ചടങ്ങിനിടെ വിജയ്‌യുടെ മകന് ടിവികെ അഭിവാദ്യങ്ങൾ; സിനിമ അരങ്ങേറ്റത്തിന് പിന്നിൽ കുടുംബത്തിന്‍റെ പിന്തുണയെന്ന് ജയ്സൺ സഞ്ജയ്

തമിഴ് സൂപ്പർതാരം വിജയ്‌യുടെ മകൻ ജെയ്‌സൺ സഞ്ജയ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന 'സിഗ്മ' എന്ന ഹൈസ്റ്റ് കോമഡി ചിത്രത്തിന്റെ പ്രീ-റിലീസ് ചടങ്ങ് ഏറെ ശ്രദ്ധേയമായി. സന്ദീപ് കിഷനും ഫാരിമ അബ്ദുല്ലയും പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തിന്റെ ചടങ്ങിനിടയിൽ അപ്രതീക്ഷിത സംഭവങ്ങളാണ് അരങ്ങേറിയത്. അച്ഛനും മകനും തമ്മിൽ കുടുംബപരമായ അകൽച്ചയുണ്ടെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ മാധ്യമങ്ങളിൽ സജീവമായിരിക്കുന്നതിനിടയിലാണ് ഈ വേദിയിൽ വെച്ച് ആരാധകർ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ ടി.വി.കെയുടെ പേരുയർത്തി ആർപ്പുവിളികളും മുദ്രാവാക്യങ്ങളും മുഴക്കിയത്.

ചടങ്ങിന്റെ തുടക്കത്തിൽ സേലത്തെക്കുറിച്ചും ചിത്രീകരണ അനുഭവങ്ങളെക്കുറിച്ചും സംസാരിച്ച ജെയ്‌സൺ  സദസ്സിൽ നിന്നും ഉയർന്ന വലിയ കരഘോഷങ്ങൾക്ക് നന്ദി പറഞ്ഞു. തുടർന്ന് തന്റെ സിനിമയിലെ അണിയറപ്രവർത്തകർക്കും കുടുംബത്തിനും നന്ദി അറിയിക്കുന്നതിനിടയിൽ സദസ്സിൽ നിന്ന് 'ടി.വി.കെ' എന്ന മുദ്രാവാക്യങ്ങൾ മുഴങ്ങിക്കേട്ടു. ആരാധകരുടെ ഈ ആവേശം കാരണം അല്പസമയം പ്രസംഗം നിർത്തേണ്ടി വന്ന ജെയ്‌സൺ സഞ്ജയ് വളരെ ശാന്തനായി പുഞ്ചിരിച്ചുകൊണ്ട് അവർക്ക് തമ്പ്സ് അപ്പ് നൽകി അംഗീകാരം അറിയിച്ചു.

സദസ്സിലെ ബഹളം ശാന്തമായതിന് ശേഷം തന്റെ പ്രസംഗം തുടർന്ന് സംസാരിച്ച ജെയ്‌സൺ നമ്മുടെ ജീവിതത്തിലും വലിയ പ്രതിസന്ധികളും പ്രശ്നങ്ങളും ഉണ്ടാകാറുണ്ടെന്നും അവയെല്ലാം തരണം ചെയ്ത് മുന്നോട്ട് പോകുന്നതുമാണ് യഥാർത്ഥ 'സിഗ്മ' നിമിഷമെന്നും വിശദീകരിച്ചു. മാതാപിതാക്കളെക്കുറിച്ചുള്ള പരാമർശങ്ങൾ വന്നപ്പോൾ ആരാധകരുടെ ആവേശം വീണ്ടും ഇരട്ടിച്ചു. തന്റെ സിനിമാ യാത്രയുടെ തുടക്കത്തെക്കുറിച്ചും അമ്മയോട് ആദ്യം പറഞ്ഞ സന്തോഷത്തെക്കുറിച്ചും അദ്ദേഹം പങ്കുവെച്ചു.

ചടങ്ങിനിടയിൽ സംസാരിച്ച സന്ദീപ് കിഷൻ വിജയ് തങ്ങളുടെ സിനിമയുടെ മുഖവും ഏറ്റവും വലിയ പ്രചോദനവുമാണെന്ന് വിശേഷിപ്പിച്ചത് സദസ്സിൽ വലിയ കയ്യടിയാണ് നേടിയത്. അടുത്തിടെ വിജയ്‌യുടെയും കുടുംബത്തിന്റെയും വ്യക്തിജീവിതത്തെക്കുറിച്ചും ജെയ്‌സണുമായി ബന്ധപ്പെട്ടും നിരവധി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ജെയ്‌സൺ ഇൻസ്റ്റാഗ്രാമിൽ വിജയ്‌യെ അൺഫോളോ ചെയ്തുവെന്ന വാർത്തകളും പേരിൽ നിന്ന് 'വി' ഒഴിവാക്കിയെന്ന പ്രചാരണങ്ങളും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. എങ്കിലും ഈ വിഷയങ്ങളെക്കുറിച്ചോ കുടുംബത്തിലെ അകൽച്ചയെക്കുറിച്ചോ വിജയ്‌യോ ജെയ്‌സണോ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.

ലൈക്ക പ്രൊഡക്ഷൻസിന്റെ നിർമാണത്തിൽ ഒരുങ്ങുന്ന 'സിഗ്മ' എന്ന ചിത്രം തമിഴ് സിനിമാ ലോകത്ത് വലിയ പ്രതീക്ഷകളാണ് ജനിപ്പിച്ചിരിക്കുന്നത്. തമൻ എസാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. റിലീസിനായി കാത്തിരിക്കുന്ന ഈ ചിത്രം ജെയ്‌സൺ സഞ്ജയിന്റെ കരിയറിലെ ഒരു സുപ്രധാന വഴിത്തിരിവായിരിക്കുമെന്നാണ് സിനിമാ ലോകത്തിന്റെ വിലയിരുത്തൽ.

Tags:    
News Summary - TVK congratulates Vijay's son during the ceremony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.