ഉഷ മങ്കേഷ്ക്കർ, ഭൂപൻ ഹസാരിക
പ്രഥമ ഭൂപൻ ഹസാരിക ദേശീയ പുരസ്കാരം ഉഷ മങ്കേഷ്കറിന്
ദിസ്പുർ: വിഖ്യാത സംഗീതജ്ഞനും ഭാരതരത്ന ജേതാവുമായ ഭൂപൻ ഹസാരികയുടെ സ്മരണാർഥം അസം സർക്കാർ ഏർപ്പെടുത്തുന്ന പ്രഥമ പുരസ്കാരം പ്രശസ്ത പിന്നണി ഗായിക ഉഷ മങ്കേഷ്കറിന്. ഇന്ത്യൻ സംഗീതലോകത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് അംഗീകാരം.
സംഗീതത്തിലൂടെ ഭാഷയുടെയും ദേശത്തിന്റെയും അതിരുകൾ മായ്ച്ച ഭൂപൻ ഹസാരികയുടെ ജന്മശതാബ്ദി ആഘോഷങ്ങൾക്ക് സമാപനം കുറിക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുരസ്കാരം സമ്മാനിക്കും. പത്ത് ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിലാണ് സമാപനച്ചടങ്ങ് നടക്കുക. മന്ത്രിസഭാ യോഗത്തിനുശേഷം അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയാണ് പുരസ്കാരവും ആദ്യ ജേതാവിനെയും പ്രഖ്യാപിച്ചത്.
മൂന്ന് വർഷത്തിലൊരിക്കലായിരിക്കും ഡോ. ഭൂപൻ ഹസാരിക ദേശീയ പുരസ്കാരം നൽകുകയെന്ന് മുഖ്യമന്ത്രി അറിയിച്ചു. അന്താരാഷ്ട്രതലത്തിൽ പ്രശസ്തരായ ഗായകർ, സംഗീതസംവിധായകർ, ഗാനരചയിതാക്കൾ, ചലച്ചിത്ര സംവിധായകർ, അഭിനേതാക്കൾ തുടങ്ങിയ കലാരംഗത്തെ പ്രതിഭകളെയാണ് പുരസ്കാരത്തിനായി പരിഗണിക്കുക. ഭൂപൻ ഹസാരികയുടെ കലാസാംസ്കാരിക സംഭാവനകളുമായി ബന്ധപ്പെട്ട മേഖലകളിൽ മികവ് തെളിയിക്കുന്നവർക്കായിരിക്കും അംഗീകാരം.
പ്രശസ്ത ഗായികയും അന്തരിച്ച ഇതിഹാസ ഗായിക ലതാ മങ്കേഷ്കറുടെ സഹോദരിയുമായ ഉഷ മങ്കേഷ്കർ ഹിന്ദി ഉൾപ്പെടെ വിവിധ ഇന്ത്യൻ ഭാഷകളിൽ നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഭൂപൻ ഹസാരികയുടെ സംഗീതവുമായി ബന്ധപ്പെട്ട അസമീസ് ഗാനങ്ങളും ഉഷയും ലതാ മങ്കേഷ്കറും ആലപിച്ചിട്ടുണ്ട്.
1926 സെപ്റ്റംബർ എട്ടിന് അസമിലാണ് ഭൂപൻ ഹസാരിക ജനിച്ചത്. ഗായകൻ, സംഗീതസംവിധായകൻ, ഗാനരചയിതാവ്, ചലച്ചിത്രകാരൻ എന്നീ നിലകളിൽ ഇന്ത്യൻ കലാരംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്. അസമീസ്, ബംഗാളി, ഹിന്ദി ഭാഷകളിലെ അദ്ദേഹത്തിന്റെ ഗാനങ്ങൾ ഭാഷാ അതിരുകൾ കടന്ന് ജനപ്രീതി നേടി. 2011 നവംബർ അഞ്ചിന് അന്തരിച്ച അദ്ദേഹത്തിന് 2019-ൽ മരണാനന്തര ബഹുമതിയായി ഭാരതരത്ന നൽകി രാജ്യം ആദരിച്ചിരുന്നു.
അതേസമയം, മഹാപുരുഷ ശ്രീമന്ത ശങ്കരദേവ് അന്താരാഷ്ട്ര പുരസ്കാരത്തിന്റെ സമ്മാനത്തുക നിലവിലെ പത്ത് ലക്ഷം രൂപയിൽനിന്ന് 15 ലക്ഷം രൂപയായി ഉയർത്താനും അസം മന്ത്രിസഭ തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.