ഉർവശി, സിൽക്ക് സ്മിത
‘അന്ന് അവരെ സമൂഹം ഒറ്റപ്പെടുത്തി, എനിക്ക് അവർ ഒരു മൂത്ത സഹോദരിയായിരുന്നു’; സിൽക്ക് സ്മിതയെക്കുറിച്ച് ഉർവശി
അഭിനയിച്ച എല്ലാ സിനിമയിലും ആരാധകരുള്ള നടിയാണ് ഉർവശി. ഏറ്റവും പുതിയ ചിത്രമായ 'ആശ'യുടെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ പഴയകാല ഓർമകളും അകാലത്തിൽ വിട്ടുപിരിഞ്ഞ നടി സിൽക്ക് സ്മിതയും കുറിച്ചും താരം സംസാരിച്ചു. സിനിമാജീവിതത്തിന്റെ തുടക്കകാലത്ത് സിൽക്ക് സ്മിത തനിക്ക് നൽകിയ സ്നേഹവും പിന്തുണയും ഉർവശി ഏറെ നന്ദിയോടെയാണ് സ്മരിച്ചത്.
‘സിൽക്ക് സ്മിത എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. ഒരു മൂത്ത സഹോദരിയെപ്പോലെയാണ് ഞാൻ അവരെ കണ്ടിരുന്നത്’ എന്നാണ് ഉർവശി ഓർത്തെടുക്കുന്നത്. എന്നാൽ അക്കാലത്ത് സിനിമയിൽ ഗ്ലാമർ വേഷങ്ങൾ അവതരിപ്പിച്ചിരുന്ന നടിമാരെ സമൂഹവും സിനിമാലോകവും തികച്ചും മറ്റൊരു രീതിയിലായിരുന്നു നോക്കിക്കണ്ടിരുന്നത്. ഈ സാമൂഹികമായ മാറ്റിനിർത്തലുകൾ കാരണം സിൽക്ക് സ്മിത പലപ്പോഴും മറ്റുള്ളവരിൽ നിന്ന് അകന്ന് ഒറ്റക്ക് ഇരിക്കാറാണ് പതിവ്. ആരോടും അധികം സംസാരിക്കാത്ത ഒരുതരം ഏകാന്തത നിറഞ്ഞ പ്രകൃതമായിരുന്നു അവരുടേത് ഉർവശി കൂട്ടിച്ചേർത്തു.
അതേസമയം, ഫാഷന്റെയും സ്റ്റൈലിന്റെയും കാര്യത്തിൽ വളരെ മികച്ച സെൻസുള്ള വ്യക്തിയായിരുന്നു സിൽക്ക് സ്മിതയെന്ന് ഉർവശി വ്യക്തമാക്കുന്നു. അക്കാലത്ത് കണ്ണിന് മുകളിൽ മിനുക്ക് പണികളും ഓവർ മേക്കപ്പും ഒക്കെ നൽകുന്ന പതിവ് സിനിമയിൽ ഉണ്ടായിരുന്നുവെങ്കിലും, സ്മിതയുടെ കോസ്റ്റ്യൂം സെൻസും കളർ സെൻസും തികച്ചും വ്യത്യസ്തവും മികച്ചതുമായിരുന്നു. ഏത് തരം കോസ്റ്റ്യൂം ധരിച്ചാലും അത് ഒരിക്കലും വൾഗറായി തോന്നിപ്പിക്കാത്ത വിധത്തിൽ വളരെ മനോഹരമായി അവതരിപ്പിക്കാൻ അവർക്ക് പ്രത്യേക സിദ്ധിയുണ്ടായിരുന്നു.
തന്റെ കോസ്റ്റ്യൂം ഡിസൈൻ ചെയ്യണമെന്ന് സിൽക്ക് സ്മിതക്ക് വലിയൊരു ആഗ്രഹമുണ്ടായിരുന്നുവെന്നും ഉർവശി കൂട്ടിച്ചേർത്തു. "ഉർവശിയുടെ നല്ല ഫിസിക്ക് അല്ലേ, ഞാൻ ഒരു പടത്തിന് കോസ്റ്റ്യൂം ചെയ്ത് തരാം," എന്ന് അവർ സ്നേഹത്തോടെ പലപ്പോഴും പറയുമായിരുന്നു. എന്നാൽ അക്കാലത്ത് ഇന്നത്തെപ്പോലെ സിനിമയിൽ ഔദ്യോഗിക കോസ്റ്റ്യൂം ഡിസൈനിങ് രീതികൾ സജീവമായിരുന്നില്ല.
ബോംബെയിൽ മാത്രമാണ് അന്ന് അപൂർവ്വമായി അത്തരം പ്രൊഫഷണൽ രീതികൾ നിലവിലുണ്ടായിരുന്നത്. തന്നോട് അതീവ സ്നേഹവും കരുതലും സൂക്ഷിച്ചിരുന്ന സിൽക്ക് സ്മിതയുടെ ആ ആഗ്രഹം ആ നാളുകളിൽ നടക്കാതെ പോയെങ്കിലും, ആ ഓർമ00കളും സ്നേഹവും അവസാന കാലം വരെ തന്റെ ഒപ്പമുണ്ടായിരുന്നു എന്ന് വ്യക്തമാക്കുകയാണ് നടി ഉർവശി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.