അജയ് ദേവ്ഗൺ, മോഹൻലാൽ
'ദൃശ്യം 3'യോടെ ഫ്രാഞ്ചൈസിക്ക് തിരശീല വീഴുമെന്ന് അജയ് ദേവ്ഗൺ; ‘അനാവശ്യമായി നീട്ടി വലിക്കാതെ മികച്ച നിലവാരത്തിൽ അവസാനിപ്പിക്കാനാണ് ആഗ്രഹം’
'ദൃശ്യം' ഫ്രാഞ്ചൈസിക്ക് 'ദൃശ്യം 3' യോടെ ഔദ്യോഗികമായി തിരശീല വീഴുമെന്ന് നടൻ അജയ് ദേവ്ഗൺ സ്ഥിരീകരിച്ചു. കഥ അനാവശ്യമായി നീട്ടി വലിക്കാതെ മികച്ചൊരു നിലവാരത്തിൽ അവസാനിപ്പിക്കാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് അജയ് ദേവ്ഗൺ വ്യക്തമാക്കി.
'ദൃശ്യം 2'ന് ശേഷം കഥ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള മികച്ചൊരു തിരക്കഥ കണ്ടെത്തുക എന്നത് വലിയൊരു വെല്ലുവിളിയായിരുന്നു. എന്നാൽ സംവിധായകൻ അഭിഷേക് പഥക് തയാറാക്കിയ ശക്തമായ തിരക്കഥ ഫ്രാഞ്ചൈസിക്ക് സ്വാഭാവികമായ ഒരു പൂർത്തീകരണം നൽകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. രണ്ടര വർഷത്തോളം സമയമെടുത്താണ് അഭിഷേകും എഴുത്തുകാരും ചേർന്ന് ഈ തിരക്കഥ പൂർത്തിയാക്കിയതെന്നും അജയ് ദേവ്ഗൺ പറയുന്നു.
മലയാളത്തിൽ മോഹൻലാൽ നായകനായെത്തിയ ഒറിജിനൽ 'ദൃശ്യം' പരമ്പരയിൽ നിന്ന് തികച്ചും വ്യത്യസ്തമായ പാതയിലൂടെയാണ് ഹിന്ദി 'ദൃശ്യം 3' സഞ്ചരിക്കുന്നത്. രണ്ടാമത്തെ ഹിന്ദി ചിത്രം ചില കാര്യങ്ങളിൽ ഒറിജിനൽ ചിത്രത്തോട് പ്രചോദനം ഉൾക്കൊണ്ടിരുന്നെങ്കിലും, പുതിയ പതിപ്പിന്റെ തിരക്കഥ പൂർണ്ണമായും സ്വതന്ത്രമാണെന്ന് അജയ് ചൂണ്ടിക്കാണിച്ചു. 'ലാൽ സാറിനെയും' അദ്ദേഹത്തിന്റെ ടീമിനെയും ഈ ചിത്രം കാണിക്കാൻ താൻ അതീവ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും താരം കൂട്ടിച്ചേർത്തു.
കുടുംബത്തെ കാത്തുരക്ഷിക്കാൻ ഏതറ്റം വരെയും പോകുന്ന വിജയ് സാൽഗോങ്കർ എന്ന സാധാരണക്കാരന്റെ കഥ പറയുന്ന ചിത്രത്തിന്റെ പുതിയ അധ്യായത്തിനായി ആരാധകർ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. മുൻ ചിത്രങ്ങളിൽ നിയമത്തെയും അധികാരികളെയും വിദഗ്ദ്ധമായി കബളിപ്പിച്ച് മുന്നിൽ നിൽക്കുന്ന വിജയിന്റെ കഥക്ക് ഈ മൂന്നാം ഭാഗത്തിലൂടെ നിർണായകമായ ഒരു അന്ത്യം കുറിക്കുമെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന.
ഹിന്ദി 'ദൃശ്യം 3' പ്രഖ്യാപിക്കപ്പെട്ടതോടെ, മുൻ ഭാഗങ്ങളിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച പ്രധാന അഭിനേതാക്കളായ തബു, ശ്രിയ ശരൺ, ഇഷിത ദത്ത എന്നിവർ വീണ്ടും സ്ക്രീനിൽ എത്തുമോ എന്ന ആകാംക്ഷയിലാണ് സിനിമാലോകവും ആരാധകരും. ഐ.ജി മീര ദേശ്മുഖ് എന്ന ശക്തമായ പൊലീസ് ഉദ്യോഗസ്ഥയായി ചിത്രത്തിന്റെ നിർണായക ഭാഗമായി മാറിയ തബുവിന്റെ തിരിച്ചുവരവ് തന്നെയാണ് പ്രേക്ഷകർ ഏറ്റവും പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്.
അതുപോലെ, കുടുംബത്തെ രക്ഷിക്കാൻ ഏതറ്റം വരെയും പോകുന്ന വിജയ് സാൽഗോങ്കറുടെ ഭാര്യ നന്ദിനിയായി എത്തിയ ശ്രിയ ശരണും മക്കളായ അഞ്ജു, അനു എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഇഷിത ദത്തയും മൃണാൾ ജാദവും ഈ അവസാന അധ്യായത്തിലും അണിനിരക്കുമെന്നാണ് കരുതപ്പെടുന്നത്. ഫ്രാഞ്ചൈസിയുടെ സമാപന ചിത്രമായതുകൊണ്ടുതന്നെ, മുൻ ചിത്രങ്ങളിൽ അപൂർണ്ണമായി നിന്ന പല ചോദ്യങ്ങൾക്കും ഈ കഥാപാത്രങ്ങളിലൂടെ ഉത്തരമാവുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.