൾ ഏറെ അതിശയിപ്പിച്ചുവെന്നായിരുന്നു മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ ദിനേശ് കാർത്തികിന്റെ ‘എക്സ്’ പോസ്റ്റ്. ബേസിൽ നായകനായ ‘പൊന്മാനും’ സന്ദീപ് പ്രദീപ് മുഖ്യവേഷത്തിലെത്തിയ ‘എക്കോ’യുമാണ് തന്റെ മനസ്സു കീഴടക്കിയതെന്ന് ഡി.കെ വ്യക്തമാക്കി. ഇത്തരം സിനിമകൾ നിർമിച്ച് ചലച്ചിത്രപ്രേമികൾക്ക് സന്തോഷം പകരണമെന്നും കാർത്തിക് ആവശ്യപ്പെടുന്നു. പൊന്മാനിലെ ബേസിലിന്റെ അഭിനയമികവിനു പുറമെ, വ്യത്യസ്ത ചേരുവകൾ കൂട്ടിയിണക്കി എക്കോ മനോഹരമായി സംവിധാനിച്ച ദിൻജിത്ത് അയ്യത്താനെയും കാർത്തിക് തന്റെ കുറിപ്പിൽ പേരെടുത്ത് പ്രശംസിക്കുന്നുമുണ്ട്.
‘കഴിഞ്ഞ ആഴ്ച ഞാൻ കണ്ട രണ്ട് ഉയർന്ന നിലവാരമുള്ള സിനിമകൾ
പൊൻമാൻ, എക്കോ.
പൊന്മാനിലെ ബേസിൽ ജോസഫിന്റെ അസാമാന്യ അഭിനയം... അദ്ദേഹത്തിന്റെ അഭിനയമികവിലൂടെടെയാണ് സിനിമ ജീവസ്സുറ്റതായി മുന്നോട്ടുപോകുന്നത്. സഹതാരങ്ങളും ഉറച്ച പിന്തുണ നൽകി.
ഛായാഗ്രഹണം, ലൊക്കേഷനുകൾ, വ്യതിരിക്തമായ കഥ എന്നിവയെയെല്ലാം മനോഹരമായി കൂട്ടിയിണക്കി ദിൻജിത്ത് ഒരുക്കിയ എക്കോ എന്റെ മനസ്സിനെ അത്ഭുതപ്പെടുത്തി.
മലയാള സിനിമ തികച്ചും വ്യത്യസ്തമായ തലത്തിലാണിപ്പോൾ.
സിനിമ കാണുന്ന ലോകത്തിന് മുന്നിൽ പുഞ്ചിരി വിടർത്തുന്നതിനായി ഇത്തരം കൂടുതൽ സിനിമകൾ നിർമിക്കുക’ -ഇതായിരുന്നു കാർത്തികിന്റെ ട്വീറ്റ്.
2025ൽ ബോക്സോഫീസിൽ വൻ ഹിറ്റായ സിനിമകളിലൊന്നാണ് എക്കോ. സന്ദീപ് പ്രദീപ്, വിനീത്, നരേൻ, സൗരഭ് സച്ച്ദേവ്, അശോകൻ തുടങ്ങിയവർ വേഷമിട്ട ചിത്രത്തിന്റെ കഥയൊരുക്കിയിരിക്കുന്നത് ബാഹുൽ രമേഷ് ആണ്. ജ്യോതിഷ് ശങ്കറാണ്ക്ക് ബ്ലാക് കോമഡി ത്രില്ലറായ പൊന്മാന്റെ സംവിധായകൻ. ബേസിലിനുപുറമെ സജിൻ ഗോപു, ലിജോമോൾ ജോസ്, ആനന്ദ് മന്മഥൻ, ദീപക് പറമ്പോൾ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.