ലിസി കൊച്ചിൻ ഹനീഫയുടെ വീട്ടിൽ 

‘ഹനീഫിക്ക എനിക്ക് വേണ്ടി ചെയ്തതിന്റെ ഒരംശം പോലും തിരിച്ചു നൽകാൻ കഴിഞ്ഞിട്ടില്ല’; കൊച്ചിൻ ഹനീഫയുടെ പുതിയ വീട്ടിലെത്തി ലിസി

മലയാളികളെ ഏറെ പൊട്ടിച്ചിരിപ്പിക്കുകയും പിന്നീട് കണ്ണീരിൽ ആഴ്ത്തുകയും ചെയ്ത പ്രിയനടൻ കൊച്ചിൻ ഹനീഫ വിടപറഞ്ഞിട്ട് 16 വർഷങ്ങൾ പിന്നിടുമ്പോഴും ആ ഓർമകൾക്ക് തിളക്കം കുറയുന്നില്ല. താൻ ബാക്കിവച്ച അവിസ്മരണീയമായ കഥാപാത്രങ്ങളിലൂടെ ഇന്നും മലയാളി മനസ്സുകളിൽ ജീവിക്കുന്ന അദ്ദേഹത്തിന്റെ കുടുംബത്തിന് സ്നേഹത്തിന്റെയും പിന്തുണയുടെയും കരുതലാവുകയാണ് നടി ലിസി. കൊച്ചിൻ ഹനീഫയുടെ കുടുംബം പുതിയതായി നിർമിച്ച 'കൊച്ചിൻ ഹനീഫാസ് എ ബി മൻസിൽ' എന്ന വീട്ടിലാണ് താരം എത്തിയത്. 

2010ൽ കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിൻ ഹനീഫ അപ്രതീക്ഷിതമായി വിടപറയുമ്പോൾ ഇരട്ടക്കുട്ടികളായ സഫക്കും മർവക്കും നാല് വയസ്സ് മാത്രമായിരുന്നു പ്രായം. തുടർന്ന് കഴിഞ്ഞ 16 കൊല്ലമായി കടവന്ത്രയിലെ വാടകവീട്ടിലായിരുന്നു കൊച്ചിൻ ഹനീഫയുടെ ഭാര്യ ഫാസിലയും മക്കളും താമസിച്ചിരുന്നത്.

കടവന്ത്രയിലെ വാടകവീട്ടിൽ കഴിഞ്ഞിരുന്ന ഹനീഫയുടെ ഭാര്യ ഫാസിലയും മക്കളും അദ്ദേഹത്തിന്റെ സമ്പാദ്യം കൊണ്ടുതന്നെയാണ് വെണ്ണല അംബേദ്കർ റോഡിൽ പുതിയ വീട് യാഥാർത്ഥ്യമാക്കിയത്. താൻ നിർമിക്കുന്ന വീടിന് പിതാവ് എ.ബി. മുഹമ്മദിന്റെ ഓർമക്കായി 'എ.ബി. മൻസിൽ' എന്ന് പേരിടണം എന്നത് കൊച്ചിൻ ഹനീഫയുടെ എക്കാലത്തെയും വലിയ ആഗ്രഹമായിരുന്നു.

ആ സ്വപ്നമാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. അഞ്ച് ബെഡ്‌റൂമുകൾ ഉൾപ്പെടുന്ന മൂന്ന് നില വീടിന്റെ ഇന്റീരിയർ ഡിസൈൻ ചെയ്തത് മക്കളായ സഫയും മർവയും ചേർന്നാണ്. ഹനീഫിക്കയുടെ ജീവിതത്തിലെ ഓർമച്ചിത്രങ്ങളും പുരസ്കാരങ്ങളും മൊമന്റോകളുമെല്ലാം വീട്ടിൽ ഭംഗിയായി സൂക്ഷിച്ചിട്ടുണ്ട്.

പുതിയ വീട്ടിലെത്തിയ ലിസിയെ കുടുംബം ഏറെ സ്നേഹത്തോടെയാണ് സ്വീകരിച്ചത്. സന്ദർശനത്തിന്റെ വിശേഷങ്ങൾ ഫാസിലയുടെ സഹോദരൻ ഫിറോസ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. വർഷങ്ങൾക്കപ്പുറത്തേക്ക് നീളുന്ന ആത്മാർത്ഥമായ സ്നേഹബന്ധത്തിന്റെ പ്രകടനമായിരുന്നു ഈ കൂടിക്കാഴ്ചയെന്ന് ഫിറോസ് കുറിച്ചു.

‘ഹനീഫിക്ക എനിക്ക് വേണ്ടി ചെയ്തതിന്റെ ഒരംശം പോലും തിരിച്ചു നൽകാൻ എനിക്ക് കഴിഞ്ഞിട്ടില്ല’ എന്ന് ലിസി ഹൃദയപൂർവ്വം ഓർത്തെടുത്തു. കൊച്ചിൻ ഹനീഫയുടെ അവസാന നാളുകളിൽ ആശുപത്രിയിൽ കൂടെയുണ്ടായിരുന്ന ലിസി കുടുംബത്തിന് വലിയ പിന്തുണയാണ് നൽകിയതെന്ന് ഫിറോസ് പറയുന്നു.

പ്രതിസന്ധികളെ ഒറ്റക്ക് നേരിട്ട് മക്കളെ വളർത്തി വലുതാക്കിയ ഫാസിലയുടെ ഇച്ഛാശക്തിയെ ലിസി അഭിനന്ദിക്കുകയും ചെയ്തു. ഒപ്പം, കുടുംബത്തിന് കട്ടക്കൂട്ടായി നിന്ന ഫിറോസിനെയും ലിസി നന്ദിയോടെ സ്മരിച്ചു. കുടുംബത്തോടൊപ്പം സ്നേഹത്തോടെ ഭക്ഷണം കഴിച്ചാണ് ലിസി അവിടെ നിന്നും മടങ്ങിയത്. സിനിമയിലും ജീവിതത്തിലും സൂക്ഷിച്ച ആത്മബന്ധത്തിന്റെ മനോഹരമായ ഓർമപ്പെടുത്തലായി മാറി ഈ സന്ദർശനം.

Tags:    
News Summary - Lissy Visits Late Actor Cochin Haneefa's New Home in Kochi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.